വാടകഗര്‍ഭധാരണത്തിലെ ചൂഷണവും അധാര്‍മികതയും

വാടകഗര്‍ഭധാരണത്തിലെ ചൂഷണവും അധാര്‍മികതയും

ഫാ. പോള്‍ മാടശേരി
സെക്രട്ടറി,
കെസിബിസി ഫാമിലി കമ്മീഷന്‍ന

"'നിങ്ങള്‍ കുഞ്ഞിനെ കണ്ടോ? ആണ്‍കുഞ്ഞായിരുന്നോ അതോ, പെണ്‍കുഞ്ഞായിരുന്നോ?' ബോധം വന്നപ്പോള്‍ ഞാന്‍ എന്‍റെ ഭര്‍ത്താവിനോടു ചോദിച്ചു. കാരണം, ഞാന്‍ അബോധാവസ്ഥയിലായിരുന്നപ്പോഴാണ് അവര്‍ എന്‍റെ കുഞ്ഞിനെ എന്‍റെ അടുത്തുനിന്നും കൊണ്ടുപോയത്. ഞാന്‍ ഡോക്ടറോടു ചോദിച്ചു: ചോദിക്കാന്‍ അവകാശമില്ല എന്നായിരുന്നു മറുപടി. കുഞ്ഞിനു ജന്മം നല്കിയതിനുശേഷം മൂന്നുമാസത്തോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കുഞ്ഞിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ചങ്ക് പൊട്ടുന്ന വേദനയായിരുന്നു. ഒടുവില്‍ മനസ് ശാന്തമാകാന്‍ മരുന്ന് കഴിക്കേണ്ടി വന്നു. എല്ലാ വര്‍ഷവും നവംബര്‍ 4-ാം തീയതി ഞാനും കുടുംബവും ആ കുഞ്ഞിന്‍റെ പിറന്നാള്‍ ആഘോഷിക്കാറുണ്ട്. അന്നു രാവിലെ ഞാന്‍ ഉപവസിക്കും. അമ്പലത്തില്‍ പോകും. പായസം ഉണ്ടാക്കി വീട്ടിലുള്ളവര്‍ക്കും അയല്‍വാസികള്‍ക്കും നല്കും. ആ കുഞ്ഞിനെ ഒരുവട്ടം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി എന്തുചെയ്യാനും ഞാന്‍ തയ്യാറാണ്. എനിക്കറിയാം കണ്ടിരുന്നെങ്കില്‍ എന്‍റെ കുഞ്ഞിനെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലായിരുന്നു."
– ഒരു വാടകമാതാവിന്‍റെ ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്.

ഒരു സ്ത്രീ തന്‍റെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനും പ്രസവത്തിനുമായി നല്കുക വഴി കുട്ടികളില്ലാത്ത ദമ്പതികള്‍ക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന സമ്പ്രദായമാണ് വാടകഗര്‍ഭധാരണം അഥവാ സറഗസി. കുട്ടികളെ ജനിപ്പിക്കാന്‍ ആവശ്യമുള്ള ദമ്പതിമാര്‍ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടെ ഏതെങ്കിലുമോ ബീജവും അണ്ഡവും തമ്മില്‍ യോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണിത്. ഇത്തരത്തില്‍ ഗര്‍ഭപാത്രം നല്കുന്ന സ്ത്രീയെ 'സറഗേറ്റ് അമ്മ' അഥവാ 'മറ്റമ്മ' എന്നാണു വിളിക്കുക. ഇതിനു വാടക അമ്മമാരെ ഉപയോഗിക്കുന്ന സമ്പ്രദായം ലോകത്ത് പ്രത്യക്ഷപ്പെട്ടത് 1970 കളുടെ മധ്യത്തിലായിരുന്നു.

