വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു

ക്രിസ്തീയ പാരമ്പര്യത്തില്‍ വിവാഹത്തിന് ചില വിശേഷണങ്ങളുണ്ട്, അത് 'സ്വര്‍ഗത്തില്‍ നടക്കുന്നു,' വിവാഹം കൂദാശയാണ്, ദൈവം യോജിപ്പിച്ചതാണ്...

സത്യത്തില്‍, വിവാഹത്തിന്റെ ശ്രേഷ്ഠതയും പവിത്രതയും കൗദാശിക പശ്ചാത്തലവും വ്യക്തമാക്കുന്നതാണ് ഇവയെല്ലാം. ക്രിസ്തീയ പാരമ്പര്യത്തില്‍ വിവാഹത്തിന് നല്‍കുന്ന ഇത്തരം വിശേഷണങ്ങളുടെ ഉത്ഭവം പഴയനിയമം അല്ലെങ്കില്‍ യഹൂദ പശ്ചാത്തലമാണ്.

യഹൂദമതം വിവാഹത്തെ വിശുദ്ധമായും ജീവിത വിശുദ്ധീകരണമായും കണക്കാക്കുന്നു. 'വിശുദ്ധീകരണം' (sanctification) എന്നര്‍ത്ഥമുള്ള kiddushin എന്ന പദം ജൂത സാഹിത്യത്തില്‍ വിവാഹത്തെ പരാമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആത്മീയ ബന്ധമായും ദൈവകല്പനയുടെ പൂര്‍ത്തീകരണമായും വിവാഹത്തെ കാണുന്നു.

  • വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു:

തല്‍ മൂദിന്റെ അഭിപ്രായത്തില്‍, ഒരു ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് നാല്‍പതു ദിവസം മുമ്പ്, ആരുടെ മകളെ അവന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു ശബ്ദം പ്രഖ്യാപിക്കുന്നു. ഇതര്‍ത്ഥമാക്കുക ഒരാളുടെ ആത്മസഖിയെ (ഇണയെ) സ്വര്‍ഗം മുന്‍കൂട്ടി തീരുമാനിച്ചിരിക്കുന്നു എന്നാണ്. അതിനാല്‍ വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു.

വിധി അല്ലെങ്കില്‍ പൊരുത്തം എന്നര്‍ത്ഥമുള്ള 'ബഷെര്‍ത്ത്' എന്ന ഹീബ്രു പദമാണ് ഒരാളുടെ ആത്മസഖിയെ (ഇണയെ) സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുക. ഇത് സൂചിപ്പിക്കുക യഹൂദ കാഴ്ചപ്പാടില്‍ വിവാഹം ഒരുവന് ഒഴിച്ചുകൂടാത്തതാണെന്നും ഒരുവന്‍ ജനിച്ച നിമിഷം തന്നെ വിവാഹത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്. ഒരു നവജാത ശിശുവിന്റെ പേര് നല്‍കുന്ന ആശീര്‍വാദ ചടങ്ങിലെ പ്രാര്‍ത്ഥനാശംസയിലും പരിച്ഛേദന കര്‍മ്മ ശുശ്രുഷയിലും ഈ ആശയം തെളിഞ്ഞുകാണാം. വിവാഹ സൗഭാഗ്യത്തിനുള്ള അനുഗ്രഹവും സല്‍കര്‍മ്മങ്ങളുടെ ജീവിതവും നിനക്കുണ്ടാകട്ടെ എന്നതാണ് ആശംസ.

  • വിവാഹം മനുഷ്യന് നല്‍കുന്ന ആദ്യാനുഗ്രഹം:

മോശ പ്രഖ്യാപിച്ച നിയമമോ നിയമപരമായ അനുമതിയോ ആയിട്ടല്ല, മറിച്ച് ദൈവത്തില്‍ നിന്നുള്ള അനുഗ്രഹമായിട്ടാണ് വിവാഹത്തെ വി. ഗ്രന്ഥം അവതരിപ്പിക്കുക (ഉല്‍പ്പത്തി 2:18). വിവാഹം സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ സ്ഥാപിക്കപ്പെട്ടു. വിവാഹസ്ഥാപനത്തിന്റെ ഉദ്ദേശ്യം അഞ്ച് വാക്കുകളില്‍ വി. ഗ്രന്ഥം അവതരിപ്പിക്കുന്നു: ''മനുഷ്യന്‍ ഏകന്‍ ആയിരിക്കുന്നത് നല്ലത് അല്ല.''

