സ്‌നേഹത്തിന്റെ തിരുമൊഴികളില്‍ രക്തം പുരളുമ്പോള്‍

സ്‌നേഹത്തിന്റെ തിരുമൊഴികളില്‍ രക്തം പുരളുമ്പോള്‍

സിയാ ജോസ് കാനാട്ട്

കുഞ്ഞുനോറയ്ക്ക് ഇനി അമ്മയില്ല. അവളുടെ കളിചിരികള്‍ കാണാനോ അവള്‍ അമ്മേ എന്ന് വിളിക്കുമ്പോള്‍, വിളികേള്‍ക്കാനോ ഇനി അവളുടെ അമ്മയില്ലെന്നുള്ള സത്യം ആ കുരുന്ന് അറിഞ്ഞിട്ടു കൂടിയുണ്ടാവില്ല. അതെ മെറിന്‍ ജോയ്, യുഎസ്സിലെ ഒരു കാര്‍പാര്‍ക്കിങ്ങില്‍ വച്ച് അവളുടെ ഭര്‍ത്താവ് നിര്‍ദ്ദാഷിണ്യം മെറിനെ കൊലപ്പെടുത്തുമ്പോള്‍ അവള്‍ കരഞ്ഞു യാചിച്ചത് അവള്‍ക്ക് ഒരു കുഞ്ഞുണ്ടെന്ന് ഓര്‍ക്കണേ എന്നായിരുന്നു. അവളെ കത്തിക്കൊണ്ട് ആവര്‍ത്തിച്ചു കുത്തി മുറിവേല്‍പിച്ചിട്ടും കലിയടങ്ങാതെ, അവളുടെ ദേഹത്തൂടെ പല തവണ കാര്‍ കയറ്റിയിറക്കി. സംരക്ഷിക്കേണ്ട കരങ്ങള്‍ ജീവനെടുക്കാന്‍ തുനിയുമ്പോള്‍ ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പെണ്‍കുട്ടി എവിടെയാണ് സുരക്ഷിത. തനിക്ക് സഹിക്കാന്‍ പറ്റുന്നതിലുമപ്പുറം ഒരുപക്ഷേ മെറിന്‍ സഹിച്ചിട്ടുണ്ടാവണം. അതുകൊണ്ടാവും അവളെ ശ്വാസംമുട്ടിച്ച ആ 'abusive relationship'-ല്‍ നിന്നും രക്ഷപ്പെടാന്‍ അവള്‍ തീരുമാനിച്ചിട്ടുണ്ടാകുക.
കേരളത്തിലെ കഴിഞ്ഞ ഒരു വര്‍ഷത്തിലെ കണക്കെടുത്തു നോക്കിയാല്‍, 'മെറിനെ'പ്പോലെ സ്‌നേഹിക്കപ്പെട്ടവരാല്‍ കൊല്ലപ്പെടുകയോ അക്രമിക്കപ്പെട്ടവരുടെയോ കണക്കുകള്‍ കുത്തനെ ഉയരുകയാണ്. എന്തുകൊണ്ടാണ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒരു ദുരവസ്ഥ സംഭവിക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. 'ചീ, അരുത് പറ്റില്ല' എന്ന് ശക്തമായി പറയാനും പക്വതയുള്ള തീരുമാനങ്ങള്‍ എടുക്കാനും നമ്മുടെ പെണ്‍കുട്ടികള്‍ പ്രാപ്തരല്ലാ താകുന്നുണ്ടോ? എന്തുകൊണ്ടാണ് emotional blackmailing ല്‍ അവര്‍ വീണ്ടും വീണ്ടും അകപ്പെട്ടു പോകുന്നത്, അല്ലെങ്കില്‍ തോല്‍ക്കാന്‍ തയ്യാറാവുന്നത്.
