കുട്ടിക്രൂരന്‍: വഴിതെറ്റിയ കുട്ടിയാണ്‌

ഈ ലോക്ഡൗണും അടിച്ചിട്ട വീടുകളിലെ വാസവും സാമൂഹ്യ അകലം പാലിച്ചു പാലിച്ച് 'സമൂഹമേ ശല്യം' എന്ന മട്ടിലുള്ള കാഴ്ചപ്പാടുകളും ജീവിതശൈലികളുമെല്ലാം അത്യന്തം അപകടകരമായ അവസ്ഥയിലേയ്ക്കാണ് നമ്മുടെ തലമുറകളെ എത്തിക്കുന്നത്.
കുട്ടിക്രൂരന്‍: വഴിതെറ്റിയ കുട്ടിയാണ്‌

കുട്ടികളിലും കൗമാരക്കാരിലും കുറ്റവാസന കൂടുന്നു എന്നതില്‍ തര്‍ക്കമില്ല. അനുദിനം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്ന നമ്മുടെ രാജ്യത്ത് കുട്ടികള്‍ കുറ്റവാളികളാകുന്ന വാര്‍ത്തകള്‍ക്കും ക്ഷാമമില്ല. കൗമാരകുറ്റവാളികളും ജൂവനൈല്‍ ഹോമുകളും പണ്ടേയുണ്ട്. അവരുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും അവരെ അങ്ങനെയാക്കി എന്ന കണ്ടെത്തലുകളും പഠനങ്ങളും ലോകമെങ്ങും നടന്നിട്ടുമുണ്ട്. പക്ഷേ, ഈ ലോക്ഡൗണും അടിച്ചിട്ട വീടുകളിലെ വാസവും സാമൂഹ്യ അകലം പാലിച്ചു പാലിച്ച് 'സമൂഹമേ ശല്യം' എന്ന മട്ടിലുള്ള കാഴ്ചപ്പാടുകളും ജീവിതശൈലികളുമെല്ലാം അത്യന്തം അപകടകരമായ അവസ്ഥയിലേയ്ക്കാണ് നമ്മുടെ തലമുറകളെ എത്തിക്കുന്നത്.

മസ്തിഷ്‌കപ്രക്ഷാളനം അഥവാ ബ്രെയിന്‍വാഷ്

കേട്ടുകേട്ടു ക്ലീഷേ ആയ വാക്കാണിതെങ്കിലും നമ്മുടെ കുട്ടികളുടെ തലച്ചോറു വലിയ മെനക്കേടുകളൊന്നുമില്ലാതെ കുത്തിത്തുറന്ന് അകത്തുള്ള വേണ്ടതെല്ലാം പുറത്തേക്കെറിഞ്ഞ് വേണ്ടാത്തതെല്ലാം കുത്തിനിറച്ച് ഫുള്‍ കണ്‍ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയായും ഗെയിമുകളും ആപ്പുകളുമെല്ലാം ജീവിതത്തില്‍ തന്നെ 'ആപ്പ്' വച്ചിരിക്കുകയാണിപ്പോള്‍. 'എവിടെത്തിരിഞ്ഞാലും പൂത്ത മരങ്ങള്‍ മാത്രം' എന്ന പഴയ കവിവാക്യം ഒന്നു മാറ്റിയെഴുതിയാല്‍ എവിടെ നോക്കിയാലും നെറ്റും വൈഫൈകളും ഗെയിമും വെബ് സീരീസും ഇതെല്ലാം ചേര്‍ത്ത് സമ്മാനിക്കുന്ന അഡിക്ഷനും അനുബന്ധ സ്വഭാവ വ്യതിയാനങ്ങളും ആക്രമണങ്ങളും പോര്‍വിളികളും സ്വയഹത്യകളും പീഡനങ്ങളുമെല്ലാം കുറയുകയല്ല പെരുകുകയാണ് നമുക്കു ചുറ്റിലും.

