വിവാഹിതരുടെ ആത്മീയത

വിവാഹിതരുടെ ആത്മീയത
തന്റെ അധ്വാനം കുടുംബത്തിന്റെ ആഹാരമായി മാറുമ്പോള്‍ 'ഇതെന്റെ ശരീരമാകുന്നു നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍' എന്ന് പറയുന്ന ക്രിസ്തുവിനെ ഭാര്യയിലും ഭര്‍ത്താവിലും കാണാന്‍ നമുക്ക് കഴിയും. പിറുപിറുപ്പും പരാതിയും കൂടാതെ അധ്വാനിക്കുന്ന ഭാര്യയും ഭര്‍ത്താവും അപ്പോള്‍ വിശുദ്ധ കുര്‍ബാനയായി ജീവിക്കുന്നവര്‍ ആകുകയാണ്.
  • ശ്രീ. ജിന്‍സ് ജോസ് & ശ്രീമതി. റീന ജിന്‍സ്, കറുകുറ്റി

  • (മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ്, എറണാകുളം)

സന്യാസ ആത്മീയത പോലെ ദമ്പതികള്‍ക്ക് മാത്രമായി പ്രത്യേക ആത്മീയത ഉണ്ടോ? ദമ്പതികള്‍ ജീവിക്കേണ്ടത് സന്യാസാത്മീയതയിലാണോ?

ആത്മീയത എന്നാല്‍ ദേവാലയവും പ്രാര്‍ത്ഥനകളും. ആത്മീയര്‍ എന്നാല്‍ പുരോഹിതരും സന്യസ്തരും മാത്രമാണെന്ന് പൊതുവെ വിശ്വസിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. ഇതിന് കാരണം നാം പൊതുവേ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആത്മീയത ആശ്രമങ്ങളിലും സന്യാസ ഭവനങ്ങളിലും രൂപപ്പെട്ട പ്രത്യേക ജീവിതശൈലിയാണ്. തങ്ങളുടെ വൈകാരിക ആവശ്യങ്ങള്‍ (emotional needs) മാറ്റിവെച്ചുകൊണ്ട്, വിരക്തി (renunciation and detachment) ജീവിതശൈലിയാക്കി, ദൈവവുമായുള്ള ബന്ധത്തില്‍ വളരുവാന്‍ രൂപപ്പെടുത്തിയ ആത്മീയതയാണ് തത്വത്തില്‍ സന്യാസ ആത്മീയത (Monastic spiritualtiy).

ഈ പശ്ചാത്തലത്തിലാണ് ആരംഭത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. വിവാഹവും സന്യാസവും വ്യതിരക്തമായ ദൈവവിളികളാണെങ്കില്‍ രണ്ടും ഒരുപോലെ രക്ഷയ്ക്ക് കാരണമാകുന്നുണ്ടെങ്കില്‍ രണ്ടിനും തനിമയുള്ള ഒരു ആത്മീയത അനിവാര്യമല്ലെ?

