വീണ്ടും ചില വീട്ടുവിശേഷങ്ങള്‍

വീണ്ടും ചില വീട്ടുവിശേഷങ്ങള്‍
സീരിയലുകളെല്ലാം കാണണം എന്നതല്ലാതെ അമ്മയെക്കൊണ്ട് സത്യത്തില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം മാത്രമേ ഉള്ളൂ... എന്നും രാവിലത്തെ ആറു മണിയുടെ വി. കുര്‍ബാന അമ്മ ഒരിക്കലും മുടക്കാറില്ല... ആ പ്രാര്‍ത്ഥനകളാവും ഞങ്ങളെ ഇങ്ങനെ മുന്നോട്ടു നടത്തുന്നത്...

അവളുടെ പേര് ഫോണില്‍ കണ്ടപ്പോഴേ കരുതി എന്തോ കാര്യമുണ്ടെന്ന്... അങ്ങനെ എപ്പഴുമൊന്നും വിളിക്കാത്തതാണ്... സുഖവിശേഷങ്ങളൊക്കെ പരസ്പരം പറയുന്നതിനൊടുവില്‍ ഞാന്‍ തന്നെ ചോദിച്ചു... എന്തു പറ്റി? എന്താ കാര്യം?

ഒരു ദീര്‍ഘനിശ്വാസത്തോടെയാണ് തുടങ്ങിയത്... ഇന്നലെ വൈകിട്ട് ഞങ്ങളുടെ പള്ളിയിലെ വികാരിയച്ചന്‍ വീട്ടില്‍ വന്നിരുന്നു... വെറുതെ ഒരു സൗഹൃദ സന്ദര്‍ശനം...

അമ്മയോടും (അമ്മായിയമ്മ) എന്നോടും മക്കളോടും സംസാരിക്കുന്നതിനിടയില്‍ കുടുംബപ്രാര്‍ത്ഥന എപ്പോഴാണെന്നു ചോദിച്ചു... ഉടനെ അമ്മ പറഞ്ഞു... 'ഞാന്‍ ആറരയ്ക്ക് മെഴുകുതിരി കത്തിച്ച് കൊന്തയും ബൈബിളും എടുത്ത് ഇവരെയെല്ലാം കൊന്ത ചൊല്ലാന്‍ വിളിക്കും... ആരു വരാനാ അച്ചാ... എല്ലാര്‍ക്കും തിരക്കല്ലേ... അതുകൊണ്ട് ഞാന്‍ തന്നെ ചൊല്ലും...'

ഏഴിലും നാലിലും പഠിക്കുന്ന മക്കള്‍ എന്റെ നേരേ നോക്കി... ഞാനവരെയും... ആരും ഒന്നും പറഞ്ഞില്ല... മറ്റു വിശേഷങ്ങളൊക്കെ പറഞ്ഞ് പോകാന്‍ നേരം അച്ചന്‍ എന്റെ നേരേ ഒന്നു നോക്കിയിട്ട് മക്കളോടായി 'എന്നും പ്രാര്‍ത്ഥിക്കണംട്ടോ' എന്നു മാത്രം പറഞ്ഞു...

