ശാപദേശം

ശാപദേശം

ഒരു നിഴല്‍ക്കീറുമാഞ്ഞൊരാ

ദിനാന്ത്യത്തിലന്തിത്തിരിക്കത്തിച്ചു

പ്രാര്‍ത്ഥനയും കഴിഞ്ഞൊരാ-

നേരമോമനകള്‍ ചോദിച്ചു

അമ്മെ, വയറെരിയുന്നു

നാളെയുമൊന്നുമില്ലെ ഞങ്ങള്‍ക്ക്....

വാതില്‍പ്പടിയില്‍ തളര്‍ന്നിരിക്കു-

മോമനകളുടെ കുഴിഞ്ഞകണ്ണുകളി-

ലഴല്‍ക്കണങ്ങളിറ്റിറ്റു വീണൊഴുകി...

കണ്ണീരിനിപൊഴിക്കണ്ട മക്കളെ

നാളെയൊരു പണിയുണ്ട്

കളപറിക്കുവാനിഞ്ചിക്കണ്ടത്തില്‍

ഇനി വേണ്ട, വയറിന്റെ വേദന

വാങ്ങും ഞാനെന്റൊമനകള്‍ക്ക്

വയര്‍ന്നിറയെ ചോറുക്കൂട്ടാനുകള്‍.

അന്നവിചാരവുംപ്പേറിത്ത-

ളര്‍ന്നുറങ്ങിയൊമനകളാ-

ത്തറയിലെത്തഴപ്പായ്‌മേല്‍.

ഇളയവള്‍പെറ്റു വീണ നാളിലവ-

രുടെയച്ഛന്‍ ബാന്ധവം പൊട്ടി-

ച്ചോടിയൊരുവള്‍ക്കൊപ്പം,

ഇവിടെയുള്ളപ്പോള്‍ തന്നെ

കുടിച്ചെത്തുമെന്നും വിളക്കുവെക്കുന്നേരം

പിന്നെ, തെറിയുമടിയുമട്ടഹാസവും

മടുത്തു, ഒരിക്കല്‍ തുനിഞ്ഞു ഞാനീ-

ക്കിണറ്റിലേക്കെടുത്തുചാടി

ജീവനൊടുക്കുവാന്‍.

കുഞ്ഞിന്‍ മുഖമുള്ളില്‍ തെളിഞ്ഞുടന്‍

പിന്‍തിരിഞ്ഞോടിയെടുത്തു-

ത്തുണിതൊട്ടിലെക്കുഞ്ഞിനെ

വാരിപ്പുണര്‍ന്നുകൊതിത്തീരുവോളം.

അയാള്‍പ്പിരിഞ്ഞിട്ടിന്നേക്ക്

വര്‍ഷമേഴു കഴിഞ്ഞു...

കിളി ചിലച്ചു, കിഴക്കുദിച്ചു

പൊങ്ങി ദിവാകരപ്രഭു,

ഒഴിഞ്ഞ വയറിന്‍നിലവിളി

കൂര കടന്നൊഴുകിപ്പുറത്തേക്ക്

കേട്ടെങ്കിലും, നിന്നില്ലമ്മ

നടന്നു വരമ്പിലൂടിഞ്ചിക്കണ്ടത്തേക്ക്.

ചുട്ടുപൊള്ളുമാമിഞ്ചിക്കണ്ടത്തില്‍

വിശപ്പിനെത്തോല്‍പ്പിച്ചവള്‍

കളപ്പറിച്ചീടവെയുള്ളില്‍പ്പൊന്തിയ

കുഞ്ഞോമനകളുടെ വിശപ്പിന്റെ

വിളിയോര്‍ത്തു നെഞ്ചകംപ്പൊട്ടി

വിതുമ്പിക്കരഞ്ഞവള്‍.

ഉച്ചിയിലെത്തിയുച്ചക്കാദിത്യന്‍

ഒട്ടിയ വയറുമായുമ്മറത്തിണ്ണയി-

ലമ്മയെ നോക്കിയിരുന്നുക്കുരുന്നുകള്‍.