ഈയടുത്ത് ഇറങ്ങിയ 'ഉയരെ' എന്ന സിനിമയിലെ ഒരു രംഗം ഓര്‍ത്തുപോയി. അതിലെ നായിക പല്ലവി പറയുന്നുണ്ട്. 'പേടിയാണ് എനിക്ക് നിന്നെ. എനിക്ക് എന്നെപ്പോലെയാവണം ഗോവിന്ദ്. ഇനിയെങ്കിലും, നിനക്ക് വേണ്ട എന്നെപ്പോലെയല്ല, എനിക്ക് വേണ്ട എന്നെപ്പോലെ.' ഇത്രയും പറഞ്ഞതിന് ആ സിനിമയിലെ നായിക പല്ലവിക്ക് നഷ്ടപ്പെട്ടത് അവളുടെ മുഖവും സ്വപ്ന ങ്ങളും അവള്‍ പറന്നുയരാന്‍ ശ്രമിച്ച ആകാശത്തിന്റെ അതിരുകളുമാണ്. ഓ, ഇത് വെറുമൊരു സിനിമയല്ലേ എന്ന് കരുതി നിസ്സാര വല്‍കരിച്ചു കളയാന്‍ വരട്ടെ. ഈ സമീപഭാവിയില്‍ കേരളത്തില്‍ നടന്ന കൊലപാതകങ്ങളില്‍ എത്രയെണ്ണം ഇതുപോലെ തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടികളുടേതാണ് എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷം ഇരുപതിലേറെ പെണ്‍കുട്ടികളെങ്കിലും ഇതുപോലെ ആക്രമിക്കപ്പെടുകയോ അപായപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. ഉയരെ സിനിമയിലെ ഗോവിന്ദ് ഒരു പ്രതീകമാണ് അവളുടെ വസ്ത്രധാരണത്തില്‍ അവളുടെ സൗഹൃദങ്ങളില്‍ എന്തിനേറെ അവളുടെ മുടിയുടെ നീട്ടത്തെപ്പറ്റി ഒക്കെ അയാള്‍ക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. അത് അയാളെ സംബന്ധിച്ചിടത്തോളം തികച്ചും ശരിയുമാണ്. അതിന് അയാള്‍ പറയുന്ന കാരണം അവളോട് അയാള്‍ക്ക് അതിരറ്റ സ്‌നേഹമാണ് എന്നുള്ളതാണ്. ഒരു വ്യക്തിയെ ശ്വാസംമുട്ടിക്കുന്ന രീതിയില്‍ ഉള്ള ഒരു സ്‌നേഹപ്രകടനങ്ങളും യഥാര്‍ത്ഥ സ്‌നേഹമല്ലെന്ന് ഓര്‍മ്മിക്കുക. അത് കേവലം സ്വാര്‍ത്ഥം മാത്രമാണ്.
ഇതുപോലെ സമാനനുഭവത്തിലൂടെ കടന്നുപോയ ഒരു സുഹൃത്തിനെ ഓര്‍ത്ത് പോയി. തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോള്‍ ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന റൂംമേറ്റ്. പ്രസരിപ്പോടെയല്ലാതെ ആദ്യകാലങ്ങളില്‍ അവളെ കണ്ട തായി ഓര്‍ക്കുന്നേയില്ല. കൂടെ ജോലി ചെയ്യുന്ന വ്യക്തിയുമായി പ്രണയബന്ധം തുടങ്ങിയപ്പോള്‍ അവളിലുണ്ടായ മാറ്റം വളരെ വ്യക്തമായിരുന്നു. അതിന് ശേഷം അവള്‍ എപ്പോഴും ഫോണില്‍ തന്നെയായിരിക്കും. ഞങ്ങളോട് സംസാരിക്കാനോ എന്തിനേറെ അവളുടെ മാതാപിതാക്കളോടോ അല്ലെങ്കില്‍ അവളുടെ ബന്ധുക്കളോട് പോലും സംസാരിക്കാന്‍ അവള്‍ക്ക് അയാളുടെ അനുവാദം വേണം. അവളുടെ ഫോണ്‍ എപ്പോഴെങ്കിലും ബിസി ആയാല്‍ അന്ന് ആ പാവത്തിന് ചീത്തവിളിയുടെ അഭിഷേകമാണ്. രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ കട്ടിലില്‍ തനിച്ചിരുന്നു കരയുന്നവള്‍ ഒരു നിത്യകാഴ്ചയായിരുന്നു. ഒരിക്കല്‍ അവളുടെ ദേഹത്ത് കരിനീലിച്ച വിരല്‍പാടുകള്‍ കണ്ടപ്പോളാണ് അവള്‍ കടന്നുപോകുന്ന യാതനകളുടെ കാഠിന്യം മനസ്സിലായത്. സംശയരോഗിയായ കാമുകന്റെ പരാക്രമങ്ങളായിരുന്നു അവളുടെ ദേഹത്ത് നീലിച്ച് കിടന്നത്. ഏറെ പണിപ്പെടേണ്ടി വന്നു അവളെ പറഞ്ഞു