വളഞ്ഞ വഴിക്കെത്തിയ 'വര'ദാനം...

ഫാ. വിമല്‍ കല്ലൂക്കാരന്‍ ആര്‍ സി ജെ
വളഞ്ഞ വഴിക്കെത്തിയ 'വര'ദാനം...

ഒരു കള്ളനായിട്ടാണ് ചിത്രകല ഫാ. വിമലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ചിത്രം സമ്മാനമായി കിട്ടി. അയലത്തെ കൂട്ടുകാരന്‍ ക്രയോണ്‍ ഉപയോഗിച്ചു വരച്ച ഒരു ബസിന്റെ ചിത്രം. പിതാവിന്റെ അനുജന്‍ സാജു അന്നു വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍, ഈ ചിത്രം താന്‍ വരച്ചതാണെന്ന ഒരു കള്ളം ആ രണ്ടാംക്ലാസുകാരന്‍ തട്ടിവിട്ടു. അടുത്തയാഴ്ച അങ്കിള്‍ വന്നത് ചിത്രം വരക്കാനുള്ള സകല സാമഗ്രികളും വാങ്ങിയിട്ടാണ്. അതെല്ലാം സമ്മാനിച്ചു. ഇഷ്ടം പോലെ വരച്ചോളുക എന്നു പറഞ്ഞു. അന്നുവരെ ഒരു നേര്‍വര പോലും വരച്ചിട്ടില്ലാത്ത ആ ബാലന്‍ അമ്പരന്നു. എന്തു ചെയ്യും? വരക്കാതിരിക്കാന്‍ വഴിയില്ല. വര തുടങ്ങി. അങ്കിളും മാതാപിതാക്കളും എല്ലാം പ്രോത്സാഹിപ്പിച്ചു. ഒന്നുമറിയില്ലെങ്കിലും വരച്ചുകൊണ്ടിരുന്നു. വര പഠിക്കാന്‍ ശ്രമിച്ചു, പതിയെ വര വഴങ്ങി, സെമിനാരിയില്‍ ചേര്‍ന്നതിനുശേഷവും വരയെ വിട്ടില്ല, അതൊരു വരദാനമായി കരുതിയ സന്ന്യാസാധികാരികളും പ്രോത്സാഹിപ്പിച്ചു.

കണ്ടും കേട്ടും പഠിച്ചു, യൂട്യൂബും സോഷ്യല്‍ മീഡിയായും അനുഗ്രഹമായി, മീഡിയങ്ങള്‍ മാറി മാറി പരീക്ഷിച്ചു, ആ വരകള്‍ ഇന്നു പതിനായിരത്തോളം ചിത്രങ്ങളിലേക്കെത്തിയിരിക്കുന്നു, പതിനായിരങ്ങള്‍ക്ക് അത് ആനന്ദവും പ്രചോദനവും പകരുന്നു, ആത്മീയതയുടെ അനുഭൂതികള്‍ സമ്മാനിക്കുന്നു. എറണാകുളം ലിസി ആശുപത്രിയുടെ കാന്‍സര്‍ വിഭാഗത്തില്‍ ഫാ. വിമലിന്റെ നൂറോളം പെയിന്റിംഗുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രോഗികള്‍ക്ക് അവ ആശ്വാസം പകരുന്നു. ചിരി തൂകി, കൈനീട്ടി ക്ഷണിക്കുന്ന ക്രിസ്തു അനേകം ദേവാലയങ്ങളിലും വീടുകളിലും സന്ദര്‍ശകരെ വരവേല്‍ക്കുന്നു. അലൗകികമായ ലോകദൃശ്യങ്ങള്‍ വിമലച്ചന്റെ പെയിന്റിംഗുകളിലുണ്ട്. ഒരു ആലോചനയോ വിശദീകരണമോ കൂടാതെ ആസ്വാദകരുടെ ഹൃദയങ്ങളിലേക്കു നേരെ കയറിപ്പോകുന്ന യഥാതഥ ലാളിത്യം ഈ ചിത്രകാരന്റെ മുഖമുദ്രയാണ്. ലോകമെമ്പാടുമുള്ള അനേകം സ്ഥലങ്ങളിലേക്ക് വിമലച്ചന്റെ പെയിന്റിംഗുകള്‍ വാങ്ങിക്കൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ റോമിലേക്ക് നൂറു പെയിന്റിംഗുകള്‍ കയറ്റിയയച്ചു. അതില്‍ നിന്നുള്ള വരുമാനം കൂടുതല്‍ ചിത്രങ്ങള്‍ വരക്കാനും പെയിന്റിംഗ് പഠിക്കാനുമായി ചെലവഴിക്കുന്നു.

