കാര്‍ഡിനല്‍ പാറേക്കാട്ടില്‍: നര്‍മ്മം വിതറിയ കര്‍മ്മയോഗി

കാര്‍ഡിനല്‍ പാറേക്കാട്ടില്‍: നര്‍മ്മം വിതറിയ കര്‍മ്മയോഗി

ഷാജി മാലിപ്പാറ

(കാര്‍ഡിനല്‍ പാറേക്കാട്ടിലിന്‍റെ ചരമവാര്‍ഷികദിനമാണ് ഫെബ്രുവരി 20.
അദ്ദേഹത്തിന്‍റെ നര്‍മ്മവിചാരങ്ങളെക്കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍)

'പരേതരുടെ ശരിയായ കുഴിമാടം ജീവിച്ചിരിക്കുന്നവരുടെ ഹൃദയമാണ്' എന്നൊരു ചൊല്ലുണ്ട്. കേരളസഭയിലെ പ്രഥമകര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ നിത്യതയില്‍ ലയിച്ചിട്ട് മുപ്പത്തിമൂന്നു സംവത്സരങ്ങള്‍ തികയുമ്പോള്‍ നമ്മുടെ ഹൃദയങ്ങളിലാണ് നാം ആ മഹാശയന് ഇടം നല്‍കേണ്ടത്. മെത്രാന്‍പദവിയില്‍ മുപ്പത്തൊന്നുവര്‍ഷം അജപാലനശുശ്രൂഷ നിര്‍വ്വഹിച്ച കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഇരുപത്തെട്ടുവര്‍ഷം മെത്രാപ്പോലീത്തയായി എറണാകുളം അതിരൂപതയെ നയിച്ചു. അതില്‍ പതിനഞ്ചുവര്‍ഷം കര്‍ദ്ദിനാള്‍ എന്ന നിലയില്‍ കേരളസഭയിലും സമൂഹത്തിലും വിരാജിച്ചു. ഇരുപതാം നൂറ്റാണ്ടിലെ കേരളസഭയെ ദീര്‍ഘവീക്ഷണത്തോടെ നയിച്ച മഹാചാര്യനും മനുഷ്യസ്നേഹിയുമാണ് അദ്ദേഹം.

"നിങ്ങളെ തലമുറകള്‍ ഓര്‍ക്കണമെങ്കില്‍ ഒന്നുകില്‍ വായിക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും രചിക്കണം; അല്ലെങ്കില്‍ രചിക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും പ്രവര്‍ത്തിക്കണം." വിഖ്യാത രാജ്യതന്ത്രജ്ഞനായ ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍റേതാണ് ഈ സൂക്തം. ഇതിനെ സാധൂകരിക്കുന്ന മഹിതമായൊരു ജീവിതമാണ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ എന്ന സഭാനായകന്‍റേത്. ആ ജീവിതത്തില്‍ രചിക്കാന്‍ കൊള്ളാവുന്ന അനേകം കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. വായിക്കാന്‍ കൊള്ളാവുന്ന കുറെ കാര്യങ്ങള്‍ രചിച്ചു. അങ്ങനെ അദ്ദേഹം ചരിത്രം സൃഷ്ടിച്ച വ്യക്തിയും ചരിത്രമെഴുതിയ വ്യക്തിയുമായി. മനുഷ്യസ്നേഹിയും ദൈവസ്നേഹിയുമായ ഒരു കര്‍മ്മയോഗി എന്ന നിലയ്ക്ക് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ സഭയിലും സമൂഹത്തിലും നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതിന്‍റെ അനുബന്ധമെന്നോണം അദ്ദേഹമെഴുതിയ ആത്മകഥ ഇന്നത്തെ തലമുറയെ അമ്പരപ്പിക്കുന്നതാണ്. 1739 പേജുകള്‍ വരുന്ന സുദീര്‍ഘമായ ആത്മകഥയുടെ നാമധേയം തന്നെ ശ്രദ്ധേയമാണ് – 'ഞാന്‍ എന്‍റെ ദൃഷ്ടിയില്‍.' 1969-1983 കാലത്ത്, മൂന്നു വാല്യങ്ങളായാണ് അദ്ദേഹമത് എഴുതിത്തീര്‍ത്തത്.