പൂരകമാകുന്നതിലൂടെ അനുഗ്രഹമാകുക എന്നതാണ് സ്ത്രീ-പുരുഷന്മാരുടെ സൃഷ്ടിയെ സംബന്ധിച്ചുള്ള ദൈവീക പദ്ധതി. Kallah എന്ന പദമാണ് വധുവിനെ സൂചിപ്പിക്കാന്‍ ഹീബ്രുവില്‍ ഉപയോഗിക്കുക. ഈ വാക്കിന്റെ അര്‍ത്ഥം പൂര്‍ത്തീകരണം എന്നാണ്. ദാമ്പത്യത്തിലൂടെ പങ്കാളികള്‍ സ്വയം പൂര്‍ത്തീകരിക്കുക മാത്രമല്ല അവരുടെ തന്നെ സൃഷ്ടി പൂര്‍ത്തീകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇതാണ് അവരുടെ സ്വാഭാവിക അവസ്ഥയും ദൈവത്തില്‍ നിന്നുള്ള അനുഗ്രഹവും.

വിവാഹ ചടങ്ങിൽ 'മൂന്ന്' പേർ:

യഹൂദ കാഴ്ചപ്പാടില്‍ ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുകയും അവരുടെ വിവാഹത്തെ ആശീര്‍വദിക്കുകയും ചെയ്‌തെങ്കില്‍ അവനും ആ വിവാഹത്തിലെ അദൃശ്യനായ പങ്കാളിയാണ്. അനുയോജ്യമായ യഹൂദ വിവാഹം രണ്ട് വ്യക്തികളും അവരുടെ സ്രഷ്ടാവും ചേര്‍ന്ന ഒരു ത്രികോണബന്ധമാണ് (Three to get married).

പുരുഷന്റെയും സ്ത്രീയുടെയും വിവാഹത്തില്‍ ദൈവത്തിന്റെ ഇടപെടലിനെയും ഉള്‍ച്ചേരലിനെയും റബ്ബിമാര്‍ ഇങ്ങനെ വ്യാഖ്യാനിക്കുന്നു. മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവനു നല്‍കപ്പെട്ട നാമം ആദം (adamah) എന്നായിരുന്നു. മണ്ണില്‍നിന്നും എടുക്കപ്പെട്ട മാംസവും രക്തവുമുള്ളവന്‍ (Dham) എന്ന് സൂചിപ്പിക്കാനാണ് ഈ നാമം അവന് നല്‍കിയത്. എന്നാല്‍ സ്ത്രീയെ സൃഷ്ടിച്ചതിനുശേഷം ഇരുവരെയും അഗ്‌നിജ്വാല (esh) ജീവനുള്ള, ചലനാത്മക ജീവികള്‍ എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് esh പുരുഷന്‍ (ish) എന്നും സ്ത്രീ (ishah) എന്നും ലിംഗപരമായി വേര്‍തിരിച്ച് വിശേഷിപ്പിക്കപ്പെട്ടു. ഇവരെ ഇത്തരത്തില്‍ വേര്‍തിരിക്കാന്‍ കാരണം വിവാഹസംയോഗമാണെന്നാണ് റബ്ബിമാരുടെ വ്യാഖ്യാനം.

