കുട്ടികളിലെ സ്‌ട്രെസ് ഹാനികരമാകാതിരിക്കാന്‍

കുട്ടികളിലെ സ്‌ട്രെസ് ഹാനികരമാകാതിരിക്കാന്‍

കൗണ്‍സിലിംഗിന് വരുന്ന പല കുട്ടികളും അവരുടെ സ്‌ട്രെസിനു കാരണമാകുന്ന സാഹചര്യങ്ങളും സമ്മര്‍ദം കൂടുമ്പോള്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളും പറയാറുണ്ട്. മാതാപിതാക്കള്‍ സഹായിച്ചു കൊടുത്താല്‍ കുട്ടികളും കൗമാരക്കാരും ജീവിതത്തിലെ വെല്ലുവിളികളെ സ്വീകരിക്കുവാന്‍ കരുത്തുറ്റവരായി ലക്ഷ്യത്തിലേക്ക് ഉയര്‍ന്നു ചിന്തിക്കുവാനും അവരുടെ പരിശ്രമങ്ങളില്‍ ശ്രദ്ധ പതറാതെ സമയപരിധി പാലിച്ച് സ്‌ട്രെസിനെ പോസിറ്റീവാക്കി മാറ്റി വിജയിക്കാന്‍ പ്രാപ്തരാകും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മാതാപിതാക്കളുടെ പിന്തുണയും കരുതലും നഷ്ടപ്പെടുമ്പോള്‍ പ്രതികൂലമോ ഗൗരവമേറിയതോ നീണ്ടുനില്ക്കുന്നതോ സമ്മര്‍ദം കൂട്ടുന്നതോ ആയ അനുഭവങ്ങളെ നേരിടാനുള്ള കഴിവിനെ കീഴടക്കി നെഗറ്റീവാകുന്നു. അമിതസ്‌ട്രെസ് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദം തടയുവാന്‍ കഴിയുകയില്ല. എന്നാല്‍ കുട്ടികളെ സമ്മര്‍ദം നേരിടുവാന്‍ സഹായിക്കാന്‍ കഴിയുകയും ജീവിതത്തിലെ മാറ്റങ്ങളോട് പൊരുത്തപ്പെടുവാന്‍ സഹായിക്കാന്‍ ആകും.

  • പോസിറ്റീവ് സ്‌ട്രെസ്

സാധാരണയായി കുട്ടികളും കൗമാരക്കാരും ഒരു വെല്ലുവിളിയെ നേരിടുമ്പോള്‍ അവര്‍ക്കനുഭവപ്പെടുന്ന മാനസികസമ്മര്‍ദമാണിത്. പലപ്പോഴും ഇത്തരത്തിലുള്ള ഹ്രസ്വമായ സമ്മര്‍ദം പരീക്ഷയ്ക്ക് തയ്യാറാകുവാനും കളികള്‍ക്കും മത്സരങ്ങള്‍ക്കും ഒരുങ്ങുമ്പോഴും ശ്രദ്ധകേന്ദ്രീകരിക്കുവാനും അവരെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. ലക്ഷ്യംനേടുവാനും ആരംഭിച്ച കാര്യങ്ങള്‍ സമയത്തിനുളളില്‍ പൂര്‍ത്തിയാക്കുവാനും പുതിയകാര്യങ്ങള്‍ പരിക്ഷിച്ച് വിജയിക്കുവാനും കുട്ടികളെ ആന്തരികമായി പ്രചോദിപ്പിക്കുന്നു. സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനനുസരിച്ച് സമ്മര്‍ദം കുറയുന്നു. സ്‌ട്രെസ് എപ്പോഴും ഒരു മോശം കാര്യമല്ല. പോസിറ്റീവായി കുട്ടികളെ സഹായിക്കുന്നു. പുതിയ കാര്യങ്ങളിലേക്ക് കടക്കുമ്പോള്‍, അല്ലെങ്കില്‍ തയ്യാറെടുക്കുമ്പോള്‍, പൊരുത്തപ്പെടുവാന്‍ പരിശ്രമിക്കുമ്പോള്‍ അനുഭപ്പെടുന്ന ഈ സമ്മര്‍ദം സ്വാഭാവികമാണ്. സ്‌ട്രെസ് തയ്യാറെടുപ്പിനുള്ള ഒരു സൂചനയാണ്. ഒരു പരിധിവരെ കുട്ടികളെ വിജയത്തിലെത്തിക്കുന്ന പ്രേരകശക്തിയാണ് ഈ പോസറ്റീവ് സമ്മര്‍ദം. പ്രതിരോധ ശക്തിയെന്ന് നമ്മള്‍ വിളിക്കുന്ന ആന്തരികശക്തികളും കഴിവുകളും വളര്‍ത്തിയെടുക്കുവാന്‍ സ്‌ട്രെസ് കുട്ടികളെ സഹായിക്കുന്നു.

