വിശുദ്ധ എലിസബത്ത്

വിശുദ്ധ എലിസബത്ത്

അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും, കര്‍ത്താവിന്റെ കല്പനകളും, പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്ന വരുമായിരുന്നു

ലൂക്കാ 1/6

സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളായ പുരോഹിതനായ സഖറിയായ്ക്കും അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തിനും വിശുദ്ധ ഗ്രന്ഥം നല്കുന്ന വാഴ്ത്താണിത്. ബൈബിളില്‍ വേറെ ഏതെങ്കിലും ദമ്പതിമാര്‍ക്ക് ഇങ്ങനെ ഒരു വാഴ്ത്ത് കിട്ടിയിട്ടുണ്ടോ എന്നറിയില്ല. ദൈവസന്നിധിയില്‍ ഇത്രമാത്രം നീതിനിഷ്ഠരും, അനുസരണയുള്ളവരും ആയിരുന്നിട്ടും അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അവര്‍ ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു. എന്നാല്‍ ദൈവം തന്റെ ഏറ്റവും നിഗൂഢമായ പദ്ധതിയുടെ ഭാഗമാക്കാനായി വേര്‍തിരിച്ചു നിര്‍ത്തിയിരുന്നവരാണ് ഈ ദമ്പതികളെന്ന് തെളിയാന്‍ കാലതാമസം അനിവാര്യമായിരുന്നു.

സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് സഖറിയായ്ക്ക് ദേവാലയത്തില്‍ വച്ച് ദര്‍ശനമുണ്ടാവുകയും, സമയത്തിന്റെ തികവില്‍ എലിസബത്ത് ഗര്‍ഭിണിയാകുകയും ചെയ്തു. അത്രയുംനാള്‍ വന്ധ്യത എന്ന ശാപത്തിന്റെ കയ്പ്പുനീര്‍ കുടിച്ച എലിസബത്ത് നിറഞ്ഞുതുളുമ്പുന്ന നന്ദിയോടെ പറയുന്നു, 'മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്കിത് ചെയ്തു തന്നിരിക്കുന്നു (ലൂക്കാ 1/25).

പിന്നെ നമ്മള്‍ കാണുന്നത് പരിശുദ്ധാത്മാവിനാല്‍ പൂരിതയായി മറിയത്തെ സ്തുതിക്കുന്ന എലിസബത്തിനെയാണ്. തന്റെ ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കാനായി മറിയം യൂദയാ മലനാട്ടിലുള്ള എലിസബത്തിന്റെ വീട്ടിലെത്തി അവളെ അഭിവാദനം ചെയ്യുന്നു. മറിയത്തിന്റെ അഭിവാദനം കേട്ട് എലിസബത്തിന്റെ ഉദരത്തിലെ കുഞ്ഞ് സന്തോഷത്താല്‍ കുതിച്ചുചാടി സ്‌നാപകയോഹന്നാന്റെയും, യേശുവിന്റെയും ആദ്യത്തെ കൂടിക്കാഴ്ച. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. ഈ രണ്ടു കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും സമാഗമം ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. എത്രയോ എത്രയോ മനോഹരവും മഹത്തരവും ദൈവികവും ആയിരുന്നു അത്. എലിസബത്ത് ഉദ്‌ഘോഷിക്കുകയാണ്..

'നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി'.

ദൈവത്തെ ആഴമായി വിശ്വസിച്ച ഒരുവളുടെ വാക്കുകളാണിവ. എലിസബത്തിന്റെ വാക്കുകളില്‍ സംശയത്തിന്റെ കണിക പോലുമില്ല. തന്റെ മുമ്പില്‍ നില്‍ക്കുന്നത് സകലത്തിന്റെയും ഉടയവനെ ഉദരത്തില്‍ വഹിക്കുന്നവളാണ് എന്ന് അവള്‍ നിസംശയം പ്രഘോഷിക്കുകയാണ്. എലിസബത്തിന്റെ ഈ അഭിവാദനം ആണ് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയില്‍ ഗബ്രിയേല്‍ ദൂതന്റെ മംഗളവാര്‍ത്തയോട് ചേര്‍ന്ന് നാം ഏറ്റു ചൊല്ലുന്നത്.

ലൂക്കാ 7:28-ാം വാക്യം സ്‌നാപക യോഹന്നാനെ കുറിച്ച് ക്രിസ്തുവിന്റെ സാക്ഷ്യപ്പെടുത്തലാണ്.

'ഞാന്‍ നിങ്ങളോട് പറയുന്നു, സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല.' അതേ, ദൈവപുത്രനായ ക്രിസ്തുവിനു വഴിയൊരുക്കാന്‍ വന്നവനെ ഈ ലോകത്തിനു പ്രദാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ച എലിസബത്ത് എത്രയോ അനുഗ്രഹീതയാണ്, ഭാഗ്യവതിയാണ്. ക്രിസ്തുവിന്റെ രക്ഷാകര ചരിത്രത്തില്‍ എലിസബത്തിന്റെ പേരും എഴുതപ്പെട്ടത് സ്വര്‍ണ്ണലിപികളില്‍ തന്നെയാണ്. പ്രിയപ്പെട്ട എലീശ്വാമ്മേ, ക്രിസ്തുവിന്റെ മുന്നോടിയായി മരുഭൂമിയില്‍ വിളിച്ചു പറഞ്ഞവനെ വാര്‍ദ്ധക്യത്തില്‍ ഗര്‍ഭം ധരിച്ചപ്പോള്‍ നീ അനുഭവിച്ച ഗര്‍ഭാരിഷ്ടതകള്‍ സന്തോഷപൂര്‍വ്വം സഹിച്ചു കൊണ്ട് സ്‌നാപകന് നീ ജന്മം നല്‍കി. നിന്റെ നീതിനിഷ്ഠയും ദൈവത്തോടുള്ള വിധേയത്വവും നിനക്ക് നന്മയായി, മഹാ അനുഗ്രഹമായി.

ജീവിതത്തിലുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളിലും, കയ്‌പേറിയ അനുഭവങ്ങളിലും അപമാനിക്കപ്പെടുമ്പോഴും, വിധിക്കപ്പെടുമ്പോഴും ദൈവേഷ്ടത്തിന് വിധേയരായി, ക്ഷമയോടെ കാത്തിരിക്കാനുള്ള മനോഭാവം വിശുദ്ധ എലിസബത്തില്‍നിന്നും നമുക്കും ഉള്‍ക്കൊള്ളാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org