മധുരം മധ്യാഹ്നം

ടെസ്സി ജോസ്
മധുരം മധ്യാഹ്നം
സായാഹ്നം വളരെ മനോഹരമാണ്. ജീവിതത്തിന്റെ സായാഹ്നവും അതിമനോഹരമാണ്. ചുമതലകളും ഭാരങ്ങളും ഇറക്കിവയ്ക്കുന്ന സമയം! കഴിഞ്ഞ കാലത്തെ വിലയിരുത്തുന്ന സമയം.

പകല്‍ ഉദിച്ചുയര്‍ന്നു. ഉച്ചസ്ഥായിയില്‍ എത്തി പിന്നീടതാ അത് ചായുന്നു വെയിലിന്റെ ചൂട് കുറഞ്ഞു. സായാഹ്നം വളരെ മനോഹരമാണ്. ജീവിതത്തിന്റെ സായാഹ്നവും അതിമനോഹരമാണ്. ചുമതലകളും ഭാരങ്ങളും ഇറക്കിവയ്ക്കുന്ന സമയം! കഴിഞ്ഞ കാലത്തെ വിലയിരുത്തുന്ന സമയം. സംതൃപ്തിയോടെ അധ്വാനിച്ചവര്‍ക്ക് സന്തോഷവും അലസതയിലും ജീവിതത്തിന്റെ അവസ്ഥതമൂലവും നല്ല ഫലങ്ങള്‍ കായ്ച്ചില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് ദുഃഖവും നിരാശയും! എങ്കിലും എല്ലാം കടന്നുപോയോ? ഇനിയും നേടാന്‍ പറ്റില്ലേ? തീര്‍ച്ചയായും പുതിയൊരു തുടക്കത്തിന് കഴിഞ്ഞകാല പാഠങ്ങള്‍ നല്‍കിയ മഹത്തായ അറിവ് ഉപയുക്തമാക്കാം, പങ്കുവയ്ക്കാം, കളിക്കളം വിട്ടൊഴിയുന്നവര്‍ പരിശീലകരാകുന്നതുപോലെ അനുഭവസമ്പത്തിന്റെ സഞ്ചിത നിധി വിതരണം ചെയ്യുന്നതുപോലെ, മധ്യാഹ്നം മനോഹരമാക്കാം.

മധ്യകാലാരംഭം പോലെയല്ല തുടര്‍ന്നുള്ള യാത്ര! ലോകത്തിന്റെ സ്വീകാര്യത കുറയും, ആത്മവിശ്വാസം കുറയും, ആരോഗ്യം കുറയും. ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ കുടുംബത്തില്‍ മരുമക്കളുടെ വരവ് അവരുടെ സ്ഥാനമുറപ്പിക്കല്‍ എല്ലാം കൂടി, ഇത്രനാള്‍ തിമിര്‍ത്താടിയ തന്റെ തട്ടകത്തില്‍നിന്നും താന്‍ തഴയപ്പെടുന്ന അവസ്ഥ! ഇതെല്ലാം സ്വീകരിച്ച് മനോഹരമായ ഒരു തുടര്‍ക്കഥ രചിക്കുവാന്‍ മനസ്സിന്റെ പാകപ്പെടുത്തല്‍ അത്യാവശ്യമാണ്. 'വൃദ്ധരിലാണു വിജ്ഞാനം വയോധികനിലാണ് വിവേക'മെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. വീട്ടിലും നാട്ടിലും അധികപ്പറ്റാകാന്‍ സാധ്യതയുള്ള ഈ പ്രായം എത്ര വിലപ്പെട്ടതാണെന്ന് സ്വയം തിരിച്ചറിയണം. കാഴ്ചയില്‍ മനോഹാരിത കുറയുമെങ്കിലും കാച്ചിയെടുത്ത ആന്തരികവ്യക്തിത്വം പ്രശോഭിക്കേണ്ട സമയമാണിത്. എത്രയോ മഹത്തായ നേട്ടങ്ങള്‍ നേടിയെടുക്കേണ്ട കാലഘട്ടമാണിത്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു മനുഷ്യന്റെ ആയുസ്സില്‍ ഏറ്റവും അധികം നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നത് എപ്പോഴാണെന്ന് ചോദിച്ചാല്‍ അത് അറുപത് വയസ്സിന് മുകളിലാണ്. നോബല്‍ സമ്മാനാര്‍ഹരാകുന്നവര്‍, ഉന്നത അധികാരസ്ഥാനങ്ങള്‍ (CEO), രാഷ്ട്രീയ അധികാര സ്ഥാനങ്ങള്‍ എല്ലാമെടുത്താല്‍, അനുഭവസമ്പത്തിന്റെ മഹനീയമായ സ്ഥാനമലങ്കരിക്കുന്നവര്‍ ഇവരാണ്.

