ബുദ്ധിയെ നിര്‍മ്മിക്കുന്ന നിര്‍മ്മിത ബുദ്ധി

ബുദ്ധിയെ നിര്‍മ്മിക്കുന്ന നിര്‍മ്മിത ബുദ്ധി
നിര്‍മ്മിതബുദ്ധിയുടെ ശാസ്ത്രം വളരുമ്പോള്‍ ധാര്‍മ്മികതയുടെ തലത്തില്‍ സംവാദങ്ങളും ഇടപെടലുകളും വേണ്ടി വരും. ഈ രംഗത്ത് ആഗോളതലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നയാളാണ് ജിബു ഏലിയാസ്. നിര്‍മ്മിതബുദ്ധിയെ മനുഷ്യര്‍ വിവേകത്തോടെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു...

മനുഷ്യരാശിയുടെ ഭാവിയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ് നിര്‍മ്മിതബുദ്ധി (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്). ചെസിലെ നിര്‍മ്മിതബുദ്ധി മനുഷ്യരുടെ ലോകചാമ്പ്യനെ കളിയില്‍ തോല്‍പിച്ചു. ഒരിക്കലും മനുഷ്യനെ തോല്‍പിക്കാന്‍ കഴിയില്ലെന്നു കരുതിയിരുന്ന ഗോ എന്ന കളിയിലും നിര്‍മ്മിതബുദ്ധി മനുഷ്യചാമ്പ്യനെ തോല്‍പിച്ചു. ഇത് നാരോ എ ഐ ആണ്. അതായത്, ഒരു കാര്യം മാത്രം ചെയ്യുന്ന എ ഐ.

ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജെന്റ്‌സ് (എ ജി ഐ) ആണ് അടുത്ത ഘട്ടം. എല്ലാ കാര്യങ്ങളും മനുഷ്യനെക്കാള്‍ നന്നായി ചെയ്യാന്‍ കഴിയുന്ന ബുദ്ധി. 2050 ഓടെ അതു സാദ്ധ്യമാകുമെന്നായിരുന്നു ആദ്യത്തെ നിഗമനങ്ങള്‍. എന്നാല്‍, അത്രയും കാത്തിരിക്കേണ്ടിവരില്ലെന്നും ആരും വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അതു സൃഷ്ടിക്കപ്പെടുമെന്നും ഇന്നു പൊതുവെ കരുതുന്നുണ്ട്. 2030 ഓടെ എ ജി ഐ ഉണ്ടാക്കണമെന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളതെന്നു ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജെന്റ്‌സിനെ കുറിച്ചും അക്കാദമിക വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അതായത്, നിര്‍മ്മിതബുദ്ധികളെ സൃഷ്ടിക്കുന്ന നിര്‍മ്മിതബുദ്ധി. അതായിരിക്കും ഒരുപക്ഷേ മനുഷ്യന്റെ അവസാനത്തെ കണ്ടുപിടിത്തം. പിന്നെ യാതൊന്നും മനുഷ്യനു സ്വയം കണ്ടുപിടിക്കേണ്ട ആവശ്യം വരുന്നില്ല. ആവശ്യമാണല്ലോ കണ്ടുപിടിത്തങ്ങളുടെ മാതാവ്.

ഒരു കാര്യം മാത്രം ചെയ്യുന്ന നിര്‍മ്മിതബുദ്ധിയില്‍നിന്ന് ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്ന നിര്‍മ്മിതബുദ്ധിയിലേക്കും അത്തരം ബുദ്ധികളെ സൃഷ്ടിക്കുന്ന സൂപ്പര്‍ ബുദ്ധിയിലേക്കുമൊക്കെ മനുഷ്യന്‍ പുരോഗമിക്കുമ്പോള്‍ അവിടെ എന്തായിരിക്കും മനുഷ്യരുടെ സ്ഥാനം? മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍ സ്റ്റൈനെ പോലെ ഇതെല്ലാം മനുഷ്യനു വിനയായി മാറുമോ?

ക്ലോണിംഗ് കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഈ ഭീതി നമുക്കുണ്ടായിരുന്നു. മനുഷ്യനെ ക്ലോണ്‍ ചെയ്യുമോ? ഡോളി എന്ന ആടുപോലെ ഒരു മനുഷ്യനെ ക്ലോണിംഗിലൂടെ സൃഷ്ടിക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചാല്‍ എന്തു ചെയ്യും? പക്ഷേ അതുണ്ടായില്ല. വിവേകബുദ്ധിയായ മനുഷ്യന്‍ അതിനു നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു.

ജനിതകശാസ്ത്രഗവേഷണരംഗത്തും ഇതേ നിയന്ത്രണങ്ങളുണ്ടായി. ജനിതകമാറ്റങ്ങള്‍ വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനുള്ള സാദ്ധ്യതയെ മനുഷ്യന്‍ ധാര്‍മ്മികബോധം കൊണ്ടു നിരാകരിച്ചു.

