യോനാ

യോനാ

ജിന്‍സന്‍ ജോസഫ് മാണി CMF

പള്ളിമുറിയില്‍ പനി പിടിച്ചു കിടന്നപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ വിവാഹത്തിന് കുറി മേടിക്കാന്‍ വന്നത്. കുറി കൊടുത്തപ്പോള്‍ അവനോട് ഒന്നേ ചോദിക്കാനുണ്ടായിരുന്നുളളൂ?

സത്യത്തില്‍ നീ വിവാഹജീവിതത്തിലേക്ക് എന്തിനാണ് പ്രവേശിക്കുന്നത്?

അവളും ഞാനും കഴിഞ്ഞ പതിന്നാലു വര്‍ഷമായി സ്നേഹമാണ് അച്ചാ. ഇനി പിരിയാന്‍ വയ്യ.

മോനേ വെടിക്കെട്ട് കാണാന്‍ പോകുന്നതു പോലെയാണ് പ്രണയ കാലം. എങ്ങും വര്‍ണ്ണങ്ങള്‍ മാത്രം പക്ഷേ വിവാഹം പടക്കശാല നെഞ്ചില്‍ സൂക്ഷിക്കുന്നതു പോലെയാണ്. ഒരു തീപ്പൊരി മതി കത്താന്‍.

എന്താ, അച്ചാ. ഒരു ഉപമ. എന്നാല്‍ കാണാം.

ഒരുത്തനെ കൂടി ഉപദേശിച്ച് നന്നാക്കിയതിന്‍റെ നിര്‍വൃതിയില്‍ അകത്തേക്ക് കേറാന്‍ തുനിഞ്ഞപ്പോള്‍ ഒരു ബൈക്ക് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. ഒരു ഫ്രീക്കന്‍ പയ്യന്‍ ബൈക്കില്‍ നിന്നിറങ്ങി.

യോനാച്ചാ. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

എപ്പോഴും സ്തുതിയായിരിക്കട്ടെ. ആരാ?

ഞാനും ഒരച്ചനാണ് അച്ചാ. കുമ്പസാരിക്കാന്‍ വന്നതാ വെണ്‍കുറിഞ്ഞി ആശ്രമത്തിലാണ് താമസം.

എനിക്ക് നല്ല പനിയാണ്. എന്തായാലും അച്ചന്‍ വന്നതല്ലേ. നമുക്ക് ആദ്യം ഒരു കട്ടന്‍ കാപ്പി കുടിക്കാം.

ഏലക്കായിട്ട കട്ടന്‍ തിളച്ചുമറിയുന്നതിനടിയില്‍ വന്ന കൊച്ചച്ചന്‍ തിരുപ്പട്ടം കഴിഞ്ഞ് പതിനഞ്ചു വര്‍ഷമായി ആരും എന്നോട് ചോദിക്കാത്ത ചോദ്യം ചോദിച്ചു.

അച്ചന്‍ തിയോളജിക്ക് ചെയ്ത പ്രബന്ധ വിഷയം എന്തായിരുന്നു?

'അകന്നുപോയ ക്രിസ്തു.' അത് പറഞ്ഞപ്പോള്‍ തന്നെ കട്ടന്‍കാപ്പി അറിയാതെ എന്‍റെ ദേഹത്ത് വീണു.

നല്ല സൂപ്പര്‍ വിഷയമാണല്ലോ അച്ചാ ഇത്. എന്‍റെ വിഷയവും ഇതു തന്നെയാണ് അച്ചാ. പട്ടം കഴിഞ്ഞ് ഒരുവര്‍ഷം ആയതേയുള്ളൂ. ഇപ്പോള്‍തന്നെ ക്രിസ്തു ഏഴാംകടലിനക്കരെ ആണ് നില്‍ക്കുന്നത്.

എന്‍റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി.

അച്ചനോട് ഞാന്‍ ഉടനെ പറഞ്ഞു: അച്ചാ. അച്ചന്‍ ചെറുപ്പമാണ് അച്ചന്‍ ജീവിതം വെച്ച് പന്ത് ആടരുത്… നിങ്ങള്‍ കുറച്ച് ചെറുപ്പക്കാരായ വൈദികരുടെ ജീവിതങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ട് ചോദിക്കുവാ. നിങ്ങളെന്തിനാണ് അച്ചനായത്?

