ഭ്രൂണഹത്യയില്‍നിന്നു രക്ഷപ്പെട്ടു, ഇരട്ടകളായി പിറന്നു, പൗരോഹിത്യം കൊണ്ടു പ്രചോദിപ്പിക്കുന്നു...

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ഭ്രൂണഹത്യയില്‍നിന്നു രക്ഷപ്പെട്ടു, ഇരട്ടകളായി പിറന്നു, പൗരോഹിത്യം കൊണ്ടു പ്രചോദിപ്പിക്കുന്നു...

ചിലിയിലെ റോസാ സില്‍വ എന്ന അമ്മയ്ക്ക് 1984 ല്‍ പൗലോ ലിസേമാ, ഫിലിപെ ലിസേമാ എന്നീ രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത് ആ അമ്മ ഡോക്ടറുടെ ഒരു നിര്‍ദേശത്തെ അനുസരിക്കാതിരുന്നതുകൊണ്ടാണ്. ഗര്‍ഭവതിയായപ്പോള്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ തന്നെ സ്‌കാനിംഗ് നടത്തി. ഗര്‍ഭസ്ഥശിശുവിന്റെ സ്‌കാന്‍ ചിത്രം വിചിത്രമായി തോന്നുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. കുഞ്ഞിനു മൂന്നു കൈകളുള്ളതായും പാദങ്ങള്‍ കൂടിപ്പിണഞ്ഞു കിടക്കുന്നതായും കാണുന്നു. രണ്ടു തലകളുള്ളതായും സംശയമുണ്ട്. അതുകൊണ്ട് ഭ്രൂണഹത്യ നടത്തുന്നതാണ് ഉചിതം. - ഡോക്ടര്‍ പറഞ്ഞു. ചികിത്സാര്‍ത്ഥമുള്ള ഭ്രൂണഹത്യ അന്നു ചിലിയില്‍ നിയമവിധേയമായിരുന്നെങ്കിലും റോസാ അതിനു സമ്മതിച്ചില്ല. ദൈവം തരുന്ന കുഞ്ഞിനെ അതുപോലെ സ്വീകരിക്കാന്‍ താന്‍ സന്നദ്ധയാണെന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് അവര്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കി. പ്രസവവും സങ്കീര്‍ണമായിരുന്നു. ആദ്യത്തെ കുഞ്ഞു പുറത്തു വന്നതിനുശേഷം മറുപിള്ള വന്നില്ല. ഡോക്ടര്‍മാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു അതു പുറത്തെടുക്കാന്‍ തുനിഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. ഒരു കുഞ്ഞുകൂടിയുണ്ടെന്നു തനിക്കു സംശയമുണ്ടെന്ന് അവര്‍ ഡോക്ടര്‍മാരോടു പറയുകയായിരുന്നു. 17 മിനിറ്റുകള്‍ക്കു ശേഷം രണ്ടാമത്തെ കുഞ്ഞു ജനിച്ചു. ''കുറച്ചു ലേറ്റായി, എങ്കിലും ഞാന്‍ വന്നു,'' എന്നു പറയുന്നു രണ്ടാമനായ ഫാ.പൗലോ. ഡോക്ടര്‍മാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ഈ കുഞ്ഞിനു ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കുമായിരുന്നു.

എന്നാല്‍ ഈ സംഭവങ്ങളെ കുറിച്ചുള്ള അറിവല്ല ഇരുവരെയും വൈദികജീവിതത്തിലേയ്ക്കു നയിച്ചത്. സെമിനാരി പരിശീലനം ആറു വര്‍ഷം പിന്നിടുമ്പോഴാണ് അമ്മ ഇക്കാര്യങ്ങള്‍ ഇവരെ അറിയിച്ചത്. ഇരട്ടകളെന്ന നിലയില്‍ വലിയ മാനസീകബന്ധം ഉണ്ടായിരുന്ന ഇരുവര്‍ക്കുമിടയില്‍ സ്വകാര്യങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ അച്ചനാകാനാഗ്രഹിക്കുന്നു എന്ന കാര്യം ഇരുവരും പരസ്പരം മറച്ചു വച്ചു. പതിനെട്ടാം വയസ്സില്‍ സെമിനാരിയില്‍ ചേരാനുള്ള ആലോചന അന്ത്യഘട്ടത്തിലെത്തിയപ്പോഴാണ് ഇക്കാര്യം ഇവര്‍ പരസ്പരം വെളിപ്പെടുത്തിയത്്. അതെല്ലാം യാദൃശ്ചികമായിരുന്നു. വൈദികരാകാനുള്ള തീരുമാനത്തിന് അമ്മ എതിരായിരുന്നുവെന്നും ഇവര്‍ ഓര്‍ക്കുന്നു. അമ്മയുടെ സമ്മതമില്ലാതെയാണ് മക്കളിരുവരും തീരുമാനത്തില്‍ ഉറച്ചു നിന്നത്. വൈദിക പരിശീലനം ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് അമ്മക്ക് അതിനോടു പൊരുത്തപ്പെടാനായത്. നാലു വയസ്സിനു മൂത്ത ഒരു സഹോദരി കൂടിയുണ്ട് ഇവര്‍ക്ക്.