'എന്‍റെ ഗ്രന്ഥം വായിക്കുന്നവരെ വെറുംകൈയോടെ പറഞ്ഞയയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അവര്‍ക്കു കൈമുതലായി ഉപയോഗിക്കാവുന്ന എന്തെങ്കിലും സംഭാവന കൊടുത്തുവിടുകതന്നെ വേണം' എന്ന നിഷ്ഠയോടെയാണ് അദ്ദേഹം ഗ്രന്ഥരചന നിര്‍വ്വഹിച്ചത്. അതിനാലാണ് അനുഭവവിവരണങ്ങളോടൊപ്പം അറിവിന്‍റെ നുറുങ്ങുകളും നര്‍മ്മത്തിന്‍റെ വളപ്പൊട്ടുകളും അദ്ദേഹം വാരിവിതറുന്നത്. ഫലിതപ്രിയനായി കേരളസമൂഹം അറിയുന്ന ഒരു വ്യക്തിയല്ല മാര്‍ പാറേക്കാട്ടില്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ആത്മകഥയും ഇതര ഗ്രന്ഥങ്ങളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അദ്ദേഹം പുലര്‍ത്തിപ്പോന്ന നര്‍മ്മവിചാരങ്ങളുടെയും ഫലിതോക്തികളുടെയും മുത്തുകള്‍ നമുക്ക് കണ്ടെത്താനാവും. ഇത് ആ വ്യക്തിത്വത്തിന്‍റെ തികച്ചും വ്യത്യസ്തമായൊരു ഭാവം തന്നെയാണ്. കര്‍ത്തവ്യബോധവും വിശ്വാസനിഷ്ഠയും വിളങ്ങിനില്‍ക്കുന്ന ആ അനന്യവ്യക്തിത്വത്തില്‍ നര്‍മ്മത്തിന്‍റെ പൊന്‍നൂലുകള്‍ ഇഴചേര്‍ന്നിരിക്കുന്നത് ആഴത്തിലുള്ള വായന നമുക്ക് കാട്ടിത്തരും. പൊട്ടിച്ചിരിപ്പിക്കാനുതകുന്ന രസക്കുടുക്കകള്‍ക്കപ്പുറം ചിന്തയിലൂടെ ചിരിയെ സൃഷ്ടിക്കുന്ന നര്‍മ്മശകലങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.

മഹിതാശയനായ ആ ധന്യപുരുഷന്‍റെ വിചാരഗതികളിലും വീക്ഷണവീഥികളിലും സാന്നിധ്യമറിയിക്കുന്ന നര്‍മ്മഭാവം ആഹ്ലാദകരംതന്നെ. കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയ പുസ്തകത്താളുകളില്‍ ചിതറിക്കിടക്കുന്ന ആ മധുരമിഠായികള്‍ ഈ നൂറ്റാണ്ടിലും രുചി പകരുമെന്നതില്‍ സംശയമില്ല. അവയില്‍ ചിലത് നമുക്കെടുത്ത് ആസ്വദിക്കാം.

കാര്‍ഡിനല്‍ പാറേക്കാട്ടില്‍ വൈദികപരിശീലനം നേടിയ കാന്‍ഡി സെമിനാരിയിലെ ഒരു അനുഭവം വിവരിക്കുന്നതു നോക്കൂ:

"ഒരു സഹപാഠി ഞങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്ന സൂപ്പിനെപ്പറ്റി പരാതിപ്പെടാന്‍, അതിന്‍റെ ചുമതല വഹിക്കുന്ന ഇറ്റാലിയന്‍ ഫാദര്‍ ആന്‍ജെലോയുടെ അടുക്കല്‍ ചെന്നു. 'അച്ചന്മാരും അത്തരം സൂപ്പുതന്നെയാണ് കുടിക്കുന്നത്' എന്ന മറുപടിയാണ് ലഭിച്ചത്. തല്‍ക്ഷണം യുക്തിവാദവിദഗ്ദ്ധനായ ആ വൈദികവിദ്യാര്‍ത്ഥി തിരിച്ചടിച്ചു: 'എന്നാല്‍ അച്ചന്മാരുടെ സൂപ്പും മാറണം."

