കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കളുടെ പങ്ക് നിര്‍ണായകമോ?

കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കളുടെ പങ്ക് നിര്‍ണായകമോ?

എന്തുകൊണ്ടാണ് ചില കുട്ടികള്‍ അനുസരണമുള്ളവരും പിടിവാശി തീരെ ഇല്ലാത്തവരുമായി പെരുമാറുമ്പോള്‍ മറ്റു ചില കുട്ടികള്‍ അനുസരണമില്ലാത്തവരും പിടിവാശിക്കാരുമായി പെരുമാറുന്നത്? കുട്ടികളില്‍ ഇത്തരം സ്വഭാവരൂപീകരണം നടക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ?

ചില മാതാപിതാക്കളെങ്കിലും അവരുടെ കുട്ടികളെ അനുസരണശീലമില്ലാത്തവരും പിടിവാശിക്കാരുമാക്കി മാറ്റുന്നതില്‍ അവരുടേതായ പങ്കുവഹിക്കുന്നുണ്ട് എന്ന കാര്യം പൂര്‍ണ്ണമായി നമുക്ക് നിഷേധിക്കാനാവില്ല. ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമടങ്ങിയ കുടുംബങ്ങളില്‍ ഇത്തരത്തില്‍പ്പെട്ട കുട്ടികളെ ധാരാളമായി കണ്ടേക്കും. മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ പ്രായമാകാത്ത കുട്ടിയെ വേലക്കാരിയുടെ മേല്‍നോട്ടത്തിലാക്കുകയോ നഴ്‌സറിയിലാക്കുകയോ ചെയ്യുന്നു. അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ ലഭിക്കേണ്ട പ്രായത്തില്‍, അമ്മയുടെ റോളെടുക്കുന്ന ആയയ്‌ക്കോ നഴ്‌സറിയിലുള്ളവര്‍ക്കോ 'മാതൃസ്‌നേഹം' നല്കുന്നതില്‍ പരിമിതികളുണ്ട്. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അമ്മയ്ക്കു മാത്രമേ കഴിയൂ. അമ്മയുടെ സാന്നിധ്യവും സ്‌നേഹപരിലാളനകളും കുട്ടിയില്‍ സൃഷ്ടിക്കുന്ന സുരക്ഷിതത്വബോധം ചെറുതല്ല.

മാതാപിതാക്കളോടൊത്തു കളിച്ചു രസിക്കുമ്പോഴാണ് കുട്ടിയില്‍ കാര്യമായ മാനസിക വികാസം സംഭവിക്കുന്നത്. എത്രതന്നെ ആകര്‍ഷകങ്ങളായ കളിപ്പാട്ടങ്ങള്‍ കുട്ടിക്ക് നല്കിയാലും തന്റെ ഏകാന്തതയില്‍ നിന്നും രക്ഷനേടുന്നതിന് അവന്‍ മറ്റു കുട്ടികളുമായി കളിക്കുവാന്‍ താല്പര്യം കാണിക്കുന്നു. എന്നാല്‍, അംഗസംഖ്യ വളരെ പരിമിതമായ ഇന്നത്തെ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ക്കു മാത്രമേ മിക്കവാറും കുട്ടിയുമായി കൂടുതല്‍ ഇടപഴകല്‍ ഉണ്ടാകുന്നുള്ളൂ. അതും ആയയുടെയും നഴ്‌സറിയിലേയും 'തടങ്കലിനു' ശേഷം.

കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം നോക്കി പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ എത്രതന്നെ ശ്രമിച്ചാലും അവന്റെ സമപ്രായക്കാരുമായിട്ടുള്ള കൂട്ടുകെട്ടിന് അവന്‍ കൂടുതല്‍ ആഗ്രഹിക്കുന്നു. അവരുമായി എത്രസമയം വേണമെങ്കിലും കളിച്ചുല്ലസിക്കുന്നതിന് അവന് വിമുഖതയില്ല. തന്റെ ഇത്തരം പ്രവൃത്തികളിലൂടെ അവന്‍ മറ്റു വ്യക്തികളുമായി പെരുമാറുന്നതിന് പഠിക്കുന്നു. അതുപോലെ തന്നെ കുട്ടിയുടെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ പരസ്പരം എതിര്‍ത്തു സംസാരിക്കുന്നത് അവരില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിത്തീരാം. ചട്ടിയും കലവുമാകുമ്പോള്‍ പരസ്പരം തട്ടിയും മുട്ടിയും കിടക്കും എന്നൊരു പ്രമാണമുണ്ടെങ്കിലും കുട്ടികളുടെ സാന്നിധ്യത്തില്‍ അവരെ കരുവാക്കി വഴക്കു കൂട്ടുന്നത് എന്തുകൊണ്ടും ഭൂഷണമല്ല.

