സാംസണ്‍

[ബൈബിളിലെ കുടുംബങ്ങള്‍-12]
സാംസണ്‍
ഇസ്രായേലിലെ അവസാനത്തെ ന്യായാധിപനായിരുന്നു സാംസണ്‍. ദാന്‍ ഗോത്രക്കാരനായ മനോവയുടെ പുത്രനായിരുന്നു അദ്ദേഹം. സാംസന്റെ ജനനത്തെക്കുറിച്ച് നമുക്കറിയാമല്ലോ. അവന്‍ ആജീവനാന്തം ദൈവത്തിന് നാസീര്‍ വ്രതക്കാരനായിരിക്കണം എന്ന് ജനനത്തിന് മുമ്പേ കര്‍ത്താവിന്റെ ദൂതന്‍ കല്‍പ്പിച്ചിരുന്നു. അരോഗ ദൃഢഗാത്രനായിരുന്നു സാംസന്റെ ശക്തി അവന്റെ നീണ്ടു ചുരുണ്ട മുടിയായിരുന്നു. വിശുദ്ധ ഗ്രന്ഥം പറയുന്നു : 'സോറാ യ്ക്കും എഷ്താവോലിനും മധ്യേയുള്ള മഹനേദാനില്‍ വച്ച് കര്‍ത്താവിന്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി '.

സാംസണ്‍ വളര്‍ന്നു യുവാവായി. തിമ് നായില്‍ വച്ച് അവന്‍ ഒരു ഫിലിസ്ത്യ യുവതിയെ പ്രണയിച്ചു. എന്നാല്‍ മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തുവെങ്കിലും അവന്റെ ഇഷ്ടത്തിന് വഴങ്ങി. സാംസണ്‍ അവളെ വിവാഹം ചെയ്തു. അവന്‍ ഭാര്യയുടെ വീട്ടില്‍ ഒരു വിരുന്നു നടത്തി. ചെറുപ്പക്കാര്‍ അങ്ങനെ വിരുന്നു നടത്തുക പതിവുണ്ട്. അവിടത്തുകാര്‍ അവന് മുപ്പതുപേരെ തോഴരായി കൊടുത്തു. സാംസണ്‍ അവരോട് ഒരു കടങ്കഥ പറഞ്ഞു. വിരുന്നിന്റെ ഏഴു ദിവസത്തിനകം ഉത്തരം പറഞ്ഞാല്‍ ഓരോ ചണ വസ്ത്രവും വിശേഷ വസ്ത്രവും അവന്‍ അവര്‍ക്ക് കൊടുക്കണം. അവര്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ അവര്‍ അവന് മുപ്പതു ചണവസ്ത്രവും, അത്രയും വിശേഷ വസ്ത്രങ്ങളും കൊടുക്കണം. അവര്‍ക്ക് കടങ്കഥയുടെ പൊരുള്‍ പിടികിട്ടിയില്ല. അവര്‍ സാംസന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പറഞ്ഞു: നീ അവനെ വശീകരിച്ച് കടങ്കഥയുടെ പൊരുള്‍ മനസ്സിലാക്കി ഞങ്ങളോട് പറയുക, ഇല്ലെങ്കില്‍ കുടുംബത്തോടൊപ്പം നിന്നെ ചുട്ടെരിക്കും. അവള്‍ അവനോട്

കരഞ്ഞു പറഞ്ഞിട്ടും സാംസണ്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ ഏഴാം ദിവസം അവളുടെ നിര്‍ബന്ധം മൂലം അവനത് അവള്‍ക്ക് വെളിപ്പെടുത്തി. അവള്‍ അത് തന്റെ ആളുകളോട് പറഞ്ഞു. അവര്‍ വിജയാഹ്ലാദത്തോടെ അവനെ പരിഹസിച്ചുകൊണ്ട് കടങ്കഥയുടെ ഉത്തരം പറഞ്ഞു. സാംസണ്‍

കോപാക്രാന്തനായി, അഷ്‌കലോണില്‍ ചെന്ന് പട്ടണത്തിലെ മുപ്പതു പേരെ പിടിച്ചുകൊന്നു, കൊള്ളയടിച്ചു. കടങ്കഥയുടെ പൊരുള്‍ പറഞ്ഞവര്‍ക്ക് വിശേഷ വസ്ത്രങ്ങളും ചണവസ്ത്രവും കൊടുത്തു. അവന്‍ തന്റെ പിതാവിന്റെ വീട്ടിലേക്കു പോയി.

