ജാഗ്രത

ജാഗ്രത
Published on

ജീസ് പി.പോള്‍

ജീസ് പി.പോള്‍
ജീസ് പി.പോള്‍

ജാഗ്രത വേണം ഇന്നുമിനിയെന്നും
ജാഗ്രതയ്ക്കര്‍ത്ഥം കരുതല്‍ എന്നത്രേ
അവനവനാത്മസുഖത്തിനായ് ചെയ്‌വതും
അപരന്നുമനുകുലമാകുമീ കരുതലില്‍

ഒരു രോഗ ഭീതിയില്‍ ലോകര്‍ കഴിയവേ
ഒരുമയില്‍ നമ്മള്‍ക്കു വേണമീ ജാഗ്രത
രോഗം പകരാതെ രോഗം പടര്‍ത്താതെ
രോഗികള്‍ക്കാശ്വാസമേകുന്ന ജാഗ്രത

കൈകൊടുക്കുന്നതില്‍ കാട്ടണം ജാഗ്രത
കൈകഴുകീടാനും വേണമീ ജാഗ്രത
മുഖപടമിട്ടങ്ങു മൂടാനും ജാഗ്രത
മൂക്കില്‍ തൊടാതെയും കാട്ടണം ജാഗ്രത

തെരുവിലും ഓരത്തും തുപ്പുന്ന ദുഃശീലം
തെല്ലങ്ങു മാറ്റിടാന്‍ കാട്ടണം ജാഗ്രത
തണുത്ത പാനീയങ്ങള്‍, ആഹാരമൊക്കെയും
തല്ക്കാലം വേണ്ടെന്നു വയ്ക്കുന്ന ജാഗ്രത

ഒരു ജന്മമീ ഭൂവില്‍ തന്നെ മാതാക്കളെ
ഒരു നിയോഗം പോല്‍ പാലിക്കും ജാഗ്രത
അയലത്തും അകലത്തും കാണും ജനങ്ങളെ
അരികില്‍ മനസിലായ് ചേര്‍ക്കുന്ന ജാഗ്രത

വായുവും വെള്ളവും ഇല്ലാതീ ഭൂമിയില്‍
വസിക്കുവാനാവില്ലോന്നോര്‍ക്കുന്ന ജാഗ്രത
പരിസരം മലിനമായ് തീര്‍ക്കുന്ന കര്‍മങ്ങള്‍
പാടെ ഉപേക്ഷിച്ചു നീങ്ങുന്ന ജാഗ്രത

ഭൂവിന്റെ വിഭവങ്ങള്‍ക്കിന്നു നാം കാര്യസ്ഥര്‍
ഭൂമിയെ പാലിക്കാന്‍ വേണമീ ജാഗ്രത
ആര്‍ത്തിയോടൊക്കെയും വാരിപ്പിടിക്കാതെ
അപരന്നു വേണ്ടിയും കരുതുന്ന ജാഗ്രത

അര്‍ഥമുണ്ടായിട്ടും ഈ ജീവിതത്തിന്നതി-
നര്‍ത്ഥം പണമല്ലെന്നറിയുന്ന ജാഗ്രത
അര്‍ത്ഥമാമായുസുമാരോഗ്യമെല്ലാം നി-
സ്വാര്‍ത്ഥമായ് ലോകര്‍ക്കായേകുന്ന ജാഗ്രത!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org