സിനിമയ്ക്കരികെ ഒരു സന്യാസി

സിനിമയ്ക്കരികെ ഒരു സന്യാസി

ഷിജു ആച്ചാണ്ടി

ഒരു കപ്പുച്ചിന്‍ അച്ചന്‍ ധ്യാനിപ്പിക്കാനോ മറ്റോ പോകാതെ, സിനിമ പിടിക്കാന്‍ പോയതെന്തുകൊണ്ട് എന്ന ചോദ്യം ഫാ. റോയ് കാരക്കാട്ട് നേരിടാറുണ്ട്.

സംഭവിച്ചുപോയതാണ് എന്നതാണ് ഫാ. റോയിയുടെ വിനീതമായ മറുപടി. നല്ല സിനിമകള്‍ ഫലത്തില്‍ പ്രേക്ഷകരെ ധ്യാനിപ്പിക്കുക തന്നെയാണു ചെയ്യുന്നതെന്ന വസ്തുത അവശേഷിക്കുകയും ചെയ്യുന്നു.

ഫാ. റോയ് സംവിധാനം ചെയ്ത ആദ്യത്തെ സിനിമയായ "കാറ്റിനരികെ" കണ്ട ശേഷം കോതമംഗലത്തു നിന്നൊരാള്‍ വിളിച്ചു. കല്യാണം കഴിഞ്ഞു 13 വര്‍ഷങ്ങള്‍ കഴിഞ്ഞ ഒരാള്‍. രണ്ടു മക്കളുണ്ട്. പക്ഷേ, വിവാഹമോചനം നടത്താന്‍ തീരുമാനമെടുത്ത്, ഭാര്യയില്‍ നിന്നു പിരിഞ്ഞു താമസിക്കുകയായിരുന്നു അയാള്‍. ഒന്നാം ഘട്ട കൗണ്‍സലിംഗ് കഴിഞ്ഞു. ആ സമയത്താണ് അയാള്‍ കാറ്റിനരികെ എന്ന സിനിമ കാണുന്നത്. സിനിമ കണ്ട ശേഷം അയാള്‍ വിവാഹമോചനം എന്ന തീരുമാനം ഉപേക്ഷിച്ചു. ഭാര്യയുമായി വീണ്ടും ഒന്നിച്ചു. ഭാര്യയെ യും മക്കളെയും കൂട്ടി സംവിധായകനെ കാണാന്‍ വരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഈയൊരൊറ്റ സംഭവം കൊണ്ടു തന്നെ സിനിമാനിര്‍മ്മാണത്തിനെടുത്ത മുഴുവന്‍ പ്രയത്‌നവും സഫലമായി എന്നു കരുതുകയാണ് ഫാ. റോയ് കാരക്കാട്ട്.

ഒരു മലയോരത്തു കൂലിപ്പണി ചെയ്തു താമസിക്കുന്ന കൊച്ചു കുടുംബത്തിന്റെ കഥയാണ് കാറ്റിനരികെ. അശോകനും സിനി എബ്രാഹമുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. പ്രൈംറീല്‍സ് എന്ന ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സിനിമ ഇതിനകം അനേകായിരങ്ങള്‍ കണ്ടു കഴിഞ്ഞു. ഇപ്പോഴും ഇതേ പ്ലാറ്റ്‌ഫോമില്‍ സിനിമ കാണാനവസരമുണ്ട്.

പുതുമുഖ സംവിധായകര്‍ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കഴിഞ്ഞ തവണ ഈ സിനിമയുടെ സംവിധാനത്തിനു ഫാ. റോയ് കാരക്കാട്ട് കപ്പുച്ചിനു ലഭിച്ചു. മലയാളത്തില്‍ ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യു ന്ന ആദ്യത്തെ കത്തോലി ക്കാ പുരോഹിതനും സന്യാസിയും കൂടിയാണ് ഫാ. കാരക്കാട്ട്.

അസാധാരണമായ സിനിമാഭ്രാന്ത് ഒന്നും ഉണ്ടായിരുന്നയാളല്ല സ്‌കൂളിലോ സെമിനാരിയിലോ പഠിക്കുമ്പോള്‍ ഫാ. കാരക്കാട്ട്. സിനിമ ഇഷ്ടമാണ് എന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് സിനിമാരംഗത്തേക്കുള്ള വരവ് ഒരു നിയോഗമായി അദ്ദേഹം കാണുന്നത്.