കുറെ നാള്‍ കഴിഞ്ഞ് ഒരു ആട്ടിന്‍കുട്ടിയുമായി സാംസണ്‍ ഭാര്യയെ കാണാന്‍ വന്നു. എന്നാല്‍ അവളുടെ പിതാവ് അവളെ വേറൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തിരുന്നു. സാംസന്റെ കോപം ആളിക്കത്തി. അവന്‍ മുന്നൂറു കുറുനരികളെ പിടിച്ചു, കുറേ പന്തങ്ങളും ഉണ്ടാക്കി. ഈരണ്ടെണ്ണത്തെ വാലോടു വാല്‍ ചേര്‍ത്തു ബന്ധിച്ച് അവയ്ക്കിടയില്‍ പന്തവും വച്ചു കെട്ടി. പന്തങ്ങള്‍ക്കു തീ കൊളുത്തി അവയെ ഫിലിസ്ത്യരുടെ വയലിലേക്ക് വിട്ടു, വയലിലെ വിളകളും കൊയ്ത കറ്റയും ഒലിവു തോട്ടങ്ങളും കത്തിച്ചാമ്പലായി. അങ്ങനെ സാംസണ്‍ തന്റെ പ്രതികാരം നടപ്പിലാക്കി. കുറച്ചുനാളുകള്‍ കഴിഞ്ഞ് സാംസണ്‍ ഗാസായിലെ ഒരു സൈ്വരിണിയുമായി അടുപ്പത്തിലായി. അവന്‍ അവളുടെ അടുത്ത് ഉണ്ടെന്നറിഞ്ഞ ഗാസാ നിവാസികള്‍ അവനെ പിടിച്ചു കൊല്ലാന്‍ വേണ്ടി പട്ടണം വളഞ്ഞു. അവര്‍ രാത്രി മുഴുവന്‍ പട്ടണ വാതില്‍ക്കല്‍ പതിയിരുന്നു. എന്നാല്‍ പാതിരാവായപ്പോള്‍ സാംസണ്‍ എഴുന്നേറ്റ് പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്ത് തോളില്‍ വെച്ച് ഹെബ്രോന്റെ മുമ്പിലുള്ള മലമുകളിലേക്ക് പോയി.

അതിനുശേഷം സാംസണ്‍ ദലീലാ എന്ന സ്ത്രീയെ സ്‌നേഹിച്ചു. അവള്‍ സോറേക്കു താഴ്‌വരയിലുള്ളവളായിരുന്നു. ഫിലിസ്ത്യ നേതാക്കന്മാര്‍ അവളുടെ അടുത്ത് ചെന്ന് പറഞ്ഞു. സാംസണെ നീ വശീകരിക്കണം. അവന്റെ ശക്തി എവിടെയാണെന്നും, അവനെ എങ്ങനെ കീഴടക്കി ബന്ധിക്കാമെന്നും മനസ്സിലാക്കി ഞങ്ങള്‍ക്ക് പറഞ്ഞു തരണം. അവരോരുത്തരും അവള്‍ക്ക് ആയിരത്തി ഒരുനൂറു വെള്ളി നാണയം വാഗ്ദാനം ചെയ്തു.

ദലീലാ പല അടവുകള്‍ പ്രയോഗിച്ചിട്ടും സാംസണ്‍ തന്റെ ശക്തിയുടെ ഉറവിടം അവള്‍ക്കു പറഞ്ഞു കൊടുത്തില്ല. എന്നാല്‍ അവളുടെ നിര്‍ബന്ധം കൂടിക്കൂടി വന്നു. അവസാനം സാംസണ്‍ തന്റെ ശക്തി തന്റെ തലമുടിയിലാണെന്ന് അവള്‍ക്ക് വെളിപ്പെടുത്തി. അവന്‍ സത്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ ദലീലാ ഫിലിസ്ത്യ നേതാക്കളെ വിളിച്ചുവരുത്തി. അവര്‍ പണവുമായി അവളുടെ അടുക്കലെത്തി. അവള്‍ സാംസണെ മടിയില്‍ കിടത്തി ഉറക്കി. ഒരാളെ കൊണ്ട് അവന്റെ തലയിലെ ഏഴു മുടിച്ചുരുളുകളും ക്ഷൗരം ചെയ്യിച്ചു. അവന്റെ ശക്തി അവനെ വിട്ടുപോയി. ഫിലിസ്ത്യര്‍ അവനെ പിടിച്ചു ബന്ധിച്ച്, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ഗാസായിലേക്കു കൊണ്ടുപോയി. മാവ് പൊടിക്കുന്ന ജോലി ചെയ്യിച്ചു.

