സമരിയാക്കാരി സ്ത്രീ...

സമരിയാക്കാരി സ്ത്രീ...

മാനവചരിത്രത്തിലായാലും വിശ്വ സാഹിത്യത്തിലായാലും ബൈബിളിനോളം പ്രാധാന്യം മറ്റൊരു ഗ്രന്ഥത്തിനും ലഭിച്ചിട്ടില്ല. ഇനിയും കാലമെത്ര കഴിഞ്ഞാലും അതിന് മാറ്റം വരികയുമില്ല. സ്ത്രീകളോട് ഇത്രയേറെ ആദരവും സ്‌നേഹവും കരുതലും പ്രകടിപ്പിച്ചിട്ടുള്ള മറ്റേതു മതഗ്രന്ഥമാണുള്ളത്? ക്രിസ്തുവിന്റെ രക്ഷാകര ചരിത്രത്തില്‍ പേരെഴുതപ്പെട്ട പല സ്ത്രീകളേയും നമ്മള്‍ കണ്ടു കഴിഞ്ഞു. ഇപ്രാവശ്യം നമ്മള്‍ പരിചയപ്പെടുന്നത് യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിലെ സമരിയാക്കാരി സ്ത്രീയെയാണ്.

പുതിയനിയമത്തിലെ ദൈര്‍ഘ്യമേറിയ കഥകളിലൊന്നാണ് യേശുവിന്റെയും സമരിയാക്കാരിയുടെയും കഥ. യേശുവിന്റെ സംഭാഷണങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ച വ്യക്തിയും സമരിയാക്കാരിയാണ്. മറ്റാരോടും ക്രിസ്തു ഇത്ര സമയം സംസാരിച്ചതായി നാം കാണുന്നില്ല. ഒരിക്കല്‍ യേശു സമരിയായിലൂടെ കടന്നു പോവുകയായിരുന്നു. സിക്കാര്‍ എന്ന പട്ടണത്തില്‍ എത്തിയപ്പോള്‍ യാത്ര ചെയ്തു ക്ഷീണിച്ച യേശു യാക്കോബിന്റെ കിണറിനരികെ ഇരുന്നു. ആ സമയം ഒരു സമരിയാക്കാരി അവിടെ വെള്ളം കോരാന്‍ വന്നു. അവള്‍ സമൂഹത്തില്‍നിന്ന് അകന്നു ജീവിച്ചവള്‍ ആയിരുന്നിരിക്കാം. അതുകൊണ്ടാണ് എല്ലാവരും ഭക്ഷണം കഴിക്കുന്ന ഉച്ചസമയത്ത് (ആറാം മണിക്കൂറില്‍) കിണറിന്റെ പരിസരം വിജനമാകുന്ന നേരത്ത് വന്നത്. യേശു അവളോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. യഹൂദരും സമരിയാക്കാരും തമ്മില്‍ യാതൊരു സമ്പര്‍ക്കവും ഇല്ലാതിരിക്കെ യഹൂദനായ ക്രിസ്തു തന്നോട് വെള്ളം ചോദിച്ചത് അവളെ ആശ്ചര്യപ്പെടുത്തി. അവള്‍ അവനോട് പല ചോദ്യങ്ങള്‍ ചോദിക്കുന്നതും, ക്രിസ്തു വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നതും നാം വായിക്കുന്നുണ്ട്. അവന്‍ അവളോട് സംസാരിക്കുന്തോറും അവളുടെ തീക്ഷ്ണത കൂടിക്കൂടി വന്നു. അവള്‍ അവനോട് ചോദിക്കുന്നുണ്ട്, 'ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയ വനാണോ നീ?' യേശു ഉത്തരം നല്‍കി ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീടൊരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകും. അവള്‍ അവനോട് പറയുന്നു, 'ആ ജലം എനിക്ക് തരിക. മേലില്‍ എനിക്ക് ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ വരികയും വേണ്ട.'

