ഇരട്ടപ്പേരും കളിയാക്കലുകളും കുട്ടികളില്‍

ഇരട്ടപ്പേരും കളിയാക്കലുകളും കുട്ടികളില്‍

ഇരട്ടപ്പേരുകള്‍ വിളിച്ച് കളിയാക്കപ്പെടുന്ന കുട്ടികള്‍ അവരുടെ ചിന്തയിലും, സ്വഭാവത്തിലും, പ്ര വര്‍ത്തിയിലും, പഠനത്തിലും വരുത്തുന്ന വ്യത്യാസം അവരുടെ ഭാവിയെപ്പോലും തകര്‍ക്കുന്ന രീതിയിലുള്ള തീരുമാനങ്ങളിലൂടെ ആകാം.

ശൈശവം കടന്ന് ബാല്യത്തിലേക്കും, കൗമാരത്തിലേക്കും കടക്കുന്ന കുട്ടികള്‍ തമ്മിലുള്ള ഇരട്ടപ്പേര് വിളിയും കളിയാക്കലും താഴ്ത്തിക്കെട്ടലും ഒറ്റപ്പെടുത്തലും നിഷ്‌കളങ്കരായ കുട്ടികളെ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന മുറിവേല്പിക്കുന്ന തലത്തില്‍ എത്തിക്കുന്നു. കളിയാക്കുന്നയാള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മോശഫലങ്ങള്‍ കളിയാക്കപ്പെടുന്ന കുട്ടികളില്‍ ഉണ്ടാകുന്നു. കളിയാക്കുന്നതിനനുസരിച്ച് പ്രതികരിക്കുന്ന കുട്ടി ജീവിതലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പോലും ഈ ഇരട്ടപ്പേരുകള്‍ ഇടയാക്കും.

കൗണ്‍സിലിംഗിനായ് എത്തുന്ന ചില കുട്ടികള്‍ വേദനയോടെ പറയാറുള്ള ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം സ്‌കൂളില്‍ നിന്നും കളിക്കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന ഇരട്ടപ്പേരുകള്‍ക്കു പുറമേ വീട്ടില്‍ നിന്നു തന്നെ ലഭിക്കുന്ന അനുഭവങ്ങളാണ് കൂടുതല്‍ വേദന ഉണ്ടാക്കുന്നു എന്നതാണ്. ഇത്തരത്തില്‍ ഇരയായി തീരുന്ന കുട്ടികളുടെ പ്രതികരണങ്ങളും ആന്തരികമുറിവുകളുടെ ആഴത്തില്‍ നിന്നുള്ള വിദ്വേഷചിന്തകളും പങ്കുവച്ച് നിസഹായരായി കരഞ്ഞു ഉള്ളിലുള്ള സങ്കടഭാവങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.

ഒരുപക്ഷേ തങ്ങളുടെ മക്കളെ മുറിവേല്പിക്കാനോ, വേദനിപ്പിക്കാനോ വേണ്ടിയായിരിക്കില്ല പല മാതാപിതാക്കളും ഇത്തരത്തിലുള്ള ഇരട്ടപ്പേരുകള്‍ വിളിച്ച് കളിയാക്കുക. വീട്ടുകാരും ബന്ധുക്കളും കൂടിയിരിക്കുമ്പോള്‍ ഒന്നു പൊട്ടിച്ചിരിക്കാനും അതുവഴി കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പരിശ്രമിക്കാനും വേണ്ടിമാത്രം. ഗൗരവം ഇല്ലാതെ പറഞ്ഞ വാക്കുകളാകാം കുട്ടികള്‍ ഒപ്പിയെടുത്ത് തെറ്റായ വ്യാഖ്യാനങ്ങള്‍ വഴി വികലമായ തീരുമാനത്തില്‍ എത്തിച്ചേരുന്നത്. ചില കുട്ടികള്‍ പ്രത്യക്ഷത്തില്‍ പ്രതികരിച്ചുകൊണ്ട് കുടുംബത്തിലും പെരുമാറ്റത്തിലും പഠനത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. മറ്റു ചില കുട്ടികള്‍ കരഞ്ഞും ഉള്‍വലിഞ്ഞും പ്രതികരിക്കുന്നു.

ഇരട്ടപ്പേരുകള്‍ മാതാപിതാക്കളില്‍ നിന്നാകുമ്പോഴുള്ള അനന്തരഫലം

  • കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും കളിക്കൂട്ടുകാരില്‍ നിന്നും പലപ്പോഴും അവരുടെ കൊച്ചുമനസ്സിന് താങ്ങാന്‍ കഴിയുന്നതിലും ഭാവനയ്ക്ക് സങ്കല്പിക്കാന്‍ കഴിയുന്നതിലും അപ്പുറം ഇരട്ടപ്പേരു വിളിച്ചുള്ള കളിയാക്കലുകളും, പ്രതികാരചിന്തകളും വളരുന്നു.

  • കുട്ടികള്‍ കൂ ടുതല്‍ ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും സ്‌നേഹിക്കുന്നതും മാതാപിതാക്കളെയാണ്. കുട്ടികളില്‍ മാതാപിതാക്കളോളം സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍ അധികമില്ല. ഇത്തരത്തിലുള്ള ആശ്രിതര്‍ക്ക് ഇരട്ടപ്പേര്‍ വിളിയും അവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളില്‍ നിന്നുതന്നെയാകുമ്പോള്‍ മാതാപിതാക്കളോടുള്ള അവരുടെ വിശ്വാസത്തിനും സ്‌നേഹത്തിനും മുറിവേല്ക്കുകയും തകര്‍ക്കപ്പെടുകയും വൈകാരികസ്‌നേഹപ്രകടനങ്ങള്‍ കുറയുകയും ചെയ്യുന്നു.