യൂറോപ്യന്മാര്‍ക്ക് ഇന്ത്യാക്കാരെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളുമുണ്ട്. അതുമായി ബന്ധപ്പെട്ട ചില അനുഭവകഥകള്‍ കാര്‍ഡിനല്‍ പാറേക്കാട്ടില്‍ തന്‍റെ വിദേശയാത്രകളില്‍ കേട്ടറിഞ്ഞിട്ടുണ്ട്. അവയിലൊന്ന് ഇപ്രകാരമാണ്:

ഒരു ദിവസം ഐറിഷുകാരിയായ സിസ്റ്റര്‍ അവിടെ സേവനം ചെയ്യുന്ന മലയാളിസിസ്റ്ററോട് ചോദിച്ചു: 'നിങ്ങളിവിടെ വരുന്നതിനുമുമ്പ് തീവണ്ടി കണ്ടിട്ടുണ്ടോ?'

'ഇല്ല.'

'കാറു കണ്ടിട്ടുണ്ടോ?'

'ഇല്ല.'

'കപ്പല്‍ കണ്ടിട്ടുണ്ടോ?'

'ഇല്ല.'

'വിമാനം കണ്ടിട്ടുണ്ടോ?'

'ഇല്ല.'

അപ്പോള്‍ ആ ഐറിഷ് സിസ്റ്റര്‍ ആശ്ചര്യഭരിതയായി ചോദിച്ചു: 'പിന്നെ നിങ്ങളെങ്ങനെ ഇവിടെയെത്തി?'

നമ്മുടെ മലയാളി സിസ്റ്റര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഞങ്ങളിവിടെ നടന്നുവന്നു.'

അതോടെ ഐറിഷ് സിസ്റ്ററിനു മതിയായി.

മറ്റൊരു ഉദാഹരണം നോക്കൂ:

ഒരിക്കല്‍ വിദേശിയായ സിസ്റ്റര്‍ ചോദിച്ചു: 'നിങ്ങളുടെ നാട്ടില്‍ മനുഷ്യര്‍ മരങ്ങളുടെ മുകളിലാണ് വസിക്കുന്നതെന്നു പറയുന്നതു വാസ്തവമാണോ?'

'അതേ.'

'അപ്പോള്‍ വൃദ്ധസ്ത്രീകളും മറ്റും മരങ്ങളുടെ മുകളിലേക്ക് എങ്ങനെ കയറും?'

'അതിനവര്‍ക്ക് ഇലക്ട്രിക് ലിഫ്റ്റുണ്ട്!'

അജ്ഞതയില്‍നിന്ന് മുളയെടുത്ത ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടികള്‍ തന്നെ.

വിദേശീയ സാധനങ്ങള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന്‍റെ സാധൂകരണം ആത്മകഥയില്‍ കാര്‍ഡിനല്‍ പാറേക്കാട്ടില്‍ നടത്തുന്നുണ്ട്. അത്തരമൊരു തമാശക്കഥ:

വിദേശീയ സാധനങ്ങളുടെ ആരാധകനായിരുന്ന ഒരു രോഗി ആശുപത്രിയിലായി. ചെറിയൊരു ശസ്ത്രക്രിയ ആവശ്യമായി വന്നു. അതിനു വിധേയനാകുന്നതിനുമുമ്പ് ഡോക്ടര്‍ പറഞ്ഞു: 'ഞാനൊരു ലോക്കല്‍ അനസ്തേഷ്യ തരാം.'

അപ്പോള്‍ രോഗി ആവശ്യപ്പെട്ടു: 'ലോക്കല്‍ വേണ്ട, ഫോറിന്‍ വേണം.'

1968 ജൂലൈ 4-ാം തീയതി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ കുട്ടികള്‍ക്ക് എഴുതിയ കത്തിന്‍റെ തുടക്കം ഇങ്ങനെയാണ്:

'പ്രിയ കുഞ്ഞുങ്ങളേ,

ഈയിടെയൊരു കുഞ്ഞുമകനെഴുതി: 'എനിക്കൊരു ദൈവികനാകണം. അതിനുവേണ്ട സഹായം പിതാവു ചെയ്തുതരണം.'

