ഒരു മികച്ച തൊഴില്‍ നേടുക എന്നതും ആ മേഖലയില്‍ മികച്ച പ്രകടനം നടത്തുക എന്നതും ജീവിത വിജയത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. വിദ്യാഭ്യാസ യോഗ്യതകള്‍ നേടുന്നതിനോടൊപ്പം സ്വന്തം കഴിവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നതും ഇത്തരമൊരു വിജയത്തിന് അത്യന്താപേക്ഷിതമാണ്.
വ്യക്തിഗുണങ്ങള്‍
നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിതഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്ന വ്യക്തിഗുണങ്ങള്‍ രണ്ടുവിധത്തിലുള്ളവയാണ്, പാരമ്പര്യമായി ലഭിക്കുന്നവയും നമ്മള്‍ സ്വായത്തമാക്കുന്നവയും. പൈതൃകമായി ലഭിച്ച ഗുണങ്ങള്‍ പരിപോഷിപ്പിക്കുകയും സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും പിയര്‍ ഗ്രൂപ്പുകളില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും മറ്റും മികച്ച വ്യക്തിഗുണങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ കാര്യക്ഷമത വര്‍ധിപ്പിക്കുവാനാകും.
കാര്യക്ഷമത
വിദ്യാര്‍ത്ഥികള്‍ ബോധപൂര്‍വ്വം പരിപോഷിപ്പിച്ചെടുക്കേണ്ട കാര്യക്ഷ മതകള്‍ 5 വിധത്തിലുള്ളവയാണ്: ബൗദ്ധിക/മാനസിക കാര്യക്ഷമത, ശാരീരിക കാര്യക്ഷമത, വൈകാരിക കാര്യക്ഷമത, സാമൂഹിക കാര്യക്ഷ മത, ധാര്‍മ്മിക കാര്യക്ഷമത എന്നിവ.
ബൗദ്ധിക/മാനസിക കാര്യക്ഷമത
സജീവമായ മസ്തിഷ്‌കവും ശാരീരിക ക്ഷമതയുമുണ്ടെങ്കില്‍ അത്ഭു തങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. അതിനാല്‍, ബുദ്ധിശക്തി പരമാവധി പ്രയോജനപ്പെടുത്താനും അത് വര്‍ധിപ്പിക്കാനുമുള്ള ശ്രമമാണ് വേണ്ടത്. വായന, ഹോബികള്‍, ആരോഗ്യകരമായ ചര്‍ച്ചകള്‍ മുതലായവ തലച്ചോറിനെ സജീവമാക്കാനും അതിലൂടെ ശരീരത്തെ നിയന്ത്രിക്കാനുമുള്ള ചില വഴികളാണ്.
ശാരീരിക കാര്യക്ഷമത
രോഗരഹിതവും ആരോഗ്യകരവുമായ അവസ്ഥ ഏറ്റവും പ്രാധാന്യമുള്ളതാണ്. വ്യായാമം, നടത്തം, ധ്യാനം, ഉപവാസം, യോഗ, ശരിയായ ഭക്ഷണക്രമം, നല്ല ഉറക്കം എന്നിവയിലൂടെ ഇതു സാധ്യമാക്കാം. ശാന്തവും സ്ഥിരവുമായ പെരുമാറ്റത്തിലൂടെയും നല്ല ജീവിതശൈലിയിലൂടെയും മാനസികസമ്മര്‍ദം അകറ്റി നിര്‍ത്തുന്നതും ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
വൈകാരിക കാര്യക്ഷമത
കാര്യക്ഷമതയുടെ മാനസികവും ശാരീരികവുമായ വശങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇമോഷന്‍സ് ക്വോട്ടിയന്റ് (EQ) മേല്‍ നിയന്ത്രണം ആവശ്യമാണ്. വൈകാരിക കാര്യക്ഷ മതയിലേക്ക് നീങ്ങുന്നതിന് വികാരങ്ങളെ നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. കോപം നിയന്ത്രിക്കുക, പക്ഷപാതങ്ങള്‍ ഉപേക്ഷിക്കുക, വ്യക്തിബന്ധങ്ങള്‍ / പ്രശ്‌നങ്ങള്‍ പഠനത്തില്‍നിന്നും ജോലിയില്‍ നിന്നും അകറ്റി നിര്‍ത്തുക തുടങ്ങിയവ ഫലം കാണിക്കും.