ജീവിതത്തിന്റെ ഭാരിച്ച ഉത്തര വാദിത്വങ്ങളില്‍നിന്നും വിരമിക്കുന്ന ഇവര്‍ക്ക് പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ച് ദൈവവേലയില്‍ ഏര്‍പ്പെടുവാന്‍ ദൈവം കനിഞ്ഞു നല്‍കിയ ആയുസ്സാണിത്. ദൈവത്തോട് ഒട്ടിച്ചേരാനും താന്‍ അനുഭവിച്ച ദൈവത്തെ പുതിയ തലമുറയ്ക്ക് പങ്കുവയ്ക്കാനും ഏറ്റവും അനുയോജ്യമായ പ്രായം. ദൈവത്തിന്റെ കരംപിടിച്ചു നടന്ന് ദൈവത്തോടു ചേര്‍ന്നു പ്രവര്‍ത്തിച്ച് രാജ്യത്തെ, ലോകത്തെ ഭാസുരമാക്കാനാകുന്ന കാലം. നമ്മുടെ മാര്‍പാപ്പമാര്‍, മദര്‍ തെരേസ, പ്രസിഡന്റായിരുന്ന ഏ.പി.ജെ. അബ്ദുള്‍ കലാം, നെഹ്‌റു, ഗാന്ധിജി തുടങ്ങിയ നമ്മുടെ ഉന്നതനേതാക്കള്‍ എല്ലാം വാര്‍ധക്യത്തെ എത്ര മനോഹരമാക്കി! എനിക്ക് ഇനിയും പ്രവര്‍ത്തിക്കാനുണ്ട് ഞാന്‍ ഒരു മുടക്കാ ചരക്കല്ല എന്ന് ഓരോരുത്തരും മനസ്സില്‍ കാണണം. പുസ്തകരചന, അധ്യാപനം, പൊതു പ്രവര്‍ത്തനം, പരസഹായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയും. പലപ്പോഴും ജീവിതപങ്കാളി നഷ്ടപ്പെടുന്ന ഒരു കാലഘട്ടമാണിത്. മക്കളെല്ലാം സ്വന്തം കാലില്‍ നില്‍ക്കുവാന്‍ തുടങ്ങുന്ന കാലം. പേരകുട്ടികള്‍ക്ക് അത്ര ആകര്‍ഷകമായി നമ്മെ തോന്നാതിരിക്കാം. ഇവരുടെ അഭിപ്രായങ്ങള്‍ക്ക് മക്കളും മറ്റുള്ള വരും അത്ര വിലകല്‍പ്പിക്കാതിരിക്കാം. രോഗം, ആശുപത്രിവാസം, മരുന്നുകള്‍ക്ക് ഒരുപാട് പണത്തിന്റെ ആവശ്യം മറ്റുള്ളവരെ ആശ്രയിക്കേണ്ട കാലം ജീവിതത്തില്‍ വേണ്ടത്ര മധുരം ഇല്ല എന്ന് തോന്നുന്ന കാലം. മാത്രമല്ല ജീവിതത്തിന്റെ രസം കുറയുന്നതു കൂടാതെ രോഗാവസ്ഥകളില്‍ ഉണ്ടാകുന്ന ആഹാരക്രമീകരണം എല്ലാം കൂടി മനസ്സിനെ അസ്വസ്ഥതപ്പെടുത്താം. കൂടാതെ, മക്കളുടെയും മരു മക്കളുടെയും പേരക്കുട്ടികളുടെയും മറ്റുള്ളവരുടെയും അരുതുകള്‍, ഓരോന്നിനുമുള്ള വിലക്കുകള്‍ എല്ലാംകൂടി ജീവിതത്തെ കൂച്ചുവിലങ്ങിടുന്ന അവസ്ഥ. ഈ അവസ്ഥകളെല്ലാം സംജാതമാകാന്‍ ഇടയുള്ള കാലം.