പ്രത്യക്ഷത്തില്‍ അവിടെയൊരു അക്ഷരത്തെറ്റു കടന്നുകൂടിയതാണ്. 'വൈദികന്‍' എന്ന് എഴുതേണ്ടതിനുപകരം 'ദൈവികന്‍' എന്ന് എഴുതിപ്പോയി. എന്നാല്‍, അതല്ലേ കുറേക്കൂടി മെച്ചമായ പ്രയോഗം എന്ന് ആലോചിച്ചുനോക്കേണ്ടതാണ്.'

ആശയഗരിമയോടൊപ്പം അവതരണത്തിലെ ലളിതനര്‍മ്മം പ്രകാശിപ്പിക്കാനുള്ള മികച്ച കഴിവിന് ഉദാഹരണമാണീ വരികള്‍.

കാര്‍ഡിനല്‍ പാറേക്കാട്ടില്‍ താന്‍ ചെയ്ത പ്രസംഗങ്ങളെക്കുറിച്ച് ആത്മകഥയില്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്: 'പത്രോസ് ശ്ലീഹായുടെ ഒരു പ്രസംഗംകൊണ്ട് മൂവായിരം പേര്‍ മനസുതിരിഞ്ഞുവത്രേ. എന്നാല്‍, ഇതഃപര്യന്തം ഞാന്‍ ചെയ്ത മൂവായിരത്തിലധികം പ്രസംഗങ്ങള്‍ കൊണ്ട് ഒരാള്‍ക്കെങ്കിലും മാനസാന്തരം സംഭവിച്ചെന്നു ഖണ്ഡിതമായി പറയുവാന്‍ പ്രയാസം!'

സി.ബി.സി.ഐ.യുടെ അധ്യക്ഷനായി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ചുമതല വഹിച്ചിരുന്ന കാലം. അംഗങ്ങള്‍ക്ക് ഇടയ്ക്കിടെ അയച്ചുകൊടുത്തിരുന്ന സര്‍ക്കുലറുകള്‍ക്കും കത്തുകള്‍ക്കും ചോദ്യാവലികള്‍ക്കും മറുപടി അയയ്ക്കുന്നവരും അയയ്ക്കാത്തവരുമുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അധ്യക്ഷപ്രസംഗത്തില്‍ കാര്‍ഡിനല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:

'നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിച്ചുതോറ്റ ഒരു സ്ഥാനാര്‍ത്ഥി സമ്മതിദായകരോടു നന്ദി പ്രകാശിപ്പിച്ചത് ഇപ്രകാരമാണ് – എനിക്ക് വോട്ടുചെയ്തവരോടെല്ലാം ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു; എനിക്ക് വോട്ടു ചെയ്യാതിരുന്നവരോട് എന്‍റെ ഭാര്യയും. ഏതാണ്ടതുപോലെ ചോദ്യാവലികള്‍ക്കു മറുപടി അയച്ചവരോടു ഞാനും, അയയ്ക്കാതിരുന്നവരോട് എന്‍റെ പ്രൈവറ്റ് സെക്രട്ടറിയും കൃതജ്ഞത പ്രകാശിപ്പിക്കുന്നു.'

നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന എറണാകുളം അരമനയില്‍ സാമ്പത്തികസഹായത്തിനായി പലരും വരാറുണ്ട്. അത്തരം സഹായങ്ങള്‍ ചിലരെങ്കിലും ദുരുപയോഗിക്കാറുണ്ട് എന്നു സൂചിപ്പിച്ചുകൊണ്ട് കാര്‍ഡിനല്‍ എഴുതുന്നു:

ഒരിടവകയിലെ മദ്യപനായ ഒരു മനുഷ്യനോട് അയാളുടെ ഭാര്യ ഇപ്രകാരം പറഞ്ഞുവത്രേ: 'നിങ്ങള്‍ ഇങ്ങനെയെല്ലാം കുടിച്ചുതീര്‍ത്താല്‍ റോസമ്മയ്ക്കു പ്രായമാകുമ്പോള്‍ അവളെ ആരു കെട്ടിക്കും?' അതിനു മൂക്കറ്റം കുടിച്ച അവന്‍റെ മറുപടി: 'നീയൊന്നു മിണ്ടാതിരിക്കെടീ. അപ്പോള്‍ ഒരപേക്ഷയുമെഴുതി, വികാരിയച്ചനെക്കൊണ്ട് ഒപ്പും വയ്പിച്ച് അരമനയിലേക്കു പോകാമെടീ!'

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org