
ക്രൈസ്തവ കുടുംബത്തില്‍ ഗൃഹനാഥന്‍ മാതൃകയാക്കേണ്ടത് വിശുദ്ധ യൗസേപ്പിതാവി നെയാണ്. തന്റെ പുണ്യ പരിപാകതയും ദൈവ തിരുമനസ്സിനോടുള്ള പരിപൂര്‍ണ്ണ വിധേയത്വവും വ്യക്തമാക്കുന്ന സജീവ വിശ്വാസത്തിന്റെ മാതൃക യാണ് വിശുദ്ധ യൗസേപ്പിതാവ്.
പാരമ്പര്യമുള്ള ഒരു വലിയ വിശ്വാസസമൂഹത്തിന്റെ ഇളം തലമുറക്കാരായ നമുക്ക് വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പുതുതലമുറയ്ക്ക് നല്ല മാതൃക കാട്ടി കൊടുക്കുവാനുമുള്ള കടമയുണ്ട്. വിശ്വാസസംരക്ഷണത്തിന്റെ കാവല്‍ഭടന്മാര്‍ മാതാപിതാക്കളാണ്. എങ്കില്‍, കുടുംബമാണ് അതിന്റെ ഈറ്റില്ലം. ഉത്തരവാദിത്വങ്ങളുടെ മാത്രം താക്കോല്‍ സ്ത്രീകള്‍ക്ക് ചാര്‍ത്തി കൊടുക്കുന്നതാണ് നാട്ടുനടപ്പ്. സ്ത്രീയാണ് കുടുംബത്തിന്റെ വിളക്ക് എന്ന് അംഗീകരിക്കുമ്പോഴും പുരുഷന്റേത് ആയിരിക്കണം കുടുംബത്തിന്റെ നാദം. വെറും നാദം അല്ല മറിച്ച് വിശ്വാസത്തിന്റെ ശ്രുതിയും അധര സംയമനത്തിന്റെ താളവും തുളുമ്പുന്ന ഇമ്പമുള്ള നാദം. കുടുംബ ജീവിതത്തില്‍ ഗൃഹനാഥന്റെ പങ്ക് മാതൃകാപരവും നിസ്തുലവും നിര്‍ണ്ണായകവുമാണ്.
ക്രൈസ്തവ കുടുംബത്തില്‍ ഗൃഹനാഥന്‍ മാതൃകയാക്കേണ്ടത് വിശുദ്ധ യൗസേപ്പിതാവിനെയാണ്. തന്റെ പുണ്യ പരിപാകതയും ദൈവതിരുമനസ്സിനോടുള്ള പരി പൂര്‍ണ്ണ വിധേയത്വവും വ്യക്തമാക്കുന്ന സജീവ വിശ്വാസത്തിന്റെ മാതൃകയാണ് വിശുദ്ധ യൗസേപ്പിതാവ്. വിവാഹ വാഗ്ദാനത്തിനുശേഷമാണ് മറിയം ഗര്‍ഭവതിയാണെന്നുള്ള വിവരം യൗസേപ്പ് അറിയുന്നത്. ഏത് പുരുഷനെയും പോലെ ഈ സംഭവം യൗസേപ്പിനെയും വേദനിപ്പിക്കുകയും പരി ഭ്രാന്തനാക്കുകയും ചെയ്തു. എങ്കിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി യൗസേപ്പ് സ്വന്തം ഹൃദയ കുലീനതയില്‍ നീതിമാനായി പ്രവര്‍ത്തിച്ചു. മറിയത്തെ ഉപേക്ഷിക്കണമോ സ്വീകരിക്കണമോ എന്ന ചിന്തയുടെ അന്ത്യത്തില്‍ മറിയത്തെ രഹസ്യമായി പരിത്യജിക്കുവാനാണ് യൗസേപ്പ് തീരുമാനിച്ചത്. എന്നാല്‍ ദൈവദൂതന്റെ സന്ദേശം ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി. മറിയത്തിന്റെ ഗര്‍ഭത്തിലെ ശിശു ആരെന്ന രക്ഷാരഹസ്യം വെളിവാക്കപ്പെട്ടതോടെ യൗസേപ്പ് മറിയത്തെ മുറപ്രകാരം വിവാഹം ചെയ്തു. വിവാഹത്തിന്റെ വിശ്വസ്ത സ്‌നേഹം രൂഢമൂലമായിരുന്ന ഒരു കന്യകാത്വാധിഷ്ഠിതമായ വിവാഹമായിരുന്നു അത്. ബ്രഹ്മചാരിയായിരുന്ന യൗസേപ്പിന്റെ അഗാധമായ സ്‌നേഹത്താല്‍ തന്റെ യഥാര്‍ത്ഥ ഭാര്യയും കന്യകയുമായ മറിയത്തിന് ദൈവപുത്രന്‍ ജനിക്കുന്നത് മുതല്‍ തുടങ്ങുന്ന ചരിത്രത്തിലെ വ്യത്യസ്തനായ കഥാപാത്രം യൗസേപ്പ് തന്നെ. നീതി ബോധത്തിന്റെയും വിശ്വസ്തതയുടെയും കരുതലിന്റെയും കാവല്‍ഭടനായി വാഴുന്ന യൗസേപ്പ് സാര്‍വത്രിക സഭയുടെ മധ്യസ്ഥനാണ്.