സാധാരണയായി ഗര്‍ഭാശയ തകരാറ് മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരമായിട്ടാണ് സ്വന്തം രക്തത്തില്‍നിന്നുള്ള കുഞ്ഞിനെ ലഭിക്കാന്‍ ഈ രീതി അവലംബിക്കുന്നത്. എന്നാല്‍, ഇതിനു പിന്നീട് മാറ്റമുണ്ടായി. വൈകല്യങ്ങളില്ലെങ്കിലും സമയക്കുറവും ജോലിയുമൊക്കെ കണ്ടുകൊണ്ട് സ്ത്രീകള്‍ പ്രസവം കരാര്‍ നല്കുന്ന രീതിയിലേക്കുവരെ എത്തി കാര്യങ്ങള്‍. സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞിനെ ലഭിക്കാന്‍ ഗര്‍ഭധാരണം മൂലമുണ്ടാകുന്ന ഒരു പ്രയാസവും അറിയാതെ ചുരുക്കത്തില്‍ 'ക്രെഡിറ്റ് കാര്‍ഡ്' ഉപയോഗിച്ച് കുഞ്ഞിനെ കരസ്ഥമാക്കുന്ന ഒരു സംവിധാനമായി മാറി വാടക ഗര്‍ഭധാരണം.

വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം 2002 മുതല്‍ ഇന്ത്യയില്‍ നിയമവിധേയമായതാണ്. നിയമവശങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ റിസേര്‍ച്ചിന്‍റെ ചില നിര്‍ദ്ദേശങ്ങളനുസരിച്ചാണ് വാടക ഗര്‍ഭധാരണം നടക്കുന്നത്.

2005-ല്‍ തിരുവനന്തപുരം സമദ് ആശുപത്രിയിലായിരുന്നു കേരളത്തിലെ ആദ്യത്തെ വാടക ഗര്‍ഭപാത്രത്തില്‍നിന്നും കുഞ്ഞുപിറന്നത്. 40 കഴിഞ്ഞ കൊച്ചി സ്വദേശികള്‍ക്കായിരുന്നു പരീക്ഷണം. എന്നാല്‍, കാലക്രമേണ ഏതു മേഖലകളിലെയും പോലെ തന്നെ വാടക ഗര്‍ഭധാരണത്തിനും ചൂഷണം അനേകമായി. വാണിജ്യപരമായിത്തന്നെ അതു മാറിക്കൊണ്ടിരിക്കുന്നു. വാടകഗര്‍ഭത്തില്‍ പിറന്ന അനേകം കുട്ടികള്‍ പിന്നീട് അനാഥരായി. ഇത്തരം ഒരു അവസ്ഥയില്‍ പല രാജ്യങ്ങളും ഇതിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായി.

വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ട രാജ്യമാണ് ഇന്ന് ഇന്ത്യ. ആശ്ചര്യമെന്നു പറയട്ടെ, ലോകത്തെ ആദ്യത്തെ 'ബേബി ഫാക്ടറി' (വിദേശദമ്പതികള്‍ക്കുവേണ്ടി വാടക അമ്മമാരെ കണ്ടെത്തുകയും താമസിപ്പിക്കുകയും ചെയ്യുന്നയിടം) ആരംഭിച്ചത് ഇന്ത്യയിലാണ്. രാജ്യത്ത് പ്രശസ്തമായ സറഗസി ആശുപത്രികള്‍ ഇന്നു നിലവിലുണ്ട്. കഴിഞ്ഞവര്‍ഷം അമ്പതോളം കുഞ്ഞുങ്ങളാണ് ഇതിലൂടെ പിറന്നത്.

പാശ്ചാത്യരുടെ സന്താനദുഃഖത്തിന് ഇന്ത്യന്‍ അമ്മമാര്‍ പരിഹാരം നല്കുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി കാണുന്നത്. വാടകയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് വന്നതോടെ വിദേശികള്‍ക്ക് ഇന്ത്യന്‍ അമ്മമാരിലായി കണ്ണ്. ഇവിടെ ഒരു ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നതിന് അധികം പണചെലവുകളോ മറ്റു തലവേദനകളോ ഇല്ല എന്നതാണ് അവരെ ആകര്‍ഷിക്കുന്നത്. ഇതിനു വ്യക്തമായ നിയന്ത്രണങ്ങളോ നിയമങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ കടുത്ത ചൂഷണമായി ഇതു മാറിയിരിക്കുന്നു.