ഫിലിസ്ത്യ പ്രഭുക്കന്മാര്‍ തങ്ങളുടെ ദേവനായ ദാഗോന് ബലിയര്‍പ്പിക്കാന്‍ ഒരുമിച്ചു കൂടിയപ്പോള്‍, സാംസണെ കാരാഗൃ ഹത്തില്‍ നിന്നു കൊണ്ടുവന്ന് അവരുടെ മുമ്പില്‍ നിര്‍ത്തി. അവനെക്കൊണ്ട് അഭ്യാസം ചെയ്യിപ്പിച്ചു. ഏകദേശം മൂവായിരം സ്ത്രീ പുരുഷന്മാര്‍ അവന്റെ അഭ്യാസം കണ്ടു കൊണ്ടിരുന്നു. തന്റെ കൈക്കു പിടിച്ചിരുന്ന ബാലനോട് ഒന്ന് ചാരി നില്‍ക്കാന്‍ കെട്ടിടത്തിന്റെ തൂണുകള്‍ എവിടെ എന്ന് അവന്‍ ചോദിച്ചു. തൂണുകളില്‍ പിടിച്ചുകൊണ്ട് അവന്‍ പ്രാര്‍ത്ഥിച്ചു : ' ദൈവമായ കര്‍ത്താവേ എന്നെ ഓര്‍ക്കണമേ, ഞാന്‍ നിന്നോട് പ്രാര്‍ത്ഥിക്കുന്നു: എന്നെ ശക്തനാക്കണമേ '.

അനന്തരം കെട്ടിടം താങ്ങിയിരുന്ന തൂണുകളില്‍ ശക്തമായി തള്ളിക്കൊണ്ട് അവന്‍ പറഞ്ഞു: ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ! സര്‍വ്വശക്തിയും ഉപയോഗിച്ചവന്‍ കുനിഞ്ഞു. കെട്ടിടം വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണു. അവിടെ ഉണ്ടായിരുന്ന എല്ലാവരും കെട്ടിടത്തിന്റെ അടിയില്‍ പെട്ടു മരിച്ചു. മരണസമയത്ത് അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരേക്കാള്‍ അധികമായിരുന്നു. അവന്റെ കുടുംബക്കാര്‍ വന്ന് അവന്റെ ശരീരം കൊണ്ടുപോയി. സോറോയ്ക്കും എഷ് താവോലിനും ഇടയ്ക്ക് പിതാവായ മനോവയുടെ ശവകുടീരത്തില്‍ സംസ്‌കരിച്ചു. ഇരുപത് വര്‍ഷമാണ് സാംസണ്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തിയത്.

സ്ത്രീകളാല്‍ വഞ്ചിക്കപ്പെട്ടവനായിരുന്നു സാംസണ്‍. ഫിലിസ് ത്യരുടെ പേടിസ്വപ്‌നമായിരുന്നു അവന്‍. അവനെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി അവര്‍ അവനോട് ചെയ്തു; അതും സ്ത്രീകളെ മുന്‍നിര്‍ത്തി. നല്ലൊരു കുടുംബജീവിതം അദ്ദേഹത്തിനുണ്ടായില്ല. സാംസന്റെ മക്കളെക്കു റിച്ച് വിശുദ്ധ ബൈബിളില്‍ പറയുന്നില്ല. ഫിലിസ്ത്യര്‍ ചെയ്ത എല്ലാ ദ്രോഹ ത്തിനും നൂറിരട്ടി പ്രതികാരം ചെയ്തിട്ടാണ് സാംസണ്‍ കടന്നുപോയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org