  • മറ്റുള്ളവരുടെ പ്രത്യേകിച്ച് വീട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പില്‍ വച്ച് കളിയാക്കപ്പെടുന്ന കുട്ടി പെട്ടെന്ന് പേടിക്കുന്നു. കാര്യങ്ങളെ വിവേചിച്ചെടുക്കാനുള്ള മാനസികപക്വതയിലേക്ക് വളരാന്‍ മാത്രം വളര്‍ച്ചപ്രാപിക്കാത്ത കുട്ടിക്ക് പലരും കൂടിനില്ക്കുന്ന സമൂഹത്തിലേക്ക് സ്വതന്ത്രമായി കടന്നുവരാനും ആയിരിക്കുന്ന അവസ്ഥ പ്രകടിപ്പിക്കാനുമുള്ള ആ ത്മധൈര്യം നഷ്ടപ്പെട്ട് പുറകിലേക്ക് പിന്‍വലിയും. സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ഒഴിവുകഴിവുകള്‍ കണ്ടെത്തി സ്വന്തം ലോകത്തില്‍ ഒതുങ്ങാന്‍ ശ്രമിക്കും.

  • ഇരട്ടപ്പേര് വിളിക്കപ്പെട്ട് കളിയാക്കപ്പെടുന്ന കുട്ടി തനിക്ക് എന്തോ കുറവുണ്ട് എന്ന തോന്നല്‍ കൂടുതല്‍ ഉറപ്പിക്കുകയും സ്വയം മതിപ്പും ആത്മവിശ്വാസവും കുറഞ്ഞുവരുകയും ചെയ്യും. സ്വന്തം വീട്ടില്‍ ഒതുങ്ങാനുള്ള പ്രവണതയിലേക്ക് വീഴുകയും മറ്റുള്ളവരെ വിമര്‍ശിക്കാനും, കുറ്റം കണ്ടെത്താനും, ആവശ്യമില്ലാത്ത ആകുലത വളര്‍ത്താനും കാരണമാകും. അതിലുപരി ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും അസൂയയുടെയും സമ്മീ്രശ്രവികാരങ്ങള്‍ ഒരുമിച്ചുകൂട്ടി പ്രതികാരം ചെയ്യണം എന്ന ചിന്തയിലേക്ക് എത്തിച്ചേരുന്നു.

കുട്ടികള്‍ എങ്ങനെ പ്രതികരിക്കണം?

എല്ലാ കുട്ടികളും മറ്റുള്ളവരാല്‍ പലതരത്തില്‍ കളിയാക്കപ്പെടുന്നവരാണ്. ചിലപ്പോള്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ ഇരട്ടപ്പേര് വിളിക്കപ്പെടും, മറ്റു ചിലപ്പോള്‍ ദേഷ്യം കൊണ്ട് തകര്‍ക്കാന്‍ തന്നെ ഉദ്ദ്യേശിച്ച് ഇരട്ടപ്പേരുകള്‍ വിളിച്ച് പരസ്യമായി തകര്‍ക്കപ്പെടും, തരംതാഴ്ത്തപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനസികപക്വത പ്രാപിക്കാത്ത കുട്ടികള്‍ ആരോഗ്യകരമായി പ്രതികരിക്കുന്ന രീതി ആര്‍ജ്ജിച്ചെടുക്കുന്നത് അവരെ ലക്ഷ്യത്തിലേക്ക് നയിക്കുന്നു.

  • ഇരട്ടപ്പേരുകളുടെ അര്‍ത്ഥം നോക്കി പ്രതികരിക്കാതെ വലിയ പ്രാധാന്യം ഇല്ല എന്ന മട്ടില്‍ ആത്മവിശ്വാസത്തോടെ നടന്നാല്‍ കളിയാക്കുന്നവരുടെ തീവ്രത കുറയും.

  • കരയുകയോ, അമ്പരക്കുകയോ, തിരിച്ച് ഓടുകയോ മാറിനില്ക്കുകയോ ചെയ്യാതെ കളിയാക്കുന്നവരുടെ തന്നെ മുമ്പിലൂടെ ഒന്നും അറിയാത്ത രീതിയില്‍ മുന്നോട്ട് പോകുക.

  • ഇരട്ടപ്പേര് വിളിക്കുന്നവരോട് പ്രതികാരം ചെയ്യണം എന്ന മനോഭാവം മാറ്റി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

  • ഉറച്ച ലക്ഷ്യബോധത്തില്‍ വളരാന്‍ ശ്രമിക്കുക. കളിയാക്കലുകളെ നിസാരഭാവത്തോടെ നേരിടുക.

സമചിത്തതപാലിക്കാന്‍ പഠിക്കുന്ന കുട്ടി ജീവിതത്തിലെ തിരിച്ചടികള്‍ക്ക് മുമ്പില്‍ മനസ്സു പതറാതെ മുന്നോട്ടു പോകാന്‍ പഠിക്കും.

0484-2600464 | jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org