  • മാതാപിതാക്കള്‍ സഹായികളാകുമ്പോള്‍

രാവിലെ നേരത്തെ എഴുന്നേറ്റ് സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുവാനും ബാഗ് തയ്യാറാക്കുവാനുമെല്ലാം മാതാപിതാക്കള്‍ തന്നെ ചെയ്തുകൊടുത്ത് സഹായിക്കാതെ മക്കളെക്കൊണ്ട് എങ്ങനെ കാര്യങ്ങള്‍ ചെയ്യാം എന്ന് പഠിപ്പിച്ചു കൊടുക്കുവാന്‍ കൂടുതല്‍ ക്ഷമയും സമയവും ആവശ്യമാണ്. ഇതുപോലെയുള്ള പോസറ്റീവ് സ്‌ട്രെസ് കുട്ടികളെ അവരുടെ കഴിവുകളെ വളര്‍ത്തിയെടുക്കുവാനും സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാനും സഹായിക്കുന്നു. ജീവിതസാഹചര്യം മൂലം വരുന്ന സ്‌ട്രെസ്, മാതാപിതാക്കളുടെ വിവാഹമോചനം, അസുഖങ്ങള്‍, മാതാപിതാക്കളുടെ മരണം, ബന്ധുക്കളുടെ അവഗണന, മാതാപിതാക്കളുടെ സ്ഥലംമാറ്റം, സ്‌കൂള്‍മാറ്റം, കടബാധ്യത, പുതിയസ്‌കൂള്‍ പുതിയകൂട്ടുകാര്‍ ഇവയെല്ലാം കുട്ടികളില്‍ മാനസികസമ്മര്‍ദത്തിന് കാരണമാകുന്നു. കുട്ടികള്‍ ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അത്തരം സാഹചര്യങ്ങളെ ക്രമീകരിക്കുമ്പോള്‍ കുറച്ചു ദിവസത്തേക്ക് അനുഭവപ്പെടുന്ന മാനസികസമ്മര്‍ദം മാതാപിതാക്കളുടെ സ്‌നേഹത്തിലും കരുതലിലും കൂടുതല്‍ സുരക്ഷിതരായി നേരിടുവാന്‍ കരുത്താര്‍ജിക്കുന്നു.

  • മാതാപിതാക്കള്‍ക്ക് മാറ്റാന്‍ കഴിയുന്ന സ്‌ട്രെസ്

കുട്ടികളെയും കൗമാരക്കാരെയും വരുവാനിരിക്കുന്ന കാര്യങ്ങള്‍ക്കായി ടെന്‍ഷന്‍ പിടിക്കുമ്പോള്‍ ആരോഗ്യകരമായി ഒരുക്കുവാനും പോസിറ്റീവായി സംസാരിച്ച് നേരിടുവാനും പ്രാപ്തരാക്കാം. കുട്ടികളുടെ ശാരീരിക മാനസിക അസ്വസ്ഥതകള്‍ മനസ്സിലാക്കി തിരുത്തുവാന്‍ ഏറ്റവും നന്നായി മനസ്സിലാക്കുവാന്‍ സാധിക്കുന്നത് മാതാപിതാക്കള്‍ക്കാണ്. മാതാപിതാക്കള്‍ നമ്മെ മനസ്സിലാക്കുന്നു, അറിയുന്നു, സഹായിക്കുന്നു, സ്‌നേഹിക്കുന്നു എന്ന തോന്നലും അടുപ്പവും അതിജീവനത്തിന് സഹായകമാണ്. തങ്ങളുടെ മനസിക സമ്മര്‍ദം സ്വയം പരിഹരിക്കാന്‍ കഴിയുമെന്ന് കുട്ടികള്‍ പഠിക്കുന്നു. കുട്ടികളുടെ സ്വതസിദ്ധമായ കഴിവുകള്‍ കണ്ടെത്തി അതില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് കളിക്കുവാനും വരയ്ക്കുവാനും പെയിന്റു ചെയ്യുവാനും പ്രകൃതിയോട് ഇണങ്ങിച്ചേരുവാനും പുസ്തകങ്ങള്‍ വായിക്കുവാനും മ്യൂസിക് ഉപകരണങ്ങള്‍ ഉപയോഗിക്കുവാനും കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ഒപ്പം സമയം ചെലവഴിക്കുന്നതുമെല്ലാം കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നു.

കുട്ടികളും കൗമാരക്കാരും അമിതമായ മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുകയാണ് എങ്കില്‍ വീണ്ടടുക്കാനാവശ്യമായ പരിഗണനയും പരിചരണവും ലഭിക്കേണ്ടത് മാതാപിതാക്കളില്‍ നിന്നാണ്. കുട്ടികളെ കേള്‍ക്കുവാനും കരുതുവാനും മാതാപിതാക്കള്‍ സമയം കണ്ടെത്തുമ്പോള്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന അവബോധം കുട്ടികള്‍ക്ക് ലഭിക്കുന്നു. ശ്രവിക്കുന്ന മാതാപിതാക്കളുടെ സാന്നിധ്യം കുട്ടികളിലെ സ്‌ട്രെസ് കുറയ്ക്കുന്നു. കുട്ടികളെ അവര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രോത്സാഹിപ്പിച്ച് കൂടെയിരുന്ന് ആസ്വദിക്കുന്ന മാതാപിതാക്കള്‍ കുട്ടികളിലെ അമിതസമ്മര്‍ദങ്ങളെ സുഖപ്പെടുത്തുന്ന തെറാപ്പിസ്റ്റുകളായി മാറുന്നു.

  • Tel : 0484-2600464, 9037217704

  • E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org