ഉള്ളതിലധികം മേന്മ

ഉള്ളതിലധികം മേന്മ

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട
നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ
ജീവിതകാഴ്ചകളുടെ പംക്തി….

ഹൈദരാബാദില്‍ രണ്ടു ഡോക്ടര്‍മാര്‍ തങ്ങള്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ അസ്വസ്ഥരായി. 'ഞങ്ങള്‍ രോഗം മറ്റുള്ളവരിലേക്കും പകര്‍ത്തും' എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടാണ് അവര്‍ തങ്ങളുടെ ദുരവസ്ഥയോടു പ്രതികരിച്ചത്.

ഈ പ്രതികരണം തീര്‍ത്തും നിരുത്തരവാദിത്വപരമാണെന്ന് അധികാരികള്‍ പ്രതികരിച്ചു. എങ്കിലും ഇതേക്കുറിച്ച് ഒരു വിചിന്തനം ആവശ്യമുണ്ട്. കാരണം വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതസ്ഥാനത്ത് എത്താന്‍ കഴിഞ്ഞവര്‍, ഇത്ര ബാലിശമായി പെരുമാറുന്നതു ദൈന്യംതന്നെ. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അവിഹിതബന്ധങ്ങളില്‍ വീണുപോകുന്ന ആത്മീയഗുരുക്കന്മാരുമൊക്കെ ഇതേ പ്രതികരണത്തിന്‍റെ വ്യത്യസ്ത മുഖങ്ങളുള്ളവര്‍.

പേരും പ്രശസ്തിയുമുള്ള ഒരു സ്കൂളിലെ ധാരാളം കുട്ടികള്‍ സമൂഹത്തിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥാനങ്ങളിലെത്തുന്നു. അതിനവരെ സഹായിക്കുന്നത് മത്സരബുദ്ധി കുത്തിനിറച്ചു പൊരുതി ജയിപ്പിക്കുന്ന അദ്ധ്യാപകരാണ്. ജയിക്കാനുള്ള മത്സരത്തിനൊപ്പം കാരുണ്യത്തിന്‍റെ അത്യാവശ്യംകൂടി അവരെ പഠിപ്പിച്ചുകൊടുക്കേണ്ടതല്ലേ?

സ്വയംസമര്‍പ്പണത്തിലൂടെയുള്ള പ്രവര്‍ത്തന നൈരന്തര്യമാണു ജീവിതത്തെ സുന്ദരവും സമ്പുഷ്ടവും സുദൃഢവുമാക്കുന്നതെന്ന യാഥാര്‍ത്ഥ്യം അറിയാതെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിപ്പിടമുറപ്പിക്കുന്നവര്‍ സമൂഹത്തിനും രാഷ്ട്രത്തിനും ഭീഷണിയായിത്തീരുന്നതായി കാണാന്‍ കഴിയും.

സമൂഹത്തിന്‍റെ കാഴ്ചപ്പാടിന് അടിമുടി പരിവര്‍ത്തനം വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലൂടെ നമ്മളോരോരുത്തരും കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. മാന്യത കുറഞ്ഞതായി കരുതപ്പെട്ടിരുന്ന ജോലികള്‍ക്ക് അംഗീകാരം ലഭിക്കുന്നു. മനുഷ്യന്‍റെ സേവനത്തിനും കാരുണ്യത്തിനും മൂല്യം കൂടുതലാണെന്നു തിരിച്ചറിയുന്നു.

വലിയ വീടോ കോടികള്‍ വിലവരുന്ന കാറോ സ്വന്തമായില്ലാത്ത ധാരാളം ഡോക്ടര്‍മാര്‍ ആതുരസേവനം എന്ന മഹത്തായ കര്‍മം ഒരു പ്രാര്‍ത്ഥനയായി കൊണ്ടു നടക്കുന്നുണ്ട് ഇപ്പോഴും. പക്ഷേ, അവരുടെ നന്മയ്ക്ക് അര്‍ഹതപ്പെട്ട അംഗീകാരം കിട്ടിയിട്ടില്ല, പലപ്പോഴും. അദ്ധ്വാനികളായ കര്‍ഷകര്‍ വിയര്‍പ്പൊഴുക്കി, നഷ്ടങ്ങളനവധി സഹിച്ച് എല്ലാവരെയും തീറ്റിപ്പോറ്റുന്നു. പക്ഷേ ആരുണ്ടവരെ അംഗീകരിക്കുവാന്‍? കൃഷി ചെയ്യാനറിയാത്ത, വെയിലുകൊണ്ടാല്‍ തളര്‍ന്നു വീഴുന്ന ഞാന്‍ വയറുനിറച്ചു കഴിക്കുന്നതിന് ആരോടെല്ലാം എത്രമാത്രം നന്ദി പറഞ്ഞാല്‍ മതിയാകും!

മറ്റുള്ളവരില്‍നിന്നും പണം പിരിച്ച്, വിതരണം ചെയ്തു ഫോട്ടോ ഇടുന്നവര്‍ വലിയ സേവനം ചെയ്യുന്നു എന്നാണു നവമാധ്യമപ്രചാരണം. പക്ഷേ, അതു ചൂഷണവും സ്വയം സ്നേഹവും മാത്രമല്ലേ? എന്‍റെ വിയര്‍പ്പുതുള്ളികള്‍ ഭൂമിയെ എത്ര നനയ്ക്കുന്നുണ്ട് എന്നതിനേക്കാള്‍ വിലയേറിയതൊന്നുമല്ല, ഈ 'പിരിക്കലും കൊടുക്കലും'.

ഇനി ഓണ്‍ലൈന്‍ പഠനനാളുകള്‍ക്കു പ്രാധാന്യം കൂടിവരുമ്പോള്‍, ഓരോരുത്തരും അവരവരുടെ മുറികളിലേക്ക് ഒതുങ്ങുമ്പോള്‍ ആള്‍ക്കൂട്ടങ്ങളും ആര്‍പ്പുവിളികളും അന്യമാകുമ്പോള്‍, ഓരോ വിദ്യാര്‍ത്ഥിയും സ്വയം സമര്‍പ്പണത്തിലൂടെ പടവുകള്‍ ചവിട്ടിക്കയറാന്‍ പരിശീലിക്കട്ടെ. സ്വന്തം വികാര, വിചാരങ്ങളെ അദ്ധ്വാനത്തോടും ആത്മാര്‍ത്ഥതയോടും ആവശ്യാനുസരണം ചാലിച്ച്. വര്‍ണാഭമായ ഭാവനാചിത്രങ്ങളും അവയുടെ യാഥാര്‍ത്ഥ്യവത്കരണവും വഴി, തങ്ങള്‍ ജീവിക്കുന്ന ഇടങ്ങളെ സമൃദ്ധവും സുന്ദരവുമാക്കിക്കൊണ്ട് ജീവിതത്തിന് അര്‍ത്ഥവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയുന്ന ഒരു മഹദ്യുവനിര ഉദിച്ചുയരട്ടെ. ലോകം കീഴ് മേല്‍ മറിക്കുവാന്‍ അവര്‍ക്കു മാത്രമേ കഴിയൂ. സമത്വവും സാഹോദര്യവും സ്നേഹസ്പര്‍ശത്താല്‍ വിരിയിക്കുന്ന ഒരു നവവിദ്യാഭ്യാസ സംസ്കാരം ഉയര്‍ന്നുവരട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org