അപ്പോഴാണ് യേശുവിന്റെ അടുത്ത ഡയലോഗ്. ''നീ ചെന്നു നിന്റെ ഭര്‍ത്താവിനെ കൂട്ടികൊണ്ടു വരിക.'' അവള്‍ മറുപടി പറഞ്ഞു, 'എനിക്ക് ഭര്‍ത്താവില്ല.' യേശു പറഞ്ഞു, ''എനിക്ക് ഭര്‍ത്താവില്ല എന്നു നീ പറഞ്ഞത് ശരിയാണ്. നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല.'' തന്റെ മുന്നില്‍ നില്‍ക്കുന്നവന്‍ നിസ്സാരക്കാരനല്ലെന്ന് അവള്‍ക്കു മനസ്സിലായി. അവള്‍ വീണ്ടും അവനോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ആ സംഭാഷണത്തിനൊടുവില്‍ യേശു തന്നെത്തന്നെ അവള്‍ക്കു വെളിപ്പെടുത്തി. തന്റെ മുന്നില്‍ നില്‍ക്കുന്നവന്‍ മിശിഹായാണെന്ന് തിരിച്ചറിഞ്ഞ ക്ഷണം വെള്ളം കോരാന്‍ കൊണ്ടുവന്ന കുടം അവിടെ വച്ചിട്ട് അവള്‍ പട്ടണത്തിലേക്ക് ഓടിപ്പോയി. അവിടെ ചെന്ന് ക്രിസ്തുവിനെപ്പറ്റി പറയുന്നു. അവളുടെ വാക്കുകേട്ട ജനം പട്ടണത്തില്‍ നിന്ന് പുറപ്പെട്ട് അവന്റെ അടുത്ത് വന്നു.

സമരിയാക്കാരി സ്ത്രീ താന്‍ തിരിച്ചറിഞ്ഞ ക്രിസ്തുവിനെ ഉടനടി പ്രഘോഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവളാണ്. യഥാര്‍ത്ഥ സത്യത്തെ, സ്‌നേഹത്തെ തിരിച്ചറിഞ്ഞവര്‍ക്ക് അടങ്ങിയിരിക്കാനാവില്ല. തന്റെ കുടം അവിടെ വച്ചിട്ടാണ് അവള്‍. നമ്മള്‍ ആണെങ്കില്‍ എന്ത് ചെയ്യും? ഇവിടെയാണ് നാം ആത്മപരിശോധന നടത്തേണ്ടത്. കാലങ്ങളായി ക്രിസ്തുവിനെ അറിയാമെന്ന് നടിക്കുന്ന നമ്മള്‍, ക്രിസ്തു പലരുടെയും തറവാട്ടു സ്വത്താണെന്ന് ചിലര്‍, ചിലരുടെ ധാരണ ക്രിസ്തു അവരുടെ പോക്കറ്റിലാണെന്നാണ്. നമ്മുടെ സാക്ഷ്യം മൂലം ആരെങ്കിലും അവനില്‍ വിശ്വസിക്കുന്നത് കണ്ടിട്ടുണ്ടോ? പാപകരമായ ജീവിതം നയിച്ചിരുന്നവളെങ്കിലും ദൈവത്തെ അറിയാനുള്ള ആഗ്രഹം അവള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ക്രിസ്തു അവളെ വീണ്ടെടുക്കാന്‍ അവള്‍ക്കു മുന്നില്‍ വന്നത്. അവന്റെ സാമീപ്യം, അവന്റെ സംസാരം അവളുടെ ഉള്‍ക്കണ്ണ് കണ്ണുതുറന്നു. അറിഞ്ഞ സത്യത്തെ, മിശിഹായെ പ്രഘോഷിക്കാന്‍ അവള്‍ ഒട്ടും അമാന്തിച്ചില്ല.

നമ്മളിവിടെ എങ്ങോട്ട് തിരിയണമെന്ന തര്‍ക്കത്തിലാണ്, വ്യഗ്രതയിലാണ്. ഇതിനിടയില്‍ ക്രിസ്തു എവിടെ? ഇല്ല... അവന്‍ പണ്ടേ നമ്മുടെ പരിസരങ്ങളില്‍ നിന്നും അകറ്റപ്പെട്ടു.

സമരിയാക്കാരിയുടെ മനോഭാവത്തിന്റെ ഒരംശമെങ്കിലും നമുക്കുണ്ടായിരുന്നെങ്കില്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org