എരുമേലി അടുത്തു കൊല്ലമുള സ്വദേശിയായ ഫാ. റോയ്, കപ്പുച്ചിന്‍ സമൂഹത്തില്‍ ചേര്‍ന്നു പൗരോഹിത്യം സ്വീകരിച്ച ശേഷം കുറെ കാലം ഭരണങ്ങാനത്ത്, അസ്സീസി മാസികയുടെ ചീഫ് എഡിറ്ററും ജീവന്‍ ബുക്‌സിന്റെ ചുമതലക്കാരനുമായി പ്രവര്‍ത്തിച്ചു. എഴുത്തും വായനയും എന്നും ഇഷ്ടപ്പെട്ട മേഖലയായിരുന്നു. മാസികയുടെ യും പ്രസാധനത്തിന്റെയും ഉത്തരവാദിത്വമൊഴിഞ്ഞപ്പോള്‍ ഉപരിപഠനത്തിനു പോകാന്‍ സന്യാസസമൂഹം നിര്‍ദേശിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെവിടെയെങ്കിലും ഇഷ്ടമുള്ള വിഷയം പോയി പഠിക്കുവാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ നാട്ടില്‍ തന്നെ നില്‍ക്കുവാനായിരുന്നു റോയിയച്ചന്റെ താത്പര്യം.

പഠനവിഷയം സംബന്ധിച്ച ആലോചനകള്‍ ക്കിടെ സുഹൃത്തുക്കളാണ് സിനിമ പഠിച്ചാലോ എന്ന നിര്‍ദേശം വച്ചത്. അതു സ്വീകരിക്കപ്പെട്ടു. ചങ്ങനാശേരി അതിരൂപതയുടെ സ്ഥാപനമായ മീഡിയാ വില്ലേജില്‍ സിനിമ & ടി വിയില്‍ എം എ പഠനത്തിനായി ചേര്‍ന്നു. പഠനം തുടങ്ങിയതോടെ ചലച്ചിത്രം എന്ന കലാരൂപത്തോടുള്ള അര്‍പ്പണവും ആവേശവും ആത്മാര്‍ത്ഥതയും വര്‍ദ്ധിച്ചു. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയും ഇന്ത്യയിലെ അനേകം വിഖ്യാത ചലച്ചിത്രകാരന്മാരുടെ ഗുരുവുമായിരുന്ന ജോണ്‍ ശങ്കരമംഗലമായിരുന്നു മീഡിയ വില്ലേജില്‍ പ്രധാന പരിശീലകന്‍. അദ്ദേഹത്തിന്റെയും മറ്റു ഗുരുക്കന്മാരുടെയും ക്ലാസുകളും ക്ലാസിക് സിനിമകളുടെ കാഴ്ചകളും വിദ്യാര്‍ ത്ഥികളുടെ ചലച്ചിത്രഭാവുകത്വത്തെ പരിവര്‍ത്തിപ്പിക്കാനും രൂപപ്പെടുത്താനും പര്യാപ്തമായിരുന്നു.

പഠനം കഴിഞ്ഞിറങ്ങിയ ശേഷം വടക്കുകിഴക്കനിന്ത്യയില്‍ മിഷണറിയായി സേവ നം ചെയ്യുന്ന സഹോദരന്‍ ഫാ. ബാസ്റ്റിന്റെ അടുത്തു പോയി, അവിടത്തെ കപ്പുച്ചിന്‍ മിഷനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചെയ്തു. ലിറ്റില്‍ ക്യാപ്‌സ് ഓഫ് നോര്‍ത്തീസ്റ്റ് ഇന്ത്യ എന്ന പേരില്‍ എടുത്ത ഈ ഡോക്യുമെന്ററി അവിടത്തെ തദ്ദേശീയ ജനങ്ങളുടെ ജീവിതവും നാടന്‍ പാട്ടുകളും കലകളും ചിത്രീകരിക്കുന്നതാണ്.

പിന്നീടു, ഫാ. സിറിയക് പാലക്കുടിയുമായി ചേര്‍ന്നു രണ്ടു ഹ്രസ്വചിത്രങ്ങള്‍ ചെ യ്തു. അപ്പൂസിന്റെ ചേച്ചി, മൂന്നാം നാള്‍ എന്നീ ഹ്രസ്വചിത്രങ്ങള്‍ ശാലോം ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്യപ്പെട്ടു. വിവിധ സ്ഥാപനങ്ങളെ കുറിച്ചും മറ്റുമുള്ള ഏതാനും ഡോ ക്യുമെന്ററികളും നിര്‍മ്മിച്ചു.

ഇവയ്ക്കു ശേഷം ചെയ്ത "ദ ലാസ്റ്റ് ഡ്രോപ്" എന്ന ഹ്രസ്വചിത്രം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ജലത്തിന്റെ ഉപയോഗവും ദുരുപയോഗവും കെടുതികളും വളരെ കലാപരമായി ആവിഷ്‌കരിക്കുന്ന രചനാമികവുള്ള ഒരു ഹ്രസ്വചിത്രമാണിത്. രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ ലാസ്റ്റ് ഡ്രോപ് ഐക്യരാഷ്ട്രസഭയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തില്‍ പ്രത്യേക പരാമര്‍ശം നേടി. ലാസ്റ്റ് ഡ്രോപ് നേടിയ ശ്രദ്ധയാണ് ഫീച്ചര്‍ സിനിമയിലേയ്ക്കു വഴി തുറന്നത്.

