സി. ഡോ. പ്രീത സി.എസ്.എന്‍.
അമ്മുവിന്റെ അമ്മയ്ക്കും ചേച്ചിക്കും അമിത ആകുലതയാണ് അവളുടെ ഓണ്‍ലൈന്‍ ക്ലാസുകളും അതു കഴിഞ്ഞുള്ള പരീക്ഷകളുടെ കാര്യത്തിലും. അമ്മു ക്ലാസില്‍ ഒന്നാമതായി കാണാന്‍ ആഗ്രഹിച്ച് മാതാപിതാക്കള്‍ അവള്‍ക്ക് ട്യൂഷന്‍ കൊടുക്കുന്നുണ്ടെങ്കിലും പഠനത്തേക്കാള്‍ അവളുടെ ശ്രദ്ധ കായികവും കലാപരവുമായ കാര്യങ്ങളിലാണ്. പക്ഷേ ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതില്‍ പിന്നെ അവളുടെ മാര്‍ക്ക് കണ്ട് ടീച്ചര്‍മാര്‍പോലും അതിശയപ്പെടാറുണ്ട്. പഠനത്തില്‍ പുറകിലായിരുന്ന ഈ കുട്ടി എങ്ങനെ ഇത്രയും മാര്‍ക്ക് നേടി. അമ്മുവിന്റെ പാഠങ്ങള്‍ പലതും മനഃപാഠമാക്കുന്നത് അമ്മയും ചേച്ചിയുമാണ്. അവരുടെ അതിരുകടന്ന സഹായമാണ് അവളുടെ മാര്‍ക്കില്‍ വരുത്തിയ വ്യതിയാനം. എന്നാല്‍ അമ്മുവിന്റെ കൂട്ടുകാരി മീരയുടെ മാതാപിതാക്കളുടെ നിലപാട് തികച്ചും വ്യത്യസ്തമാണ്. പഠന സൗകര്യങ്ങള്‍ ചെയ്തുകൊടുത്തും സംശയനിവാരണം നടത്തിയും സ്വന്തം ഉത്തരവാദിത്വത്തില്‍ സത്യസന്ധമായി പഠിക്കാനും, പരീക്ഷ എഴുതാനും, കിട്ടുന്ന മാര്‍ക്ക് നോക്കി പോരായ്മകള്‍ തിരുത്തി പരിശ്രമിക്കാനും അവര്‍ അവളെ പ്രോത്സാഹിപ്പിക്കുന്നു. ക്ലാസില്‍ ഫസ്റ്റ് എന്നതിലുപരി മീര ഉത്തരവാദിത്വബോധവും അദ്ധ്വാനശീലവും സത്യസന്ധതയുമുള്ള കുട്ടിയായി കാണാനാണ് അവരുടെ ആഗ്രഹം.
ഇന്നത്തെ പഠനരീതികള്‍ കുട്ടികളില്‍ മൂല്യബോധം വളര്‍ത്താന്‍ വെല്ലുവിളികള്‍ നല്‍കുന്ന തരത്തിലുളളതാണ്. വീട്ടിലിരുന്ന് പുസ്ത കം നോക്കിയും മറ്റുള്ളവര്‍ പറഞ്ഞുകൊടുത്തും പരീക്ഷ എഴുതിയാല്‍ കുട്ടികള്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി എന്ന് പറയാനാകില്ല. മൂല്യങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ തിളങ്ങേണ്ട ഗുണങ്ങളാണ്. ഇന്നത്തെ കുട്ടിയാണ് നാളത്തെ പൗരന്മാര്‍. സത്യസന്ധത എന്ന മൂല്യം കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കണ്ടു പഠിക്കുന്നില്ലായെങ്കില്‍ തെറ്റും ശരിയും എങ്ങനെ അവര്‍ തിരിച്ചറിയും. തെറ്റു വരുത്തിയാല്‍ അത് നാണക്കേടാണ്. ഏത് മാര്‍ഗ്ഗമുപയോഗിച്ചും ശരിയായത് എഴുതുക, പറയുക, പ്രവര്‍ത്തിക്കുക എന്ന സന്ദേശം ചില മാതാപിതാക്കളില്‍ നിന്നെങ്കിലും സ്വീകരിക്കുന്ന കുട്ടികള്‍ തെറ്റു പറ്റിയാലും അത് മറച്ചുവയ്ക്കാനും അവര്‍ ചെയ്തത് ശരിയാക്കാന്‍ എല്ലാ വളഞ്ഞവഴികളും തേടുകയും ചെയ്യുന്നു.
