ആത്മഹത്യയുടെ മനഃശാസ്ത്ര കാണാപ്പുറങ്ങള്‍

ആത്മഹത്യയുടെ മനഃശാസ്ത്ര കാണാപ്പുറങ്ങള്‍

ഡോ. ഫാ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലീനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ് & പ്രൊഫസര്‍, മേരി മാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

ലോകാരോഗ്യ ഭൂപടത്തില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്ന നമ്മുടെ കൊച്ചു കേരളം വികസിത രാജ്യങ്ങളോട് കിടപിടിക്കാവുന്ന പല നേട്ടങ്ങളും ഇതിനകം കൈവരിച്ചു കഴിഞ്ഞു. കേരളത്തിന്റെ വിശിഷ്ടമായ ഈ ആരോഗ്യമാതൃക അന്താരാഷ്ട്ര തലങ്ങളില്‍പ്പോലും ചര്‍ച്ചകള്‍ക്ക് വിധേയമായി. കേരള സംസ്ഥാനം രൂപവത്കരിച്ച് ആറു ദശകങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. എന്നാല്‍, വേറെ ഒരു വശം ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ 2019-20 വര്‍ഷത്തിലെ റിപ്പോര്‍ട്ടില്‍ കാണുന്നത് രാജ്യത്ത് ആത്മഹത്യാനിരക്ക് കൂടിയ സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. 2019 ല്‍ കേരളത്തില്‍ 8,556 പേരാണ് ജീവനൊടുക്കിയത്. ഇതില്‍ 6,668 പേര്‍ പുരുഷന്മാരും, 1,888 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 961 വീട്ടമ്മമാരുണ്ട്. രാജ്യത്ത് ഏറ്റവും കൂടിയ ആത്മഹത്യാനിരക്കുള്ള നഗരം കൊല്ലമാണ്. 41.2 ശതമാനമാണ്. പ്രൊഫഷണലുകളും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പടെ 845 പേര്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ ജീവനൊടുക്കി. ഇവിടെ വിദ്യാഭ്യാസമുള്ളവരിലാണ് 90 ശതമാനം ആത്മഹത്യകളും നടക്കുന്നത്. ഇന്ത്യയില്‍ പത്തുകോടി ആളുകളെങ്കിലും വിവിധ മാനസികരോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരാണ്. അവയില്‍ ഒരു കോടിയോളം പേര്‍ ആ ശുപത്രികളില്‍ കിടന്നു ചികിത്സിക്കേണ്ട ഗുരുതരമായ മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്.
കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും 15 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. കൂടിവരുന്ന കുടുംബ ആത്മഹത്യകളാണ് ഭീതിദമായ മറ്റൊരു യാഥാര്‍ത്ഥ്യം. ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെടുക്കുന്ന കുടുംബനാഥന്റെ വിചാരങ്ങള്‍ അറിയുകയോ അതിനോടു യോജിക്കുകയോ ചെയ്യാതെ ജീവിതമോഹം തീര്‍ന്നിട്ടില്ലാത്ത കുടുംബാംഗങ്ങള്‍ മരണത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ കുടുംബത്തിന്റെ ആത്മഹത്യ ബന്ധുക്കളിലും സുഹൃത്തുക്കളിലുമുണ്ടാക്കുന്ന വൈകാരിക പ്രശ്‌നങ്ങളാകട്ടെ ദീര്‍ഘകാലം നില്‍ക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമാകുന്നു.