വിവാഹത്തിലൂടെ ദൈവം പുരുഷന്റെയും (ish) സ്ത്രീയുടെയും (ishah) ജീവിതത്തിന്റെ പങ്കാളിയായത് അവരുടെ ഹീബ്രു പൊതുനാമമായ esh നോടൊപ്പം തന്റെയും നാമം (YHWH) കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്. ദൈവം തന്റെ പേരിന്റെ രണ്ട് അക്ഷരങ്ങളായ Y, H എന്നിവ പുരുഷന്റെയും സ്ത്രീയുടെയും പേരുകളില്‍ ചേര്‍ത്തു. Y പുരുഷനും H സ്ത്രീക്കുമാണ് നല്‍കിയത്. അങ്ങനെ Y+esh (Y+E=I) Ish = പുരുഷന്‍ ആയി മാറി. അതുപോലെ esh+H = ishah = സ്ത്രീയും.

ഫിലോയുടെ നാമത്തിലുള്ള കൃതിയായ The Chronicles of Jerahmeel (6:16) ഇതിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: അവര്‍ എന്റെ വഴികളില്‍ നടക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്താല്‍, എന്റെ നാമം അവരോടൊപ്പം വസിക്കുകയും എല്ലാ കുഴപ്പങ്ങളില്‍ നിന്നും അവരെ വിടുവിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഞാന്‍ എന്റെ പേരിന്റെ അക്ഷരങ്ങള്‍ അവരില്‍ നിന്ന് തിരിച്ചെടുക്കും. അപ്പോള്‍ അവര്‍ അവരുടെ പൂര്‍വ നാമത്തിലേക്കു (esh, അഗ്‌നിജ്വാല) തിരികെപോകും. ആ, അഗ്‌നിജ്വാലകള്‍ (esh+esh) അവരെ ദഹിപ്പിക്കും. അതിനാല്‍ ദൈവം ഒരു പങ്കാളി എന്ന നിലയില്‍ ദമ്പതികളോടൊത്തായിരിക്കുന്നത് ഒരു അനുഗ്രഹമാണ്. അല്ലെങ്കില്‍ പുരുഷനും സ്ത്രീയും വെറും esh=esh (അഗ്‌നിജ്വാലകള്‍) ആയി നിലനില്‍ക്കും. ദൈവത്തെക്കൂടാതെ, പുരുഷനും സ്ത്രീയും പരസ്പരം വിഴുങ്ങുന്ന ഒരു നരകമായിരിക്കും (അഗ്‌നിജ്വാല).

ദാമ്പത്യം ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നതിനാലും അവന്റെ സാന്നിദ്ധ്യമുള്ളതിനാലും ദാമ്പത്യ അവിശ്വസ്ഥത എന്നത് പങ്കാളിയുടെ സമഗ്രതയ്‌ക്കെതിരായ ആക്രമണത്തേക്കാള്‍ ദൈവത്തിനും വിവാഹത്തിലെ അവിടത്തെ പങ്കാളിത്തത്തിനും എതിരായ ആക്രമണമാണ്. ഇക്കാരണങ്ങളാല്‍, കിടപ്പുമുറിയുടെ സ്വകാര്യതയില്‍ പോലും മോശം പെരുമാറ്റം അനുവദനീയമല്ലെന്ന് പണ്ഡിതര്‍ വിധിച്ചു. കാരണം അത്തരം പെരുമാറ്റം ദൈവത്തിന്റെ സാന്നിധ്യത്തെ വ്രണപ്പെടുത്തുന്നു.

വിവാഹത്തിന്റെ ദൈവിക സ്ഥാപനത്തെയും അതില്‍ ദൈവത്തിന്റെ സജീവമായ സാന്നിധ്യത്തെയും അടിസ്ഥാനമാക്കിയുള്ള ഈ പെരുമാറ്റച്ചട്ടം യഹൂദ ഭവനത്തിന്റെ കര്‍ശനമായ വിശുദ്ധി ആവശ്യപ്പെടുന്നു. ''ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുത്'' എന്ന യേശുവിന്റെ പ്രബോധനത്തിന്റെ അടിസ്ഥാനം നൂറ്റാണ്ടുകളായി യഹൂദജനം പിന്തുടരുന്ന ഈ സവിശേഷ കാഴ്ചപ്പാട് ഉണ്ടായിരിക്കാം. വിവാഹത്തെ കൂദാശയായി സഭ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഈ ചിന്തകളും പ്രസക്തമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org