Exposure and Experience

ഏതൊരു നല്ല പ്രവര്‍ത്തിയും ആവര്‍ത്തിക്കപ്പെടുന്നത് മറ്റൊരാളില്‍ നിന്ന് കണ്ടുപഠിച്ചിട്ടോ, തങ്ങളുടെ തന്നെ ജീവിതത്തില്‍ കിട്ടിയ മികച്ച പ്രതികരണങ്ങളുടെ പോസിറ്റീവ് വൈബ് മൂലമോ ഒക്കെയാണ്. 'കണ്ണുപറിച്ചാലല്ലേ കണ്ടുപഠിക്കാന്‍ പറ്റൂ' എന്ന അവസ്ഥയില്‍ കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ ടാബിന്റെയോ സ്‌ക്രീനുകളില്‍ മിന്നിമറിയുന്നതു മുഴുവനും 'മിഴി രണ്ടിലും' മനം നിറച്ചും നിരന്തരം കുത്തിനിറച്ച കോവിഡ് കാലവും ലോക്ഡൗണും കുട്ടിമനസ്സുകളിലും കൗമാരമനസ്സുകളിലും അമിതമായി എഴുതിച്ചേര്‍ത്തത് ക്രൂരതകളും കൊലയും, മോഷണവും ലൈംഗിക പ്രേരണകളുമൊക്കെയാണ്. കാരണം ലോകത്തിറങ്ങിയ 'ഹിറ്റായ' ഗെയിമുകളുടെ എല്ലാം കാതല്‍ തീ തുപ്പുന്ന തോക്കുകളും, ചോരപ്പുഴകളും, എതിരാളികളുടെ നിഷ്ഠൂരമായ കൊലപാതകങ്ങളും അതിലൂടെ ലഭിക്കുന്ന ബോണസ് പോയിന്റുകളുമൊക്കെത്തന്നെയാണ്.

നമ്മുടെ കുട്ടികളുടെ തലച്ചോറു വലിയ മെനക്കേടുകളൊന്നുമില്ലാതെ കുത്തിത്തുറന്ന് അകത്തുള്ള വേണ്ടതെല്ലാം പുറത്തേക്കെറിഞ്ഞ് വേണ്ടാത്തതെല്ലാം കുത്തിനിറച്ച് ഫുള്‍ കണ്‍ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയായും ഗെയിമുകളും ആപ്പുകളുമെല്ലാം ജീവിതത്തില്‍ തന്നെ 'ആപ്പ്' വച്ചിരിക്കുകയാണിപ്പോള്‍.