ശുശ്രൂഷ ചെയ്യാന്‍, കുര്‍ബാനയര്‍പ്പിക്കാന്‍. കൊച്ചച്ചന്‍ വാക്കുകള്‍ക്കായി പരതി.

എന്നിട്ടോ?

മൊബൈല്‍ താഴെ വെച്ചിട്ട് ഒന്നിനും…

'അച്ചാ, ഇന്ന് എല്ലാ ജീവിത അന്തസ്സിന്‍റെയും അന്തസ്സു കളയുന്ന ഒന്നേയുള്ളൂ മൊബൈല്‍. അതുകൊണ്ടുതന്നെ അച്ചന്‍ നിയന്ത്രണങ്ങള്‍ വരുത്തണം. അച്ചന്‍റെ പ്രാര്‍ത്ഥനയ്ക്കായി യാചിക്കുന്ന നരജന്മങ്ങളുണ്ട്. അച്ചന്‍റെ യാമ പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടു പോകാവുന്ന സകല പിശാചുക്കളെയും അച്ചന്‍ ഇപ്പോള്‍ സ്വന്തം ഹൃദയത്തില്‍ കുടിയിരുത്തിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ എനിക്ക് അച്ചനോട് ഒന്നേ പറയാന്‍ ഉള്ളൂ. ഈ പോക്കുപോയാല്‍ അച്ചന്‍റെ പതനം അധികം അകലെയല്ല.'

യോനായച്ചാ. എനിക്കും അച്ചനെ പോലെ ആകാനാണ് ആഗ്രഹം. പക്ഷെ പറ്റുന്നില്ല.

ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ അല്പം സ്വരം താഴ്ത്തി:

'കൊച്ചച്ചാ. അച്ചന്‍ പ്രേമിക്കുന്നവരെ കണ്ടിട്ടുണ്ടോ. എന്താണ് അവരുടെ പ്രത്യേകത?'

എന്‍റെ അഭിപ്രായത്തില്‍ അവര്‍ പരസ്പരം കൂടിയിരിക്കാന്‍ കൊതിയോടെ കാത്തിരിക്കുന്നു.

വളരെ നല്ല ഉത്തരമച്ചാ. അങ്ങനെ അച്ചന്‍ യേശുവിനെ കൊതിയോടെ കാത്തിരുന്നിട്ടുണ്ടോ. ഉണ്ടെങ്കില്‍ അച്ചന്‍റെ ജീവിതം അതിന്‍റെ ലക്ഷ്യം നേടിയിരിക്കും.

എന്‍റെ വിളി ഞാന്‍ മറന്നുപോകുന്നു യോനാ അച്ചാ. ഇപ്പോള്‍ അച്ചനെ കണ്ടപ്പോള്‍ വീണ്ടും സെമിനാരി എന്‍റെ മുന്നില്‍ എത്തിയ പ്രതീതി.

മോനെ സെമിനാരിയും സെമിത്തേരിയും അല്ല മുന്‍പില്‍ വേണ്ടത്. സക്രാരിയാണ്. ക്രിസ്തുവിനെപ്പോലെ ജീവിക്കെടാ.. വരണ്ടുണങ്ങിയ ജീവിതങ്ങളില്‍ പെരുമഴയായി പെയ്തിറങ്ങൂ. മുട്ടുകുത്തി നിന്ന് തഴമ്പിച്ച മുട്ടും ഉപവസിക്കുന്ന ഉദരവും സമൂഹത്തില്‍ ദൈവിക നിലപാടുകളും ഉള്ള വൈദികരെയാണ് ഇന്ന് നമുക്കാവശ്യം. അച്ചനത് സാധിക്കട്ടെ. ഞാന്‍ പറഞ്ഞു നിര്‍ത്തി.

കൊച്ചച്ചന്‍ യാത്രയായി എന്ന് ഞാന്‍ ഉറപ്പുവരുത്തി. ഉടനെ ഞാന്‍ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടു. പിന്നെ പതിനഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി പൊട്ടിക്കരഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org