സഭാത്മകം, സംഗീതാത്മകം

സഭാത്മകം, സംഗീതാത്മകം

ശാസ്ത്രീയ സംഗീതകച്ചേരികള്‍ നടത്തുന്ന കന്യസ്ത്രീ

കേരളത്തില്‍ അതു സാധാരണമല്ല. അസാധാരണമായ ഈ വിധത്തില്‍ സംഗീതരംഗത്തു സ്ഥാനമുറപ്പിച്ചിരിക്കുന്ന സന്യാസിനിയാണ് സിസ്റ്റര്‍ റിന്‍സി അല്‍ഫോണ്‍സ് എസ് ഡി.
സന്യാസപരിശീലനത്തിനിടെ സിസ്റ്ററുടെ സംഗീതാഭിരുചിയും കഴിവും അധികാരികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. അവര്‍ തന്നെയാണു സംഗീതം പഠിക്കുക എന്ന നിര്‍ദേശം സിസ്റ്റര്‍ റിന്‍സിയുടെ മുന്നില്‍ വച്ചത്. പ്രൊവിന്‍ഷ്യലായിരുന്ന സിസ്റ്റര്‍ സ്‌നേഹ എല്ലാ പിന്തുണയും നല്‍കി. സംഗീതം പഠിക്കാന്‍ സിസ്റ്റര്‍ റിന്‍സിയ്ക്കും വലിയ താത്പര്യമായിരുന്നു.
അങ്ങനെ തൃശൂര്‍ രാമവര്‍മ്മ സംഗീത കോളേജില്‍ ശാസ്ത്രീയസംഗീതത്തില്‍ ഡിപ്ലോമ പഠിക്കാന്‍ ചേര്‍ന്നു. രണ്ടു വര്‍ഷം അവിടെ പഠിച്ചു. മുപ്പതോളം പേരുള്ള ബാച്ചായിരുന്നു അത്. സന്യാസിനിയായി ഒരാള്‍ മാത്രം. കര്‍ണാടക സംഗീതം പഠിക്കാന്‍ വന്ന സിസ്റ്റര്‍ തുടക്കത്തില്‍ അദ്ധ്യാപകരിലും സഹപാഠികളിലും കൗതുകം സൃഷ്ടിച്ചു. പഠനകാര്യങ്ങളില്‍ അവരെല്ലാം ഉറച്ചു പിന്തുണയും സഹായങ്ങളും നല്‍കി.


സംഗീതം കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹമാണ് ഡിപ്ലോമ പഠനം ഉള്ളിലുണര്‍ത്തിയത്. അങ്ങനെ തൃപ്പൂണിത്തുറ ആര്‍ എല്‍വി കോളേജില്‍ ബിഎ മ്യൂസിക്കിനു ചേര്‍ന്നു. യേശുദാസ് ഉള്‍പ്പെടെയുള്ള അനേകം ഗായകരെയും സംഗീതജ്ഞരെയും കലാകാരന്മാരെയും സൃഷ്ടിച്ച കലാലയം. അമ്പതോളം പേരുള്ള ക്ലാസില്‍ കന്യാസ്ത്രീയായ ഏക വിദ്യാര്‍ത്ഥിനി. ആര്‍എല്‍വിയിലും അദ്ധ്യാപകര്‍ പൂര്‍ണമായ സഹായവും പിന്തുണയുമായി കൂടെ നിന്നു.
ബിരുദം നേടിയ ശേഷം ആദ്യമായി ഒരു വലിയ വേദിയില്‍ ശാസ്ത്രീയ സംഗീതകച്ചേരി നടത്തിയത് എസ് ഡി സഭയുടെ ആസ്ഥാനത്തു തന്നെയാണ്. സഭയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായിരുന്നു അത്. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റീസയും സമൂഹത്തിലെ എല്ലാ സന്യാസിനിമാരും ഈ സംരംഭത്തിന് എല്ലാ സഹായങ്ങളും പ്രോത്സാനങ്ങളും നല്‍കി. കച്ചേരി നല്ല രീതിയില്‍ ആസ്വദിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.
അതിനു ശേഷം സഭയുടെ അനേകം വേദികളില്‍ സംഗീതകച്ചേരികള്‍ അവതരിപ്പിക്കാന്‍ വിളിക്കപ്പെട്ടു. തിരുനാളുകള്‍ക്കും ഇതര ആഘോഷങ്ങള്‍ക്കും സംഗീതകച്ചേരികള്‍ സംഘടിപ്പിക്കാന്‍ ഇടവകപ്പള്ളികളും സന്യാസസമൂഹങ്ങളും സ്ഥാപനങ്ങളും തയ്യാറാകുന്നുണ്ടെന്നും അതു നല്ല സൂചനയാണെന്നും സിസ്റ്റര്‍ റിന്‍സി പറഞ്ഞു. കര്‍ണാടിക് സംഗീതം മഹത്തായ ഒരു കലാരൂപമാണ്. അതിനെ ഒരിക്കലും അകറ്റി നിറുത്തരുത്. അത് പരിശീലിക്കാനും അവതരിപ്പിക്കാനും ആസ്വദിക്കാനും ക്രൈസ്തവര്‍ക്കു സാധിക്കണം. – സിസ്റ്റര്‍ പറഞ്ഞു.