കാരണങ്ങള്‍

മാനസിക വിഷമമോ നിരാശയോ ആണ് ആത്മഹത്യയ്ക്കു കാരണമാകുന്നതെന്ന് പറയാറുണ്ട്. കടുത്ത മാനസികവിഷമവും കൊടിയ നിരാശയുമുള്ള എത്രയോ മനുഷ്യര്‍ ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു എന്നതുകൊണ്ട് ഈ നിരീക്ഷണം ശരിയല്ല. ആത്മഹത്യയെ കുറിച്ചുനടന്നിട്ടുള്ള പഠനങ്ങള്‍ നോക്കിയാല്‍ ഒരു കാരണം കൊണ്ട് മാത്രം ആത്മഹത്യ ഉണ്ടാകുന്നില്ല എന്നു കാണാം. മാനസികരോഗങ്ങള്‍, പാരമ്പര്യരോഗങ്ങള്‍ അതായത് ജനിതകഘടകങ്ങള്‍, പ്രതികൂല ജീവിതസാഹചര്യങ്ങള്‍, സാമൂഹികവും മതപരവുമായ വിശ്വാസങ്ങള്‍ തുടങ്ങിയവയും അതോടൊപ്പം മാധ്യമങ്ങളുടെ സ്വാധീനവും കാണാന്‍ കഴിയും.

മാനസികരോഗങ്ങള്‍

ആത്മഹത്യകള്‍ മാനസികരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷാദരോഗം, സ്‌കിസോഫ്രീനിയ, മദ്യാസക്തിരോഗം, ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വരോഗം എന്നിവയാണ് ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള മാനസികരോഗങ്ങള്‍. വിഷാദരോഗം ബാധിച്ചവരില്‍ 15 ശതമാനവും സ്‌കിസോഫ്രീനിയായില്‍ 10 ശതമാനവും ആത്മഹത്യചെയ്യുന്നു എന്നാണ് കണക്ക്. വിഷാദരോഗം പലപ്പോഴും പുറത്തേക്കറിയാറില്ല. ആത്മഹത്യയ്ക്കുശേഷം അയാള്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല എന്ന് ആളുകള്‍ പറയുകയും ചെയ്യും.

പാരമ്പര്യം

പാരമ്പര്യം ആത്മഹത്യയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സുപ്രധാന ഘടകമായി ഗവേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നോവലിസ്റ്റായ ഏണസ്റ്റ് ഹെമിങ്‌വേയുടെ കുടുംബത്തില്‍ പല തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട ചില ജീനുകള്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കത്തില്‍ കാണുന്ന സെറാട്ടോനിന്‍ എന്ന പദാര്‍ത്ഥത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജീനുകള്‍ ഉദാഹരണം. സെറോട്ടോനിന്റെ അളവിലുണ്ടാകുന്ന തകരാറുകള്‍ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജീവിത സംഘര്‍ഷങ്ങള്‍

ജനിതകഘടകങ്ങള്‍ പ്രതികൂലമായ ജീവിതസാഹചര്യങ്ങളുമായി ചേരുമ്പോള്‍ ആത്മഹത്യാ സാധ്യത പലമടങ്ങായി വര്‍ദ്ധിക്കുന്നു. പരീക്ഷകളില്‍ ഉണ്ടാകുന്ന തോല്‍വി, പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെയാവുക, സാമ്പത്തിക പ്രതിസന്ധി, മാനഭംഗത്തിന് ഇരയാവുക, അപമാനിക്കപ്പെട്ടു എന്ന ധാരണ, അംഗവൈകല്യം, കടുത്ത വേദന, ശാരീരിക രോഗങ്ങള്‍ മുതലായവയാണ് പ്രതികൂല ജീവിത സാഹചര്യങ്ങള്‍.

മുന്നറിയിപ്പുകള്‍

ആത്മഹത്യ ചെയ്യാനുള്ള മനസ്സുമായി ഒരാള്‍ നടക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ അയാളറിയാതെ തന്നെ പുറത്തേക്ക് കാണാറുണ്ട്. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളായ ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശരീരത്തില്‍ പലയിടത്തുമുള്ള വേദന മുതലായവയ്ക്കുള്ള പരിഹാരം തേടി ഒരു ഡോക്ടറുടെ അടുത്ത് ആത്മഹത്യ ചെയ്യുന്നതിനു മുന്‍പുള്ള ഒരു മാസത്തിനുള്ളില്‍ പോയിട്ടുള്ളവരാണ് ആത്മഹത്യ ചെയ്തിട്ടുള്ളവരില്‍ നിരവധി പേര്‍. പതിവിലും കൂടുതലായി ഒരാള്‍ മറ്റൊരാളെ കണ്ട് സങ്കടം പറയുക, കരയുക എന്നിവയെല്ലാം ഗൗരവത്തോടെ പരിഗണിക്കണം.

