സി. ഡോ. പ്രീത സി.എസ്.എന്‍.
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഈ ഭൂമിയില്‍ മറ്റ് ഏതൊരു ബന്ധത്തെക്കാളും ആഴമുള്ളതും മറ്റ് ബന്ധങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവുമാണ്. ഈ ബന്ധം സമ്മിശ്രസ്വഭാവ പ്രത്യേകതകളുടെ, വികാരങ്ങളുടെ, പ്രതീക്ഷകളുടെ ഒരു സാഗരം തന്നെയാണ്. ദൈവം ദാനമായി സമ്മാനമായി നല്കിയ ഓരോ കുഞ്ഞിനെയും വളര്‍ത്തി വലുതാക്കുമ്പോഴും ഇവരെ കുറിച്ച് മാതാപിതാക്കള്‍ക്കും ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ട്. അതുല്യമായ ചില കാര്യങ്ങള്‍ ഈ ബന്ധത്തിന്റെ മാത്രം പ്രത്യേകതയും ഈ ബന്ധത്തില്‍ മാത്രം സംഭവിക്കുന്നതുമാണ്. ആഴമായ പരസ്പരആശ്രയത്വത്തിന്റെയും, സഹായത്തിന്റെയും, ബഹുമാനത്തിന്റെയും തലങ്ങള്‍. അമ്മയില്‍നിന്ന് സ്‌നേഹത്തിന്റെ ആദ്യപാഠങ്ങളും അച്ഛനില്‍നിന്ന് ഉത്തരവാദിത്വബോധവും പഠിക്കുന്ന കുട്ടി ജീവിതത്തില്‍ അങ്ങോളം നിലനില്‍ക്കുന്ന ആരോഗ്യകരമായ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അടിസ്ഥാനമിടുന്നു.
ആദ്യകാല പരിശീലനം മാതാപിതാക്കള്‍ എപ്രകാരം നല്കുന്നുവോ അതനുസരിച്ചാണ് ഓരോ കുട്ടിയും തന്നോട് തന്നെയും, ദൈവത്തോടും സഹോദരങ്ങളോടും സ്‌നേഹൈക്യത്തില്‍ വളരുക.
മാതാപിതാക്കളുടെ സ്വഭാവപ്രത്യേകതകള്‍ മക്കളേയും, മക്കളുടെ സ്വഭാവവൈകല്യങ്ങള്‍ മാതാപിതാക്കളെയും പല വിധത്തില്‍ ബാധിക്കുന്നു. മാതാപിതാക്കള്‍ തങ്ങളുടെ സ്വഭാവവൈകല്യങ്ങളെ കാര്യമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ല എങ്കില്‍ കുട്ടികള്‍ തെറ്റും ശരിയും വേര്‍തിരിക്കാനാകാതെ പക്വമായ രീതിയില്‍ അന്ധമായി മാതാപിതാക്കളെ അനുകരിക്കാന്‍ ശ്രമിക്കുകയും വികലതകളിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് തങ്ങളോട് സ്‌നേഹം ഇല്ല എന്നത് ഇന്നും എന്നും മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഒന്നാണ്. വൈകാരികവിള്ളലുകള്‍ ഇല്ലാതിരിക്കാന്‍ ചില കാര്യങ്ങളില്‍ അല്പം കൂടി ശ്രദ്ധിച്ചാല്‍ മാതാപിതാക്കള്‍ക്ക് തന്നെ പരിഹരിക്കാനുതകുന്ന ചില പ്രായോഗികമാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
കുട്ടികളുടെ സ്വഭാവവൈകല്യങ്ങളെ തിരുത്തുക
സ്വഭാവവൈകല്യവും കുട്ടിയും രണ്ടു കാര്യങ്ങളാണ് എന്നത് മാതാപിതാക്കള്‍ മറക്കരുത്. സ്വഭാവവൈകല്യമുള്ള കുട്ടികളെ തിരുത്തുക, നല്ല രീതിയില്‍ പരിശീലിപ്പിക്കുക, കുട്ടിയെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ശ്രമിക്കുക, കുട്ടികളുടെ ചില പ്രവൃത്തികളോട് NO പറയുന്നതോടൊപ്പം തന്നെ മുന്‍വിധികളൊന്നും ഇല്ലാതെ നിങ്ങളുടെ കുട്ടിയെ നിരുപാധികം സ്‌നേഹിക്കുന്ന മാതാപിതാക്കളാകുക.
മക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുക
ഇന്ന് പല മാതാപിതാക്കളുടേയും ദുഃഖം കുട്ടികള്‍ തങ്ങളുടെ കട മകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നില്ല, ഉത്തരവാദിത്വബോധത്തില്‍ വളരുന്നില്ല എന്നതാണ്. മക്കളോടൊപ്പം മാതാപിതാക്കള്‍ സമയം ചിലവഴിക്കുമ്പോള്‍ അവരില്‍ തങ്ങള്‍ വിലപ്പെട്ടവരും സ്‌നേഹിക്കപ്പെട്ടവരുമാണ് എന്ന അവബോധത്തിലേക്ക് കുട്ടി ആഴപ്പെടുന്നു. ഇതോടൊപ്പം തന്നെ മാതാപിതാക്കളിലെ ഉത്തരവാദിത്വബോധം കണ്ടുപഠിക്കാന്‍ ആരംഭിക്കുന്നു.