രണ്ടര മണിക്കൂര്‍ ദൈര്‍ ഘ്യം വരുന്ന ഫീച്ചര്‍ സിനി മ നിര്‍മ്മിക്കുന്നതിനു പണം കണ്ടെത്തുക എളുപ്പമുള്ള കാര്യമായിരുന്നില്ല. ക്രൗഡ് ഫണ്ടിംഗ് രീതിയാണ് അവലംബിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളുമായ അനേകരില്‍ നിന്നു സംഭാവനയായി പണം സ്വീകരിച്ചു. സഭയുടെയും സന്യാസസമൂഹങ്ങളുടെയും പിന്തുണയുണ്ടായി. ഒപ്പം മീഡിയാ വില്ലേജിലെ സഹപാഠികളും അരയും തലയും മുറുക്കി രംഗത്തിറങ്ങി.

സിനിമ എളുപ്പമുള്ള ഒരു മേഖലയല്ല. വെറുമൊരു ഭ്രമത്തിന്റെ പേരില്‍ കടന്നു വരാവുന്ന രംഗമല്ല. ശരിയായ ആഗ്രഹവും ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനത്തിനുള്ള സന്നദ്ധതയും ഉണ്ടെങ്കില്‍ മാത്രമേ അതില്‍ വിജയിക്കാനാകുകയുള്ളൂ.

തിരക്കഥയെഴുതിയ സ്മിറിന്‍ സെബാസ്റ്റ്യന്‍, ക്യാമറ ചെയ്ത ഷിനൂബ് ടി ചാക്കോ, മ്യൂസിക് ചെയ്ത നോബിള്‍ പീറ്റര്‍, എഡിറ്റിംഗ് നിര്‍വഹിച്ച വിശാഖ് രാജേന്ദ്രന്‍ എന്നിവരെല്ലാം മീഡിയാ വില്ലേജിലെ സഹപാഠികള്‍ കൂടിയാണ്. സഹസന്യാസിയായ ഫാ. ആന്റ ണി എല്‍ കപ്പുച്ചിനാണ് കഥയെഴുതിയത്. അങ്ങനെ അനേകരുടെ സാമ്പത്തികവും സര്‍ഗാത്മകവുമായ കൂട്ടായ്മയുടെ ഫലമായി കാറ്റിനരികെ എന്ന സിനിമ യാഥാര്‍ത്ഥ്യമായി.

സഭയുടെയും അധികാരികളുടെയും ഭാഗത്തു നി ന്നു നല്ല പ്രതികരണമാണ് സിനിമയ്ക്കുണ്ടായതെന്നു ഫാ. റോയ് പറഞ്ഞു. പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് ഈ സിനിമ സിനഡില്‍ കാണിക്കാമെന്ന നിര്‍ ദേശം വച്ചു. അതനുസരിച്ച് സീറോ-മലബാര്‍ മെത്രാന്‍ സിനഡ് നടക്കുമ്പോള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് എല്ലാ മെത്രാന്മാര്‍ക്കും വേണ്ടി സിനിമയുടെ പ്രദര്‍ശനം നടത്തി. എല്ലാ പിതാക്കന്മാരും സിനിമയെയും സംവിധായകനെയും അകമഴിഞ്ഞ് അഭിനന്ദിച്ചു.

സിനിമ എന്ന കലാരൂപത്തോട് ഇന്ന് സഭയോ അധികാരികളോ യാതൊരു തരത്തിലുമുള്ള അകല്‍ച്ചയും പാലിക്കുന്നില്ലെന്നു ഫാ. റോയ് പറഞ്ഞു. സിനിമാരംഗത്തേയ്ക്ക് വൈദികരും സന്യസ്തരും അടക്കമുള്ളവര്‍ കടന്നുവരണമെന്നാണ് അധികാരികളും ഇന്നാഗ്രഹിക്കുന്നത്.

സിനിമ എളുപ്പമുള്ള ഒരു മേഖലയല്ല. വെറുമൊരു ഭ്രമത്തിന്റെ പേരില്‍ കടന്നു വരാവുന്ന രംഗമല്ല. ശരിയായ ആഗ്രഹവും ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനത്തിനുള്ള സന്നദ്ധതയും ഉണ്ടെങ്കില്‍ മാത്രമേ അതില്‍ വിജയിക്കാനാകുകയുള്ളൂ – ഫാ. റോയ് വിശദീകരിച്ചു.

ഇപ്പോള്‍ പത്മരാജന്‍ സിനിമകളിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഗവേഷണപഠനം നടത്തുകയാണ് ഫാ. റോയ് കാരക്കാട്ട്. ഒപ്പം തിരക്കഥ പൂര്‍ത്തിയാക്കി, അടുത്ത സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org