ഈജിപ്തിന്റെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്യരെ, അവിടെനിന്നു മോചിപ്പിച്ച് തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്ത് എത്തിക്കുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു മോശ. പുറപ്പാടിന്റെ ചരിത്രം മോശയിലൂടെ ആരംഭിക്കുന്നു. യാക്കോബിന്റെ മക്കളായ ജോസഫും അവന്റെ സഹോദരന്മാരും ആ തലമുറ മുഴുവനും ഈജിപ്തില്‍ വച്ചു മരിച്ചു. എന്നാല്‍ ഇസ്രായേലിന്റെ സന്താനപരമ്പര വര്‍ധിച്ച് വളരെയധികം ശക്തി പ്രാപിക്കുകയും രാജ്യം മുഴുവന്‍ വ്യാപിക്കുകയും ചെയ്തു. അക്കാലത്ത് ജോസഫിനെപ്പറ്റി അറിയാതിരുന്ന ഒരു പുതിയ രാജാവ് ഈജിപ്തില്‍ ഭരണാധികാരിയായി. ഇസ്രായേല്‍ മക്കളുടെ എണ്ണവും ശക്തിയും അവനെ ഭയപ്പെടുത്തി. അവന്‍ അവരെ കഠിനാധ്വാനം കൊണ്ട് ഞെരുക്കാന്‍ ക്രൂരന്മാരായ മേല്‍നോട്ടക്കാരെ നിയമിച്ചു. അവര്‍ അവരെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കുകയും, നിര്‍ദയം അടിമവേല ചെയ്യിപ്പിക്കുകയും ചെയ്തു. അവരുടെ ജീവിതം ക്ലേശപൂര്‍ണ്ണമായി അതുമാത്രമല്ല, രാജാവിന്റെ നിര്‍ദേശപ്രകാരം ഇസ്രായേല്‍ക്കാര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ കൊന്നു കളയാന്‍ സൂതി കര്‍മ്മിണികള്‍ക്ക് നിര്‍ദേശം കിട്ടി.
അക്കാലത്താണ് മോശ ജനിക്കുന്നത്. ലേവി ഗോത്രത്തില്‍പ്പെട്ട അബ്രഹാമിന്റെയും യാക്കോബിന്റെയും മകനായി അവന്‍ ജനിച്ചു. അവന്റെ അമ്മ അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി. തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്‌കരമായപ്പോള്‍ അവള്‍ ഞാങ്ങണ കൊണ്ട് നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി, നദീതീരത്തുള്ള ഞാങ്ങണ ചെടികളുടെ ഇടയില്‍ പേടകം കൊണ്ടു ചെന്നു വച്ചു. കുഞ്ഞിന് എന്തു സംഭവിക്കുമെന്ന് അറിയാനായി അവന്റെ സഹോദരി കുറച്ചകലെ കാത്തു നിന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഫറവോയുടെ പുത്രി കുളിക്കാനായി നദിയിലേക്ക് വന്നു. അവള്‍ ഞാങ്ങണ ചെടികളുടെ ഇടയില്‍ പേടകം കണ്ട് ഒരു ദാസിയെ വിളിച്ച് പേടകം അടുപ്പിച്ചു. തുറന്നു നോക്കിയപ്പോള്‍ കോമളനായ ഒരു ശിശുവിനെ കണ്ടു. കുട്ടി കരയുകയായിരുന്നു. കുട്ടി ഹെബ്രായനാണെന്ന് രാജകുമാരിക്ക് മനസ്സിലായി. അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയുടെ അടുത്തേക്കു വന്നു ചോദിച്ചു നിനക്കു വേണ്ടി കുട്ടിയെ മുലയൂട്ടി വളര്‍ത്തുവാന്‍ ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ടു വരട്ടെയോ? രാജകുമാരി സമ്മതിച്ചു. അവള്‍ പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോയുടെ പുത്രി അവളോടു പറഞ്ഞു; ഈ ശിശുവിനെ കൊണ്ടുപോയി എനിക്കു വേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്ക് ശമ്പളം തന്നു കൊള്ളാം. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നു പറഞ്ഞുകൊണ്ട് അവള്‍ അവന് 'മോശ'എന്ന് പേരിട്ടു.