നിര്‍മ്മിതബുദ്ധിയുടെ ശാസ്ത്രം വളരുമ്പോഴും ഈ ധാര്‍മ്മികതയുടെ തലത്തില്‍ സംവാദങ്ങളും ഇടപെടലുകളും വേണ്ടി വരും. ഈ രംഗത്ത് ആഗോളതലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മലയാളിയാണ് ജിബു ഏലിയാസ്. ഒ ഇ സിഡിയുടെ പാരീസില്‍ നടന്ന വാര്‍ഷിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഗവേണന്‍സ് കോണ്‍ഫ്രന്‍സില്‍ ഈയിടെ സംബന്ധിക്കുകയുണ്ടായി ജിബു. ഈ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനുമാണ് അദ്ദേഹം. നിര്‍മ്മിതബുദ്ധി സംബന്ധിച്ച നയങ്ങള്‍ രൂപപ്പെടുത്തുന്നതിനു ലോകരാഷ്ട്രങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുകയാണ് ഈ സംവിധാനങ്ങള്‍ ചെയ്യുന്നത്. ധാര്‍മ്മികതയിലധിഷ്ഠിതമായ ഈ മാര്‍ഗദര്‍ശനങ്ങള്‍ക്കനുസരിച്ചു മുന്നേറിയാല്‍ നിര്‍മ്മിതബുദ്ധി മനുഷ്യര്‍ക്കുപകാരപ്പെടുന്ന രീതിയില്‍ മാത്രം ഉപയോഗിക്കപ്പെടാന്‍ അവസരമൊരുങ്ങും. അതു സംബന്ധിച്ചു പ്രത്യാശ പുലര്‍ത്തുന്നയാളാണ് ജിബു ഏലിയാസ്. ജൈവസാങ്കേതികരംഗത്തെ കണ്ടുപിടിത്തങ്ങളെ ലോകം പക്വമായി കൈകാര്യം ചെയ്തതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായികളുടെ പൊതുവേദിയായ നാസ്‌കോമും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്‌ട്രോണിക്‌സ് & ഐടി മന്ത്രാലയവും ചേര്‍ന്നുള്ള ഇന്ത്യ എ ഐയുടെ കണ്ടന്റ് & റിസര്‍ച്ച് ഹെഡ് ആണ് ജിബു ഇപ്പോള്‍. ഒരു പോര്‍ട്ടലായി തുടങ്ങിയ ഇന്ത്യ എ ഐ ഇപ്പോള്‍ അതിലുപരിയായ ഒരു സംരംഭമായി മാറുകയും ഇന്ത്യയുടെ നിര്‍മ്മിതബുദ്ധി മേഖലയ്ക്കു ദിശാബോധം പകരുകയുമാണിപ്പോള്‍.

ഇന്ത്യ ഈ രംഗത്തു വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ടെന്നു ജിബു പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ച വളരെ വേഗത്തിലാണ്. നിര്‍മ്മിതബുദ്ധിയിലെ ഏറ്റവുമധികം അക്കാദമിക് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ രാജ്യവും ഏറ്റവും കൂടുതല്‍ എ ഐ പേറ്റന്റുകള്‍ സമര്‍പ്പിച്ചിട്ടുള്ള രാഷ്ട്രങ്ങളില്‍ എട്ടാമതും ഇന്ത്യയാണ്. 2015 ല്‍ ഇന്ത്യയില്‍ ഒറ്റ എ ഐ പേറ്റന്റും ഇല്ലായിരുന്നു. ആ നിലയില്‍ നിന്നാണ് ഇന്ത്യ ഈ നിലയിലേക്ക് വളര്‍ന്നിരിക്കുന്നത്.

