മാതാപിതാക്കള്‍ മക്കളെ പ്രോത്സാഹിപ്പിക്കുമ്പോള്‍

മാതാപിതാക്കള്‍ മക്കളെ പ്രോത്സാഹിപ്പിക്കുമ്പോള്‍
കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക, ആത്മീയ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റിയ സമയമാണ് അവധിക്കാലം. ഫുള്‍ 'എ' പ്ലസ് കിട്ടുന്ന കുട്ടിയും മാനസ്സിക വൈകാരികതലത്തില്‍ പ്രായത്തിനടുത്ത് പക്വത പ്രാപിക്കാത്തവരാണെങ്കില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കും തോല്‍വികള്‍ക്കും മുന്‍പില്‍ പതറിപ്പോകുകയും ലക്ഷ്യം നേടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

അവധിക്കാലം കുട്ടികള്‍ വീട്ടില്‍ ചെലവഴിക്കുന്ന സമയങ്ങളാണ്. മൊബൈല്‍ ഫോണില്‍ കളിച്ചും അലസരായി ഉറങ്ങിയും സമയം നഷ്ടപ്പെടുത്തിക്കളയാതെ, സ്വയം ഒതുങ്ങിക്കൂടാതെ തങ്ങളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് പ്രോത്സാഹനവും അവസരങ്ങളും നല്‍കിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുകള്‍ നിറഞ്ഞവരാണ് നിങ്ങളുടെ കുട്ടികള്‍.

മറ്റാരെയുംകാള്‍ കൂടുതലായി കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുന്ന മാതാപിതാക്കള്‍ക്കാണ് അവരുടെ അഭിരുചികള്‍ മനസ്സിലാക്കുവാനും അവരുടെ കഴിവുകളിലേക്ക് മക്കളെ തിരിച്ചുവിടാനുമുള്ള പ്രോത്സാഹനങ്ങള്‍ കൊടുക്കുവാനും ആത്മവിശ്വാസവും അതിലുപരി അധ്വാനശീലരുമായി കുട്ടികളെ രൂപപ്പെടുത്തുവാനും കഴിയുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിച്ചും കൈയില്‍ കിട്ടുന്നവ വലിച്ചെറിഞ്ഞു ബഹളം വച്ച് വാശിപിടിക്കുന്ന കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചും അവര്‍ക്ക് സംലഭ്യരായിക്കൊണ്ടും അവരെ കൂടെ നടത്തി പ്രോത്സാഹിപ്പിച്ചും പ്രശ്‌നങ്ങളെ എങ്ങനെതരണം ചെയ്യാമെന്ന് മാതാപിതാക്കള്‍ക്ക് മക്കളെ പഠിപ്പിച്ചെടുക്കാവുന്നതാണ്. വര്‍ഷം മുഴുവന്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അവധിക്കാലത്ത് അവരുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധിച്ചാല്‍ നല്ല ശീലങ്ങള്‍ കുട്ടികള്‍ വീട്ടില്‍നിന്നു തന്നെ ആര്‍ജിച്ചെടുക്കും.

കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക, ആത്മീയ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റിയ സമയമാണ് അവധിക്കാലം. ഫുള്‍ 'എ' പ്ലസ് കിട്ടുന്ന കുട്ടിയും മാനസ്സിക വൈകാരികതലത്തില്‍ പ്രായത്തിനടുത്ത് പക്വത പ്രാപിക്കാത്തവരാണെങ്കില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കും തോല്‍വികള്‍ക്കും മുന്‍പില്‍ പതറിപ്പോകുകയും ലക്ഷ്യം നേടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

കുട്ടികളെ സമപ്രായക്കാരൊടൊപ്പം കളിക്കാനും, മരത്തില്‍ കയറാനും നീന്തലും സൈക്കിളിങ്ങുമൊക്കെ പഠിക്കാനും അനുവദിക്കുന്ന മാതാപിതാക്കള്‍ അവരിലെ ആത്മവിശ്വാസം വളര്‍ത്തുക മാത്രമല്ല അവരിലെ നേതൃത്വഗുണങ്ങള്‍ വികസിപ്പിക്കുക കൂടി ചെയ്യുന്നു. തോല്‍വിയും കളിയാക്കലുകളും സമപ്രായക്കാരുടെ കൂടെ അഭിമുഖീകരിക്കുന്ന കുട്ടി ജീവിതത്തിലെ നിസ്സാര പരാജയങ്ങളുടെ മുമ്പില്‍ പതറാതെ അതിനെ തരണം ചെയ്തു മുന്നോട്ട് പോകാനുള്ള മനോധൈര്യം ആര്‍ജിക്കുന്നു.