ദൈവമെന്ന സത്യം കൊണ്ടു ശക്തരായി തീര്‍ന്ന അനേകം യുവാക്കളെ ലോകത്തിനാവശ്യമുണ്ട്. അവരുടെ ജീവിതം ജീവന്‍ പ്രസരിപ്പിക്കണം, ചിരി പ്രത്യാശ പകരണം, നോട്ടം വിശ്വാസം നല്‍കണം, പ്രവൃത്തികള്‍ സ്‌നേഹം പ്രകാശിപ്പിക്കണം.

2012 ല്‍ പട്ടം സ്വീകരിച്ച ഇരുവരും രണ്ട് ഇടവകകളില്‍ വികാരിമാരായി സേവനമാരംഭിച്ചു. പൗരോഹിത്യം പത്താം വര്‍ഷത്തിലെത്തുമ്പോള്‍, ഇരട്ടകള്‍ ചിലിയിലെങ്ങും പ്രകാശം പരത്തുകയാണ്. സോഷ്യല്‍ മീഡിയായില്‍ സജീവമായ ഇരട്ടവൈദികര്‍ ചിലിയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ പ്രസിദ്ധരാണ്. ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റായുമെല്ലാം തങ്ങളുടെ സുവിശേഷശുശ്രൂഷയുടെ അരങ്ങുകളായാണ് ഇരുവരും കാണുന്നത്. നര്‍മ്മമാണ് ഇരുവരിലേയ്ക്കും ആളുകളെ ആകര്‍ഷിക്കുന്നത്.

ഇരട്ടകളുടെ പതിവു തമാശകള്‍ ജീവിതത്തില്‍ പ്രയോഗിക്കുന്നതിലും പിന്നോട്ടല്ല ഫാ. പൗലോയും ഫാ. ഫെലിപ്പെയും. മറ്റെയാളായി നടിക്കുക, ആളുകളെ പറ്റിക്കുക എന്നതു തന്നെ ഒരു പ്രധാനകൗതുകം. ഒരാള്‍ ഇടംകൈയനും മറ്റെയാള്‍ വലംകൈയനുമാണെങ്കിലും ഈ വ്യത്യാസം മറ്റുള്ളവര്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാറില്ലെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. നര്‍മ്മം നിറഞ്ഞ പോസ്റ്റുകളിലൂടെയും ഇടപെടലുകളിലൂടെയും ദൈവത്തിന്റെ സ്‌നേഹവും സുവിശേഷത്തിന്റെ ആനന്ദവും തന്നെയാണു തങ്ങള്‍ പ്രസരിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. സെമിനാരിയില്‍ ചേരുമ്പോള്‍ തന്നെ ഫുട്‌ബോള്‍ പ്രേമികളായിരുന്ന ഇരട്ടകള്‍ ആ ഭ്രമവും ഉപേക്ഷിച്ചിട്ടില്ല.

''പൗരോഹിത്യം മനോഹരമായ ഒരു ദൈവവിളിയാണ്. അതു ഞങ്ങളെ തികച്ചും സന്തുഷ്ടരാക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുക എളുപ്പമല്ലെങ്കിലും മനോഹരമാണ്,'' ഫാ.പൗലോ പറയുന്നു.

യേശുവിനും സഭയ്ക്കും ലോകത്തിനും നമ്മെ ആവശ്യമുണ്ട്, ഫാ. ഫെലിപെ പറഞ്ഞു. ''ദൈവമെന്ന സത്യം കൊണ്ടു ശക്തരായി തീര്‍ന്ന അനേകം യുവാക്കളെ ലോകത്തിനാവശ്യമുണ്ട്. അവരുടെ ജീവിതം ജീവന്‍ പ്രസരിപ്പിക്കണം, ചിരി പ്രത്യാശ പകരണം, നോട്ടം വിശ്വാസം നല്‍കണം, പ്രവൃത്തികള്‍ സ്‌നേഹം പ്രകാശിപ്പിക്കണം,'' ഇരട്ട വൈദികര്‍ വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org