മനസ്സിലാക്കി അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍. ഇന്ന് അവളെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ തെളിഞ്ഞു വരുന്നത് കരഞ്ഞു കലങ്ങിയ ഭീതിനിറഞ്ഞ കണ്ണുകളും വിളര്‍ത്ത മുഖവുമാണ്. തന്റെ സ്വബോധം പോലും സ്‌നേഹത്തിന്റെ പേരില്‍ പണയപ്പെടുത്തിയ ഒരു പെണ്‍കുട്ടി. വിദ്യാസമ്പന്നയായിട്ടു പോലും അവളെ നശിപ്പിക്കുന്ന ആ toxic relationship ല്‍ നിന്നും സ്വമേധയാ അവള്‍ക്ക് ഇറങ്ങിപ്പോരാനായില്ലെ ന്നുള്ളതാണ് മറ്റൊരു ദുഃഖസത്യം.
ഇതുപോലെയെത്രയെത്ര പെണ്‍കുട്ടികള്‍… നമ്മുടെ കൊച്ചു കേരളത്തില്‍ പ്രണയാഭ്യര്‍ത്ഥനയോ വിവാഹാഭ്യര്‍ത്ഥ്യനയോ നിരസിച്ചതിന്റെ പേരില്‍ കുരുതി കൊടുക്കപ്പെട്ടിട്ടുണ്ട്. അവരുടെ മാതാപിതാക്കളുടെ സഹോദരങ്ങളുടെ കണ്ണീരിനൊക്കെ ആരു വില പറയും? എന്തുകൊണ്ട് 'ചീ' എന്നൊരു മറുപടി നമ്മള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാതെ പോകുന്നത്. നമ്മളൊക്കെ അതേ, yes, ഉവ്വ് എന്നുള്ള ഉത്തരങ്ങള്‍ മാത്രം സ്വീകരിക്കാന്‍ പറ്റുന്ന രീതിയില്‍ 'programmed' ആയിട്ടാണോ വളര്‍ന്ന് വന്നത്? എവിടെയോ വായിച്ച തോര്‍ക്കുന്നു "Simplify your life, learn to say No." അതെ, എനിക്കിത് ഇഷ്ടമല്ല, ഇത് പറ്റില്ല എന്ന് ഉറച്ച് പറയാന്‍ സാധിക്കണം.
ഏതൊരു ബന്ധവും അത് വിവാഹമോ പ്രണയമോ സൗഹൃദമോ എന്ത് തന്നെയായിക്കൊള്ളട്ടെ അത് സന്തോഷം പ്രദാനം ചെയ്യുന്നതാവണം. നമ്മളെ വളരാനനു വദിക്കാത്ത എന്തും; അതിനെ ഒരിക്കലും സ്‌നേഹമെന്ന പേരിട്ട് വിളിക്കാനാവില്ല എന്നുമോര്‍ക്കുക. "Be strong enough to let go and wise enough to wait for what you deserve".
സ്‌നേഹത്തിന് സ്വാര്‍ത്ഥതയുടെ മുഖംമൂടി അണിയിക്കുമ്പോള്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി. പൗലോസ് കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ വളരെ പ്രസക്തമാവുകയാണ്. 'സ്‌നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല, സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല.' പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ William Barclay സ്വാര്‍ത്ഥതയെ പറ്റി വളരെ കൃത്യമായി പറയുന്നുണ്ട്. ലോകത്തില്‍ രണ്ടുതരം സ്വാര്‍ത്ഥതയുള്ളവരെ നമ്മള്‍ക്ക് കാണാന്‍ സാധിക്കും. ആദ്യത്തേത്, മറ്റുള്ളവര്‍ക്ക് ഉള്ളതിനെ ആഗ്രഹിക്കുന്ന സ്വാര്‍ത്ഥത. രണ്ടാമത്തേത് വളരെ അപകടകരമായ സ്വാര്‍ത്ഥതയാണ്, തനിക്ക് ലഭിക്കാത്ത ഒന്നും മറ്റൊരാള്‍ക്കും ലഭിക്കരുത് എന്ന സ്വാര്‍ത്ഥത. ഈ സ്വാര്‍ത്ഥ മനോഭാവമാണ് ഇന്ന് കാണുന്ന പല കൊലപാതകങ്ങളുടെയും മൂല കാരണം, എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാത്രമാണ് പ്രധാനം എന്ന് വിചാരിക്കുന്നിടത്താണ് കൊല്ലാനും കത്തിക്കാനുമുള്ള തോന്നലുകളുണ്ടാവുന്നത്.