നിനക്കറിയാലോ... ഓഫീസില്‍ നിന്നു ഞാനെത്തുമ്പോഴേ ആറു മണിയാവും.. കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞും എത്തിയിട്ടേ ഉണ്ടാവൂ... പിന്നെങ്ങനെയാ ആറരയ്ക്ക് അമ്മയ്‌ക്കൊപ്പം പ്രാര്‍ത്ഥിക്കാനാവുക!!! ഏഴു മണി മുതല്‍ ഒമ്പതു മണി വരെയുള്ള എല്ലാ സീരിയലും അമ്മയ്ക്ക് കാണണം... അതാണ് അമ്മ ആറരയ്ക്ക് തന്നെ പ്രാര്‍ത്ഥിക്കാന്‍ കാരണം... വീട്ടിലെ ജോലികളൊക്കെ ഒന്ന് ഒതുക്കി മക്കളെയും കൂട്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ സമയം എട്ടര ഒമ്പതാവും... അമ്മയെ ശല്യപ്പെടുത്താതെ ബെഡ്‌റൂമിലാണ് ഞങ്ങളുടെ പ്രാര്‍ത്ഥന... സത്യം പറയാലോ മിക്കതും ക്ഷീണം കാരണം ഇരുന്ന് ഉറക്കം തൂങ്ങും... എന്നാലും കൊന്ത മുടക്കാറില്ല... എന്തോ... അച്ചന്‍ പോകാന്‍ നേരം എന്നെ നോക്കിയത്, മക്കളോട് അങ്ങനെ പറഞ്ഞത്, അതെല്ലാം ഒരു വേദനയായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു... അച്ചന്‍ എന്തു കരുതിയിട്ടുണ്ടാകും...'

അവളു പറഞ്ഞു നിര്‍ത്തിയപ്പോള്‍ എന്തോ ആ വേദന എനിക്കും തോന്നി... ഇനി കാണുമ്പോള്‍ നീ അച്ചനോട് ഈ കാര്യം പറയൂ എന്നു പറയാനായി തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു... 'നിന്നോട് പറഞ്ഞപ്പോള്‍ എന്റെ പകുതി സങ്കടം മാറീട്ടോ... ചേട്ടന്‍ ഗള്‍ഫില്‍ പോയതില്‍ പിന്നെ ആകെ ഞങ്ങള്‍ക്ക് അമ്മയല്ലേ ഉള്ളൂ കൂട്ടിന് ... സീരിയലുകളെല്ലാം കാണണം എന്നതല്ലാതെ അമ്മയെക്കൊണ്ട് സത്യത്തില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം മാത്രമേ ഉള്ളൂ... എന്നും രാവിലത്തെ ആറു മണിയുടെ വി. കുര്‍ബാന അമ്മ ഒരിക്കലും മുടക്കാറില്ല... ആ പ്രാര്‍ത്ഥനകളാവും ഞങ്ങളെ ഇങ്ങനെ മുന്നോട്ടു നടത്തുന്നത്... പിന്നെ അച്ചന്‍!!!... ഒരു പക്ഷേ അടുത്ത ഞായറാഴ്ചത്തെ വി. കുര്‍ബാനയ്ക്ക് ഇതെക്കുറിച്ച് പേരു പറയാതെ സൂചിപ്പിക്കുമായിരിക്കും... സാരമില്ല... അതൊക്കെ അങ്ങനെ നടക്കട്ടെ...'

അവള്‍ ചിരിച്ചു കൊണ്ട് ഫോണ്‍ വച്ചു...

തൊട്ടുമുമ്പിലിരിക്കുന്ന ഉണ്ണീശോയുടെ ചിരിക്കുന്ന കുഞ്ഞുമുഖത്തേക്കു നോക്കി... രാവിലെ വി. ഫൗസ്റ്റീനായുടെ ഡയറിയില്‍ 'കുറ്റപ്പെടുത്തലുകളിലും തെറ്റിദ്ധാരണകളിലും വിശദീകരണം നല്‍കാതിരിക്കുക' എന്നത് എളിമ പരിശീലിക്കാനുള്ള ഒരു മാര്‍ഗമാണെന്ന് വായിച്ചത് ഓര്‍ത്തു... അവളാപുസ്തകമൊന്നും വായിച്ചിട്ടുണ്ടാവില്ല... എന്നിട്ടും അവള്‍ക്കതിനാവുന്നു... ഞാനിതൊക്കെ വായിക്കുന്നു... എന്നിട്ട് എനിക്കത് ജീവിതത്തില്‍ പകര്‍ത്താനാവുന്നുണ്ടോ!!! ഉണ്ണീശോ അപ്പഴും സൗമ്യമായി ചിരിച്ചു കൊണ്ടിരുന്നു...

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org