ദ..ഗ്രേറ്റ് ഡിക്ടേറ്റര്‍ 1940 ചാര്‍ലി ചാപ്ലിന്‍

ദ..ഗ്രേറ്റ് ഡിക്ടേറ്റര്‍ 1940 ചാര്‍ലി ചാപ്ലിന്‍

ശബ്ദസിനിമകളുടെ യുഗം ആരംഭിച്ചിട്ടും ചാര്‍ലി ചാപ്ലിന്‍ നിശബ്ദ സിനിമകള്‍ തന്നെയാണ് എടുത്തുകൊണ്ടിരുന്നത്. ദൃശ്യമാധ്യമമായ സിനിമകളിലൂടെയുള്ള ആശയവിനിമയത്തിനു ശബ്ദം അത്യാവശ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ബോദ്ധ്യം. എങ്കിലും അദ്ദേഹം സാവധാനം സിനിമകളില്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായി. ചാപ്ലിന്‍റെ ആദ്യത്തെ ശബ്ദചലച്ചിത്രമെന്നു പറയാവുന്നതാണ് ദ ഗ്രേറ്റ് ഡിക്ടേറ്റര്‍. രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രമാണ് ഇത്. ഹിറ്റ്ലറെയും മുസ്സോളിനിയെയും ഫാസിസത്തെയും നാസിസത്തെയും സ്വേച്ഛാധിപത്യത്തെയും യുദ്ധങ്ങളെയും നിശിതമായി പരിഹസിക്കുന്ന ചിത്രം വന്‍ജനപ്രീതിയും നേടിയിരുന്നു. ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ തീവ്രമായ രാഷ്ട്രീയവിമര്‍ശനമുന്നയിക്കുന്ന ചിത്രം സാധാരണപ്രേക്ഷകരെ അതിയായി രസിപ്പിക്കുകയും ചെയ്യുന്നു. സിനിമയ്ക്ക് ചരിത്രപരമായ പ്രാധാന്യവും വിമര്‍ശകര്‍ നല്‍കിയിട്ടുണ്ട്. ലോകചരിത്രത്തിലെ നിര്‍ണായകമായ സംഭവഗതികളെയാണ് ചാപ്ലിന്‍ ഹാസ്യാത്മകമായി ആവിഷ്കരിച്ചത്.
യുദ്ധത്തില്‍ മുറിവേറ്റ ഷള്‍ട്സ് എന്ന പൈലറ്റിനെ ഒരു യഹൂദ ബാര്‍ബര്‍ രക്ഷപ്പെടുത്തുന്നു. അതിനിടെ ബാര്‍ബര്‍ക്ക് മറവിരോഗം ബാധിക്കുന്നു. സ്വേച്ഛാധിപതിയായ അഡനോയിഡ് ഹിങ്കലിന്‍റെ സൈന്യത്തില്‍ ഉയര്‍ന്ന പദവിയിലാണ് ഷള്‍ട്സ്. ബാര്‍ബറും ഹിങ്കലും തമ്മില്‍ അസാമാന്യമായ രൂപസാദൃശ്യമുണ്ട്. രണ്ടു പേരെയും അവതരിപ്പിക്കുന്നത് ചാപ്ലിനാണ്.

സൈനികാവശ്യങ്ങള്‍ക്ക് ഒരു യഹൂദബാങ്കറില്‍ നിന്നു പണം ചോദിക്കുന്ന ഹിങ്കല്‍ അതു കിട്ടാത്തതിനെ തുടര്‍ന്ന് യഹൂദരെ ആക്രമിക്കാന്‍ തീരുമാനിക്കുന്നു. ഇതിനെ എതിര്‍ക്കുന്ന ഷള്‍ട്സിനെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അടയ്ക്കുന്നു. ബാര്‍ബറും അവിടെയുണ്ട്.
….ഇരുവരും അവിടെ നിന്നു രക്ഷപ്പെടുന്നു. സൈനികരുടെ യൂണിഫോമുകള്‍ മോഷ്ടിച്ചാണ് ഇരുവരും കടക്കുന്നത്.