നമ്മുടെ കുട്ടികളെ പക്വതയുള്ളവരായി മറ്റുള്ളവരുടെ 'സ്‌പേസ്' മാനിക്കുന്നവരായി വളര്‍ത്താന്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കണം. ഇതിനുള്ള ആദ്യത്തെ ബാലപാഠങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നത് നമ്മുടെ കുടുംബങ്ങളില്‍ നിന്നു തന്നെയാണ്.
നമ്മുടെ കുഞ്ഞുമക്കള്‍ക്ക് പരസ്പര സ്‌നേഹത്തിന്റെയും കരുതലിന്റെയും ബഹുമാനത്തിന്റെയും ബാലപാഠങ്ങള്‍ തേനും വയമ്പിനു മൊപ്പം നാവില്‍ അരച്ചു ചേര്‍ത്ത് കൊടുക്കൂ. സ്ത്രീ, അവള്‍ അമ്മയോ സഹോദരിയോ ഭാര്യയോ കൂട്ടുകാരിയോ ആരുമായിക്കൊള്ളട്ടെ അവള്‍ സ്‌നേഹിക്കപ്പെടേണ്ടവളാണ് ബഹുമാനിക്കപ്പെടേണ്ടവളാണ് എന്ന് പഠിപ്പിച്ചു കൊടുക്കൂ.
നമ്മുടെ പെണ്‍കുട്ടികളെ ബോധവതികളാക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം നമ്മള്‍ക്കുണ്ട്. ശരിയല്ല എന്ന് തോന്നുന്നിടങ്ങളില്‍ നിന്നും പിന്‍തിരിഞ്ഞു നടക്കാന്‍ അവരെ ചെറുപ്പം മുതലേ പഠിപ്പിക്കുക. എന്റെ അമ്മ കുട്ടിയായിരുന്നപ്പോള്‍ എനിക്ക് തന്ന ഉപദേശം ഇന്നും എന്റെ മനസ്സിലുണ്ട്. നിന്നെ സംരക്ഷിക്കേണ്ടത് പ്രഥമ മായി നിന്റെ ഉത്തരവാദിത്വമാണ്. തെറ്റ് എന്ന് മനസ്സാക്ഷി പറയുന്നത് ഒന്നും തന്നെ ചെയ്യരുത്.
ബോബി ജോസ് കട്ടിക്കാട് അച്ചന്റെ അതിമനോഹരമായ ഒരു quote ഉണ്ട്.
'സ്‌നേഹമെന്നാല്‍ ഉപാധികളില്ലാതെയാകണം
ഉപാധികള്‍ ഉള്ളതിന് പേരോ വെറുമൊരിഷ്ടം
നീയിങ്ങനെയായാല്‍ എനിക്കിഷ്ടമെന്നോ
ഞാനിങ്ങനെയായാല്‍ ഇഷ്ടപ്പെട്ടേക്കാമെന്നോ
ഉപാധികള്‍ വയ്ക്കുമ്പോളതു വെറും ഇഷ്ടമായി മാറുന്നു –
തിരികെയൊന്നും കിട്ടാനില്ലെന്നറിഞ്ഞിട്ടും
ചേര്‍ത്തു നിര്‍ത്തുന്നതാണ് സ്‌നേഹം.'
അതെ. എന്നും ഓര്‍മ്മിക്കുക ഉപാധികള്‍ വയ്ക്കുന്നതൊന്നും സ്‌നേഹമല്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org