വിവാഹം എന്ന കൂദാശ

സാധാരണ വിവാഹങ്ങളില്‍ നിന്ന് വിവാഹം എന്ന കൂദാശ (Holy matrimony) വ്യത്യസ്തമായിരിക്കുന്നത് അതിലെ ക്രിസ്തു സാന്നിധ്യം കൊണ്ടാണ്. ഒരു സ്ത്രീയും പുരുഷനും വിവാഹിതരാകുന്നു എന്നതില്‍ നിന്ന് വ്യത്യസ്തമായി, സ്ത്രീയും പുരുഷനും ക്രിസ്തുവില്‍ ഒന്നാകുന്നു എന്ന മൂന്നുപേരുടെ ഐക്യമാണ് ഇവിടത്തെ അനന്യത (three to get married). തന്റെ ജീവിതപങ്കാളിയിലാണ് അദൃശ്യ സാന്നിധ്യമായ മൂന്നാമനായ ക്രിസ്തു ദൃശ്യമാകുന്നത്. വിശന്നു വരുന്ന ക്രിസ്തു, എന്റെ ഭര്‍ത്താവാണ്/ ഭാര്യയാണ്. രോഗിയായ ക്രിസ്തു, എന്റെ ഭര്‍ത്താവാണ്/ ഭാര്യയാണ്. ഞാന്‍ ശുശ്രൂഷിക്കുന്ന എന്റെ ഭര്‍ത്താവ്/ഭാര്യ, ക്രിസ്തുവാണ്. '....മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നത് പോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍' (കൊളോ 3:23). ഇപ്രകാരം ദാമ്പത്യത്തില്‍ ഭാര്യയും ഭര്‍ത്താവും ക്രിസ്തുവായി രൂപാന്തരപ്പെടുന്ന അനുഭവം സ്വന്തമാക്കാന്‍ ദമ്പതികള്‍ക്ക് കഴിയുന്നു. വേദനിപ്പിച്ച ഭര്‍ത്താവിനോട് ക്ഷമിച്ച് വീണ്ടും സ്‌നേഹിക്കുന്ന ഭാര്യയില്‍ വ്യവസ്ഥകളില്ലാത്ത ക്രിസ്തുസ്‌നേഹമുണ്ട്. ഭാര്യക്ക് വേണ്ടി ജീവന്‍ പോലും നല്‍കാന്‍ തയ്യാറാകുന്ന ഭര്‍ത്താവില്‍ പരിധികളില്ലാത്ത ക്രിസ്തുസ്‌നേഹമുണ്ട്. പരസ്പരം കുറവുകള്‍ മനസ്സിലാക്കി സ്‌നേഹിക്കുമ്പോള്‍ വ്യക്തിപരമായി സ്‌നേഹിക്കുന്ന ക്രിസ്ത്വാനുഭവവുമുണ്ട് ദാമ്പത്യത്തില്‍. ഇപ്രകാരം ക്രിസ്തുസ്‌നേഹത്തിന്റെ പ്രകടമായ ജീവിത വഴിയാണ് ദാമ്പത്യം.

പരിശീലിക്കേണ്ട ദമ്പതി ആത്മീയത

വിവാഹത്തിലെ ക്രിസ്തു സാന്നിധ്യം സവിശേഷമായ ഒരു ആത്മീയത ദമ്പതികള്‍ക്ക് പ്രദാനം ചെയ്യുന്നു. അത് ബന്ധങ്ങളുടെ, കൂട്ടായ്മയുടെ, വൈകാരികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ആത്മീയതയാണ്.

ദാമ്പത്യ ആത്മീയതയുടെ ഏറ്റവും വലിയ സവിശേഷതയാണ് രണ്ടുപേരുടെയും ഒരുമിച്ചുള്ള ജീവിതയാത്ര. എല്ലാ കാര്യങ്ങളും ഭാര്യയും ഭര്‍ത്താവും ഒരുമയില്‍ ചെയ്യുവാന്‍ പരിശ്രമിക്കുമ്പോള്‍ ക്രിസ്തു പകര്‍ന്നു തന്ന ബന്ധങ്ങളുടേയും കൂട്ടായ്മയുടേയും ആത്മീയത ജീവിക്കുന്നവരാണ് ദമ്പതികള്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും ഒരുമിച്ചുള്ള വചനധ്യാനവും മാത്രമല്ല ഒരുമിച്ചുള്ള വിനോദങ്ങളും ഒരുമിച്ചുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളും ദാമ്പത്യ ആത്മീയതയുടെ സവിശേഷതകളാണ്. ദമ്പതികള്‍ ഒരുമിച്ച് ചെയ്യുന്നതെല്ലാം ദമ്പതി ആത്മീയതയാണ്. ഒരുമിച്ച് പാചകം ചെയ്യുന്നത്, വീട്ടിലെ ജോലികള്‍ ചെയ്യുന്നത്, യാത്ര പോകുന്നത് ഇതെല്ലാം ആത്മീയതയായി ഉള്‍പ്പെടുത്തണം.