അമിതശിക്ഷണം ഒഴിവാക്കുക
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ശിക്ഷണം നല്കുമ്പോഴും വൈകാരികനിയന്ത്രണം വിട്ടുപോകാത്ത രീതിയില്‍ ക്രമീകരിക്കുക. ചില മാതാപിതാക്കള്‍ ആവശ്യത്തിനും അസ്ഥാനത്തും ഏറെ നിബന്ധനകള്‍ വയ്ക്കുന്നു. ഇത് ഉപകാരത്തേക്കാള്‍ ഉപദ്രവത്തിലേക്ക് നയിക്കുകയും തെറ്റായ ബോധ്യങ്ങളിലേക്ക് നീങ്ങാന്‍ ഇടയാകും. ഭയപ്പെടുന്ന കുട്ടി സത്യം തുറന്നു പറയണമെന്നില്ല. ശാരീരിക ഉപദ്രവം കഴിവതും ഒഴിവാക്കുക.
ഉപദേശത്തേക്കാള്‍ ജീവിതമാതൃക
ശരിയും തെറ്റും തിരിച്ചറിയാതെ തന്നെ മാതാപിതാക്കളെ അന്ധമായി അനുസരിക്കുന്ന, അവരെ മാതൃകയാക്കി അനുകരിക്കുന്ന കുട്ടികള്‍ മാതാപിതാക്കളുടെ നല്ല പെരുമാറ്റം വഴി ജീവിതമൂല്യങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും. ആരോഗ്യകരമായ നിര്‍ദ്ദേശങ്ങളും ശിക്ഷണങ്ങളും മാതാപിതാക്കളില്‍നിന്ന് നിരസിക്കപ്പെടുന്ന കുട്ടികള്‍ കൂട്ടുകാരില്‍നിന്നും മാധ്യമങ്ങളില്‍നിന്നും അറിവു ലഭിക്കാന്‍ ആരംഭിക്കുമ്പോള്‍ അത് സ്വാഭാവിക വികലതയിലേക്കും, അനാവശ്യ ബന്ധങ്ങളിലേക്കും വ്യതിചലിക്കും.
ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം
ദൈവത്തില്‍ ആശ്രയിക്കാതെ ദൈവത്തെ കൂടാതെ ജീവിതത്തില്‍ ശാശ്വതമായത് നേടാന്‍ കഴിയില്ല എന്ന ബോധ്യം മാതാപിതാക്കളുടെ ജീവിതത്തിലൂടെയാണ് മക്കള്‍ മനസ്സിലാക്കേണ്ടത്. കുട്ടികള്‍ പ്രായത്തില്‍ വളരുന്നതിനോടൊപ്പം തന്നെ പക്വതപ്രാപിച്ച് വിശ്വാസത്തില്‍ ആഴപ്പെടണം. മാതാപിതാക്കള്‍ ദൈവത്തിന് മുന്‍ഗണന നല്കുന്നവരാകണം.
ആദ്യകാല പരിശീലനം മാതാപിതാക്കള്‍ എപ്രകാരം നല്കുന്നുവോ അതനുസരിച്ചാണ് ഓരോ കുട്ടിയും തന്നോട് തന്നെയും, ദൈവത്തോടും സഹോദരങ്ങളോടും സ്‌നേഹൈക്യത്തില്‍ വളരുക. ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും ലഭിക്കുന്ന കുട്ടിയെ സ്‌നേഹിക്കുന്നതും പരിഗണിക്കുന്നതും പോലെതന്നെ അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടിയോടുള്ള സമീപനവും അവരുടെ ക്രിയാത്മകവശത്തെ വളര്‍ത്തുന്ന തരത്തില്‍ ആയിരിക്കണം. മാതാപിതാക്കളും ആദ്യകാല ശുശ്രൂഷ നല്കുന്നവരുമാണ് ഒരു ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന സ്വഭാവപ്രത്യേകതകള്‍ ഒരു കുട്ടിയില്‍ രൂപപ്പെടുന്നതില്‍ പ്രത്യേക പങ്കുവഹിക്കുന്നവര്‍.
മക്കളില്‍ നിന്ന് നന്മ വന്നാല്‍ അത് അപ്പന്റെ കഴിവും വഴിതെറ്റിപ്പോയാല്‍ അത് അമ്മയുടെ കഴിവുകേടും എന്നു പറഞ്ഞ് പരസ്പരം പഴിചാരാതെ മാതാപിതാക്കള്‍ തങ്ങളുടെ തുല്യ ഉത്തരവാദിത്വത്തെ കുറിച്ച് പൂര്‍ണ്ണ അവബോധം ഉള്ളവരായി സഹകരിച്ച് കുട്ടികളെ സഹായിക്കുമ്പോഴാണ് ജീവിതമാതൃകനിലനില്ക്കുന്ന ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്.
Tel : 0484-2600464 | E-mail : jeevanapsychospiritual@gmail.com