ജെസ്സി മരിയ
രാജ്യത്തിന്റെ ഭരണാധികാരികള്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവ് പണ്ടുമുതലേ ഉണ്ടായിരുന്നു. അതുപോലെ രാജ്യങ്ങള്‍ തമ്മിലുള്ള ശീതസമരങ്ങളും, വന്‍ യുദ്ധങ്ങളും. ഇത്തരത്തിലൊരു രാജകീയ സന്ദര്‍ശനത്തെക്കുറിച്ച് പഴയ നിയമത്തില്‍ രാജാക്കന്മാരുടെ പുസ്തകത്തിലും, ദിനവൃത്താന്തത്തിലും പറയുന്നുണ്ട്. രാജാക്കന്മാരുടെ ഒന്നാം പുസ്തകം 10-ാം അദ്ധ്യായത്തിലും, ദിനവൃത്താന്തം ഒന്നാം പുസ്തകം 9-ാം അദ്ധ്യായത്തിലും ജറുസലേം രാജാവായിരുന്ന സോളമനെ സന്ദര്‍ശിക്കാന്‍ ഷേബായിലെ രാജ്ഞി വന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അവള്‍ എത്യോപ്യയിലെ രാജ്ഞിയായിരുന്നെന്നും അതല്ല, യെമനിലെ രാജ്ഞിയായിരുന്നു എന്നും പറയപ്പെടുന്നു. എന്തായാലും ചരിത്രം പറയുന്നത് അവള്‍ വളരെ സമ്പന്നമായ ഒരു രാജ്യം ഭരിച്ചിരുന്ന രാജ്ഞിയായിരുന്നു എന്നാണ്. സോളമന്റെ മഹാവിജ്ഞാനത്തെയും, കറയറ്റ ജ്ഞാനത്തെയും കുറിച്ച് കേട്ട ഷേബാ രാജ്ഞി അവനെ നേരില്‍ക്കണ്ട് ബോധ്യപ്പെടാനും, അവനോട് ചോദ്യങ്ങള്‍ ചോദിക്കാനുമാണ് ജറുസലേമിലെത്തിയത്.
സോളമന്‍ രാജാവിനെ തന്റെ കുടുക്കു ചോദ്യങ്ങളാല്‍ പരീക്ഷിക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. അവളും നല്ല അറിവുള്ള സ്ത്രീ ആയിരുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ സോളമന് പിടിച്ചു നില്‍ക്കാനാവില്ലെന്ന് അവള്‍ കരുതിയിട്ടുണ്ടായിരിക്കാം. എന്തായാലും ഷേബാ രാജ്ഞിയുടെ ജറുസലേം സന്ദര്‍ശനം വളരെ പ്രൗഢഗംഭീരവും രാജകീയവുമായിരുന്നു. ധാരാളം സ്വര്‍ണ്ണവും സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്‌നങ്ങളുമായി അനേകം ഒട്ടകങ്ങളുടെ അകമ്പടിയോടെ, വലിയൊരു പരിവാരവുമായാണ് അവള്‍ ജറുസലേമിലേയ്ക്ക് വന്നത്. ഒന്നു സങ്കല്പിച്ചു നോക്കൂ, എത്ര മനോഹരമായ കാഴ്ചയാണത്. കടംകഥകളും കുരുക്കു ചോദ്യങ്ങളുംകൊണ്ട് തോല്പിക്കണമെന്നാണ് ഉദ്ദേശമെങ്കിലും, സോളമന്റെ കീര്‍ത്തിയെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നതിനാല്‍, വേണ്ടത്ര ബഹുമാനത്തോടും, മര്യാദയോടും കൂടിയാണ് അവര്‍ വന്നത്. സോളമന്‍ രാജാവ് അവളെ വളരെ ബഹുമാനത്തോടെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്തു. അവള്‍ സോളമനോട് മനസ്സില്‍ കരുതിയിരുന്ന എല്ലാ ചോദ്യങ്ങളും ചോദിച്ചു. അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ മറുപടി നല്കി. അവന് ഉത്തരം നല്കാന്‍ പറ്റാത്തതായി ഒന്നും ഉണ്ടായിരുന്നില്ല. ഷേബാ രാജ്ഞി അത്ഭുതപരതന്ത്രയായി.
സോളമന്റെ കൊട്ടാരം, അവന്റെ ജ്ഞാനം, മേശയിലെ വിഭവങ്ങള്‍, ഭൃത്യന്മാരുടെ വേഷം, അവരുടെ പരിചരണം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന്‍ അര്‍പ്പിച്ച ദഹനബലികള്‍, എല്ലാമെല്ലാം അവളെ അത്ഭുതപ്പെടുത്തി. അവള്‍ രാജാവിനോടു പറഞ്ഞു, അങ്ങയെയും, അങ്ങയുടെ ജ്ഞാനത്തെയും പറ്റി, ഞാന്‍ എന്റെ ദേശത്ത് കേട്ടത് എത്രയോ വാസ്തവം. നേരില്‍ കാണുന്നതുവരെ ഞാന്‍ യാതൊന്നും വിശ്വസിച്ചിരുന്നില്ല. യാഥാര്‍ത്ഥ്യത്തിന്റെ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനേക്കാള്‍ എത്രയോ വിപുലമാണ്. അങ്ങയുടെ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങയുടെ സന്നിധിയില്‍ സദാ ആയിരിക്കുന്ന അങ്ങയുടെ ദാസന്മാര്‍ എത്ര ഭാഗ്യവാന്മാര്‍! അങ്ങില്‍ പ്രസാദിച്ച്, ഇസ്രായേലിന്റെ രാജസിംഹാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! കര്‍ത്താവ് ഇസ്രായേലിനെ അത്രമേല്‍, അനന്തമായി സ്‌നേഹിച്ചതിനാല്‍, നീതിയും ന്യായവും നടത്താന്‍ അങ്ങയെ രാജാവാക്കി.
അവള്‍ രാജാവിന് നൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണവും, വളരെയേറെ സുഗന്ധദ്രവ്യങ്ങളും, രത്‌നങ്ങളും സമ്മാനിച്ചു. ഷേബാ രാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല. സോളമനും ധാരാളം സമ്മാനങ്ങള്‍ നല്കിയാണ് അവളെ തിരിച്ചയച്ചത്.
ആരോഗ്യപരമായ സൗഹൃദത്തിന്റെയും ആദരവന്റേയും ഉത്തമ ഉദാഹരണമാണ് ഷേബായിലെ രാജ്ഞിയും, സോളമന്‍ രാജാവും. താന്‍ കേട്ടറിഞ്ഞതിനേക്കാള്‍ അപ്പുറമാണ് സോളമന്റെ ജ്ഞാനവും, സമ്പത്തും, ഭരണപാടവവും എന്ന് കണ്ടറിഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ അവള്‍ മടിച്ചില്ല; അത് തുറന്നു പറയാനും.
ഇന്ന് നമ്മുടെ സഭാധികാരികള്‍ക്ക്, രാഷ്ട്രനേതാക്കള്‍ക്ക് ഇല്ലാത്തത് അംഗീകരിക്കാനുള്ള ഈ മനസ്സാണ്. എല്ലാവരും എല്ലാം തികഞ്ഞവരാകുമ്പോള്‍ മറ്റുള്ളവരെ അംഗീകരിക്കുന്നതെങ്ങനെ? ഷേബായിലെ രാജ്ഞി രാഷ്ട്രനേതാക്കള്‍ക്ക് ഉത്തമയായ മാതൃകയാണ്.