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും
15 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. കൂടിവരുന്ന
കുടുംബ ആത്മഹത്യകളാണ് ഭീതിദമായ മറ്റൊരു യാഥാര്‍ത്ഥ്യം.
ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെടുക്കുന്ന കുടുംബനാഥന്റെ
വിചാരങ്ങള്‍ അറിയുകയോ അതിനോടു യോജിക്കുകയോ
ചെയ്യാതെ ജീവിതമോഹം തീര്‍ന്നിട്ടില്ലാത്ത
കുടുംബാംഗങ്ങള്‍ മരണത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.


വ്യക്തിബന്ധങ്ങളില്‍ നിന്നും സാമൂഹിക ബന്ധങ്ങളില്‍ നിന്നും ഉള്‍വലിയുക, മൗനിയായി കാണുക, സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ക്ക് മുടക്കുവരുത്തുക. സന്ദര്‍ശനം വെട്ടിച്ചുരുക്കുക. സ്വത്തുക്കള്‍ ദാനം ചെയ്യുക, വില്‍പത്രം തയ്യാറാക്കുക എന്നിവയും ആത്മഹത്യയ്ക്ക് മുന്‍പുള്ള ലക്ഷണങ്ങളാകാം. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പാകട്ടെ, ഒരാള്‍ സുഹൃത്തുക്കളെ വിളിക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്ത് പതിവില്ലാത്ത രീതിയില്‍ യാത്ര പറയുകയും ചെയ്‌തേക്കാം.
ചിലപ്പോള്‍ സ്വസ്ഥതയില്ലാത്ത രീതിയില്‍ കാണപ്പെട്ടേക്കാം. ഒരിടത്ത് ഇരിക്കാന്‍ സാധിക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരവസ്ഥ പ്രകടമായേക്കാം. അപൂര്‍വം ചിലര്‍ പ്രസന്നതയോടെയും കാണപ്പെടുന്നു. ചുരുക്കത്തില്‍ ഒരാള്‍ പതിവില്ലാത്ത ഏതു രീതിയില്‍ പെരുമാറിയാലും അത് സംശയിക്കപ്പെടണം. ആത്മഹത്യാചിന്തകളോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ സംഭവങ്ങളോ ഒരാള്‍ പ്രകടിപ്പിച്ചാല്‍ അയാളോട് അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുകയും നിരീക്ഷിക്കയും വേണം.

