നോഹ

നോഹ

എണ്ണമറ്റ കഥാപാത്രങ്ങളാണ് വിശുദ്ധ ബൈബിളില്‍. ഉള്ളത്. ഈ അനേകരില്‍ ദൈവം നീതിമാന്‍ എന്ന് ആദ്യം വിളിച്ചത് നോഹയെ ആയിരുന്നു. ഉല്പത്തി പുസ്തകം 5:28 ലാണ് നോഹയുടെ ജനനത്തെക്കുറിച്ച് പറയുന്നത്. 'ലാമക്കിനു 182 വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി. കര്‍ത്താവ് ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസം നേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്ന് വിളിച്ചു.' ഉല്പത്തി 5:28-29. അതേ, ക്ലേശത്തില്‍ ആശ്വാസമായിട്ടായിരുന്നു നോഹയുടെ ജനനം. നോഹ നീതിമാനായിരുന്നുവെന്നും, ആ തലമുറയിലെ കറയറ്റ മനുഷ്യന്‍ ആയിരുന്നുവെന്നും ബൈബിള്‍ പറയുന്നു. കാരണം നോഹയുടെ കാലഘട്ടത്തില്‍ ഭൂമിയില്‍ തിന്മ പെരുകി, മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചു. ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവം പരിതപിച്ചു. മനുഷ്യനെയും ഭൂമിയിലെ സര്‍വചരാചരങ്ങളേയും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാന്‍ ദൈവം തീരുമാനിച്ചു. എന്നാല്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ മാത്രം നടന്ന നോഹയില്‍ കര്‍ത്താവ് സംപ്രീതനായി. ദുര്‍മാര്‍ഗികളായ മനു ഷ്യരെ നശിപ്പിക്കുമ്പോള്‍ നീതിമാനായ നോഹയെ സംരക്ഷിക്കുവാന്‍ ദൈവം തീരുമാനിച്ചു.

നോഹയ്ക്ക് മൂന്നു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഷേം, ഹാം, യാഫെത്ത്. ദൈവം നോഹയോട് അരുളിചെയ്തു. ലോകം അധര്‍മം കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ മനുഷ്യരെയും ജീവജാലങ്ങളെയും ഭൂമിയോടുകൂടി ഞാന്‍ നശിപ്പിക്കും. ഗോഫെര്‍ മരം കൊണ്ട് നീ ഒരു പെട്ടകം ഉണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കണം. പെട്ടകത്തിന്റെ അകത്തും പുറത്തും കീലു തേക്കണം. പെട്ടകത്തിന്റെ അളവുകളും അവിടുന്ന് നോഹയ്ക്ക് പറഞ്ഞു കൊടുത്തു. ദൈവം നോഹയോട് അരുളി ചെയ്തു 'ഭൂമിയില്‍ ഞാനൊരു പ്രളയം വരുത്താന്‍ പോകുന്നു. ആകാശത്തിനുകീഴെ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. എന്നാല്‍ നീയുമായി ഞാന്‍ എന്റെ ഉടമ്പടി ഉറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം. നിന്റെ കൂടെ നിന്റെ ഭാര്യയും, പുത്രന്മാരും, അവരുടെ ഭാര്യമാരും. എല്ലാ ജീവജാലങ്ങളില്‍ നിന്നും ആണും പെണ്ണും ആയി രണ്ടു ജോഡി വീതം നീ പെട്ടകത്തില്‍ കയറ്റി സൂക്ഷിക്കണം. നിനക്കും അവയ്ക്കും ആഹാരത്തിനുവേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം. ദൈവം കല്‍പ്പിച്ചതു പോലെ തന്നെ നോഹ പ്രവര്‍ത്തിച്ചു. കര്‍ത്താവ് വീണ്ടും നോഹയോട് അരുളി ചെയ്തു. നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു.

