അവധിക്കാലം കുട്ടികള്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍

അവധിക്കാലം കുട്ടികള്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍

അവധിക്കാലം തിരക്കുകള്‍ ക്രമീകരിച്ച് കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ മനസ്സിലാക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണ്. കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോള്‍ അവരോടുകൂടെ സമയം ക്രമീകരിക്കാന്‍ സഹായിക്കുമ്പോള്‍ മാതാപിതാക്കളും മക്കളില്‍ നിന്നും പലതും പഠിച്ചെടുക്കുന്നു, ശാരീരിക, മാനസിക, ആത്മീയ, ആരോഗ്യം പരിപോഷിപ്പിക്കപ്പെടുന്നു. പല കുട്ടികളും ഇഷ്ടപ്പെടുന്നത് അവധിക്കാലം അടിച്ചുപൊളിക്കാനും കൂടുതല്‍ സമയം മൊബൈല്‍ ഗെയിം കളിക്കാനും ടിവിയുടെ മുമ്പില്‍ ചെലവഴിക്കാനു മൊക്കെ ആകുമ്പോള്‍ അവര്‍ക്ക് ആരോഗ്യകരമായ ആസ്വാദ്യകരമായ അവധിക്കാല ക്രമീകരണം ചെയ്തുകൊടുക്കാനും ഒപ്പം സ്വയം ആസ്വാദിക്കാനും മാതാപിതാക്കളും കൂടെ നിന്നാല്‍ കുട്ടികള്‍ സമയത്തിന്റെ വില മനസ്സിലാക്കും. അവധിക്കാലം തോന്നുമ്പോള്‍ കിടന്നും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും താമസിച്ച് ഉറങ്ങിയും കളയണ്ട സമയമല്ല. മറിച്ച്, പലതും ആസ്വാദിച്ച് പഠിച്ചെടുക്കേണ്ട, നല്ല ശീലങ്ങള്‍ വളര്‍ത്തേണ്ട സമയമാണെന്ന് മനസ്സിലാക്കാന്‍ കൂടെ നിന്ന് പരിശീലിപ്പിക്കുന്ന മാതാപിതാക്കള്‍ക്കും അവധിക്കാലം ആസ്വാദ്യകരമാക്കാം. കുട്ടികളില്‍ നല്ല ഓര്‍മ്മകള്‍ വളര്‍ത്താം.

ടൈം മാനേജ്‌മെന്റ്

അവധിക്കാലം പുതിയ കാര്യങ്ങള്‍ പരീക്ഷിച്ച് പഠിക്കാനും പരാജയപ്പെടാനും ആസ്വാദിക്കാനുമുള്ള അവസരമാക്കി മാറ്റാന്‍ സമയം ക്രമീകരിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് വീടിനകത്തും പുറത്തും കളിക്കാനുള്ള സമയം ക്രമീകരിപ്പിച്ച് എങ്ങനെ സമയം ക്രിയാത്മകമായി ചിലവഴിക്കാം എന്ന് പ്രോത്സാഹനത്തിലൂടെ സഹായിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. സമയം നഷ്ടപ്പെടുത്താതെ എങ്ങനെ അവധിക്കാലം ആസ്വാദിക്കാന്‍ പഠിക്കാം എന്ന് സ്വയം തീരുമാനത്തിലൂടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കുട്ടികള്‍ സമയത്തിന്റെ വിലയും മനസ്സിലാക്കുന്നു. നല്ല കാര്യങ്ങള്‍ പഠിച്ചെടുക്കാനും കഥകള്‍ വായിക്കാനും ഇഷ്ടപ്പെട്ട പടങ്ങള്‍ കളര്‍ ചെയ്യാനും ഒക്കെ അവര്‍ തന്നെ മുമ്പോട്ടു വരുന്നു. കളി കഴിഞ്ഞാല്‍ ചുരുങ്ങിയ സമയം കൊണ്ട് കളിപ്പാട്ടങ്ങള്‍ തിരികെ അടുക്കി വയ്ക്കുവാനും കുട്ടികള്‍ പഠിക്കുന്നു. സമയബോധത്തിലൂടെ വളരാനും മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുവാനും പരിഗണിക്കുവാനും അവസരങ്ങള്‍ നല്കാനും അവരുടെ സമയപരിധിയില്‍ നിന്ന് പഠിക്കുന്ന കുട്ടികള്‍ ഉത്തരവാദിത്വബോധമുള്ളവരായി വളരുന്നു. കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന, സഹായിക്കുന്ന മാതാപിതാക്കള്‍ അവധിക്കാലത്ത് മാത്രമല്ല; അതുകഴിഞ്ഞും ഈ രീതി തുടരാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ്.