വിദേശരാജ്യങ്ങളില്‍ 5000- 7000 ഡോളര്‍ ഇതിനു ചെലവു പ്രതീക്ഷിക്കുമ്പോള്‍ ഇന്ത്യയില്‍ പാതി ചെലവു മാത്രമേ വരുന്നുള്ളൂ. കുടുംബാംഗങ്ങളുടെയോ ഏജന്‍റുമാരുടെയോ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങിയാണ് പല സ്ത്രീകളും ഇതിനു തയ്യാറാകുന്നത്. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരും പണത്തിന് ആവശ്യമുള്ളവരുമായ സ്ത്രീകള്‍ വാടക അമ്മമാരാകാന്‍ തയ്യാറാകുമ്പോള്‍ പലപ്പോഴും വഞ്ചിതരാകാറുണ്ട്. ബിസിനസ് നടത്തുന്ന ഏജന്‍റുമാര്‍ പണം തട്ടുമ്പോള്‍ വാടക അമ്മമാര്‍ക്ക് കിട്ടുന്നത് നക്കാപ്പിച്ച മാത്രം.

കഴിഞ്ഞ പത്തുവര്‍ഷക്കാലത്ത് ഇന്ത്യയില്‍ വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം വന്‍തോതില്‍ വര്‍ദ്ധിച്ചു. സ്വന്തം കുഞ്ഞു വേണമെന്ന് ആശിക്കുന്ന വിദേശീയരായ ദമ്പതികള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത ഇന്ത്യ, തായ്ലന്‍റ് മുതലായ രാജ്യങ്ങളിലേക്ക് കൂട്ടമായി എത്തുന്നു.

ഓസ്ട്രലിയ, യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, ന്യൂസിലാന്‍റ,് ജപ്പാന്‍ തുടങ്ങിയ പല വികസിത രാജ്യങ്ങളിലും പണത്തിനു വേണ്ടി ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കുന്നത് നിരോധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇതിനു ഡിമാന്‍ഡ് ഏറുകയാണ്. ഇവിടെ സ്ത്രീകളെ കിട്ടാത്തതിനാല്‍ തമിഴ്നാട്, ആന്ധ്ര, ഒറീസാ എന്നിവിടങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിക്കുന്നു. വന്ധ്യതാചികിത്സ നടക്കുന്ന പല ആശുപത്രികളുടെയും മുഖ്യബിസിനസ് ഇപ്പോള്‍ വാടക ഗര്‍ഭപാത്രം സംഘടിപ്പിക്കലും അതിനു ജനിതക മാതാപിതാക്കളെ നിര്‍ബന്ധിക്കലുമാണ്.

വാടക ഗര്‍ഭധാരണത്തിന്‍റെ പേരില്‍ രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന അനീതികളുടെ പശ്ചാത്തലത്തിലാണ് വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ 2016-ല്‍ ലോകസഭയും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സഭയും പാസാക്കിയത്.