പല കുടംബങ്ങളിലും മിക്കവാറും കാര്യങ്ങളില്‍ മാതാപിതാക്കള്‍ പരസ്പരം അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുക സ്വാഭാവികമാണ്. ഇവിടെ വീട്ടുകാര്യങ്ങളെക്കുറച്ചാണെങ്കിലും കുട്ടികളെ സം ബന്ധിക്കുന്ന കാര്യങ്ങളിലാണെങ്കിലും വിട്ടുവീഴ്ച മനോഭാവത്തോടെയും ഏകാഭിപ്രായത്തോടെയും പ്രവര്‍ത്തിക്കാത്ത കുടുംബങ്ങളിലും വളരുന്ന കുട്ടികള്‍ അവരുടെ ജീവിതത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിവില്ലാത്ത, ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍, ''ഒന്നിനും കൊള്ളാത്ത''വരും ആത്മനിന്ദയുള്ളവരുമായി വളര്‍ന്നു വന്നുവെന്നു വരാം. ഇതില്‍ നിന്നുണ്ടാകുന്ന അപകര്‍ഷതാബോധം മറ്റുള്ളവരോടുള്ള വെറുപ്പായി അവരുടെയുള്ളില്‍ വളരുന്നതിനു കാരണമായേക്കാം.

തനിക്കെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ആഗ്രഹങ്ങളുടെ സഫലീകരണത്തിന് തന്റെ കുട്ടികളെ ഉപയോഗിക്കുന്നത് പല മാതാപിതാക്കളിലും കാണുന്ന ഒരു പ്രവണതയാണ്. മക്കളുടെ കഴിവും ആഗ്രഹങ്ങളും പരിഗണിക്കാതെ, ആ മേഖലകളില്‍ പ്രോത്സാഹനം നല്കാതെ തങ്ങള്‍ വരച്ച വരയില്‍ അവരെ നിറുത്തുന്നതിന് പരിശ്രമിക്കുന്ന രക്ഷിതാക്കള്‍ അവരോട് കാണിക്കുന്നത് ക്രൂരതയാണ്. മാതാപിതാക്കളുടെ അഭിലാഷങ്ങള്‍ക്കൊത്തുയരാന്‍ സാധിക്കാതെ വരുമ്പോള്‍ പലപ്പോഴും കുട്ടികള്‍ കടുത്ത ശിക്ഷകള്‍ക്കിരയാകേണ്ടി വരുന്നു. മാത്രമല്ല മാതാപിതാക്കളുടെ സ്‌നേഹവും അംഗീകാരവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബോധ്യമാകുന്നതോടെ കുട്ടികളില്‍ ആത്മവിശ്വാസം നശിക്കുകയും തങ്ങളെ ആര്‍ക്കുംവേണ്ട എന്ന തോന്നല്‍ അവരില്‍ ശക്തി പ്രാപിക്കുകയും ചെയ്യും. കൂടാതെ, വീട്ടില്‍ അംഗീകാരവും സ്‌നേഹവും കിട്ടാതെ വരുമ്പോള്‍ വിദ്യാലയങ്ങളിലും മറ്റു സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അവര്‍ പ്രേരിതരാകുന്നു.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ അവ മിക്കവാറും ആര്‍ജ്ജിത സ്വഭാവമുള്ളതല്ലെങ്കില്‍ അവയുടെ മേലുള്ള പരിതിവിട്ട നിയന്ത്രണം അവരില്‍ അസ്വാസ്ഥ്യവും മാനസിക പ്രശ്‌നങ്ങളും ഉളവാക്കാന്‍ ഇടയുണ്ട്. ഉറങ്ങാത്ത കുട്ടിയെ അടിച്ചുറക്കാന്‍ ശ്രമിക്കുക, ക്ഷീണമുള്ള കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് ഹോം വര്‍ക്ക് ചെയ്യിപ്പിക്കുക, വിശപ്പില്ലെന്നു പറയുന്ന കുട്ടിയെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ അനുസരിക്കാതെ വരുമ്പോള്‍ അവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. മാതാപിതാക്കളുടെ ഇത്തരം ഏകാധിപത്യ പ്രവണതയോടുകൂടിയുള്ള സമീപനം കുട്ടികളുടെ അനുസരണശീലത്തിന് വിലങ്ങുതടിയായി മാറാനാണ് കൂടുതല്‍ സാധ്യത. സ്‌നേഹത്തിന്റെ ഭാഷ വിട്ട് എപ്പോഴും അധികാരത്തിന്റെ ഭാഷമാത്രം പ്രയോഗിക്കുന്ന മാതാ പിതാക്കളുടെ പല പ്രവര്‍ത്തന രീതികളും കുട്ടികള്‍ തീരെ ഇഷ്ടപ്പെടുന്നില്ല; എന്നു മാത്രമല്ല ഇത് കുട്ടികളില്‍ പ്രതികാര മനോഭാവങ്ങള്‍ വളരാനും കാരണമായിത്തീരും.