ഇതിനിടെ സ്വേച്ഛാധിപതിയായ ഹിങ്കല്‍ ഒരു അയല്‍രാജ്യം ആക്രമിച്ചു കീഴടക്കിയിരുന്നു. അവിടെയാണ് ബാര്‍ബറുടെ കാമുകിയും കുടുംബവും അഭയം തേടിയിരിക്കുന്നത്. അങ്ങോട്ടേയ്ക്കുള്ള യാത്രയില്‍ അതിര്‍ത്തിയില്‍ ഹിങ്കലിന്‍റെ സൈന്യത്തിനു മുമ്പില്‍ അകപ്പെടുകയാണ് ഷള്‍ട്സും ബാര്‍ബറും. രാജ്യം കീഴടക്കിയതിന്‍റെ വിജയാഘോഷമാണ് അവിടെ നടക്കാന്‍ പോകുന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ സ്വേച്ഛാധിപതിയായ ഹിങ്കല്‍ വരുന്നതും കാത്തിരിക്കുകയാണ് അവര്‍. അവിടെ സൈനിക യൂണിഫോമില്‍ ചെന്നു പെട്ട ബാര്‍ബര്‍ രൂപസാദൃശ്യം മൂലം ഹിങ്കലായി തെറ്റിദ്ധരിക്കപ്പെടുന്നു. പ്രസംഗിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെടുന്നു.
ഇന്നുവരെ ഒരിടത്തും പ്രസംഗിച്ചിട്ടില്ലാത്തയാളാണ് ബാര്‍ബര്‍. പക്ഷേ അപ്പോള്‍ പ്രസംഗിക്കാതിരിക്കുകയും ഹിങ്കല്‍ അല്ല താന്‍ എന്നു വെളിപ്പെടുത്തുകയും ചെയ്താല്‍ മരണമാണ് സംഭവിക്കുക. അതിനാല്‍ മറ്റു നിവൃത്തികളില്ലാതെ, ഷള്‍ട്സിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ബാര്‍ബര്‍ പ്രസംഗവേദിയിലേയ്ക്ക് എത്തുന്നു. അദ്ദേഹം പ്രസംഗമാരംഭിക്കുന്നു. പ്രസംഗത്തില്‍ അദ്ദേഹം പറയുന്നതു മുഴുവന്‍ പക്ഷേ സാഹോദര്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും നീതിയുടെയും സന്ദേശങ്ങളാണ്. ഹിങ്കലിന്‍റെ ശൈലിയിലാണു പ്രസംഗിക്കുന്നതെങ്കിലും ഹിങ്കല്‍ പറയാനിടയുള്ള വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും വംശീയതയുടെയും വാക്കുകളല്ല ബാര്‍ബര്‍ ഉദ്ഘോഷിക്കുന്നത്.
ഇതിനിടെ സിവിലിയന്‍ ഡ്രസിലായിരുന്ന ഹിങ്കലിനെ ബാര്‍ബറാണെന്നു തെറ്റിദ്ധരിച്ചു സൈന്യം പിടികൂടുകയും ചെയ്യുന്നുണ്ട്.
ബാര്‍ബറുടെ പ്രഭാഷണം കാമുകി റേഡിയോയില്‍ കേള്‍ക്കുന്നുണ്ട്. അത് അവള്‍ക്കും പ്രത്യാശ പകരുന്നു.
ഹിറ്റ്ലറുടെ പ്രസംഗശൈലി പ്രസിദ്ധമാണ്. ഹിറ്റ്ലറെയും മുസ്സോളിനിയെയും അനുകരിച്ച് അതിരൂക്ഷമായി പരിഹസിക്കുകയും വിമര്‍ശിക്കുകയുമാണ് ഈ ചിത്രം ചെയ്യുന്നത്. ഹിറ്റ്ലറുടെ ക്രൂരതകളെക്കുറിച്ച് താന്‍ ശരിക്കുമറിഞ്ഞിരുന്നെങ്കില്‍ ഈ ചിത്രമെടുക്കാന്‍ ഭയപ്പെടുമായിരുന്നുവെന്നും ചാപ്ലിന്‍ പില്‍ക്കാലത്തു പറഞ്ഞിട്ടുണ്ട്.

വംശമഹിമാവാദവും ന്യൂനപക്ഷവിരുദ്ധതയും സ്വേച്ഛാധിപത്യമോഹങ്ങളും ദുര്‍ബലരോടും അഗതികളോടുമുള്ള അവഗണനയും പലേ ലോകരാജ്യങ്ങളിലും വീണ്ടും തലപൊക്കുന്ന ഈ ചരിത്രഘട്ടത്തില്‍ ചാപ്ലിന്‍റെ ഡിക്ടേറ്റര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും നിത്യപ്രസക്തമായി നിലകൊള്ളുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org