കൃത്രിമ പ്രത്യുല്പാദന സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനും അതു സുരക്ഷിതവും ധാര്‍മികവും ആകാനാണ് ഈ ബില്‍ എന്നവകാശപ്പെടുമ്പോഴും ഇതില്‍ പതിയിരിക്കുന്ന അപകടം നാം മനസ്സിലാക്കണം. കുട്ടികള്‍ ഉണ്ടാകാന്‍ എല്ലാ ദമ്പതികള്‍ക്കും അവകാശമുണ്ടെന്നും അതിന് ഏതു മാര്‍ഗവും സ്വീകരിക്കാം എന്നുമാണ് ബില്‍ നിര്‍ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ലൈംഗികബന്ധം, പ്രത്യുല്പാദനം എന്നീ ദാമ്പത്യധര്‍മങ്ങള്‍ക്ക് ആരെയും കൂട്ടുചേര്‍ക്കാം എന്നുവരുന്നു. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിവാഹമെന്ന കൂദാശയുടെ പരിശുദ്ധിയും ദാമ്പത്യബന്ധത്തിന്‍റെ അവിഭാജ്യതയും നഷ്ടപ്പെടുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതം ഈ ബില്‍ സൃഷ്ടിക്കും എന്നതിന് തര്‍ക്കമില്ല. കൂടാതെ, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍ക്കും ഒറ്റയ്ക്കു കഴിയുന്നവര്‍ക്കും കൃത്രിമ പ്രത്യുല്പാദനത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിക്കാനാകും. കൃത്രിമ പ്രത്യുല്പാദനം കഴിഞ്ഞ് ശേഷിക്കുന്ന ഭ്രൂണങ്ങളെ നശിപ്പിക്കാം. മേന്മകൂടിയ ഭ്രൂണങ്ങളെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും അല്ലാത്തവയെ ഉപേക്ഷിക്കുകയും ചെയ്യാം. ഒന്നിലധികം ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വളരുമ്പോള്‍ ഒന്നൊഴിച്ച് മറ്റുള്ളവയെ പുറന്തള്ളാം. അഞ്ചുവര്‍ഷത്തേക്ക് ഭ്രൂണങ്ങളെ ശീതീകരിച്ചു വയ്ക്കാം. അവയെ ഗവേഷണത്തിന് ഉപയോഗിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം.

ഭ്രൂണത്തെ കേവലം ഒരു വസ്തുവായി കാണുകയും ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തില്‍ മനുഷ്യന്‍ അനധികൃതമായി ഇടപെടുകയും ചെയ്യുന്ന സമീപനമാണിത്. വിവിധ കാരണങ്ങളാല്‍ ഈ ബില്ലില്‍ അധാര്‍മികതയുടെ അപകടവഴികളുണ്ട്.

ദമ്പതികള്‍ പരസ്പരം സ്നേഹം നല്കുകയും പുതിയൊരു ജീവന്‍ ലക്ഷ്യം വയ്ക്കുകയും ചെയ്യുക എന്നതു വിവാഹജീവിതത്തിന്‍റെ മുഖ്യമായ ലക്ഷ്യങ്ങളാണ്. സ്നേഹത്തില്‍ അവര്‍ ഏകശരീരമായിത്തീരുന്നു. അവിഭാജ്യമായ ഈ ബന്ധം ദൈവനിശ്ചയപ്രകാരമാണ്. ഇപ്രകാരമുള്ള ബന്ധത്തില്‍ നിന്നുമാണ് കുഞ്ഞുങ്ങള്‍ ജനിക്കേണ്ടത്. ഈ ദൈവനിയമത്തെ തിരസ്കരിക്കുന്നതാണ് കൃത്രിമ പ്രത്യുല്പാദന പ്രക്രിയ. അന്യപുരുഷനില്‍നിന്നോ സ്ത്രീയില്‍ നിന്നോ അണ്ഡമോ ബീജമോ സ്വീകരിച്ച് പ്രത്യുല്പാദനം നടത്തുമ്പോള്‍ ദാമ്പത്യജീവിതത്തിലേക്ക് മറ്റൊരു വ്യക്തിയോ വ്യക്തികളോ കടന്നുവരികയാണ്. അതു ദാമ്പത്യവിശ്വസ്തതയ്ക്കും ദാമ്പത്യബന്ധത്തിലെ സമ്പൂര്‍ണസമര്‍പ്പണത്തിനും ഐക്യത്തിനും വിരുദ്ധമാണ്. ദൈവീകപദ്ധതിയെ ചോദ്യം ചെയ്യുന്നതിനാല്‍ ഇത് അധാര്‍മികമാണ്.