സന്തുഷ്ടവും സമാധാനപരവും മാതൃകാപരവുമായ ഒരു കുടുംബജീവിതം നയിക്കുവാന്‍ കുടുംബനാഥനില്‍ രൂപപ്പെടേണ്ട നീതിബോധം, വിശ്വസ്തത, കരുതല്‍ എന്നീ ഗുണങ്ങളാണ് വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നത്. വിവാഹം എന്ന കൂദാശയിലൂടെ ഒരു പുരുഷനോടൊത്തുള്ള ജീവിതം ആരംഭിക്കുന്ന സ്ത്രീക്ക് ഇത് മൂന്നും നിഷേധിക്കപ്പെടുമ്പോഴോ പകര്‍ന്നു കൊടുക്കുന്ന അളവുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോഴോ കുടുംബജീവിതത്തില്‍ അസ്വാരസങ്ങള്‍ തലപൊക്കുന്നു. സ്വന്തം ഭര്‍ത്താവില്‍ യൗസേപ്പിതാവിന്റെ ഗുണങ്ങള്‍ പരതുന്ന സ്ത്രീ എന്ന കുടുംബവിളക്ക് നിരാശയുടെ കണ്ണീര്‍ക്കണങ്ങളാല്‍ അണഞ്ഞു പോകുന്നു. സ്ത്രീയുടെ അരക്ഷിതാവസ്ഥയും അന്തര്‍മുഖത്വവും ഖനീഭവിക്കുന്നു.
നമ്മുടെ ചെറുപ്പം ചോരത്തിളപ്പിന്റെ കാലമാണ്. വീണ്ടുവിചാരം ഇല്ലാതെയോ സദാചാര വിരുദ്ധമായോ എന്തെങ്കിലും ചെയ്യുന്നതും പറഞ്ഞുകൂട്ടുന്നതും ഒരു 'ബൂമറാങ്'പോലെ നമുക്കുമേല്‍ തിരിച്ചടിക്കുന്നത് നമ്മുടെ ജീവിത സായാഹ്നത്തിലാണ്. മക്കളുടെ വിവാഹം പോലെയുള്ള ചടങ്ങുകള്‍ സമീപിക്കുമ്പോള്‍ 'വിവാഹം മുടക്കികള്‍' പഴയതൊക്കെ കുത്തിപ്പൊക്കുക സ്വാഭാവികം. അപക്വമായി സ്വയം എയ്തുവിട്ട അഭിപ്രായങ്ങള്‍ തിരുത്താന്‍ വിഷമിക്കുന്ന പലരുടെയും ഹൃദയവ്യഥ സാക്ഷ്യമായുണ്ട്. സഭയ്ക്കും സന്യാസ സമൂഹത്തിനും എതിരെ തൊടുത്തുവിടുന്ന ആരോപണാസ്ത്രങ്ങള്‍ നമുക്കുതന്നെ വിനയായിട്ടുള്ളത് ചരിത്രം. സഭ എന്ന ഒഴുക്കിനെതിരെ തുഴയുന്നതും തടയാന്‍ ശ്രമിക്കുന്നതും വിഫലം അല്ലേ? ഒറ്റയാള്‍ പൊരുതലുകള്‍ക്ക് മതിലിനപ്പുറം നിന്ന് കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന പലരും കാണാപ്പുറത്ത് സഭയുമായുള്ള ബന്ധം ഏറ്റുപറയുന്നു. തിരുത്തലുകള്‍ ആവാം, ക്രിയാത്മകമായ വിമര്‍ശനങ്ങളും ആവാം എന്നാല്‍ നമ്മുടെത്തന്നെ മക്കളും സഹോദരങ്ങളുമായ സഭാധികാരികളെ തേജോവധം ചെയ്യുന്ന നാശത്തിന് കാരണമാകുന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന വേദികള്‍ അണുബോംബിനെക്കാള്‍ അപകടകരമാണ്.