ചെറിയ ഉത്തരവാദിത്വങ്ങള്‍

കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് കേള്‍ക്കുന്ന പ്രോത്സാഹന വാക്കുകള്‍, നല്ല കാര്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രചോദനമാകുന്നു. കൂടെ നിറുത്തി പരിശീലിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് കിട്ടുന്ന സമയം അവധിക്കാലമാണ്. പ്രായത്തിനനുസരിച്ചുള്ള ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കുന്നതും പ്രവര്‍ത്തിക്കാന്‍ കൂടെ നിന്ന് പ്രചോദിപ്പിക്കുന്നതും ഭാവിയില്‍ ഉത്തരവാദിത്വബോധമുള്ളവരാകുവാനുള്ള അടിസ്ഥാനമാണ് പാകുന്നത്. അവധിക്കാലത്ത് വീട്ടിലെ കാര്യങ്ങളില്‍ കുട്ടികള്‍ ചെയ്യേണ്ടതും ചെയ്യാന്‍ സാധിക്കുന്നവയും ഏവരെ ഏല്പിക്കണം. പ്രവര്‍ത്തി പരിചയം അവരെ ആത്മവിശ്വാസത്തിലേക്കും നേതൃത്വഗുണങ്ങളിലേക്കും മറ്റുള്ളവരോടുള്ള പരിഗണനയിലേക്കും വളര്‍ത്തുന്നു.

ഇഷ്ടപ്പെട്ട ഹോബി വളര്‍ത്തുക

ഓരോ അവധിക്കാലവും കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പഠിക്കുവാനും പരിശീലിക്കുവാനുമുള്ള അവസരമാക്കി മാറ്റണം. ഉദാഹരണമായി - നീന്തല്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, പാട്ട്, ഡാന്‍സ്, വായന, പൂന്തോട്ടം, പാചകം, എഴുത്ത്, ഗിത്താര്‍ വയലിന്‍ ഇങ്ങനെ അവര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ മാതാപിതാക്കള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് പരിശീലിപ്പിക്കുമ്പോള്‍ പഠനത്തോടൊപ്പം മറ്റ് കാര്യങ്ങളിലും അവര്‍ വളരുന്നു. സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ പഠിക്കുന്നു. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുമ്പോള്‍ കുത്തിയിരുന്ന് മൊബൈല്‍ കാണുന്നത് കുറയുന്നു. പ്രകൃതിയിലേക്ക് തിരിയാനും ആസ്വാദിക്കാനും വീട്ടില്‍ വാങ്ങുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ പാകി, നട്ട്, നനച്ച്, മുളച്ചുവരുന്ന പ്രക്രിയ ആസ്വദിക്കാനും കുട്ടികള്‍ പഠിക്കുന്നു. മറക്കാത്ത ഓര്‍മ്മകള്‍ വളരുന്നു.

കളികളിലൂടെ വളരാന്‍

അവധിക്കാലം അധികസമയം മൊബൈല്‍ ഫോണ്‍ മാത്രം കണ്ടിരുന്ന് സമയം കളയാതെ, മാതാപിതാക്കള്‍ക്ക് ഒപ്പം ചെസ്, കാരംസ്, സ്‌ക്രാമ്പിള്‍സ് പോലുള്ള ബോര്‍ഡ് ഗെയിമുകള്‍ കുട്ടികള്‍ക്ക് ഒപ്പം കളിക്കാന്‍ സമയം കണ്ടെത്തി ആസ്വദിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ഓര്‍മ്മശക്തിയേയും ബുദ്ധിശക്തിയേയും പരിപോഷിപ്പിക്കുവാന്‍ സഹായിക്കുക കൂടിയാണ് ചെയ്യുന്നത്.

കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതു പോലെ തന്നെ അവധിക്കാലം കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നും പല പുതിയ കാര്യങ്ങളും പഠിച്ചെടുക്കുകയും കുട്ടികളെ കൂടുതല്‍ അടുത്ത് അറിയുകയും അവധിക്കാലം ആസ്വാദിച്ച ഓര്‍മ്മകള്‍ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹം വളരുന്നു.

  • Tel : 0484-2600464, 9037217704

  • E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org