പല മേഖലകളിലും ഇന്ത്യ നിര്‍മ്മിതബുദ്ധിയെ ജനോപകാരപ്രദമായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നാഷണല്‍ ലാംഗ്വേജ് ട്രാന്‍സ്ലേഷന്‍ മിഷന്‍ പരിഭാഷകള്‍ സൃഷ്ടിക്കുന്നതിനു നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നത് ഒരുദാഹരണം. അതു കൂടാതെ ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നുണ്ട്. നിരാമയ് എന്ന ഒരു സ്റ്റാര്‍ട്ടപ്പ് കര്‍ണാടകയിലുണ്ട്. തെര്‍മല്‍ ഇമേജിംഗ് ഉപയോഗിച്ച്, സ്തനാര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു സങ്കേതമാണ് ഇവര്‍ വികസിപ്പിച്ചിട്ടുള്ളത്. അമേരിക്കയുടെ എഫ് ഡി എ ഇത് അംഗീകരിച്ചിട്ടുണ്ട്. തിമിരബാധിതര്‍ക്കു വേണ്ടിയുള്ള തമിഴ്‌നാട് ഗവണ്‍മെന്റിന്റെ ഇ-പാര്‍വൈ എന്ന സംരംഭമുണ്ട്. കണ്ണിന്റെ ഒരു ഫോട്ടോ മാത്രമെടുത്ത്, തിമിരത്തിന്റെ തോത് നിശ്ചയിക്കുന്ന പരിപാടിയാണിത്. നമ്മുടെ രാജ്യത്ത് രണ്ടര ലക്ഷം ആളുകള്‍ക്ക് ഒരു നേത്ര രോഗവിദഗ്ദ്ധന്‍ മാത്രമാണുള്ളതെന്നിരിക്കെ നേത്രാരോഗ്യരംഗത്തു വലിയ മാറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് ഇപാര്‍വൈ. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ജീവിച്ചിരിപ്പുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ ഒരു സംവിധാനം നിര്‍മ്മിതബുദ്ധിയുടെ സങ്കേതമുപയോഗിച്ചു രൂപീകരിച്ചു. ഒരു സെല്‍ഫിയെടുത്ത് അയച്ചു കൊടുത്താല്‍ മാത്രം മതി. ആ സെല്‍ഫിയില്‍ നിന്നു തന്നെ ആവശ്യമായ കാര്യങ്ങള്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ വേര്‍തിരിച്ചെടുക്കും. ഫോട്ടോയെടുത്തത് എപ്പോള്‍, അതിലുള്ളയാളുടെ പ്രായം, മുന്‍ ഫോട്ടോയുടെ പ്രായം തുടങ്ങിയവയെല്ലാം മനസ്സിലാക്കുന്നു. ഇതൊക്കെ ചെറിയ പ്രോജക്ടുകളാണ്. വലിയ പ്രോജക്ടുകളും നടക്കുന്നുണ്ട്.

നിര്‍മ്മിതബുദ്ധി നിലവിലുള്ള തൊഴില്‍മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നു ജിബു ഏലിയാസ് ചൂണ്ടിക്കാട്ടി. താഴ്ന്ന നിലയിലുള്ള നിരവധി വൈറ്റ് കോളര്‍ ജോലികളെ നിര്‍മ്മിതബുദ്ധി ഇല്ലാതാക്കിയേക്കാം. അത് ഇപ്പോള്‍ തന്നെ നാം കണ്ടുവരുന്നു. ബി പി ഒ തൊഴിലുകളെ എ ഐ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞല്ലോ. അനേകം കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവുകള്‍ക്കു പകരം ഒരു ചാറ്റ് ബോട്ട് മതി. അനേകം ബാങ്ക് കാഷ്യര്‍മാര്‍ക്കു പകരം എ ടി എം എന്ന പോലെ.

റേഡിയോളജിസ്റ്റുകളേക്കാള്‍ ഭംഗിയായി രോഗനിര്‍ണയം നടത്തുന്ന എ ഐ സങ്കേതങ്ങളുണ്ട്. ഏതു പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോഴും ഇത്തരം മാറ്റങ്ങളുണ്ടാകുമെന്നാണര്‍ത്ഥം. അവയെ നാം മറികടക്കുകയും പൊരുത്തപ്പെടുകയും ചെയ്യും - ജിബു വിശദീകരിച്ചു.

എ ഐ ദുരുപയോഗിക്കാതിരിക്കുക, മനുഷ്യന്റെ നന്മയ്ക്കായി ഉപയോഗിക്കുക. ഇതു ലക്ഷ്യം വച്ചുള്ള അന്താരാഷ്ട്രസമിതികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജിബു ലക്ഷ്യമിടുന്നത് ഇതാണ്.

മദ്രാസ് ലയോളാ കോളേജില്‍ നിന്നു ചരിത്രത്തില്‍ ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നു ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തരബിരുദവും നേടിയ ജിബു ടൈംസ് ഗ്രൂപ്പില്‍ പത്രപ്രവര്‍ത്തകനായാണ് കരിയര്‍ ആരംഭിക്കുന്നത്. നിര്‍മ്മിതബുദ്ധിയുടെ രംഗത്തിനു പ്രത്യേക ശ്രദ്ധ കൊടുത്തു പ്രവര്‍ത്തിച്ച ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവര്‍ത്തകരിലൊരാളാണ്. അന്താരാഷ്ട്രപ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയും നിരന്തരമായി എഴുതി. അങ്ങനെയാണ് ഇന്ത്യ എ ഐ എന്ന സംരംഭത്തിലേക്ക് എത്തിച്ചേര്‍ന്നത്.

പ്ലസ് ടു കഴിഞ്ഞാല്‍ മെഡിസിനും എന്‍ജിനീയറിംഗും മാത്രമല്ല, മറ്റു കരിയര്‍ മേഖലകളും ഉണ്ട് എന്നതിനും ഒരുദാഹരണമാണ് ഒരു എ ഐ എത്തിസിസ്റ്റ് ആയി അറിയപ്പെടുന്ന ജിബു ഏലിയാസിന്റെ തിരഞ്ഞെടുപ്പുകള്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് ജിബു. ഏലിയാസും ബീനയുമാണ് മാതാപിതാക്കള്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org