
ആയിരത്തോളം സീറോ മലബാര്‍ യുവാക്കള്‍ പോര്‍ട്ടുഗലിലെ ലിസ്ബണില്‍ സമാപിച്ച ആഗോള യുവജനദിനാഘോഷത്തില്‍ പങ്കെടുത്തു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിന്നുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ ഒരു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു വന്നതുകൊണ്ട് ഒരുമിച്ചു ചേരാനും സീറോ മലബാര്‍ ദിവ്യബലിയര്‍പ്പിക്കാനും സാധിച്ചു. ഭാരതത്തില്‍ നിന്നുള്ളവര്‍ ഒരുമിച്ചു ചേരുന്ന സാഹചര്യം ഉണ്ടായില്ല. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള പങ്കാളിത്തം കൂടുതല്‍ സംഘടിതമാക്കാന്‍ കഴിയുമെന്നു തോന്നുന്നു.
എല്ലാ ദിവസവും ദിവ്യബലിയും ചര്‍ച്ചായോഗങ്ങളും ഉണ്ടായിരുന്നു. ലിസ്ബണില്‍ തന്നെ സെന്റ് ആന്റണിയുടെ ജന്മസ്ഥലം ഉള്‍പ്പെടെ ചരിത്രപ്രധാന്യമുള്ള ധാരാളം സ്ഥലങ്ങളുണ്ട്. അവിടെയെല്ലാം നമ്മുടെ യുവാക്കള്‍ പോയി. വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ള ചാപ്പലുകള്‍ സന്ദര്‍ശിച്ചു. അഞ്ഞൂറോളം പേര്‍ക്ക് ഒരേസമയം കുമ്പസാരിക്കാന്‍ കഴിയുന്ന കുമ്പസാരോദ്യാനവും ശദ്ധേയമായിരുന്നു.
വ്യത്യസ്തങ്ങളായ നിരവധി സംഗീതസംഘങ്ങള്‍ അവരുടെ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു, പ്രാര്‍ത്ഥനാസംഘങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. മനോഹരവും പ്രചോദനാത്മകവുമായ അന്തരീക്ഷം.
ഇത്തരം ഇവന്റുകള്‍ സമ്മാനിക്കുന്ന പ്രധാനകാര്യം പ്രത്യാശയാണ്. യുവത്വം എന്നത് വിശ്വാസത്തെ സംബന്ധിച്ച് ധാരാളം ചോദ്യങ്ങളുയരുന്ന ഒരു പ്രായമാണ്. വിശ്വാസരൂപീകരണത്തിന്റെ ഘട്ടം. ചോദ്യങ്ങള്‍ സ്വയം ചോദിച്ച്, യുവാക്കള്‍ തങ്ങളുടെ ദൈവമായ ഈശോയെ കണ്ടെത്തുന്ന സമയം. ഈ ചോദ്യങ്ങളുടെ ഘട്ടത്തില്‍, തന്നെ പോലുള്ള ലക്ഷകണക്കിനുള്ള യുവജനങ്ങള്‍ ഈശോയുടെ നാമം വിളിക്കുന്നതും ദിവ്യകാരുണ്യത്തിനു മുമ്പില്‍ മുട്ടിന്മേല്‍ നില്‍ക്കുന്നതും കാണുന്നത് അവര്‍ക്കു വലിയ പ്രചോദനമേകുന്നു. മാതാപിതാക്കളും വൈദികരും സഭാധികാരികളും പറഞ്ഞുകൊടുക്കുന്ന അനേകം കഥകള്‍ക്കുപരിയായി വേള്‍ഡ് യൂത്ത് ഡേയില്‍ അവര്‍ കാണുന്നത് ജീവനുള്ള സുവിശേഷമാണ്. അവിടെ കാണുന്ന യുവജനങ്ങളുടെ മുഖങ്ങളില്‍ നിന്നും ജീവനുള്ള സുവിശേഷം അവര്‍ വായിച്ചെടുക്കുന്നു. യുവജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന സുവിശേഷം യുവജനങ്ങള്‍ തന്നെയാണ്. വിശ്വാസം ക്ഷയിച്ചു, സഭ മുന്നോട്ടു പോകില്ല എന്നു ചിന്തിക്കുന്ന ഒറ്റപ്പെട്ട മക്കള്‍ക്ക് ഇത് അപാരമായ പ്രത്യാശ കൊടുക്കുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളും വിവിധ റീത്തുകളിലുള്ള കുര്‍ബാനയും എല്ലാം ഒരു കുടക്കീഴില്‍ നടക്കുന്നത് സഭയുടെ സാര്‍വത്രികസ്വഭാവത്തിന്റെ മനോഹാരിത പ്രകടമാക്കുന്നു. വ്യത്യാസങ്ങളൊന്നും ഐക്യത്തെ ബാധിക്കുന്നില്ല. എല്ലാവരും ഒരേ പാട്ടു കേള്‍ക്കുന്നു ഒരേ താളത്തില്‍ നൃത്തം വയ്ക്കുന്നു, ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നു, ഒരേ വിശ്വാസം പങ്കുവയ്ക്കുന്നു. പ്രഘോഷിക്കുന്നു. യാതൊരു വേര്‍തിരിവും കാണാനില്ല. സഭയുടെ സമ്പന്നത നന്നായി ആഘോഷിക്കപ്പെടുന്നു. നാം ഇത്രയും വലിയൊരു കുടുംബത്തിന്റെ ഭാഗമാണല്ലോ എന്നു കാണുന്നത് വലിയ സന്തോഷമാണു യുവാക്കളിലുണ്ടാക്കുന്നത്.
താഴെ വീണ ഒരു വിമാനത്തെക്കുറിച്ചാണ് എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുക എന്നു പറയാറുണ്ട്. അതേസമയത്തു തന്നെ പറന്നുകൊണ്ടിരിക്കുന്ന ആയിരകണക്കിനു വിമാനങ്ങളുണ്ടാകും. അതേക്കുറിച്ച് ആരും പറയാറില്ല. യുവാക്കളിലെ സെ ക്കുലറിസത്തിന്റെ സ്വാധീനത്തെക്കുറിച്ചും ഇതു തന്നെ പറയാനാകും. വിശ്വാസത്തെയും സഭയെ യും കുറിച്ച് നെഗറ്റീവായ കാര്യങ്ങളാണ് എപ്പോഴും സംസാരത്തില്‍. എന്നാല്‍, പോസിറ്റീവായ കാര്യങ്ങളെ ഒന്നിച്ചു കൂട്ടുന്ന സംഗമമായിരുന്നു വേള്‍ഡ് യൂത്ത് ഡേ. സെക്കുലറിസത്തിന്റെ ഇത്രയും ശക്തമായ സ്വാധീനമുള്ള ഒരു ലോകത്തില്‍, വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന വന്‍കരയില്‍, ഈശോയെ ഇഷ്ടപ്പെടുന്ന, സഭയെ സ്‌നേഹിക്കുന്ന, ഈശോക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാനാഗ്രഹിക്കുന്ന ഒരുപാടു പേര്‍ ഒന്നിച്ചു കൂടുന്നു. പോസിറ്റീവായ വിശ്വാസപ്രഘോഷണത്തിന്റെ വേദിയായി മാറുന്നു അത്.
ഭക്തജനങ്ങളുടെ ആത്മീയതയേക്കാള്‍ യുവാക്കളുടെ ആത്മീയത ആഴമേറിയതാണ്. ഭക്തജനങ്ങള്‍ ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോകുന്നവരാകാം. യുവജനങ്ങള്‍ അങ്ങനെയല്ല. ശക്തമായ ബോധ്യമില്ലെങ്കില്‍ ഒന്നിന്റെയും മുമ്പില്‍ മുട്ടുകുത്താനോ ആരാധിക്കാനോ ആടാനോ പാടാനോ തയ്യാറുളളവരല്ല യുവജനങ്ങള്‍.