പ്രായപൂര്‍ത്തിയായപ്പോള്‍ തന്റെ ജനം ഈജിപ്തുകാരില്‍ നിന്നും നേരിടുന്ന പീഡനങ്ങള്‍ കണ്ട് മോശ അത്യന്തം ദുഃഖിതനും രോഷാകുലനുമായി. ഒരിക്കല്‍ സ്വജനത്തില്‍പ്പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടപ്പോള്‍ മോശ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവ് ചെയ്തു. ഈ സംഭവം ഫറവോ അറിഞ്ഞപ്പോള്‍ അവന്‍ മോശയെ കൊല്ലാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ മോശ ഫറവോയുടെ കയ്യില്‍പ്പെടാതെ ഒളിച്ചോടി മിദിയാനിലെത്തി. മിദിയാനിലെ പുരോഹിതനായ ജത്രോ അവന് അഭയം കൊടുത്തു. ജത്രോയുടെ മകള്‍ സിപ്പോറയെ മോശ വിവാഹം ചെയ്തു. അവള്‍ ഒരു പുത്രനെ പ്രസവിച്ചപ്പോള്‍ ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നു പറഞ്ഞുകൊണ്ട് മോശ അവന് ഗര്‍ഷോം എന്നു പേരിട്ടു.
മോശ തന്റെ അമ്മായിയപ്പനായ ജത്രോയുടെ ആടുകളെ മേയിച്ചുകൊണ്ട് മരുഭൂമിയിലൂടെ പോകവേ, ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു കത്തിയുയരുന്ന അഗ്‌നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. മുള്‍പ്പടര്‍പ്പ് കത്തി ജ്വലിക്കുകയായിരുന്നു എങ്കിലും, അത് എരിഞ്ഞു ചാമ്പലായില്ല. ഈ ദൃശ്യം അടുത്തുചെന്ന് കാണാന്‍ മോശ മുന്നോട്ടു നീങ്ങിയപ്പോള്‍ മുള്‍പ്പ ടര്‍പ്പിന്റെ മധ്യത്തില്‍ നിന്ന് ദൈവം അവനെ വിളിച്ചു,
''മോശേ, മോശേ...''
''ഇതാ ഞാന്‍!'' അവന്‍ വിളി കേട്ടു.
അവിടുന്ന് അരുളി ചെയ്തു. ''അടുത്തു വരരുത്, നിന്റെ ചെരുപ്പ് അഴിച്ചു മാറ്റുക, എന്തുകൊണ്ടെന്നാല്‍ നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്. അവിടുന്ന് തുടര്‍ന്നു, ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്. അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം. ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. അവരുടെ രോദനം ഞാന്‍ കേട്ടു. നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ നിന്നും മോചിപ്പിച്ച് ക്ഷേമകരവും, വിസ്തൃതവും, തേനും പാലുമൊഴുകുന്നതുമായ കാനാന്‍ ദേശത്തേക്ക് നയിക്കണം.''
മോശ കര്‍ത്താവിനോട് പറഞ്ഞു: ''ഫറവോയുടെ അടുക്കല്‍ പോകാനും, ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ കൊണ്ടുവരാനും ഞാന്‍ ആരാണ്?''
ദൈവം അരുളിചെയ്തു. ''ഞാന്‍ നിന്നോടു കൂടെ ഉണ്ടായിരിക്കും.''
മോശ വീണ്ടും കര്‍ത്താവിനോടു പറഞ്ഞു: ''ഞാന്‍ ഒരിക്കലും വാക്ചാതുരി ഉള്ളവനായിരുന്നില്ല. അങ്ങ് ദാസനോട് സംസാരിച്ചതിനു ശേഷവും അങ്ങനെതന്നെ. സംസാരിക്കുമ്പോള്‍ നാവിന് തടസ്സമുള്ളവനാണ് ഞാന്‍.''
കര്‍ത്താവ് പറഞ്ഞു: ''നിന്റെ സഹോദരനായ അഹറോന്‍ നിനക്കു വേണ്ടി ജനത്തോട് സംസാരിക്കും. അവന്‍ നിന്റെ വക്താവായിരിക്കും.''