സാമൂഹിക കാര്യക്ഷമത
സാമൂഹിക കാര്യക്ഷമത അഥവാ സോഷ്യല്‍ കോഷ്യന്റ് (SQ) വര്‍ധിപ്പിക്കുക എന്നാല്‍ സാമൂഹിക ചുറ്റുപാടുകളില്‍ മികച്ച രീതിയില്‍ പെരുമാറുക എന്നതാണ് അര്‍ത്ഥം. കുടുംബത്തിലും സമൂഹത്തിലും നല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ഒരു വ്യക്തിയുടെ കഴിവും ഇത് സൂചിപ്പിക്കുന്നു. മാന്യമായ പെരുമാറ്റം, മാന്യമായ ഭാഷ എന്നിവയ്‌ക്കൊപ്പം മാന്യമായ വസ്ത്രധാരണവും അടിസ്ഥാന ആവശ്യകതയാണ്. മുതിര്‍ന്നവര്‍/സഹപ്രവര്‍ത്തകര്‍/സബ് ഓര്‍ഡിനേറ്റുകള്‍ എന്നിവരുമായുള്ള സൗഹാര്‍ദപരമായ ബന്ധം ചുമതലകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായകമാകും.
നല്ല ആശയവിനിമയ കഴിവുകള്‍, അവതരണശേഷി, സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള കഴിവ്, സൗഹാര്‍ദപരവും ശാശ്വതവുമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക, ടീം സ്പിരിറ്റ് പ്രകടിപ്പിക്കുക, മാന്യമായ പെരുമാറ്റം, ഭാഷയില്‍ മാന്യമായ വാക്കുകള്‍ തിരഞ്ഞെടുക്കല്‍, മാന്യമായ വസ്ത്രധാരണം, മര്യാദകള്‍, മറ്റുള്ളവരെ കേള്‍ക്കുവാനുള്ള മനസ്സ് തുടങ്ങിയവ സാമൂഹിക കാര്യക്ഷമതയുടെ ആവശ്യകതകളാണ്. മനുഷ്യന്‍ ഒരു സാമൂഹിക മൃഗമാണെന്നും സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് സാമൂഹിക ബന്ധം ആവശ്യമാണെന്നും എപ്പോഴും മനസ്സിലുണ്ടാവണം.
ധാര്‍മ്മിക കാര്യക്ഷമത
ഒരാളുടെ ജോലിയിലും ജീവിതത്തിലും ദീര്‍ഘകാലം നിലനില്‍ക്കുന്നതും മികച്ച സ്വാധീനം ചെലുത്തുന്നതുമായ ആജീവനാന്ത കൂട്ടാളികളാണ് ധാര്‍മ്മിക മൂല്യങ്ങള്‍. ഈ മൂല്യങ്ങളിലേക്കുള്ളപാത കഠിനമായിരിക്കാം, പക്ഷേ ലക്ഷ്യസ്ഥാനം എല്ലായ്‌പ്പോഴും സുഖകരമാണ്. ധാര്‍മ്മിക മൂല്യങ്ങള്‍ സജീവമല്ലെങ്കില്‍ ഒരു തരത്തിലുള്ള കാര്യക്ഷമതയും ഫലപ്രദമല്ല. സത്യസന്ധത, പ്രതിബദ്ധത, കഠിനാധ്വാനം, അര്‍പ്പണബോധം മുതലായ ധാര്‍മ്മികമൂല്യങ്ങള്‍ പരി പോഷിപ്പിക്കുകയും പരിശീലിക്കുകയും ചെയ്യണം. ഈ മൂല്യങ്ങള്‍ ശാന്തമായ മനസ്സോടെയും സമാധാനപരമായ മനസ്സാക്ഷിയോടെയും പ്രവര്‍ത്തിക്കാന്‍ വ്യക്തിയെ സഹായിക്കുന്നു. സമാധാനമില്ലായ്മ വ്യക്തിയുടെ എല്ലാവിധമായ കഴിവുകളെയും പ്രതികൂലമായി ബാധിക്കും.
പരിശീലനം
നിരന്തര പരിശീലനത്തിലൂടെ മാത്രമേ മേല്‍പ്പറഞ്ഞ കാര്യക്ഷമതകള്‍ നമുക്ക് നേടിയെടുക്കുവാനാകൂ. പരിശീലനം ആരംഭിക്കുന്നതിനുള്ള ചില തന്ത്രങ്ങള്‍ ഇനി പറയുന്നു.
ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുക
ഓരോ ചെറിയ കാര്യങ്ങളിലും ലക്ഷ്യം കൃത്യമായി നിര്‍ണ്ണയിച്ച് ശീലിക്കുക. ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നത് വിജയത്തിന് നിര്‍ണ്ണായകമാണ്. നിങ്ങളുടെ ലക്ഷ്യത്തിന് എത്ര സമയവും വിഭവങ്ങളും ആവശ്യമാണെന്ന് വിലയിരുത്തുക. ലക്ഷ്യത്തിലെത്താനായി എത്ര കടമ്പകള്‍ കടക്കണം എന്നത് കൃത്യമായി എഴുതിവച്ച് ഓരോ ഘടകങ്ങളും ഒന്നൊന്നായി മറി കടക്കുകയും ചെയ്യുക.