ഇക്കാരണത്താല്‍, കുട്ടികള്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന പൂര്‍ണ്ണതയില്‍ എത്തണമെന്നില്ല. കുട്ടികള്‍ പഠനത്തിന്റെയും അദ്ധ്വാനത്തിന്റെയും മൂല്യങ്ങള്‍ മനസ്സിലാക്കാ നും പ്രശ്‌നങ്ങളുടെ മധ്യത്തിലും പതറാതെ സാധ്യതകളെ കണ്ടെത്താനും പ്രാപ്തരാകണം. കൂടാതെ, സത്യസന്ധത, സ്‌നേഹം, കരു ണ, കരുതല്‍, കഠിനാധ്വാനം, പരസ്‌നേഹം, സഹകരണം, സഹനം, അനുകമ്പ, ക്ഷമ, മറ്റുള്ളവരെ മനസ്സിലാക്കല്‍ ഇവ കുട്ടികള്‍ കണ്ട് പഠിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്.
കുട്ടികള്‍ കണ്ടും കേട്ടും പഠിക്കുന്ന മാതൃകകളാണ് മാതാപിതാക്കള്‍ എന്ന് നാം മറക്കരുത്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് മൂല്യബോധത്തില്‍ വളരും എന്ന ചിന്ത ശരിയാകണമെന്നില്ല. അവര്‍ക്ക് മൂല്യബോധ വളര്‍ച്ച സാധിക്കേണ്ട ആദ്യവിദ്യാലയം കുടുംബം തന്നെയാണ്. പറയുന്നത് ജീവിച്ച് കാണിച്ച് കുട്ടികള്‍ക്ക് മാതൃകയാകുന്ന മാതാപിതാക്കളെയാണ് മക്കള്‍ക്കാവശ്യം. ഒരുപക്ഷേ മൂല്യങ്ങളുടെ പട്ടിക നിരത്തി മക്കളെ ഉപദേശിക്കാനാകും. പക്ഷേ അവര്‍ക്കാവശ്യം അതില്‍ ചിലതെങ്കിലും സ്വജീവിതത്തില്‍ പകര്‍ത്തി മാതൃക നല്കുന്ന മാതാപിതാക്കളെ അവരുടെ ഗുരുക്കളാക്കാനാണ്.
പ്രായമായവരെ ബഹുമാനിക്കാന്‍ കുട്ടികള്‍ മാതാപിതാക്കളെ നോക്കി പഠിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനും അനുകമ്പയോ ടെയും സഹിഷ്ണുതയോടെയും കരുതാനും കുട്ടികള്‍ കരുത്താര്‍ജ്ജിക്കുന്നതും കുടുംബങ്ങളില്‍ നിന്നാണ്. കോപ്പിയടിച്ചും ചോദിച്ച് എഴുതിയും എങ്ങനെയും മറ്റുള്ളവരെക്കാള്‍ മാര്‍ക്കു വാങ്ങി മിടുക്കു കാ ണിക്കുന്ന കുട്ടികള്‍ സ്വന്തം തെറ്റിനെ ന്യായീകരിക്കാനും മറ്റൊരു മു ഖം കാണിച്ച് ജീവിക്കാനും പഠിക്കുകയാണ്. തനിക്ക് എതിര് നില്ക്കുന്നവരെയും തിരുത്തുന്നവരെയും വിമര്‍ശിക്കാനും താഴ്ത്തി കാണിക്കാനും അവര്‍ വളരെ തല്‍പരരാകുന്നു. മൂല്യബോധത്തില്‍ മാതാപിതാക്കളെ മാത്യകയാക്കി വളരേണ്ട കുട്ടികള്‍ പ്രായോഗികപാഠശാലയായ കുടുംബങ്ങളില്‍ നിന്ന് തന്നെ നല്ല കാര്യങ്ങള്‍ പഠിച്ച് അവനവന്റെ തനതായ വ്യക്തിത്വവും കഴിവും കണ്ടെത്തി വളരട്ടെ.