നോഹയ്ക്ക് 600 വയസ്സുള്ളപ്പോഴാണ് ഭൂമുഖത്ത് വെള്ളപ്പൊക്കം ഉണ്ടായത്. വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ നോഹയും, ഭാര്യയും, പുത്രന്മാരും, അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി. ദൈവം കല്‍പ്പിച്ചത് പോലെ എല്ലാ ജീവജാലങ്ങളില്‍ നിന്നും ഈരണ്ടു വീതം നോഹയോടൊപ്പം പെട്ടകത്തില്‍ കയറി. നോക്കുക, നോഹ ദൈവത്തോട് എത്രമാത്രം വിശ്വസ്തനായിരുന്നു എന്ന്. അവന് ദൈവത്തിന്റെ വാക്കുകളില്‍ ഒരു സംശയവും ഉണ്ടായില്ല. ദൈവം പറഞ്ഞത് അതേപടി അനുസരിച്ചു. അത് അവന് രക്ഷയായിത്തീര്‍ന്നത് നമുക്കറിയാം.

വെള്ളപ്പൊക്കം 40 നാള്‍ തുടര്‍ന്നു. ജലം ഉയര്‍ന്നുപൊങ്ങി. പെട്ടകം ജലത്തിനു മുകളില്‍ ഒഴുകി നീങ്ങി. പര്‍വതങ്ങള്‍ക്കു മുകളിലൂടെ പെട്ടകം ഒഴുകി നടന്നു. ഭൂമിയിലെ സര്‍വചരാചരങ്ങളും ചത്തുപൊങ്ങി. നോഹയും അവനോടൊപ്പം പെട്ടകത്തില്‍ കയറിയവരും മാത്രം അവശേഷിച്ചു. വെള്ളപ്പൊക്കം 150 ദിവസം നീണ്ടുനിന്നു.

ദൈവം നോഹയെയും പെട്ടകത്തിലുള്ള ജീവജാലങ്ങളെയും ഓര്‍ത്തു. അവിടുന്ന് ഭൂമിയില്‍ കാറ്റുവീശി, വെള്ളം ഇറങ്ങി. ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്ത് പര്‍വതത്തില്‍ ഉറച്ചു. നോഹയുടെ ജീവിതത്തിന്റെ അറുന്നൂറ്റി ഒന്നാം വര്‍ഷം, ഒന്നാം മാസം, ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റി തീര്‍ന്നു. രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തും ഉണങ്ങി. ദൈവം നോഹയോട് പറഞ്ഞു.. 'ഭാര്യ, പുത്രന്മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവരോടുകൂടെ പെട്ടകത്തില്‍ എന്നും പുറത്തിറങ്ങുക. പെട്ടകത്തിലുള്ള ജീവജാലങ്ങളെയും പുറത്തുകൊണ്ടുവരിക. പെട്ടകത്തിന് പുറത്തിറങ്ങിയ നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മ്മിച്ചു. അവന്‍ അവിടത്തേക്ക് ദഹനബലിയര്‍പ്പിച്ചു നോഹയുടെ ബലിയുടെ ഹൃദ്യമായ സുഗന്ധം കര്‍ത്താവിനെ പ്രസാദിപ്പിച്ചു. അവിടുന്ന് അരുള്‍ ചെയ്തു. 'മനുഷ്യന്‍ കാരണം ഭൂമിയെ ഇനി ഒരിക്കലും ഞാന്‍ ശപിക്കുകയില്ല. നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ട് ദൈവം പറഞ്ഞു. സന്താനപുഷ്ടിയുണ്ടായി പെരുകി ഭൂമിയില്‍ നിറയുവിന്‍. എല്ലാ തലമുറകള്‍ക്കും വേണ്ടി അവിടുന്ന് അവനോട് അരുളി ചെയ്തു. ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ഭൂമിയെ ഞാന്‍ നശിപ്പിക്കില്ല. ഭൂമിയുമായിട്ടുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ല് ഞാന്‍ സ്ഥാപിക്കുന്നു. മേഘങ്ങളില്‍ മഴവില്ല് പ്രത്യക്ഷപ്പെടുമ്പോള്‍ നിങ്ങളും സര്‍വ ജീവജാലങ്ങളുമായുള്ള ഉടമ്പടി ഞാന്‍ ഓര്‍മ്മിക്കും.'

വെള്ളപ്പൊക്കത്തിനുശേഷം നോഹ 350 വര്‍ഷം ജീവിച്ചു. നോഹയുടെ ജീവിതകാലം 950 വര്‍ഷമായിരുന്നു. അതിനുശേഷം അവന്‍ മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org