തെറ്റിദ്ധാരണകള്‍ അകറ്റാം

1. ആത്മഹത്യയെ കുറിച്ച് ഒരാളോട് സംസാരിക്കുന്നത് ആത്മഹത്യയ്ക്കു കാരണമായേക്കാം. ഇത് തെറ്റാണ്, യഥാര്‍ത്ഥത്തില്‍ ഒരാള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് ചോദിക്കുകയാണ് വേണ്ടത്. ഈ ചോദ്യം കൊണ്ട് അയാള്‍ ആത്മഹത്യ ചെയ്യുകയല്ല മറിച്ച്, ആത്മഹത്യ ചെയ്യാനുള്ള തന്റെ പദ്ധതി ചോദിക്കുന്ന ആളോട് പങ്കുവെയ്ക്കുകയാണ് സാധാരണ ചെയ്യുക. മനസ്സിലെ വിഷമങ്ങള്‍ ആരോടെങ്കിലും പറയാന്‍ കാത്തിരിക്കുന്ന ഒരാള്‍ക്ക് ആ ചോദ്യം വലിയ ആശ്വാസമായിരിക്കും.
2. ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ അതിന് വീണ്ടും ശ്രമിക്കില്ല. നേരെ മറിച്ചാണ് വസ്തുത. ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ പിന്നീട് ആത്മഹത്യ ചെയ്യാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെ കൂടുതലാണ്. ഒരര്‍ത്ഥത്തില്‍ ആത്മഹത്യ പ്രവചിക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം മുന്‍പ് നടന്നിട്ടുള്ള ആത്മഹത്യാശ്രമമാണ്.
3. ഒരാള്‍ ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാല്‍ അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുക സാധ്യമല്ല: ഇതുതെറ്റാണ്. പലരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാല്‍ പോലും തൊട്ടുമുന്‍പുള്ള വേളയില്‍ പലരിലും ജീവിക്കാനും, ആത്മഹത്യ ചെയ്യാനുള്ള ചിന്തകള്‍ മാറി മാറി വരാറുണ്ട്. ഇതിനെ ഉഭയവാസന എന്നു പറയുന്നു. ആത്മഹത്യ ചെയ്ത ചിലരുടെ കുറിപ്പുകളില്‍ നിന്നും ഇത് വ്യക്തമാണ്. ആത്മഹത്യ ആരും ഇഷ്ടത്തോടെ തിരഞ്ഞെടുക്കുന്നതല്ല. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ല എന്ന് ഒരാള്‍ക്ക് തോന്നുന്ന അവസരത്തില്‍ ഏറ്റവും വേദനാജനകമായ സമയത്ത് ഒരാള്‍ എടുക്കുന്ന തീരുമാനമാണത്. ആത്മഹത്യാശ്രമത്തിന് ശേഷവും ചിലര്‍ രക്ഷപ്പെടാനുള്ള സഹായം അഭ്യര്‍ത്ഥിക്കുന്നത് ഉഭയവാസനയുടെ തെളിവാണ്.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍

ആത്മഹത്യ ചെയ്യുന്ന എല്ലാവരിലും അതിന്റെ മുന്നറിയിപ്പുകള്‍ കാണണമെന്നില്ല. എന്നിരുന്നാലും അതിന്റെ സാധ്യത കൂടുതലാണോ കുറവാണോ എന്ന് പറയാന്‍ സാധിക്കും. അമിതമായി മദ്യപിക്കുന്നവര്‍, വിവാഹമോചനം കഴിഞ്ഞവര്‍, ഉറ്റവരെ നഷ്ടപ്പെട്ടവര്‍, സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍, കാന്‍സര്‍ രോഗികള്‍, സ്ഥിരമായി വേദന അനുഭവിക്കുന്നവര്‍, മാനസികരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരിലെല്ലാം അതിന്റെ സാധ്യത കൂടുതലാണ്. ഇത്തരം വിഭാഗത്തില്‍പ്പെട്ടവരോട് ആത്മഹത്യാ ചിന്തകളുണ്ടോ എന്നു ചോദിക്കുന്നതാണ് ഒരു പ്രതിരോധമാര്‍ഗ്ഗം. ആത്മഹത്യയുടെ മുന്നറിയിപ്പ് നല്‍കുന്നവരെ പിന്തുടര്‍ന്ന് നിരീക്ഷിച്ച് അവര്‍ക്ക് മതിയായ സംരക്ഷണ വും ശുശ്രൂഷയും നല്‍കുകയാണ് മറ്റൊന്ന്. വിഷാദരോഗത്തെ ചികിത്സിക്കുന്നതിലൂടെ 30 ശതമാനം ആത്മഹത്യകളും ഒഴിവാക്കാനാകും എന്ന് പഠനങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നുണ്ട്.
ഈ കാലഘട്ടത്തില്‍ വ്യക്തികളും സംഘടനകളും പ്രസ്ഥാനങ്ങളും പൊതുവേ സമൂഹവും മനുഷ്യജീവന്റെ മാഹാത്മ്യം മനസ്സിലാക്കി മനുഷ്യന്റെ മാനസികാരോഗ്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്താല്‍ ആത്മഹത്യകളെ നമുക്ക് തടയുവാന്‍ സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org