മനുഷ്യജീവനെ ഈ നിയമം വില്പന ചരക്കാക്കുന്നു. മനുഷ്യമഹത്വത്തിന് (Human Dignity) വിരുദ്ധമാണിത്. കുടുംബജീവിതത്തിന്‍റെ ഭദ്രത, കെട്ടുറപ്പ്, കുടുംബമൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ ഈ ബില്‍ തയ്യാറാകുന്നില്ല. വിവാഹജീവിതത്തിനും ദാമ്പത്യബന്ധങ്ങള്‍ക്കും ഇതു പ്രാധാന്യം കൊടുക്കുന്നുമില്ല.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ 40 ശതമാനം പാരമ്പര്യഘടകങ്ങള്‍ക്കും (Traditional factors) 60 ശതമാനം പരിസ്ഥിതി ഘടകങ്ങള്‍ക്കും (Environmental factors) സ്വാധീനം ചെലുത്താന്‍ ആകുമെന്നാണ് മനഃശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. ഈ ബില്ലുപ്രകാരം അണ്ഡവും ബീജവും മറ്റൊരാളുടേതാകുമ്പോള്‍ മാതാപിതാക്കളുമായി ജനിതക വൈവിധ്യമുള്ള മക്കളാകും ജനിക്കാന്‍ ഇടവരുന്നത് എന്നുറപ്പ്.

കൂടാതെ, കുടുംബബന്ധങ്ങളിലൂടെയല്ലാതെ പിറന്നുവീഴുന്ന പുതുതലമുറയെ ഏറിയ ഭയപ്പാടോടെയാണ് സാമൂഹ്യമനഃശാസ്ത്രജ്ഞന്മാര്‍ കാണുന്നത്. വിവാഹബന്ധത്തിന്‍റെ പുറത്ത് കുട്ടികള്‍ ജനിക്കുന്നതിനാല്‍ യഥാര്‍ത്ഥ കുടുംബബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു സാധിക്കാതെ പോകുന്നു. യഥാര്‍ത്ഥ മാതാവും പിതാവും ആരാണെന്നു പറയാതിരിക്കുന്നതും സ്വന്തം മാതാവില്‍നിന്നു പിറക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നതും അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണ് (Convention on Rights on Child 1989). സ്വന്തം മാതാവില്‍നിന്നും പിതാവില്‍നിന്നും സ്നേഹം ലഭിക്കാതെ ജനിക്കുന്ന കുട്ടികള്‍ കുടുംബ സാമൂഹികജീവിതത്തിന്‍റെ ഭദ്രതയ്ക്ക് അപകടകാരികളായേക്കാം.

വന്ധ്യതാ നിവാരണത്തിന് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതും വളരെ ചെലവേറിയതുമായ ഐ.വി.എഫ് (In Vitro  Fertilization)ഏറ്റവും ഗൗരവമേറിയ ധാര്‍മികപ്രശ്നം ഉയര്‍ത്തുന്നതാണ്. മനുഷ്യഭ്രൂണങ്ങള്‍ ബീജസങ്കലനത്തിന്‍റെ ആദ്യനിമിഷം മുതല്‍ സംരക്ഷണം അര്‍ഹിക്കുന്നതുകൊണ്ട് അതു യഥേഷ്ടം നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ മേഖലയിലുള്ള സാങ്കേതികവിദ്യകള്‍ ഒരിക്കലും വിവാഹജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ക്കു പകരം വയ്ക്കാവുന്നവ ആകരുത്. വന്ധ്യത സ്വാഭാവികമായ ഒന്നാണെന്നു പരിഗണിച്ചുകൊണ്ടുള്ള മാര്‍ഗങ്ങള്‍ക്കാണ് ഗവേഷണത്തില്‍ മുന്‍തൂക്കം നല്കേണ്ടത്. ആരോഗ്യരംഗത്തെ സാങ്കേതികവിദ്യകള്‍ ഇതിനനുസൃതമായി രൂപപ്പെടണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org