ചെറുചുവടുകള്‍ കൊണ്ടുള്ള വന്‍ കുതിച്ചുചാട്ടം

ചെറുചുവടുകള്‍ കൊണ്ടുള്ള വന്‍ കുതിച്ചുചാട്ടം
കാലുകള്‍ കൊണ്ടു മാത്രം കാറോടിച്ചു ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ഇന്ത്യയിലെ ആദ്യവനിതയാണ് ജിലുമോള്‍ മേരിയറ്റ് തോമസ്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരം ഈ വര്‍ഷത്തെ വനിതാദിനത്തില്‍ ജിലുമോള്‍ക്കു ലഭിച്ചു. കൈരളി ടി വി, മണപ്പുറം ഗ്രൂപ്പ് തുടങ്ങിയവയുടേതടക്കം മറ്റു നിരവധി അംഗീകാരങ്ങളും ഈ വര്‍ഷം ജിലുമോളെ തേടിയെത്തി. അനേകം വേദികളിലേക്ക് ജിലുമോള്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. കാലുകള്‍ കൊണ്ടു നടത്തുന്ന ചിത്രരചനകളിലൂടെ നിരവധി അംഗീകാരങ്ങള്‍ ജിലുമോള്‍ ഇതിനു മുമ്പും നേടിയിട്ടുണ്ട്. കൈകളില്ല എന്ന പരാതിയില്ലാതെ ജീവിതത്തെ നേരിടുകയും അനേകര്‍ക്കു പ്രചോദനം പകരുകയും ചെയ്യുന്ന ജിലുമോള്‍ യുവജനങ്ങളോടു സംസാരിക്കുന്നു....

യുവജനങ്ങളെ നാട്ടില്‍ കണ്ടുകിട്ടാനില്ല എന്നാണിപ്പോള്‍ എല്ലായിടത്തും കേള്‍ക്കുന്ന പരാതി. കുട്ടികള്‍ നടക്കാറാകുമ്പോഴേക്കും നാടു വിടുന്നു എന്നു പരിഭവിക്കുന്ന അനേകരെ കാണുന്നുണ്ട്. പരാതിയില്‍ കഴമ്പില്ലാതില്ല.

പക്ഷേ, ആയിരകണക്കിനു യുവജനങ്ങള്‍ നമ്മുടെ കലാലയങ്ങളില്‍ ഇപ്പോഴും പഠിക്കുന്നുണ്ട്, നമ്മുടെ ദേവാലയങ്ങളില്‍ അവരെ കാണാം. ഹാളുകളിലും മാളുകളിലുമെല്ലാം ഇന്നും എത്രയോ യുവജനങ്ങളുണ്ട്. അവരെന്തു ചെയ്യുന്നു, അവര്‍ക്കു വേണ്ടി ഈ സമൂഹമെന്തു ചെയ്യുന്നു എന്നു ചിന്തിക്കാനുള്ള സമയമാണിത്.

കേരളത്തിലെ യുവജനങ്ങളുടെ എണ്ണം കാലക്രമത്തില്‍ ഇനിയും കുറയുമായിരിക്കും. പഞ്ചാബിലെയും ഹരിയാനയിലെയും പല ഗ്രാമങ്ങളും ഇന്നു ഗോസ്റ്റ് വില്ലേജസ് ആയി മാറിക്കഴിഞ്ഞു, ഭൂതഗ്രാമങ്ങള്‍. അതായത് കുടുംബങ്ങളെല്ലാമൊഴിഞ്ഞു പോയ, ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നിറഞ്ഞ ഗ്രാമങ്ങള്‍. നമ്മേക്കാള്‍ മുമ്പ് പാശ്ചാത്യരാജ്യങ്ങളിലേക്കു കുടിയേറ്റമാരംഭിച്ച നാടുകളാണല്ലോ അവ.

പ.ബംഗാളില്‍ നിന്ന്, ബീഹാറില്‍ നിന്ന്, ഒഡിഷയിലും ജാര്‍ഖണ്ഡിലും നിന്ന് യുവാക്കള്‍ കേരളത്തിലേക്കു വരുമ്പോള്‍, കേരളത്തിലും പഞ്ചാബിലും നിന്നു യുവാക്കള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്നു. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുള്ള നാടുകളിലേക്കു പോകാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പോകും, അങ്ങനെ കുടിയേറിയും കുടിയിറങ്ങിയും ഒക്കെയാണ് ഇന്നു നാം കാണുന്ന ലോകം ഉണ്ടായിവന്നത്. അത് ഇനിയും മാറിക്കൊണ്ടിരിക്കും. മാറ്റമില്ലാത്തത് മാറ്റം മാത്രം.

അതുകൊണ്ട്, കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം, കൂടുതല്‍ വരുമാനമുള്ള ജോലി, കൂടുതല്‍ സുഖസൗകര്യങ്ങളുള്ള ജീവിതം എന്നതു തന്നെയായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം. അത് നാട്ടില്‍ നിന്നുകൊണ്ടു സാധ്യമാണെങ്കില്‍ അങ്ങനെ, വിദേശത്തേക്കു കുടിയേറിയിട്ടാണെങ്കില്‍ അങ്ങനെ. എങ്ങനെയാണെങ്കിലും കൂടുതല്‍ മെച്ചപ്പെടുക, കൂടുതല്‍ വളരുക എന്നതായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം.

ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണ് താന്‍ വന്നിരിക്കുന്നതെന്നാണ് ദൈവവചനം. വല്ലോണം ജീവിച്ചാല്‍ പോരാ. നല്ലോണം ജീവിക്കണം എന്നൊരര്‍ത്ഥവും ഇതിനുണ്ട്. നല്ലോണം ജീവിക്കാനുള്ള വഴികള്‍ തേടുന്നത് തെറ്റല്ല, അങ്ങനെയാണു വേണ്ടത്. നിന്നിടത്തു നില്‍ക്കാതെ നീങ്ങി മുന്നോട്ടു പോക നാം, എന്നാണല്ലോ കവിയെഴുതിയിട്ടുള്ളതും.

ഇതു നമ്മുടെ ഓരോരുത്തരുടെയും വ്യക്തിത്വങ്ങളെ കുറിച്ചും പറയനാകും. പറയാനാകണം. അതായത്, നിന്നിടത്തു നില്‍ക്കാതെ മുന്നേറിക്കൊണ്ടിരിക്കണം. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാകാനുള്ള പരിശ്രമം ഓരോ ദിവസവും നമ്മുടെ ഭാഗത്തു നിന്നുണ്ടാകണം.

ഇന്നലത്തേക്കാള്‍ കൂടുതല്‍ പണക്കാരാകണം നാളെ നാം. പണത്തിന്റെ അടിസ്ഥാനത്തില്‍ പറയുമ്പോള്‍ യുവജനങ്ങള്‍ക്കതു പെട്ടെന്നു മനസ്സിലാകും എന്നു തോന്നുന്നു. അതുകൊണ്ടു പറഞ്ഞെന്നേയുള്ളൂ. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇത്.

നാളെ നാം ഇന്നത്തേക്കാള്‍ ആരോഗ്യമുള്ളവരാകണം, അറിവുകളുള്ളവരാകണം, കഴിവുകളുള്ളവരാകണം, സ്‌നേഹവും കാരുണ്യവും ഉള്ളവരാകണം. ഓരോ ദിവസവും നാം സ്വയം നവീകരിച്ചുകൊണ്ടിരിക്കണം, വളര്‍ന്നു കൊണ്ടിരിക്കണം.

പണം മാത്രമായി നമുക്കു കിട്ടുകയില്ല. പണത്തെ കുറിച്ചു പറഞ്ഞതുകൊണ്ട് ചെറിയൊരു വിശദീകരണം ആവശ്യമാണ്. പണം ഒരു ബൈപ്രോഡക്ടാണ്. നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട രംഗത്ത് പ്രാവീണ്യം തെളയിക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യം വിദഗ്ധമായി ചെയ്യുമ്പോള്‍ പണം അതിന്റെ ഭാഗമായി വരേണ്ടതാണ്.

കഴിവുകളാര്‍ജിക്കാനുള്ള, ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്തു തുടങ്ങാനുള്ള പരിശ്രമമാണ് നമ്മുടെ ഭാഗത്തു നിന്നു വേണ്ടത്. നിങ്ങള്‍ക്ക് ഇഷ്ടവും അഭിരുചിയുമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിദഗ്ധരായി മാറുക.

ഒരു സംഗീതോപകരണം വായിക്കാന്‍ പഠിക്കുക, സ്‌പോര്‍ട്‌സിലാണു താത്പര്യമെങ്കില്‍ ഇഷ്ടയിനത്തില്‍ കൂടുതല്‍ പരിശീലനം നേടുക, ചിത്രങ്ങള്‍ വരയ്ക്കുക, പുതിയ ഭാഷകള്‍ പഠിക്കുക, നൃത്തം ചെയ്യുക, പുസ്തകങ്ങള്‍ വായിക്കുക ...ഇങ്ങനെ അനേകം കാര്യങ്ങളുണ്ട്.

ചെറിയ ചെറിയ അധ്വാനങ്ങളാണ് ഒടുവിലൊരുനാള്‍ വലിയൊരു വിജയമായി നിങ്ങളെ തേടിവരുന്നത്. ബമ്പര്‍ ലോട്ടറി അടിക്കുന്നതുപോലെയാണ് ജീവിതത്തില്‍ വിജയിക്കുക എന്നു ദയവായി കരുതരുത്. ഓരോ ദിനവും ചെറിയ ചെറിയ പരിശ്രമങ്ങള്‍ നടത്തുക, വൈകാതെ ചെറിയ ചെറിയ വിജയങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കാന്‍ തുടങ്ങും. ലോകം നിങ്ങളുടെ വിജയങ്ങളെ കുറിച്ചറിയുന്നത് ഒടുവില്‍ ഏതെങ്കിലുമൊരു പ്രത്യേകദിവസം ആയിരിക്കുമെന്നു മാത്രമേയുള്ളു. പക്ഷേ അപ്പോഴൊക്കെയും നിങ്ങള്‍ വിജയത്തിലേക്ക് ഓരോ ചുവടും വച്ചുകൊണ്ടിരിക്കുകയായിരുന്നു.

അന്തിമലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളുണ്ടായിരിക്കുന്നതു നല്ലതാണ്. പക്ഷേ, ആ സ്വപ്‌നത്തിലേക്ക് ഓരോ ദിവസവും വയ്‌ക്കേണ്ട കുഞ്ഞു ചുവടുകളെ കുറിച്ച് മറന്നു പോകരുത്. ആ ചെറിയ ചുവടുവയ്പുകളാണ് ഒടുവില്‍ ഒരു കുതിച്ചുചാട്ടമായി ലോകം കാണുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org