ചോര രസമാണ് ചെളിപോലെ

ചെളിയില്‍ കളിക്കുന്ന കൊച്ചിന് 'ചെളി നല്ലതാണ്'. അതൊരു പരസ്യത്തിലൂടെ അലക്കുപൊടിക്കമ്പനി നമ്മിലേയ്‌ക്കെത്തിക്കുകയും ചെയ്തു. ചോരയില്‍ മുങ്ങിയ ഗെയിംസ് കളിക്കുന്ന കൊച്ചിന് 'ചോര രസമാണ്.' അന്യന്റെ ചോര വീഴ്ത്തുന്നതു കാണുമ്പോള്‍ അട്ടഹസിക്കുകയും വെടിയുതിര്‍ത്ത് ആഹ്ലാദിക്കുകയും ചെയ്യുന്ന ലോകമെങ്ങുമുള്ള ചില തീവ്ര സംഘങ്ങളും, അത്തരം ആശയങ്ങളും രംഗങ്ങളും പേറുന്ന ഗെയിമുകളും സിനിമകളും വെബ്‌സീരീസുകളുമൊക്കെ കണ്ട് ചോര പ്രചോദിതരായ കുട്ടികള്‍ വളരുന്നത് ചോരകളികള്‍ കൂസലില്ലാതെ ചെയ്തു കൊണ്ടായിരിക്കും. അവര്‍ക്കത് 'ജസ്റ്റ് ഫണ്‍' മാത്രമാണ്, ക്രൂരതയല്ല. ക്രൂരതയായിട്ടല്ല അവരുടെ ബ്രെയിന്‍ അത് രേഖപ്പെടുത്തിയിരിക്കുന്നതും. താന്‍ ചെയ്യുന്ന കൃത്യം ക്രൂരതയാണെന്ന് ഒരാള്‍ തിരിച്ചറിഞ്ഞാല്‍ അത് ചെയ്യാന്‍ അയാള്‍ക്കു കഴിയില്ല. ചുരുക്കത്തില്‍ നന്മേയതാണ് തിന്മയേതാണ് എന്നു തിരിച്ചറിയാനുള്ള വിവേചനബുദ്ധിയും, മറ്റൊരുവന്റെ/ മറ്റൊരുവളുടെ വേദനയില്‍ അവര്‍ക്ക് ആശ്വാസമേകാന്‍ വേണ്ട എംപതിയും (Empathy) എന്താണെന്ന് പോലും അറിയാത്ത തലമുറയെ നാം പേടിക്കണം എന്ന അവസ്ഥയായിക്കൊണ്ടിരിക്കുന്നു ചുറ്റുപാടുകള്‍. ദുരന്തങ്ങളോടും വേദനകളോടും നിസ്സംഗമനോഭാവം പുലര്‍ത്തുന്ന കുട്ടികളും കൗമാരക്കാരും അങ്ങനെയായി മാറിപ്പോകുന്നത് അവര്‍ കണ്ടു തള്ളുന്ന ക്രൂരക്കാഴ്ചകള്‍ തന്നെയാണ്.

പണ്ടൊരു സിനിമ കുട്ടികള്‍ക്ക് നല്ലതാണോ എന്ന് മാതാപിതാക്കളാരെങ്കിലും കണ്ടു നോക്കിയിട്ടോ പരിശോധിച്ചിട്ടോ ആണ് കുട്ടികളെ കാണാന്‍ സമ്മതിച്ചിരുന്നുള്ളൂ, ഇന്നത് മാതാപിതാക്കളുടെ കൈയില്‍ നിന്നുപോയി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൂടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൈക്കലാക്കിയ മൊബൈല്‍ ഫോണില്‍ പരതി പഠിച്ച്, യാതൊരു നിയന്ത്രണവുമില്ലാതെ ഇഷ്ടമുള്ള സിനിമകള്‍ കണ്ട്, ബെല്ലും ബ്രേയ്ക്കുമില്ലാതെ പോവുകയാണ് നമ്മുടെ കുട്ടികള്‍.

സ്‌നേഹിക്കുന്ന, പരസ്പരം സംസാരിക്കുന്ന ഭാവനാന്തരീക്ഷം ഓരോരുത്തര്‍ക്കും വേണം. തെറ്റുകള്‍ തിരുത്തി മുന്നേറാനാകണം പ്രാമുഖ്യം വരേണ്ടത്.

