
ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു വാക്കാണ് സൗഹൃദം.
നല്ലൊരു സ്‌നേഹിതന്റെ സാമീപ്യം എത്ര സന്തോഷപ്രദവും മനസ്സിന് കുളിര്‍മ നല്‍കുന്നതുമാണ്. സ്‌നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച നമ്മുടെ പ്രാണപ്രിയന്റെ ചങ്കായ രണ്ടു സ്‌നേഹിതകളെക്കുറിച്ചാവാം ഇന്നത്തെ ചിന്ത.
ക്രിസ്തുവിന്റെ സ്‌നേഹിതനായിരുന്ന ലാസറിന്റെ സഹോദരിമാരായിരുന്നു മര്‍ത്തായും മറിയവും. പരിശുദ്ധ മറിയം കഴിഞ്ഞാല്‍ യേശുവിനോട് ഏറ്റവും കൂടുതല്‍ അടുത്തിടപഴകിയിരുന്ന രണ്ടു സ്ത്രീകള്‍ മര്‍ത്തായും മറിയവും ആയിരിക്കാം. യേശുവിന്റെ അടുത്ത് കൂടുതല്‍ സ്വാതന്ത്ര്യവും സ്‌നേഹവും ഉണ്ടായിരുന്നവരാണ് ഈ സഹോദരിമാര്‍. ബൈബിളില്‍ രണ്ടിടങ്ങളില്‍ നമ്മള്‍ ഇവരെ ഒരുമിച്ചു കാണുന്നുണ്ട്. 1) ലൂക്കായുടെ സുവിശേഷം പത്താം അധ്യായം 38 മുതല്‍ 42 വരെവാക്യങ്ങള്‍. 2) യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായം.
ഒരിക്കല്‍ യേശു യാത്രാമധ്യേ, മര്‍ത്തായെയും, മറിയത്തെയും സന്ദര്‍ശിക്കുന്നുണ്ട്. കര്‍ത്താവിനെ കണ്ട ഉടന്‍ മര്‍ത്താ ഓടിവന്ന് സ്വീകരിക്കുന്നു. കര്‍ത്താവിനു വേണ്ടി എന്തൊക്കെ ചെയ്യണമെന്ന വ്യഗ്രതയില്‍ അവള്‍ അസ്വസ്ഥയാകുന്നുണ്ട്. മറിയമാകട്ടെ യേശുവിന്റെ പാദത്തിങ്കല്‍ ഇരുന്ന് അവന്‍ പറയുന്നത് സ്‌നേഹത്തോടെ, ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു. മറിയം ഒന്നിനെക്കുറിച്ചും ആകുലയായിരുന്നില്ല. അവള്‍ സ്വസ്ഥമായി അവനരികില്‍ ഇരുന്നു. മര്‍ത്തായ്‌ക്കോ എന്തു ചെയ്തിട്ടും മതിയാകുന്നില്ല. അവള്‍ യേശുവിനെ സല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ അവനെ കേള്‍ക്കാന്‍ മറന്നു പോകുന്നു. മാത്രമല്ല അവള്‍ കര്‍ത്താവിനോട് പരാതി പറയുന്നുണ്ട്. മറിയം അവളെ സഹായിക്കുന്നില്ലെന്ന്. അപ്പോള്‍ യേശു അവളോട് പറഞ്ഞു: 'മര്‍ത്താ, മര്‍ത്താ നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയും ആയിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ, മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. നമ്മള്‍ പലപ്പോഴും മര്‍ത്തായെ പോലെ ഉല്‍ക്കണ്ഠയിലാണ്. ഉത്ക്കണ്ഠകളുടെ, വ്യഗ്രതകളു ടെ വലിയ ഭാണ്ഡക്കെട്ടാണ് നാമോരോരുത്തരും. പലപ്പോഴും അവന്റെ പാദത്തിങ്കല്‍ ഈ ഭാണ്ഡം ഇറക്കിവെക്കാന്‍ നമ്മള്‍ മറന്നു പോകുന്നു. അവനോട് സംസാരിക്കുമ്പോള്‍ പോലും ഭാണ്ഡം ചുമന്നാണ് നാം നില്ക്കുന്നത്. നമുക്ക് മറിയത്തെ പോലെ സ്വസ്ഥതയോടെ അവനരികില്‍ ഇരിക്കാന്‍ കഴിയണം.
നമ്മള്‍ യോഹന്നാന്റെ സുവിശേഷത്തില്‍ ഈ സഹോദരിമാരെ വീണ്ടും കാണുന്നുണ്ട്. തങ്ങളുടെ സഹോദരനായ ലാസര്‍ രോഗിയായപ്പോള്‍ ഇവര്‍ യേശുവിന്റെ പക്കല്‍ ആളെ അയക്കുന്നുണ്ട്. പക്ഷേ യേശു വന്നത് ലാസര്‍ മരിച്ച് അടക്കിയതിനുശേഷമാണ്. ലാസര്‍ മരിച്ചിട്ട് നാലാം ദിവസം യേശു ബഥാനിയായിലെത്തി. അവന്‍ ഗ്രാമത്തില്‍ പ്രവേശിച്ചതറിഞ്ഞ് മര്‍ത്താ അവനെ സ്വീകരിക്കാന്‍ ചെല്ലുന്നുണ്ട്. ഇവിടെയും മര്‍ത്തയാണ് സ്വീകരിക്കാന്‍ മുന്നില്‍. മറിയം വീട്ടില്‍ തന്നെ ഇരുന്നു. വ്യഗതയും ഉത്കണ്ഠയും ഉള്ളവള്‍ ആയിരുന്നെങ്കിലും മര്‍ത്താ ക്രിസ്തുവിനെ പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ട്. അവള്‍ അവനോട് പറയുന്നു: 'കര്‍ത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍ നീ ചോദിക്കുന്നതെന്തും ദൈവം നിനക്ക് തരും എന്ന് എനിക്കറിയാം.' നോക്കുക അവളുടെ വിശ്വാസം. യേശു പറഞ്ഞു, 'നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.'
മര്‍ത്താ പറഞ്ഞു: 'അന്ത്യദിനത്തിലെ പുനഃരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് എനിക്കറിയാം.'
യേശു അവളോട് പറഞ്ഞു: 'ഞാനാണ് പുനഃരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?'
അവള്‍ പറഞ്ഞു: 'ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്ക് വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.'
അവള്‍ ദൈവപുത്രനെ പ്രഖ്യാപിക്കുകയും ഏറ്റു പറയുകയും ചെയ്യുന്നു. എത്ര വലിയ വിശ്വാസ സാക്ഷ്യം.
നമ്മളോരോരുത്തരിലും മര്‍ത്തായും മറിയവും ഉണ്ട്. മറിയത്തിന്റെ സ്വസ്ഥതയും മര്‍ത്തായുടെ വ്യഗ്രതയും നമ്മിലുണ്ട്. നമ്മള്‍ ഏതു ജീവിതാവസ്ഥയില്‍പ്പെട്ടവരായാലും ക്രിസ്തു എന്ന സ്‌നേഹിതന്‍ നമ്മെ കൈവിടില്ല. ഒരിക്കലും മാറാത്ത സ്‌നേഹിതന്‍ അവന്‍ മാത്രം. ക്രിസ്തു ഈ ലോകത്തിലായിരുന്ന സമയം അവന്റെ സ്‌നേഹിതകളായിരിക്കാന്‍ ഭാഗ്യം ലഭിച്ച മര്‍ത്താ, മറിയം നിങ്ങള്‍ എത്രയോ ധന്യരാണ്...