കുട്ടികളിലെ അമിതവാശി അപകടമാകാതിരിക്കാന്‍

കുട്ടികളിലെ അമിതവാശി അപകടമാകാതിരിക്കാന്‍

മാതാപിതാക്കളില്‍ ചിലരുടെ വലിയൊരു ദുഃഖമാണ് എന്തിനും എവിടെയും വാശിപിടിച്ച് കരഞ്ഞ് കാര്യങ്ങള്‍ നേടിയെടുക്കുന്ന കുട്ടികളുടെ വികലരീതികള്‍. ചിലപ്പോള്‍ ഒച്ചവച്ചും ബഹളം കൂട്ടിയും ആഗ്രഹിക്കുന്നത് ആവശ്യപ്പെടുന്നു. ഇഷ്ടമുള്ളത് നേടിയെടുക്കാന്‍ മററുള്ളവരുടെ മുമ്പില്‍ കാര്യം നേടിയെടുക്കാന്‍ കാട്ടുന്ന വാശിപിടിച്ചുള്ള സ്വഭാവവൈകൃതങ്ങളും അക്രമരീതികളും ക്ഷമ നശിപ്പിച്ചു കളയുന്നത് മാതാപിതാക്കളെക്കൂടി ദേഷ്യപ്പെട്ട് പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അനിയന്ത്രിതമായി ബഹളംവച്ച് വാശിപിടിക്കുന്ന വീട്ടിലെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന, താന്‍ വിചാരിച്ച കാര്യം നടത്തുന്ന, കരഞ്ഞ് ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിച്ച് അനുകമ്പനേടി മുതലെടുപ്പ് നടത്തുന്ന ഇത്തരം കുട്ടികള്‍ വളരുന്നതിനനുസരിച്ച് അവരുടെ കാര്യം നേടിയെടുക്കുവാനുള്ള വൈകൃതരീതികളും അവരോടൊപ്പം പല രൂപത്തില്‍ പ്രകടമാകുന്നു. എല്ലാം വലിച്ചെറിഞ്ഞ് നശിപ്പിക്കുന്ന ചില കുട്ടികളുടെ പ്രവര്‍ത്തന രീതികള്‍ക്കു മുമ്പില്‍ നിസ്സഹാരായി നിന്ന് പരസ്പരം കുറ്റപ്പെടുത്തുന്നുന്നതിലുപരി ഒപ്പം നിന്ന് അവരെ നേടിയെടുത്തില്ലായെങ്കില്‍ അത് പല വിപത്തുകളിലേക്കും വഴി തെളിയിക്കും.

എന്തിനും ഏതിനും വാശി പിടിച്ച് മിണ്ടാതിരിക്കുന്ന, പിണങ്ങിപോകുന്ന കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഈ സ്വഭാവവൈകല്യം പരിഹരിച്ചെടുക്കാന്‍ സഹായിച്ചില്ലായെങ്കില്‍ പല പ്രശ്‌നങ്ങളിലേക്ക് വഴിതെളിയിക്കും. ഭാവിയില്‍ അവരുടെ കുടുബജീവിതത്തെയും ഔദ്യോഗികജീവിതത്തെയും വികലമായി സ്വാധീനിക്കാന്‍ സാധ്യതയുമുണ്ട്. അമിതവാശി പിടിക്കുന്ന കുട്ടികള്‍ക്ക് വീട്ടിലും പുറത്തു കൂട്ടുകാര്‍ കുറവായിരിക്കും. അമിതവാശിപിടിച്ച് ബാല്യകാലം വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ ഒറ്റപ്പെട്ട് നടക്കുന്ന ഇക്കൂട്ടര്‍ കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെടുന്നു. അതുമൂലം ഒരു പ്രശ്‌നം വരുമ്പോള്‍ അവര്‍ ഒറ്റപ്പെടുന്നു. കാര്യങ്ങള്‍ പങ്കുവയ്ക്കുവാന്‍ കൂട്ടുകാര്‍ ഇല്ലാതെ വരുകയും അത് വിഷാദത്തിലേക്കും ചിലപ്പോള്‍ ആത്മഹത്യപ്രവണതയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള വാശികള്‍ ജീവിതപങ്കാളിയില്‍ തനിക്ക് ഇഷ്ടപ്പെടാത്തതു കാണുമ്പോള്‍ പൊട്ടിത്തെറിക്കുകയും സമചിത്തത നഷ്ടപ്പെട്ട് വിവാഹമോചനത്തിലേക്കോ ഒറ്റപ്പെട്ട ജീവിതരീതിയിലേക്കോ മക്കളുടെയോ കുടുംബത്തിന്റെയോ കാര്യത്തില്‍ ശ്രദ്ധകൊടുക്കാതെ വാശിപിടിച്ചിരിക്കുന്ന അവസ്ഥയിലേക്കെത്തുന്ന സാഹചര്യവും സാധ്യതകളും കൂടുതലാണ്. അമിത വാശി പിടിക്കുന്നവര്‍ അവര്‍ വളരുന്നതിനോടൊപ്പം അവരിലെ അനിയന്ത്രിതമായ വാശി ജോലിസ്ഥലത്തും സഹപ്രവര്‍ത്തകരില്‍നിന്നും മേലുദ്യേഗസ്ഥരില്‍ നിന്നുമുള്ള തിരുത്തലുകളും കുറ്റപ്പെടുത്തലുകളും സഹകരണക്കുറവും കാണുമ്പോള്‍ ജോലിയില്‍ ലീവെടുത്ത് വീട്ടിലിരുന്ന് ജോലിയില്‍ അസ്ഥിരത ഉണ്ടാക്കുന്നു. ചില സാഹചര്യങ്ങളില്‍ ജോലിതന്നെ രാജി വയ്ക്കുവാനും വാശിപിടിക്കുന്നു.

