
മാതൃപാഠങ്ങള്‍
ഷൈനി ടോമി
മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍
എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….
"വിശ്വാസം നഷ്ടപ്പെട്ടാല്‍ സാരമില്ല; വിശ്വസിക്കാനുള്ള കഴിവു നഷ്ടപ്പെടാതെ നോക്കണം." ദുക്റാന തിരുനാളിന് തോമസ് സി.എം.ഐ. അച്ചന്‍ പറഞ്ഞതാണിത്. ഈ വാചകം എന്നെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. അതുകൊണ്ടുതന്നെ എന്‍റെ ചില സന്ദേഹങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.
വന്‍കടലിലെ കൂറ്റന്‍ തിരമാലകളെ നിസാരമായി നേരിടുന്ന ചെറുമീനുകളാണ് എനിക്കോര്‍മ്മ വരുന്നത്. കരുത്തരായ മനുഷ്യരെയും അവര്‍ നിര്‍മ്മിച്ച ശക്തമായ ഇരുമ്പു പെട്ടകങ്ങളെയും തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിയുന്നത്ര ശക്തമായ തിരമാലകളെയാണ് ചെറുമത്സ്യങ്ങള്‍ തുഴഞ്ഞു തോല്പിക്കുന്നത്. അവ നിലവിളിക്കുന്നില്ല, പരിഭവിക്കുന്നില്ല, കുറ്റപ്പെടുത്തുന്നില്ല, ആരേയും വഞ്ചിക്കുന്നില്ല, ഒറ്റപ്പെടുത്താനോ, മത്സരിച്ചു തോല്പിക്കാനോ സമയം പാഴാക്കുന്നില്ല. അവറ്റകള്‍ക്കു സ്വന്തം കര്‍മ്മം നിരന്തരം മടികൂടാതെ ചെയ്യുവാന്‍ കഴിയുന്നു. അതവരെ ജീവിതത്തില്‍ വിജയിപ്പിക്കുന്നു.
ഒരിക്കല്‍ പരിചയപ്പെട്ട മിടുക്കനായ ഒരാണ്‍കുട്ടിയെ ഓര്‍ക്കുന്നു. വടക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ഒരു കോണ്‍വെന്‍റ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. സിസ്റ്റര്‍ പ്രിന്‍സിപ്പാളിന്‍റെ എക്കാലത്തെയും "പെറ്റ്." വര്‍ഷാവര്‍ഷം കലോത്സവങ്ങളിലും ക്വിസ് മത്സരങ്ങളിലും സ്കൂളിന് ട്രോഫിയും, അഭിമാനവും പേരും പ്രശസ്തിയും നേടിക്കൊടുത്തു കൊണ്ടിരിക്കുന്നതവനാണ്. അതിന്‍റെ പേരില്‍, ഒരുപാടു പരിഗണനകള്‍ കിട്ടി: നോട്ട് എഴുതുക, അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക – തുടങ്ങിയ കാര്യങ്ങളില്‍ ഇളവു നേടുക, വേണ്ടത്ര അവധിയെടുക്കുക, ഒക്കെ. കുട്ടി പത്താം ക്ലാസ്സിലെത്തി. അപ്പോള്‍ അവന്‍ അധ്യാപകര്‍ക്കു തലവേദനയായി മാറി. അനുസരണയില്ല, മറ്റു കുട്ടികളെക്കൂടി ഉഴപ്പുന്നു, പ്രിന്‍സിപ്പലിനെപ്പോലും പരസ്യമായി ശകാരിക്കുന്നു. പ്രശ്നക്കാരന്‍ ആയിരിക്കുന്നു അവന്‍. ചെറുമീന്‍ തിരയെ മുറിച്ചുകടന്നപോലെ. എന്തുകൊണ്ട് അധ്യാപകര്‍ക്ക് അവന്‍റെ അഹന്തയെ മുറിച്ചുകടക്കാന്‍ കഴിയുന്നില്ല. അവന് എന്തുകൊണ്ട് മാനസിക സമ്മര്‍ദ്ദത്തിരമാലകളെ കര്‍മ്മം കൊണ്ടു ജയിക്കാനാകുന്നില്ല?
വിശ്വാസം കുറച്ചൊന്നുമല്ല, ഇക്കാലത്ത് പരീക്ഷിക്കപ്പെടുന്നത്! ഭാര്യയ്ക്കു ഭര്‍ത്താവിനെയോ, ഭര്‍ത്താവിനു ഭാര്യയെയോ, മക്കള്‍ക്കു മാതാപിതാക്കളെയോ, മാതാപിതാക്കള്‍ക്കു മക്കളെയോ, സുഹൃത്തുക്കള്‍ക്കു പരസ്പരമോ വിശ്വസിക്കുവാന്‍ കഴിയുന്നുണ്ടോ? ചെറുമീന്‍ കടലിനെ വിശ്വസിക്കുന്നതുപോലെ!
കന്യകാപ്രായം മുതല്‍ ഏഴുവര്‍ഷം ഭര്‍ത്താവിനൊപ്പം ജീവിച്ച അന്ന തന്‍റെ വൈധവ്യത്തെ ദൈവാരാധനയ്ക്കു സമര്‍പ്പിച്ചു. എണ്‍പത്തിനാലു വയസ്സുള്ള കാലത്ത് അവള്‍ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നു. അന്നൊരിക്കല്‍ മറിയം അവളുടെ ശിശു യേശുവിനെ മോശയുടെ നിയമമനുസരിച്ച് കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെം ദേവാലയത്തിലെത്തി. ശിശുവിനെ കണ്ടപ്പോള്‍ തന്നെ അന്ന മുന്‍പോട്ടു വന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലേമില്‍ രക്ഷ പ്രതീക്ഷിച്ചു കൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
ഈ വിധവ ഒരു ചെറുമീന്‍ തന്നെയല്ലേ? രക്ഷകനെ കാണുവാനായിരുന്നില്ലേ അവള്‍ കാത്തിരുന്നത്. ഇതുപോലെ കാത്തിരിക്കുവാന്‍ ഓരോരുത്തര്‍ക്കും എന്നോ, കുറുക്കു വഴിയേ പോയിട്ടോ, ചതിപ്രയോഗത്തിലൂടെയോ ലക്ഷ്യം നേടാം എന്നോ ഉള്ള ആവേശം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കുടപിടിക്കും. തകര്‍ച്ചകള്‍ ഉണ്ടാകുന്ന വഴികള്‍ ഇതൊക്കെയാണെന്നു തിരിച്ചറിയാന്‍ ഒരുപാടു പഠിപ്പോ, പണമോ ആവശ്യമില്ല. ചുറ്റുപാടുകള്‍ നിരീക്ഷിച്ചാല്‍ മതി.
പുതുതലമുറയ്ക്കെങ്കിലും അഹങ്കാരം കൂടാതെ ജീവിക്കാനായെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. എനിക്കു പറ്റിയ തെറ്റുകള്‍ എന്‍റെ മക്കള്‍ക്കു സംഭവിക്കാതിരിക്കണം. അയലത്തെ പട്ടിയാകാന്‍ കൊതിച്ച ഒരു കുട്ടിയാണ് നമ്മുടെ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍. ആ ചെറുമീനും തിരയെ തോല്പിച്ചു.