ശാസ്ത്രീയ സംഗീതത്തില്‍ ബിരുദം നേടിയ
സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സ് എസ് ഡി ,
സംഗീത കച്ചേരികള്‍ അവതരിപ്പിക്കുകയും
കൃതികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ആല്‍ബങ്ങളില്‍ പാടുകയും ഭക്തിഗാനങ്ങള്‍ക്ക്
ഈണമിടുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രീയ കലാരൂപങ്ങള്‍
അഭ്യസിക്കുന്ന തിനെയും
അവതരിപ്പിക്കുന്നതിനെയും

ഇന്ന് സഭാധികാരികള്‍ പിന്തുണയ്ക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന്
സിസ്റ്റര്‍ റിന്‍സി പറയുന്നു.


കര്‍ണാടക സംഗീതകൃതികളില്‍ ക്രൈസ്തവപ്രമേയങ്ങള്‍ കുറവാണെന്നതിന്റെ പ്രശ്‌നം സഭാസ്ഥാപനങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നവര്‍ നേരിടുന്നുണ്ട്. ഇതു മനസ്സിലാക്കി ആദ്യത്തെ കച്ചേരിക്കായി പുതിയ കൃതികളും കീര്‍ത്തനങ്ങളും തില്ലാനകളും ചിട്ടപ്പെടുത്തുകയുണ്ടായി. ആ പ്രക്രിയ ഇന്നും തുടരുന്നു. ആദ്യത്തെ കച്ചേരിക്കു വേണ്ടി പുതിയ കൃതികള്‍ രൂപപ്പെടുത്താന്‍ ആര്‍ എല്‍ വിയിലെ ഗുരു അബ്ദുള്‍ അസീസ് സഹായിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ തുടര്‍ന്നും ഈ രംഗത്തുണ്ടാകുന്നുണ്ട്. സിസ്റ്ററും പുതിയ കൃതികള്‍ രൂപപ്പെടുത്തിയിരുന്നു. ബൈബിള്‍ സന്ദേശങ്ങളും ക്രിസ്തുവിന്റെ പ്രബോധനങ്ങളും പ. മാതാവിനോടുള്ള ഭക്തിയും ആവിഷ്‌കരിക്കുന്ന കര്‍ണാടക സംഗീത കൃതികള്‍ ഇപ്പോഴുണ്ട്.