ഇങ്ങനെയുള്ള കാലത്തെ നാം എങ്ങനെ നേരിടണം? സര്‍വോപരി ദൈവത്തിലുള്ള ആശ്രയത്വവും പ്രാര്‍ത്ഥനയുമാണ് നമ്മെ നയിക്കേണ്ടത്. ഞാന്‍ വലിയവനായിരുന്നെന്ന ധാരണയില്‍ എല്ലാത്തിലും കേറി അഭിപ്രായം പറയാന്‍ പോകരുത്. മിതത്വം ശീലിക്കേണ്ട കാല ഘട്ടമാണിത്. മനസ്സിനെ പാകപ്പെടുത്തണം. എന്തും സ്വീകരിക്കാന്‍ മനസ്സിനെ സജ്ജമാക്കണം. ഞാന്‍ ഒരു മനുഷ്യനാണെന്നും കുറവുകളുള്ളവനാണെന്നും തിരിച്ചറിഞ്ഞ് കുറവുകളില്‍ സഹിഷ്ണുതയും തെറ്റായ ആരോപണങ്ങളിന്മേല്‍ സംയമനവും പാലിക്കാന്‍ പരിശീലിക്കണം.

കുടുംബത്തിലും എവിടേയും സമാധാനം സൃഷ്ടിക്കാന്‍ പരിശ്രമിക്കണം. ഉചിതമായ ഇടപെടലിലൂടെ, അഗ്‌നികുണ്ഠമാകാവുന്ന സാഹചര്യങ്ങളെ കുളിര്‍നിലമാക്കണം. ഞാനെന്ന വ്യക്തി ആര്‍ക്കും ഉപദ്രവം ഉണ്ടാക്കില്ല എന്ന് നിശ്ചയിക്കണം. മനസ്സിന്റെ വൈകല്യങ്ങളേയും വൈകൃതങ്ങളേയും അതിജീവിച്ച് പക്വതയുടെ പരിവേഷ മണിയണം. അനുഭവസമ്പത്തിന്റെ ആയുധം നമുക്കെതിരെ വരുന്ന ആക്രോശങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പരിചയാകണം. സാമ്പത്തികമേഖലയില്‍ പരാശ്രയത്വം വരാതെ നോക്കുന്നത് നന്ന്. അല്ലെങ്കില്‍ മക്കളുടെ നല്ല സമീപനം സ്വന്തമാക്കാന്‍ ശ്രമിക്കണം. നമ്മള്‍ കുടുംബത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന് അവര്‍ക്ക് അനുഭവവേദ്യമാകണം.

ദൈവം തന്ന മനോഹരമായ ഈ ആയുസ്സ് ദൈവത്തിനു വേണ്ടി ജീവിച്ചുതീര്‍ക്കണം. നിത്യതയില്‍ മഹത്വത്തിന്റെ കിരീടമണിയാന്‍ ഇടയാകണം. എങ്ങനെ നല്ല ഒരു വ്യക്തിക്ക് ജീവിതാന്തം മനോഹരമാക്കാം എന്നതിന് മാതൃകയായി പുതുതലമുറയ്ക്ക് വാര്‍ധക്യത്തെ ഭയക്കാതിരിക്കാന്‍, അതിന്റെ മനോഹാരിത ആസ്വദിക്കുവാന്‍ ഒരു ഉദാത്തമാതൃകയാകാം. ഒരുപാട് പ്രവര്‍ത്തിക്കാനുണ്ട് ഈ സന്ധ്യാവേളയിലും. ദൈവത്തെ മഹത്വപ്പെടുത്താം. 'എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യത്തിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം. ഈ ദൈവഹിതം നമുക്ക് നിറവേറ്റാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org