വേറോനിക്കാ

വേറോനിക്കാ

വിശുദ്ധ ബൈബിളില്‍ പേര് രേഖപ്പെടുത്താത്ത, എന്നാല്‍ വിശുദ്ധ ഗ്രന്ഥവുമായി ഏറെ ചേര്‍ന്നുനില്ക്കുന്നതുമായ ഒരു പേരാണ് വേറോനിക്കാ. കുരിശിന്റെവഴിയില്‍ യേശുവിന്റെ മുറിവേറ്റു വികൃതമായ ചോരവാര്‍ന്ന മുഖം തന്റെ തൂവാലയില്‍ തുടച്ച വേറോനിക്കായുടെ പേരും ചരിത്രത്താളുകളില്‍ എഴുതപ്പെട്ടു. ജൂലൈ 12 അവളുടെ തിരുനാളായി സഭ ആഘോഷിക്കുന്നു. ഓരോ കുരിശിന്റെവഴിയിലും നാം വേറോനിക്കായെ ഓര്‍മ്മിക്കുന്നുണ്ട്. ക്രിസ്തുവിന്റെ മുഖം പതിഞ്ഞ തൂവാലയുമായി നില്‍ക്കുന്ന വിശുദ്ധ വേറോനിക്കാ. വിശുദ്ധ മാര്‍ക്കോസിന്റെയും, ലൂക്കായുടേയും സുവിശേഷങ്ങളില്‍ പറയുന്ന രക്തസ്രാവക്കാരി സ്ത്രീ വിശുദ്ധ വേറോണിക്കായാണെന്ന് പറയപ്പെടുന്നു.

കാല്‍വരിയിലേക്കുള്ള യാത്രയില്‍ യേശുവിന്റെ കുരിശ് ചുമക്കാന്‍ സഹായിച്ച കിറേനേക്കാരന്‍ ശിമയോനെക്കുറിച്ച് വിശുദ്ധ മത്തായിയും, മര്‍ക്കോസും, ലൂക്കായും രേഖപ്പെടുത്തുന്നുണ്ട്. ശിമയോന്‍ പട്ടാളക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കുരിശു ചുമക്കാന്‍ വന്നവനാണ്. എന്നാല്‍ ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തിലേക്ക്, ക്രൂരന്മാരായ പടയാളികളുടെ ഇടയിലേക്ക് ധൈര്യപൂര്‍വ്വം കടന്നുചെന്ന് യേശുവിന്റെ മുഖം തുടയ്ക്കാന്‍ ധൈര്യം കാണിച്ച വെറോനിക്കയുടെ പേര് ബൈബിളില്‍ രേഖപ്പെടുത്തേണ്ടത് തന്നെയാണ്. ക്രിസ്തു ജീവിച്ചിരുന്ന കാലവും, അന്നത്തെ സാമൂഹികവും മതപരവുമായ രീതികളും നമുക്കറിയാം. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന യഹൂദ പാരമ്പര്യം, എന്നിട്ടും എന്തൊരു ചങ്കൂറ്റത്തോടെയാണ് അവള്‍ ആ പടയാളികളുടെ ഇടയിലേക്ക് കടന്നുചെന്നത്. തീര്‍ച്ചയായും പടയാളികള്‍ അവളെ തടഞ്ഞിട്ടുണ്ടാവും, അവര്‍ അവളെ പിടിച്ചു തള്ളിയിട്ടുണ്ടാവും. പക്ഷേ അവള്‍ ധൈര്യപൂര്‍വ്വം തന്റെ കര്‍ത്താവിന്റെ അടുത്തെത്തി. മുറിവായി മാറിയ ആ തിരു മുഖം കരുണയോടെ തുടച്ചു. അതേ! സ്‌നേഹം പ്രതിബന്ധം അറിയുന്നില്ലല്ലോ. സ്‌നേഹം മരണത്തെപ്പോലെ ശക്തമാണ്.

പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍ കഴിയുകയില്ല.

അവളുടെ ആ സ്‌നേഹം, കരുണ ക്രിസ്തുവിനെ എത്രമാത്രം ആശ്വസിപ്പിച്ചുണ്ടാവും. അവഹേളനങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ ആ സ്‌നേഹ സാമീപ്യം അവനെ തഴുകി തണുപ്പിച്ചിട്ടുണ്ടാവും. അവളുടെ സ്‌നേഹത്തിന് ക്രിസ്തു അപ്പോള്‍തന്നെ ഉത്തരം കൊടുത്തു. അവളുടെ തൂവാലയില്‍ തന്റെ മുഖം തന്നെ പതിച്ചു കൊടുത്തു. ഏറ്റവും വലിയ അത്ഭുതം, അടയാളം.

വേറോനിക്കാ, നീ സ്‌നേഹത്തിന്റെ, ധൈര്യത്തിന്റെ, കരുതലിന്റെ പ്രതീകമാണ്.

വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഞാനോര്‍ക്കുന്നു:

''ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്‌നതയോ, ആപത്തോ, വാളോ?'' (റോമാ 8:35)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org