
വിമാനങ്ങളുടെ നിയന്ത്രണം പൈലറ്റുമാര്‍ക്കാണെന്ന് പൊതുവേ പറയാമെങ്കിലും അവയുടെ ഗതിവിഗതികള്‍ ഭൂമിയിലിരുന്ന് നിശ്ചയിക്കുന്നത് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരാണ്. വ്യോമയാനരംഗത്ത് കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന തൊഴില്‍ മേഖലയാണിത്. ഇന്ത്യയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് 496 വേക്കന്‍സികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇപ്പോള്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട് എന്നത് ആകര്‍ഷകമായ ഒരു വാര്‍ത്തയാണ്.
തൊഴില്‍ എന്ത്?
ആകാശത്തിലൂടെ പറന്നു നടക്കുന്ന ആയിരക്കണക്കിന് വിമാനങ്ങളുടെയും മറ്റ് വ്യോമയാനങ്ങളുടെയും സുരക്ഷിതവും ചിട്ടയുള്ളതും വേഗത്തിലുള്ളതുമായ ഒഴുക്കിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരാണ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍. വിമാനത്താവളങ്ങളില്‍ ഉയരത്തില്‍ കാണുന്ന ടവറുകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകളാണ് (ATC). ഈ ടവറുകളിലും ഗ്രൗണ്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലും ഇരുന്നുകൊണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനത്തിന്റെ സ്ഥാനം, വേഗത, ഉയരം എന്നിവ നിരീക്ഷിക്കുകയും പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ജോലി ഏറെ ഉത്തരവാദിത്തമുള്ള ഒന്നാണ്. എല്ലാ വിമാനങ്ങളും എല്ലായിപ്പോഴും ഏതെങ്കിലും ഒരു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും. ഒരു സെന്ററില്‍ നിന്ന് മറ്റൊരു സെന്ററിലേക്ക് നിയന്ത്രണം കൈമാറി കൈമാറിയാണ് വിമാനങ്ങള്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നത്. തങ്ങളുടെ നിയന്ത്രണമേഖലയില്‍ വിമാനങ്ങള്‍ പരസ്പരം സുരക്ഷിതമായ അകലത്തിലും ശരിയായ വ്യോമാതിര്‍ത്തിക്കുള്ളിലും നിശ്ചിത വ്യോമപാതയിലൂടെയും സഞ്ചരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍മാരുടെ ഉത്തരവാദിത്തമാണ്.
വ്യക്തി ഗുണങ്ങള്‍
മികച്ച ഹ്രസ്വകാല-ദീര്‍ഘകാല ഓര്‍മ്മശക്തി, സാഹചര്യ അവബോധവും, മികച്ച ആശയവിനിമയ വൈദഗ്ധ്യം, നല്ല ഗണിതശാസ്ത്ര വൈദഗ്ധ്യം, പെട്ടെന്ന് ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ്, സമ്മര്‍ദ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയൊക്കെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ആവശ്യമായ വ്യക്തി ഗുണങ്ങളില്‍ ഉള്‍പ്പെടും.
യോഗ്യത
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ നോട്ടിഫൈ ചെയ്തിരിക്കുന്ന ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ട യോഗ്യതകള്‍ ഇവയാണ്:
ഫിസിക്‌സും മാത്തമാറ്റിക്‌സും വിഷയങ്ങളായി സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗില്‍ മുഴുവന്‍ സമയ റെഗുലര്‍ ബാച്ചിലേഴ്‌സ് ബിരുദം. (ഫിസിക്‌സും മാത്തമാറ്റിക്‌സും ഏതെങ്കിലും സെമസ്റ്ററില്‍ വിഷയങ്ങളായിരിക്കണം). അവസാന വര്‍ഷ ബിരുദഎന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ കഴിയും. എന്നാല്‍ ആപ്ലിക്കേഷന്‍ വെരിഫിക്കേഷന്‍ സമയത്ത് ഇവര്‍ നിശ്ചിത യോഗ്യത നേടിയിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് 10+2 സ്റ്റാന്‍ഡേര്‍ഡ് ലെവലില്‍ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം. (10 അല്ലെങ്കില്‍ 12 ക്ലാസുകളില്‍ ഒരു വിഷയമായി ഇംഗ്ലീഷ് പാസായിരിക്കണം).
ഉയര്‍ന്ന പ്രായപരിധി 27 വയസ്സാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ ബി സി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കും 10 വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃതമായ ഇളവ് പ്രായപരിധിയില്‍ ലഭിക്കുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.
തെരഞ്ഞെടുപ്പ്
സെലക്ഷന്‍ പ്രക്രിയയുടെ ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷയാണ്. ഓണ്‍ലൈന്‍ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അപേക്ഷ വെരിഫിക്കേഷന്‍ / വോയ്‌സ് ടെസ്റ്റ് / സൈക്കോ ആക്റ്റീവ് സബ്സ്റ്റന്‍സ് ടെസ്റ്റ് / സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ് / മെഡിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് വിളിക്കുകയും ചെയ്യും. ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയില്‍ എവിടെയും തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
വേതനം
Group-B: E-1 level]: Rs. 40000 - 3% - 140000 എന്ന ശമ്പള സ്‌കെയില്‍ ആണ് ആദ്യ നിയമനം ലഭിക്കുക. വാര്‍ഷിക വരുമാനം ഏതാണ്ട് 13 ലക്ഷത്തോളം തുടക്കത്തില്‍ ലഭിക്കും.
പരിശീലനം
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പരിശീലനം നല്‍കുന്ന രീതിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഉള്ളത്. ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സ്ഥിരം നിയമനം നല്‍കുക.
മറ്റു തസ്തികകള്‍
ട്രാഫിക് കണ്‍ട്രോളര്‍ രംഗത്തെ എന്‍ട്രി ലെവലാണ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തിക. അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജോയിന്റ് ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയ നിരവധി തസ്തികകള്‍ ഈ മേഖലയിലുണ്ട്. ഉദ്യോഗ കയറ്റത്തിലൂടെ ഈ തസ്തികകളില്‍ എത്താനുള്ള അവസരവും ലഭിക്കും.
വെബ്‌സൈറ്റ്
www.aai.aero