സന്യാസം വിരക്തിയെ മഹത്വവല്‍ക്കരിക്കുമ്പോള്‍, വൈകാരികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തെയാണ് ദാമ്പത്യ ആത്മീയത പ്രഘോഷിക്കുന്നത്. യഥാര്‍ത്ഥ ദാമ്പത്യ ആത്മീയത ജീവിക്കുന്ന ദമ്പതികള്‍ തങ്ങളുടെ പരസ്പരമുള്ള വൈകാരിക ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്നവരും അതിലൂടെ ആനന്ദകരമായ ജീവിതം നയിക്കുന്നവരും ആണ്.

ദാമ്പത്യ ആത്മീയതയുടെ മാറ്റ് കൂട്ടുന്നതാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നല്ല ലൈംഗികത. ദൈവത്തിന്റെ സമ്മാനമായ ലൈംഗികത ദാമ്പത്യവിശുദ്ധിയിലേക്കുള്ള വഴിയാണ്. ദാമ്പത്യ സ്‌നേഹത്തില്‍ വളരാനുള്ള ഗോവണിയാണിത്. ദാമ്പത്യത്തിനു പുറത്ത് അത് തിന്മയാണെങ്കില്‍, ദാമ്പത്യത്തില്‍ ദമ്പതികളുടെ ആത്മീയതയുടെ ഭാഗമാണ് ലൈംഗികത. തെറ്റായ ബോധ്യങ്ങളുടെ ഫലമായി ലൈംഗികതയെ ദാമ്പത്യ വിശുദ്ധിക്ക് വെളിയില്‍ നിര്‍ത്തുന്ന ദമ്പതികള്‍ ഈ കാലഘട്ടത്തിലും ഏറെയുണ്ട്. ദമ്പതികള്‍ സന്യാസ ആത്മീയതയെ ഉള്ളില്‍ സ്വീകരിച്ചതിലൂടെ ഉണ്ടായ അപകടങ്ങളില്‍ ഒന്നാണ് ഇത്. ദൈവം ദാമ്പത്യത്തില്‍ സ്ഥാപിച്ച ലൈംഗികത ദാമ്പത്യത്തില്‍ നിഷേധിക്കപ്പെടുമ്പോള്‍ വെളിയില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു എന്ന് ദമ്പതികള്‍ തിരിച്ചറിയണം.

കൗദാശിക ജീവിതം

തന്റെ അധ്വാനം കുടുംബത്തിന്റെ ആഹാരമായി മാറുമ്പോള്‍ 'ഇതെന്റെ ശരീരമാകുന്നു നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍' എന്ന് പറയുന്ന ക്രിസ്തുവിനെ ഭാര്യയിലും ഭര്‍ത്താവിലും കാണാന്‍ നമുക്ക് കഴിയും. പിറുപിറുപ്പും പരാതിയും കൂടാതെ അധ്വാനിക്കുന്ന ഭാര്യയും ഭര്‍ത്താവും അപ്പോള്‍ വിശുദ്ധ കുര്‍ബാനയായി ജീവിക്കുന്നവരാകുകയാണ്. തീര്‍ത്തും വ്യത്യസ്തരായ രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ കുറവുകള്‍ പരസ്പരം ക്ഷമിക്കുവാന്‍ കഴിയുക എന്നത് ദാമ്പത്യത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഒരേ കാര്യത്തിന് വീണ്ടും വീണ്ടും പരസ്പരം ക്ഷമിക്കുന്ന ദമ്പതികള്‍ ക്രിസ്തുവിന്റെ ദീര്‍ഘക്ഷമയുടെ പ്രകടമായ ഉദാഹരണങ്ങളാണ്. പരസ്പരം ക്ഷമ ചോദിച്ചും ക്ഷമ നല്‍കിയും ദമ്പതികളുടെ ജീവിതം അനുരഞ്ജനത്തിന്റെ മാര്‍ഗത്തിലൂടെയാണ് അനുദിനവും മുന്നോട്ടുപോകുന്നത്.

'ശക്തിപ്പെടുത്താം ദാമ്പത്യത്തെ, ഉണരട്ടെ ജീവനുള്ള കുടുംബങ്ങള്‍.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org