അവധിക്കാലത്ത് മൊബൈലില്‍ മാത്രം സന്തോഷം കണ്ടെത്താന്‍ കുട്ടികളെ അനുവദിക്കാതെ വീട്ടിലെ ജോലികളില്‍ പങ്കാളിത്തം നല്‍കാനും കൂടെ നടത്തി പറഞ്ഞുകൊടുത്ത് പഠിപ്പിക്കാനും വീടും പരിസരങ്ങളും വൃത്തിയാക്കുവാനും അടുക്കും ചിട്ടയും പരിശീലിപ്പിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള കുട്ടികളാണ് ഭാവിയില്‍ ജോലി രംഗങ്ങളില്‍ ഉത്തരവാദിത്വബോധത്തോടെ അധ്വാനശീലരായി മാറുന്നതും ശക്തരും സമര്‍ത്ഥരുമായ ജോലിക്കാരായി തീരുന്നതും. വീട്ടില്‍ മടിയന്മാരായി കളിച്ചു നടക്കുന്ന കുട്ടികള്‍ ജീവിതത്തിലെ ഉത്തരവാദിത്വനിര്‍വഹണങ്ങളില്‍ നിന്നും രക്ഷപ്പെട്ടു നടക്കുന്നു.

അവധിക്കാലത്തു പ്രായത്തിനടുത്ത ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചുകൊടുത്തും പ്രോത്സാഹിപ്പിച്ചും കുട്ടികളെ മറ്റാരെയും കാള്‍ കൂടുതല്‍ കര്‍മ്മനിരതരാക്കാന്‍ കഴിയുന്നവര്‍ മാതാപിതാക്കളാണ്. മാതാപിതാക്കളുടെ സംലഭ്യതയും പ്രോത്സാഹന വാക്കുകളും മക്കളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശക്തിയുള്ള ആയുധങ്ങളാണ്.

ചില കുട്ടികള്‍ നന്നായി പാടാന്‍ പരിശ്രമിക്കുന്നവരും സ്വന്തമായി പാട്ടെഴുതാന്‍ കഴിവുള്ളവരും ആകാം. അവരെ അടുത്തറിയുന്ന മാതാപിതാക്കള്‍ക്ക് മാത്രമേ മക്കളില്‍ ഒളിഞ്ഞു കിടക്കുന്ന ഇത്തരത്തിലുള്ള കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും, അവ വളരുവാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാനും കഴിയുകയുള്ളൂ. ചിലപ്പോള്‍ കളിയാക്കിയും താഴ്ത്തിപ്പറഞ്ഞും അപമാനിതരാകുന്ന കുട്ടികള്‍ തങ്ങളുടെ ഇത്തരത്തിലുള്ള ഒരു കഴിവും പുറത്ത് പ്രകടിപ്പിക്കുകയില്ല.

ഫോണില്‍ മാത്രം ഒതുങ്ങിക്കൂടുന്ന കുട്ടികള്‍ കൂട്ടുകാരോടും ബന്ധുക്കളോടും വീഡിയോ കോളില്‍ മാത്രം സംസാരിച്ചിരുന്നാല്‍ സാമൂഹിക സമ്പര്‍ക്കത്തില്‍ വളരണമെന്നില്ല മറ്റുള്ളവരുമായി കളിച്ചും ചിരിച്ചും അനുഭവങ്ങള്‍ പങ്കു വച്ചും ബന്ധുക്കളെ സന്ദര്‍ശിച്ചും വഴിയില്‍ കാണുന്ന പാവങ്ങളെ സഹായിച്ചും മാതാപിതാക്കളെ കണ്ടുപഠിക്കുന്ന കുട്ടികള്‍ അപരനോടുള്ള സഹാനുഭൂതിയില്‍ വളരാന്‍ പ്രാപ്തരാകുന്നു. അപരന്റെ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാതെ, അവരെ അവഗണിക്കാതെ അര്‍ഹിക്കുന്നവര്‍ക്ക് സാധിക്കുന്ന സഹായം ചെയ്തു കൊടുക്കാന്‍ കുട്ടികള്‍ കഴിവുള്ളവരാകുന്നു. അവധിക്കാലത്ത് മാതാപിതാക്കള്‍ മറ്റു പല കാര്യങ്ങളും മാറ്റിവച്ച് മക്കള്‍ക്ക് സംലഭ്യരാകുമ്പോള്‍ മാതാപിതാക്കളാണ് അവരുടെ ഏറ്റവും നല്ല പുസ്തകം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org