കരയണ്ട കുഞ്ഞാറ്റെയമ്മ-

യെത്തുമുടന്‍ വിശപ്പകറ്റുവാന്‍

കണ്ണീര്‍ നനഞ്ഞ മുഖംത്തുടച്ചു

മൂത്തവളനിയത്തിയെ സാന്ത്വനിപ്പിക്കവെ

കൂരയുടെ തെക്ക് മൂലയില്‍ നിന്നു

രണ്ടാള്‍രൂപങ്ങള്‍ മിഠായികളുമായ്-

മുന്നിലെത്തവെ, പേടിച്ചരണ്ടുപോയ്

തല്‍ക്ഷണം കുഞ്ഞുങ്ങള്‍.

വിശപ്പിന്റെയുഗ്രതയില്‍ നീട്ടിയ

മധുരങ്ങളാവോളം ഭക്ഷിച്ചു

വിശപ്പടക്കിയാപൈതങ്ങള്‍.

അച്ഛനെപ്പോലെയാരണ്ടു

മനുഷ്യരെ നോക്കി ഭയത്തോടെ

രണ്ടിളംകുഞ്ഞുങ്ങള്‍.

പേടിച്ചരണ്ടയാക്കുഞ്ഞിളംപ്പൂക്കളെ

മൂരികള്‍ക്കോരിയെടുത്തുടന്‍

കാമപ്പൂര്‍ത്തിക്കായി...

അരുതെന്ന് ഓതിയാപ്പിഞ്ചു ദേഹങ്ങളെ

കാട്ടാളരൂപികള്‍ക്കൊത്തിവലിച്ചു.

മൂകസാക്ഷിയാമൊരുഗൗളി

തന്റെ വാലുമുറിച്ചുക്കുട

ഞ്ഞെറിഞ്ഞു വൈര്യത്തോടെ.

കരള്‍ക്കീറുമാക്കാഴ്ച്ചകള്‍

കാണാന്‍ക്കഴിയാതെയര്‍ക്കനും

ധൂമജമറവിലൊളിച്ചുപ്പൊടുന്നനെ.

ശ്വാസം നിലച്ചയാരക്തബന്ധങ്ങളെ

ഒരു മുഴംക്കയറിനാല്‍ത്തുക്കിലേറ്റി

കൂരയുടെ ക്കഴുലോലില്‍ മര്‍ത്ത്യഭോജികള്‍.

നേരമിരുട്ടിത്തുടങ്ങിയാപ്പാലയുടെ

കൊമ്പിലിരുന്നു വിപത്തിന്‍ ഘോഷണം പോല്‍

ചിലച്ചു കരിംപ്പുള്ളുകള്‍.

വിശന്നു കരയുന്നുവോ, യെന്‍മക്കള്‍

സംഭ്രാന്തിയിലോടിയെത്തിയമ്മ

ചുറ്റും നോക്കിയാപൊന്നുമക്കളെ.

ഇനി വേണ്ടമ്മേ ഞങ്ങള്‍ക്ക് ചോറു-

കൂട്ടാനുകള്‍, വിശപ്പില്ലാലോകത്തേക്ക്

ഞങ്ങളെത്തിയെന്‍ പൊന്നമ്മേ.

കയറിന്റെ തുമ്പിനാലാടിനിന്ന മക്കളെ

ഒന്നുനോക്കുവാനെക്കഴിഞ്ഞുള്ളുയമ്മയ്ക്ക്

ബോധം മറഞ്ഞയാസാധുജനനി

വിദ്രുവിന്‍പ്പതനംക്കണക്കെ

വീണാച്ചാണകത്തറമേല്‍.

നന്മവറ്റിയിക്കലിയുഗന്നാളില്‍

കാണാനില്ലീശാക്കരുണയും സത്യവും

കുഞ്ഞുപൂക്കള്‍ ശപിച്ചൊരീനാട്ടില്‍

ഞാന്‍ പിറന്നതോയെന്‍പരാധമീശ്വരാ...

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org