പിച്ചവച്ചു നടക്കുമ്പോള്‍ കരിക്കട്ടകള്‍ കൊണ്ടു ചുമരില്‍ വരയുടെ മാന്ത്രികം പ്രദര്‍ശിപ്പിച്ച അത്ഭുതബാലന്‍ ഒന്നുമായിരുന്നില്ല വിമല്‍. ശിശുസഹജമായ ഒരു കള്ളത്തില്‍ നിന്നു യാദൃശ്ചികമായി തുടങ്ങിയ വര. നിര്‍ദോഷമെങ്കിലും ഒരു നുണയുടെ വളഞ്ഞ വഴിയിലൂടെ വരയുടെ നേരിലേക്കു തന്നെ നയിക്കുകയായിരുന്നു ദൈവം എന്നു വിശ്വസിക്കുകയാണ് ഫാ. വിമല്‍. അതൊരു പാഠമായി അദ്ദേഹം പുതിയ തലമുറക്കു പകരുകയും ചെയ്യുന്നു.

എല്ലാവരും അത്ഭുതപ്രതിഭകളുമായി ജനിക്കുന്നവരല്ല. എല്ലാവര്‍ക്കും കലയുടെയോ കഴിവുകളുടെയോ വലിയ പൈതൃകം അവകാശപ്പെടാനാകണമെന്നില്ല. എന്നാല്‍ മനസ്സുവച്ചാല്‍, പരിശ്രമിച്ചാല്‍ കലയും സാഹിത്യവും മറ്റു നൈപുണികളുമെല്ലാം നമുക്കു പരിശീലിച്ചെടുക്കാന്‍ സാധിക്കും.

എല്ലാവരേയും പരമ്പരാഗത ഉദ്യോഗങ്ങളിലേക്കു തന്നെ വഴിതെളിക്കണമെന്നില്ലെന്നു മാതാപിതാക്കളോടും യുവതലമുറയോടുമായി വിമലച്ചന്‍ പറയുന്നു. മാറിയ കാലത്ത് കലയും മറ്റു കഴിവുകളും ജീവിതവിജയത്തിനുപയോഗിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. ആ വഴികളും അന്വേഷിക്കുക. പഠനത്തോടൊപ്പം തന്നെ ഏതെങ്കിലും പാഠ്യേതരരംഗങ്ങളിലും നൈപുണ്യമാര്‍ജിക്കാന്‍ ശ്രമിക്കുക.

സോഷ്യല്‍ മീഡിയ വലിയ അനുഗ്രഹമാണെങ്കിലും യുവാക്കളെ ഫോണുകള്‍ കീഴ്‌പ്പെടുത്തുന്ന സ്ഥിതി നല്ലതല്ലെന്നു ഫാ. വിമല്‍ പറഞ്ഞു. മുഴുവന്‍ സമയവും ഫോണില്‍ വിനോദവീഡിയോകള്‍ കണ്ടിരുന്നിട്ട്, ദിവസത്തിന്റെ അവസാനം ഇന്നെന്തു ചെയ്തു, എന്തു നേടി എന്നു ചിന്തിക്കുമ്പോള്‍ ശൂന്യത തോന്നരുത്. സമയം സര്‍ഗാത്മകമായി ചെലവഴിക്കണം. ജീവിതം സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകണം.

കലയുടെ ഒരു സംസ്‌കാരം കേരളത്തിലോ കേരളസഭയിലോ വേണ്ടത്ര ഇല്ലെന്ന അഭിപ്രായം ഫാ. വിമലിനുണ്ട്. പുരാതനമായ പള്ളികളും അവയില്‍ ധാരാളം കലാവസ്തുക്കളും ഉണ്ടെങ്കിലും അവയെ സംരക്ഷിക്കുന്നതിലും പഠിക്കുന്നതിലും വേണ്ടത്ര ഉത്സാഹം നാം കാണിക്കാറില്ല. പുതിയ പള്ളികള്‍ പണിയുമ്പോഴും കലക്കു പ്രാധാന്യം നല്‍കാറില്ല. കലയുടെ അടിസ്ഥാനപാഠങ്ങള്‍ പൗരോഹിത്യപരിശീലനത്തിന്റെ ഭാഗമാക്കേണ്ടതാണ്. പള്ളികള്‍ വെറും ഓഡിറ്റോറിയങ്ങളാകരുത്.

അങ്കമാലിക്കടുത്ത് കോക്കുന്ന് ഇടവവകാംഗമായ ഫാ. വിമല്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് റൊഗേഷനിസ്റ്റ് സന്യാസസമൂഹത്തില്‍ വൈദികാര്‍ത്ഥിയായി ചേര്‍ന്നത്. 2015 ല്‍ പുരോഹിതനായി. പിന്നീട് വയനാട്ടില്‍ സന്യാസസമൂഹത്തിന്റെ വൈദികപരിശീലനഭവനങ്ങളില്‍ പ്രവര്‍ത്തിച്ചു. എറണാകുളം അതിരൂപതയിലെ കടവന്ത്ര പള്ളിയില്‍ അസി.വികാരിയാണിപ്പോള്‍. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ ഫൈനാര്‍ട്‌സില്‍ ബിരുദപഠനം നടത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org