ടൈം മാനേജ്‌മെന്റ്
സമയം ഫലപ്രദമായി ഉപയോഗിക്കുക എന്നത് ഏറ്റവും പ്രാധാന്യമുള്ളതാണ്. ദീര്‍ഘകാലത്തേക്കും ഹ്രസ്വകാലത്തേക്കും ഓരോ ദിവസത്തിനും ടൈം ടേബിള്‍ മനസ്സില്‍ സൂക്ഷിക്കുക എന്നത് ഏറെ ഫലപ്രദമാണ്. സമാധാനപരവും വിനോദഘടകങ്ങള്‍ ഉള്ളതുമായ ടൈം ടേബിള്‍ മതിയാകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരുത്തുകയും ആവാം. എന്നാല്‍ വിജയലക്ഷ്യത്തിനു വേണ്ടിയുള്ള ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അവ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യണം.
വേണ്ട എന്ന വാക്ക്
നമ്മുടെ ചുറ്റുമുള്ളവരില്‍ നിന്നോ നമ്മളില്‍ നിന്നു തന്നെയോ ചിലപ്പോള്‍ ആവശ്യമില്ലാത്ത പ്രവൃത്തികള്‍ ചെയ്യുവാനുള്ള സമ്മര്‍ദം ഉണ്ടാകാം. ആ അവസരങ്ങളില്‍ 'നോ' എന്നു പറയുവാന്‍ ഓരോ വ്യക്തിക്കും ആവണം. വേണ്ട എന്ന വാക്കിന്റെ കൃത്യമായ ഉപയോഗം ജീവിതത്തില്‍ ഇല്ലാത്തതാണ് പലപ്പോഴും പരാജയങ്ങളിലേക്കും മഹാദുരന്തങ്ങളിലേക്കും നയിക്കുന്നത്.
പരിപൂര്‍ണ്ണത
പെര്‍ഫെക്ഷന്‍ അഥവാ പരിപൂര്‍ണ്ണത എന്നത് അപ്രാപ്യമായ ഒന്നാണ്. സമ്മര്‍ദത്തിന് കാരണമാകുന്ന ഒരു മിഥ്യാധാരണയാണ് പൂര്‍ണ്ണത. നിങ്ങളുടെ വിജയത്തെ തടസ്സപ്പെടുത്തുന്നതിലേക്ക് അത് നയിച്ചേക്കാം. ഒരിക്കലും പൂര്‍ണ്ണമായി ഒന്നും ചെയ്യപ്പെടില്ല എന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്, പ്രതീക്ഷകള്‍ മുടങ്ങാതെ ജോലികള്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നു. പരാജയങ്ങളെ പഠനാനുഭവങ്ങളായി സ്വീകരിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ പരാജയത്തെ ഭയപ്പെടുന്നത് നിര്‍ത്തുമ്പോള്‍, പരാജയം ഒഴിവാക്കാന്‍ കാര്യങ്ങള്‍ നീട്ടിവയ്ക്കാനുള്ള പ്രവണത കുറയും.
പരിസ്ഥിതി മെച്ചപ്പെടുത്തുക
സുഖപ്രദമായ അന്തരീക്ഷം ഉല്‍പ്പാദ നക്ഷമതയ്ക്ക് പ്രധാനമാണ്. നിങ്ങളുടെ പരിസരം മനോഹരവും പ്രചോദനകരവുമാണോയെന്ന് നോക്കുക. നിങ്ങളുടെ മേശ അലങ്കോലമാണോ? സര്‍ഗാത്മകതയെ ഉണര്‍ത്തുന്ന സംഗീതം പ്ലേ ചെയ്യുന്നുണ്ടോ? പോസിറ്റീവ് മൂഡില്‍ എത്തിക്കുന്ന കലാസൃഷ്ടികള്‍ ചുവരുകളില്‍ ഉണ്ടോ? കാര്യക്ഷമത മെച്ചപ്പെടുത്താന്‍ പ്രചോദിപ്പിക്കുന്ന ഒരു സജ്ജീകരണം ആവശ്യമാണെന്നര്‍ത്ഥം.
ജീവിതവിജയം
കാര്യക്ഷമത എന്നത് ബൗദ്ധികവും ശാരീരികവും സാമൂഹികവും വൈകാരികവും ധാര്‍മ്മികവുമായ കാര്യക്ഷമതയുടെ ആകത്തുകയാണ്. ഈ ഘടകങ്ങളുടെ ഏതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ കാര്യക്ഷമതയുടെ ആത്മാവ് അപൂര്‍ണ്ണമാണ്. കാര്യക്ഷമതയുടെ വ്യത്യസ്ത ഘടകങ്ങള്‍ക്കിടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ് ജീവിത വിജയത്തിന്റെ വഴി.