ലിസ്ബണില്‍ യുവാക്കളെല്ലാം കഴിഞ്ഞത് പരിമിതമായ സൗകര്യങ്ങളിലാണ്. പക്ഷേ, പരാതികളോ പരിഭവങ്ങളോ ഇല്ല. ക്രമസമാധാനപ്രശ്‌നങ്ങളില്ല. പതിനഞ്ചു ലക്ഷം യുവജനങ്ങള്‍ ഒരുമിച്ചെഴുന്നേല്‍ക്കുന്നു, ഒരുങ്ങുന്നു, വേദികളിലെത്തുന്നു. മനുഷ്യരുടെ സംഘടനാപാടവത്തിനപ്പുറം പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലാണ് എല്ലാം നടക്കുന്നതെന്നു തോന്നും. പതിനഞ്ചു ലക്ഷം യുവജനങ്ങള്‍ ഒന്നു ചേര്‍ന്നിടത്ത് ബഹളമില്ല, ലഹളയില്ല, കുപ്പിയേറില്ല, മയക്കമരുന്നില്ല, മദ്യമില്ല. എല്ലാവരും ശാന്തമായി ഒഴുകുന്നു. ഇത് പരിശുദ്ധാത്മാവിന്റെ സംഘാടനമായിരുന്നു എന്നു പറയാം.
സ്‌നേഹത്തിന്റെ ഒരു തരംഗം ലിസ്ബണിലെ യുവസമുദ്രത്തില്‍ പ്രകടമായിരുന്നു. ലോകത്തെവിടെയെങ്കിലും ഇത്രയും യുവജനങ്ങള്‍ ഒന്നിച്ചു കൂടുന്ന സംഭവങ്ങളുണ്ടോ എന്നറിയില്ല. രാഗ, താള, ലയങ്ങള്‍ കളയാതെ ഈശോയുടെ നാമത്തില്‍ ഇത്രയും യുവജനങ്ങള്‍ സംഗമിച്ചപ്പോള്‍ സ്വര്‍ഗീയസംഗീതം അവര്‍ക്കകമ്പടി സേവിക്കുന്നതു അനുഭവിച്ചറിയാമായിരുന്നു.
കേരളത്തിലെ യുവജനങ്ങള്‍ കുറെക്കൂടി പുറമേക്ക് യാത്ര ചെയ്യണമെന്ന തോന്നല്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴുണ്ടായി. മുതിര്‍ന്നവരില്‍ പലരും വിശുദ്ധനാട്ടില്‍ പോകുന്നുണ്ട്. പക്ഷേ ഇത്തരം യുവജനസമ്മേളനങ്ങളിലേക്കും നാം ഇറങ്ങിത്തിരിക്കണം. സാര്‍വത്രികസഭയുടെ ഈ സൗന്ദര്യം നാം എന്തുകൊണ്ടാണ് അനുഭവിക്കാന്‍ ശ്രമിക്കാത്തത്? അതിനു ള്ള ശ്രമങ്ങളുണ്ടാകണം. ഒപ്പം നമ്മു ടെ നാട്ടിലും ഇത്തരം വലിയ ആത്മീയകൂട്ടായ്മകള്‍ നടക്കണം. കേരളത്തിലെ മുഴുവന്‍ യുവജനങ്ങളും ഒരുമിച്ചു കൂടുന്ന സംഗമങ്ങള്‍ ഉണ്ടാകാറുണ്ടോ? രൂപതാതലങ്ങളില്‍ പോ ലും വലിയ സമ്മേളനങ്ങള്‍ പതിവില്ല എന്നാണു തോന്നുന്നത്.
മരിയോളജി ഇന്‍ സീറോ മലബാര്‍ സഭ എന്ന സമ്മേളനത്തില്‍ അമ്മേ എന്റെ അമ്മേ ഉള്‍ പ്പെടെയുളള പരി. മാതാവിന്റെ ഭക്തിഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചത് ലിസ്ബണിലെ യുവജനദിനാഘോഷത്തില്‍ പങ്കെടുത്തപ്പോള്‍ വ്യക്തിപരമായി വളരെ സന്തോഷം നല്‍കിയ ഒരനുഭവമായിരുന്നു.
അടുത്ത ആഗോള യുവജനദിനാഘോഷം കൊറിയയിലാണല്ലോ. അതില്‍ കഴിയുന്നത്ര പേര്‍ പങ്കെടുക്കണം. ഭാവിയില്‍ ഇന്ത്യയില്‍, കേരളത്തില്‍ ഇത്തരമൊരാഘോഷം നടത്താന്‍ നമുക്കവസരമുണ്ടാകണമെന്നാണു പ്രാര്‍ത്ഥന. അവസരം കിട്ടിയാല്‍ അതു വളരെ നന്നായി തന്നെ നടത്താന്‍ നമുക്കു സാധിക്കുമെന്നതില്‍ തര്‍ക്കമില്ല.