അതുപോലെ, വെറുതെയൊന്ന് കിണുങ്ങിയാല്‍ തന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടും എന്ന തോന്നല്‍ മനസ്സില്‍ സൂക്ഷിക്കുന്ന കുട്ടികള്‍ അവരുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ നിഷേധികളായി മാറിയെന്നും വരാം. നിരന്തരമായ പ്രശംസയും അര്‍ഹിക്കുന്ന അംഗീകാരത്തിന്റെ നിഷേധവും കുട്ടികളെ ഒരുപോലെ അനുസരണമില്ലാത്തവരാക്കിയേക്കാം.

ഇപ്രകാരം കുട്ടികളില്‍ പ്രകടമാകുന്ന അനുസരണമില്ലായ്മയ്ക്കും നിഷേധമനോഭാവങ്ങള്‍ക്കും കാരണങ്ങള്‍ പലതുണ്ടാകും. അതുകൊണ്ട് പ്രശ്‌നപരിഹാരത്തിന് പോംവഴി കാണുന്നതിനു മുമ്പ് കുട്ടികളുടെ ചെയ്തികളെക്കുറിച്ച് ഗൗരവമായി മനസ്സിലാക്കുകയും, അതിനവരെ പ്രേരിപ്പിക്കുന്ന വിഭിന്ന ഘടകങ്ങളെക്കുറിച്ചു കൂടി മാതാപിതാക്കള്‍ അറിഞ്ഞിരിക്കുകയും ചെയ്യേണ്ടതുണ്ട്. ചുരുക്കത്തില്‍ തങ്ങളുടെ കുട്ടികളെ അനുസരണശീലക്കാരാക്കാന്‍ എല്ലാ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആദ്യമായി, സ്‌നേഹവും അംഗീകാരവും കുട്ടികള്‍ക്ക് നല്കുന്നതോടൊപ്പം അവരതര്‍ഹിക്കുന്നുവെന്നുറപ്പു വരുത്തുകയും അവരെ സ്വയാശ്രയ ശീലം പരിശിലീപ്പിക്കുകയും ചെയ്യുക. രണ്ടാമതായി, കുട്ടികളുടെ സാന്നിധ്യത്തില്‍ അവരെ നിരന്തരമായി ഏതു കാര്യത്തിനും അമിതമായി പ്രശംസിക്കുന്നത് ഒഴിവാക്കണം. മൂന്നാമതായി, അനാവശ്യമായി കുട്ടികള്‍ ചില കാര്യങ്ങള്‍ക്കായി വാശിപിടിക്കുമ്പോള്‍ അതവഗണിച്ചുകൊണ്ട് മറ്റു കാര്യങ്ങളിലേക്ക് കഴിവതും അവരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുക. അവസാനമായി, മറ്റൊരു വഴിയും മുന്നില്‍ ഇല്ലെങ്കില്‍ മാത്രം അവര്‍ കാട്ടിക്കൂട്ടുന്ന പിഴവുകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്കുക. ശിക്ഷ നല്കുമ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കുന്നതിന് കുട്ടികള്‍ക്ക് അവസരം നല്കുകയും തക്കസമയത്ത് ശിക്ഷിക്കുകയും വേണം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികള്‍, അവര്‍ നമ്മുടെ ഭാവിവാഗ്ദാനങ്ങളാണ് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org