അഭിപ്രായ വ്യത്യാസങ്ങളേക്കാള്‍ അഭിപ്രായ സമന്വയ സദസ്സുകള്‍ ആവണം നമ്മുടെ കൂട്ടായ്മകള്‍. കടമയും മാനദണ്ഡവും അനുസരിച്ച് സഭയ്ക്ക് നല്‍കാനുള്ളതൊക്കെ നല്‍കിയാല്‍ ഒരു തി കഞ്ഞ വിശ്വാസിയായി എന്നാരും ധരിക്കരുത്. ഉള്ളത് നല്‍കുന്നതല്ല മറിച്ച് ഉള്ളു തുറന്നു നല്‍കുന്നവരല്ലേ യഥാര്‍ത്ഥ വിശ്വാസികള്‍ എന്നത് ചിന്തിക്കേണ്ടതാണ്. വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഉള്ളു തുറന്ന് നല്‍കുന്നവര്‍ ഒരു കുടുംബത്തിന് മാത്രമല്ല, സഭയ്ക്ക് ആകമാനമുള്ള സ്വത്താണ്. അത്തരക്കാരുടെ സാന്നിധ്യംതന്നെ ഊര്‍ജമാണ്. കുടുംബജീവിതത്തിന്റെയും കുടുംബയൂണിറ്റുകളുടെയും പവിത്രത കുടുംബനാഥന്മാരില്‍ ഭദ്രമായിരിക്കണം. സംഭാഷണത്തിലും പ്രവൃത്തിയിലും വിശുദ്ധ യൗസേപ്പിതാവിന്റെ പക്വതയാര്‍ന്ന മാതൃക സ്വീകരിച്ചുകൊണ്ടും ശീശ്മകളെ പടിക്കപ്പുറം നിര്‍ത്തിയും സഭയോടൊത്തു ചേര്‍ന്നു നിന്നു കൊണ്ട് നമ്മുടെ മക്കള്‍ക്ക് നാം വഴികാട്ടികളാവണം. അഥവാ മറിച്ചാണ് നമ്മുടെ സമീപനം എങ്കില്‍, ഒരുപക്ഷേ നമ്മുടെ മക്കള്‍ തന്നെ നമുക്കെതിരെ 'എന്റെ അപ്പനാണ് പോലും.... അപ്പന്‍' എന്നെങ്ങാനും ഒരാക്ഷേപം ഉന്നയിച്ചാല്‍.... പ്രിയമുള്ളവരേ അതൊരു സിനിമ ഡയലോഗ് അല്ലേ എന്നു പറഞ്ഞ് സമാധാനിക്കാനല്ലാതെ ഒരു അപ്പന്റെ സ്ഥാനത്തുനിന്ന് അവരെ തിരുത്തുവാന്‍ ആവശ്യമായ ധാര്‍മ്മികത തെല്ലും അവശേഷിക്കാത്ത വിധം നമ്മള്‍ അശക്തരായിപ്പോകും.