കലയ്ക്കും സംഗീതത്തിനും സഭ പ്രാധാന്യമോ പ്രോത്സാഹനമോ നല്‍കുന്നില്ലെന്ന പൊതുവെയുളള പറച്ചില്‍ വസ്തുതാപരമല്ലെന്നു സിസ്റ്റര്‍ റിന്‍സി പറഞ്ഞു. സംഗീതം ഔപചാരികമായി പഠിച്ച് സംഗീത അദ്ധ്യാപകരായി ജോലി ചെയ്തു വിരമിച്ച അഞ്ചു സിസ്റ്റര്‍മാരെ തനിക്കു തന്നെ അറിയാം. അക്കാലത്ത് സംഗീതം പഠിക്കാനും പാടാനും ആ രംഗത്തു പ്രവര്‍ത്തിക്കാനും അവര്‍ക്ക് അവസരം ലഭിച്ചു എന്നാണല്ലോ അതിനര്‍ത്ഥം. -സിസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്നു സിനിമകളിലും നാടകങ്ങളിലും എല്ലാം ധാരാളം ക്രൈസ്തവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു സിസ്റ്റര്‍ പറഞ്ഞു. ഇതിനോടെല്ലാം ക്രൈസ്തവര്‍ അകന്നു നില്‍ക്കുന്നുവെന്നത് പഴയൊരു ധാരണയാണ്. ഇന്ന് അങ്ങനെയല്ല. ധാരാളം കന്യാസ്ത്രീകളും പുരോഹിതന്മാരും സംഗീതവും നൃത്തവും നാടകവും സിനിമയുമൊക്കെ ചെയ്യുന്നു. ധാരാളം പേര്‍ അക്കാദമികതലത്തില്‍ ഇവയെല്ലാം പഠിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ ധാരാളം പരിപാടികളും അവതരിപ്പിക്കുന്നു. അതതു മെത്രാന്മാരും സുപ്പീരിയര്‍മാരും കുടുംബങ്ങളും അനുവദിക്കാതെ ഇതൊന്നും സാധിക്കില്ലല്ലോ. അതുകൊണ്ട്, സഭയുടെ ഭാഗത്തു നിന്നു സംഗീതത്തിനും കലയ്ക്കും പ്രോത്സാഹനമില്ല എന്ന പതിവു വിമര്‍ശനത്തിന് ഇന്ന് യാതൊരു അടിസ്ഥാനവുമില്ല. – സിസ്റ്റര്‍ വിശദീകരിച്ചു.
ശാസ്ത്രീയസംഗീതകച്ചേരികള്‍ നടത്തുകയും കൃതികള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നതിനു പുറമെ ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്തും സിസ്റ്റര്‍ റിന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. ആത്മസങ്കീര്‍ത്തനങ്ങള്‍ എന്ന ആല്‍ബത്തിലെ 14 പാട്ടുകള്‍ക്കു സംഗീതം നല്‍കുകയും അവയില്‍ ഏഴ് എണ്ണം പാടുകയും ചെയ്തു. വിവിധ ആല്‍ബങ്ങളിലായി ആകെ ഇരുപതോളം ഗാനങ്ങള്‍ സിസ്റ്റര്‍ ഇതിനകം പാടിക്കഴിഞ്ഞു. പല പാട്ടുകളും യുട്യൂബ് ചാനലുകള്‍ മുഖേന ധാരാളം പേരിലേയ്ക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്.

ചേര്‍ത്തല, പാണാവള്ളി പുത്തന്‍പുരയ്ക്കല്‍ അല്‍ഫോന്‍സ് – അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ റിന്‍സി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്ലസ് ടു പഠിച്ചു. തീരുമാനത്തില്‍ എന്നിട്ടും മാറ്റമൊന്നും വന്നില്ല. പാവങ്ങളോടുള്ള പ്രത്യേക സ്‌നേഹവും പ്രതിബദ്ധതയും എന്നും മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് അഗതികളുടെ സഹോദരിമാര്‍ (എസ് ഡി) എന്ന സന്യാസസമൂഹം തന്നെ തിരഞ്ഞെടുത്തത്.
2017 മുതല്‍ വൈക്കം സെ. ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഗീത അദ്ധ്യാപികയായി ജോലി ചെയ്യുകയാണു സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സ് എസ്.ഡി.

– സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org