ഇങ്ങനെ നോക്കുമ്പോള്‍ ചെറുപ്പത്തിലെ പരിഹരിക്കപ്പെടാത്ത വാശികള്‍ ഒരാളുടെ വ്യക്തിജീവിതത്തെ കുടുംബജീവിതത്തെ, സാമൂഹികബന്ധങ്ങളെ, ഔദ്യോഗിക ജീവിതത്തെ, വൈവാഹികജീവിതത്തെ കാര്യമായി ബാധിച്ച് കുടുംബപ്രശ്‌നങ്ങളായി മാറുന്നു. മാതാപിതാക്കള്‍ തന്നെ വിചാരിച്ചാല്‍, കുട്ടികളെ അവസരോചിതമായി ചെറുപ്രായത്തില്‍ തന്നെ സഹായിച്ചാല്‍ അതിജീവിക്കാവുന്ന ഈ സ്വഭാവവൈകല്യങ്ങള്‍ ഗൗരവ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയില്ല. വീട്ടിലെ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനോടൊപ്പം തന്നെ ഈ സ്വഭാവവൈകല്യം പരിഹരിക്കപ്പെടുന്ന കുട്ടികള്‍ ജീവിതത്തില്‍ വിജയികളായി മാറും. മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷം. വാശിക്കാരായ കുട്ടികളെ മാതാപിതാക്കള്‍ക്കു തന്നെ നിയന്ത്രിച്ചു നേടിയെടുക്കാവുന്ന മൂന്നു കാര്യങ്ങള്‍

കുട്ടികളെ ശ്രവിക്കുക ശ്രദ്ധിക്കുക

അവരുടെ വാശിക്കും ദേഷ്യപ്രകടനത്തിലും കാരണമായ കാര്യങ്ങള്‍ അവരെക്കൊണ്ടുതെന്ന പറയിപ്പിക്കുക. ശ്രദ്ധയോടെ ശ്രവിക്കുക. അതോടൊപ്പം ദേഷ്യപ്രകടനരീതികളുടെ ദൂഷ്യവശങ്ങള്‍ പറഞ്ഞുകൊടുക്കുക. ഉപയോഗിച്ച ചീത്ത വാക്കുകള്‍, വലിച്ചെറിഞ്ഞ സാധനങ്ങള്‍ ശാന്തമായിരുന്ന് കാണിച്ചു കൊടുക്കുക. മറ്റുള്ളവരെ മുറിവേല്പിക്കാതെ മാനിക്കാനും തെറ്റും ശരിയും പറഞ്ഞു കൊടുത്ത് ജീവിതത്തില്‍ വിജയം നേടാന്‍ സഹായിക്കുക.

സൗമ്യമായ സമീപനരീതി

കുട്ടികള്‍ വാശിപിടിച്ചിരിക്കുന്ന സമയത്ത് അവരുടെ നേരെ ഒച്ച വയ്ക്കരുത്. കുട്ടികള്‍ മാതാപിതാക്കളെ കണ്ടും കേട്ടുമാണ് പഠിക്കുന്നത്. വാശിപിടിച്ചിരിക്കുന്ന കുട്ടിക്കു നേരെ ആ സമയത്ത് ദേഷ്യപ്പെട്ടതുകൊണ്ട് ഒരു ഫലവുമില്ല. കുട്ടി കൂടുതല്‍ വാശിപിടിക്കും. ദേഷ്യപ്പെട്ടും ഒച്ചവച്ചും അവരെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അവരുടെ വികാരങ്ങളെ പ്രകടിപ്പിക്കാതെ അടിച്ചമര്‍ത്തി തല്ക്കാലം രക്ഷപ്പെടാന്‍ നോക്കും.

മാതാപിതാക്കളുടെ ജീവിതമാതൃക

മാതാപിതാക്കളുടെ ജീവിതമാതൃകയിലൂടെ കുട്ടികള്‍ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കണം. വാശിപിടിക്കാം ദേഷ്യപ്പെടാം. പക്ഷേ, ആരെയും ദ്രോഹിക്കാന്‍ പാടില്ലയെന്നും ഒന്നും നശിപ്പിക്കാന്‍ പാടില്ലായെന്നും ഭക്ഷണം ഉപേക്ഷിക്കാന്‍ പാടില്ലായെന്നും കുട്ടികള്‍ പഠിച്ചെടുക്കുന്നത് മാതാപിതാക്കളെ കണ്ടാണ്.

മാതാപിതാക്കളെ കണ്ട് പഠിക്കുവാനുളള സാഹചര്യം കുടുംബത്തില്‍ തന്നെ കണ്ടു പഠിക്കുന്ന കുട്ടികള്‍ സമചിത്തതയോടെ ആരോഗ്യകരമായി വാശിയും ദേഷ്യവും പ്രകടിപ്പിക്കാന്‍ പഠിക്കുകയും മാനസികാരോഗ്യത്തില്‍ വളരുകയും ചെയ്യുന്നു.

  • Tel : 0484-2600464, 9037217704

  • E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org