
മറിയം ചരിത്രത്തെ രണ്ടായി വിഭജിച്ചവന്റെ മാതാവാകുവാന്‍ ഭാഗ്യം ലഭിച്ചവള്‍. ദൈവപുത്രനായ ക്രിസ്തുവിന് മനുഷ്യാവതാരം ചെയ്യുവാന്‍ അവന്റെ അമ്മയായി പിതാവായ ദൈവം തിരഞ്ഞെടുത്തവള്‍. കന്യകയായ മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി ദൈവപുത്രന് ജന്മം നല്‍കുന്നു. ചരിത്രത്തില്‍ സംഭവിച്ച ദൈവിക പദ്ധതിയാണിത്. മനുഷ്യന്റെ ബുദ്ധിക്കും ചിന്തയ്ക്കും അപ്രാപ്യമാം വിധം ചരിത്രത്തിലേക്ക് വന്നവള്‍ മറിയം.
കെ.പി. അപ്പന്റെ വാക്കുകളില്‍: 'പരിശുദ്ധ മറിയത്തിന്റെ വ്യക്തിത്വത്തിനു മീതെ വൈരുദ്ധ്യങ്ങള്‍ തേജസ്സായി നില്‍ക്കുന്നു. ലെബനോന്‍ വീഞ്ഞിന്റെ സുഗന്ധമുള്ള വൈരുദ്ധ്യങ്ങള്‍.... മറിയം കന്യകയാണ്, എന്നാല്‍ അവള്‍ അമ്മയുമാണ്. മനുഷ്യസ്ത്രീയാണ്, എന്നാല്‍ ദൈവത്തെ പ്രസവിച്ചവളാണ്. മറ്റുള്ളവരെപ്പോലെ മറിയവും ദൈവത്തിന്റെ സൃഷ്ടിയാണ്, എന്നാല്‍ തന്റെ സ്രഷ്ടാവിന്റെ മകനെ പ്രസവിച്ചവളാണ്. മനുഷ്യപിതാവില്ലാതെ മനുഷ്യപുത്രനെ പ്രസവിച്ച കന്യകയാണിവള്‍. പാപം നിറഞ്ഞ മനുഷ്യരില്‍ നിന്നാണ് പാപരഹിതരായ മറിയം ഉണ്ടായത്. പരിശുദ്ധ കന്യക ക്രിസ്തുവിന്റെ മാതാവാണ്, എന്നാല്‍ ആധ്യാത്മിക പാരമ്പര്യത്തിന്റെ ചരിത്രത്തില്‍ സ്വന്തം മകന്റെ ആത്മീയ പുത്രിയാണ്. ഇങ്ങനെ ദൈവ ശാസ്ത്രപരമായ സൗന്ദര്യത്തില്‍ മറിയത്തിലെ വൈരുദ്ധ്യങ്ങള്‍ പെരുകി വരുന്നത് കാണാം. 'പരിശുദ്ധ മറിയത്തിലൂടെയാണ് നാം ക്രിസ്തുവിലേക്ക് കടന്നുവന്നത്. മറിയത്തിലൂടെയാണ് ക്രിസ്തു നമ്മിലേക്ക് കടന്നുവന്നത്.
ദൈവപുത്രന്റെ മാതാവാകുവാന്‍ സമ്മതം മൂളിയ സമയം മുതല്‍ അവള്‍ കടന്നു വന്ന കനല്‍ വഴികള്‍ വിശുദ്ധ ഗ്രന്ഥം നമുക്ക് കാണിച്ചു തരുന്നുണ്ട്. എത്രമാത്രം വിവേകത്തോടെയും, ധൈര്യത്തോടെയുമാണ് അവള്‍ ഈ കനലിലൂടെ നടന്നുനീങ്ങിയത്. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന ശിമയോന്റെ പ്രവചനം അനുനിമിഷം അവളെ വേട്ടയാടിയിരുന്നു. ആ വാള്‍മുന അവളുടെ ഹൃദയത്തില്‍ തൊട്ടിരിക്കുകയായിരുന്നു. കഠിനമായ വ്യാകുലങ്ങളുടെ ആഴങ്ങളില്‍ മുങ്ങിയപ്പോഴെല്ലാം ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ ഇഷ്ടം നിറവേറട്ടെ! എന്നു മാത്രമാണ് അവള്‍ പറഞ്ഞിരുന്നത്.
ആദിമാതാവായ ഹവ്വാ നഷ്ടമാക്കിയ പറുദീസ പരിശുദ്ധ മറിയം നമുക്ക് വീണ്ടെടുത്തു തന്നു. രക്ഷാകര ചരിത്രത്തില്‍ ക്രിസ്തുവിനു കടന്നുവരാന്‍ മറിയത്തിന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. നമ്മള്‍ എന്നും ചൊല്ലുന്ന പരിശുദ്ധ മാതാവിന്റെ ലുത്തിനിയ മറിയത്തിനുള്ള ഏറ്റവും മനോഹരമായ വാഴ്ത്തല്ലേ? ദാവീദിന്റെ കോട്ട, ബോധജ്ഞാനത്തിന്റെ സിംഹാസനം, സ്വര്‍ണ്ണാലയം, വാഗ്ദാനത്തിന്റെ പേടകം, സ്വര്‍ഗ്ഗത്തിന്റെ വാതില്‍, പുലര്‍കാല താരകം... എത്ര മനോഹരമായ വാഴ്ത്തു പാട്ട്.
മംഗളവാര്‍ത്ത മുതല്‍ പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിന്റെ ആഗമനം വരെ സുവിശേഷത്തിലുടനീളം മറിയത്തെ കാണുന്നുണ്ട്. ഒരേ സമയം മകന്റെ ശിഷ്യയും ഗുരുനാഥയും ആയിരുന്നവളാണ് മറിയം. യേശുവിന്റെ ഉയിര്‍പ്പിനു ശേഷം കുറേക്കാലം കഴിഞ്ഞപ്പോള്‍ പരിശുദ്ധ മറിയം ആത്മശരീരങ്ങളോടെ, മാലാഖമാരുടെ അകമ്പടിയില്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടുവെന്നും, തന്റെ തിരുക്കുമാരനാല്‍ സ്വര്‍ഗത്തിന്റെയും, ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നും നാം വിശ്വസിക്കുന്നു.
ഈ മറിയം നമ്മുടെ അമ്മയാണ്. സര്‍വ്വ ലോകത്തിന്റെയും അധിപനായ കര്‍ത്താവീശോ മിശിഹായുടെ പ്രിയ മാതാവ് നമ്മുടെയും പ്രിയപ്പെട്ട അമ്മയാണ്. അവള്‍ സ്വര്‍ഗ്ഗത്തിന്റെയും, ഭൂമിയുടെയും മഹാറാണിയാണ്. ഈ മഹാറാണിയുടെ മക്കളായ നമ്മളെല്ലാവരും രാജകുമാരന്മാരും രാജകുമാരിമാരുമാണ്. അതിനാല്‍ നമുക്കും നമ്മുടെ യോഗ്യതയ്ക്ക് യോജിച്ചവിധം ജീവിക്കാം. സര്‍വ്വാധി നാഥയായ ഒരമ്മയുടെ മക്കളെന്ന നിലയില്‍ നമുക്കഭിമാനിക്കാം.