ഇതാണ് സമയം ദാസാ... വൈകിക്കരുത്

സംഗതി സിംപിളാണ്. കാണുന്നത് കുട്ടികള്‍ അനുകരിക്കും. എല്ലാം അറിയാമെന്നാണ് ഉള്‍ഭാവമെങ്കിലും പലതും തലതിരിഞ്ഞേ ഉള്ളില്‍ കയറൂ. ഒരു കാര്യത്തെവസ്തുനിഷ്ഠമായി മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ പൊതുവെ പറ്റാറില്ല. അതുകൊണ്ട് കയറൂരി പശുവിനെയും ആടിനെയും മേയാന്‍ വിടുന്നതുപോലെ passive parenting പുലര്‍ത്തിയാല്‍ പണിപാളും. 'എന്തിനും ഒരു സമയമുണ്ട് ദാസാ' എന്നു പറഞ്ഞതിലെ സമയം ഇങ്ങെടുത്ത് ഒരു ചിട്ടയില്‍ മക്കളെ തുടക്കം മുതലേ കൊണ്ടുവരാന്‍ സാധിക്കണം. സമൂഹത്തിലെ കുറ്റകൃത്യങ്ങളെ അപലപിച്ചുകൊണ്ട് 'അത്തരം സാഹചര്യങ്ങളെ യഥാര്‍ത്ഥത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാമായിരുന്നു' എന്ന ചര്‍ച്ചാവിഷയങ്ങള്‍ വീട്ടില്‍ നടക്കണം. സ്‌നേഹിക്കുന്ന, പരസ്പരം സംസാരിക്കുന്ന ഭാവനാന്തരീക്ഷം ഓരോരുത്തര്‍ക്കും വേണം. തെറ്റുകള്‍ തിരുത്തി മുന്നേറാനാകണം പ്രാമുഖ്യം വരേണ്ടത്.

പെട്ടാല്‍ വിട്ടുകളയരുത്

ആക്രമണ സ്വഭാവം antisocial personality traits കൂടിയാണ്. വ്യക്തിത്വ വൈകല്യങ്ങള്‍ ഉള്ളവരുടെ കുടുംബത്തില്‍ നിന്നു വരുന്ന മക്കളിലും സ്വഭാവ വൈകല്യങ്ങളുണ്ട്. അഥവാ തെറ്റിലകപ്പെട്ടാ ലും വിട്ടുകളയരുത്. ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കൗണ്‍സലിംഗ്, കോച്ചിംഗ് തുടങ്ങി നിരവധി അവസരങ്ങളുണ്ട്. ഏറ്റം പ്രധാനം സ്‌നേഹമാണ്. Gaming disorder എന്ന പേരില്‍ വ്യാപകമായി പരന്നുകൊണ്ടിരിക്കുന്ന game addicts-ല്‍ എല്ലാം തന്നെ സൈക്കോ തെറാപ്പി വഴി, കൗണ്‍സലിംഗ് വഴി മാറ്റിയെടുക്കാനാകും, ഭവനത്തില്‍ അതിനുതക്ക മാറ്റങ്ങള്‍ കൂടി വരുത്തുകയാണെങ്കില്‍. രാജ്യത്തെ ജയിലുകള്‍ നിറയ്ക്കാനല്ലല്ലോ നമുക്ക് ദൈവം മക്കളെ തന്നത്. ദൈവം തന്ന മക്കളെ ക്രിമിനലുകളായി കാണേണ്ട എങ്കില്‍, ഉത്തരവാദിത്വ പൂര്‍ണ്ണമായ പേരന്റിംഗ് ശൈലി പുലര്‍ത്താനായി ആഗ്രഹിക്കുക. Action എടുക്കുക. ഒത്തൊരുമിച്ച് നമുക്ക് നമ്മുടെ മക്കളെ രക്ഷപ്പെടുത്താം. കെട്ടിക്കിടക്കുന്ന frustration കിട്ടുന്ന സാഹചര്യത്തില്‍ പുറത്തു വരുന്നതാണ്, വീട്ടില്‍ ഉയരുന്ന ദേഷ്യം. തുറന്നു സംസാരിക്കാനുള്ള വേദി വീട്ടിലാണെങ്കില്‍ frustration അത്രകണ്ട് കുറയും. മുറിയടച്ചിരിക്കാന്‍ അനുവദിക്കാതിരിക്കൂ, ഉപദേശത്തിന്റെ tone സംസാരരീതിയില്‍ നിന്നു മാറ്റുക. മറിച്ച് കരുതലും സ്‌നേഹവും ചേര്‍ന്ന ആത്മീയ കരുത്തിലാകണം നമ്മുടെ മക്കള്‍ വളരേണ്ടത്.

(ലേഖകന്‍: മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍, Chief Consultant Psychologist, Sunrise Hospital, Cochin Universiry & Roldants Behaviour Studio, Cochin)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org