പിന്നീടുള്ള സംഭവങ്ങള്‍ നമുക്കറിയാം. പുറപ്പാടിന്റെ പുസ്തകം ഒന്നാം അധ്യായം മുതല്‍ ലേവ്യര്‍, സംഖ്യ എന്നീ പുസ്തകങ്ങള്‍ പിന്നിട്ട് നിയമാവര്‍ത്തനം അവസാന അധ്യായം വരെ മോശ വിശുദ്ധ ഗ്രന്ഥത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പഴയ നിയമത്തിലെ ഏറ്റവും ശക്തനായ പ്രവാചകന്‍, ദൈവം അടയാളമായി നല്‍കിയ വടികൊണ്ട് അത്ഭുത ങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചവന്‍, തന്റെ കയ്യിലെ വടികൊണ്ട് ചെങ്കടലിനെ രണ്ടായി വിഭജിച്ചവന്‍, 40 വര്‍ഷത്തോളം ലക്ഷക്കണക്കിന് ഇസ്രായേല്‍ മക്കളെ മരുഭൂമിയിലൂടെ നയിച്ച് വാഗ്ദാന ദേശത്തിനരികെ എത്തിച്ചവന്‍, ദൈവത്തോട് മുഖാഭിമുഖം സംസാരിച്ചവന്‍, സീനായ് മലയില്‍ വച്ച് ദൈവത്തിന്റെ കല്പനകള്‍ ഏറ്റുവാങ്ങിയവന്‍, മനുഷ്യബുദ്ധിക്ക് അതീതമായ വന്‍ കാര്യങ്ങള്‍, അത്ഭുതങ്ങള്‍ ദൈവത്തില്‍ അടിയുറച്ച വിശ്വാസത്തോടെ പ്രവര്‍ത്തിച്ചവന്‍. സംഖ്യയുടെ പുസ്തകത്തില്‍ മോശയ്‌ക്കെതിരായി സംസാരിച്ച സഹോദരന്‍ അഹറോനോടും സഹോദരി മിറിയാമിനോടും ദൈവം കോപിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്.
വചനം പറയുന്നു, ''മോശ ഭൂമുഖത്തുള്ള സകല മനുഷ്യരിലും വച്ച് സൗമ്യനായിരുന്നു'' എന്ന്. അങ്ങനെയുള്ള മോശയെ സഹോദരങ്ങള്‍ കുറ്റപ്പെടുത്തി സംസാരിച്ചപ്പോള്‍ കര്‍ത്താവ് മേഘസ്തംഭത്തില്‍ ഇറങ്ങിവന്ന് സമാഗമ കൂടാരവാതില്‍ക്കല്‍ നിന്നിട്ട് അവരെ വിളിച്ചു. അവിടുന്ന് അരുളി ചെയ്തു.
''എന്റെ വചനം ശ്രവിക്കുക; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും. സ്വപ്‌നത്തില്‍ അവനോട് സംസാരിക്കുകയും ചെയ്യും. എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല, അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്‍പ്പിച്ചിരിക്കുന്നു. അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു അങ്ങനെയിരിക്കെ എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്? കര്‍ത്താവിന്റെ കോപം അവര്‍ക്കെതിരെ ജ്വലിച്ചു. അവിടുന്ന് അവരെ വിട്ടു പോയി.''
ദൈവത്തിന് ഏറ്റവും പ്രിയങ്കരനായ മോശയെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. പുതിയ നിയമ ഗ്രന്ഥത്തിലും പലയിടത്തും ക്രിസ്തു മോശയെക്കുറിച്ച് പറയുന്നുണ്ട്. താബോര്‍ മലയിലെ രൂപാന്തരീകരണ സമയത്ത് മോശയും ഏലിയായും യേശുവിനോടൊപ്പം ഉണ്ടായിരുന്നുവെന്ന് ശിഷ്യന്മാരായ പത്രോസും, യാക്കോബും, യോഹന്നാനും സുവിശേഷത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. മോശയുടെ നിയമങ്ങളാണ് യഹൂദര്‍ പിന്‍തുടര്‍ന്നിരുന്നത്. ഇസ്രായേല്‍ കാനാന്‍ ദേശത്ത് എത്തിച്ചേരുന്നതിനു മുന്‍പ് മോശ മരിച്ചു. മരിക്കുന്നതിനുമുമ്പ് കാനാന്‍ ദേശം കാണുവാനുള്ള അനുഗ്രഹം കര്‍ത്താവ് അവനു നല്‍കി. ജറീക്കോയുടെ എതിര്‍വശത്ത് മോവാബു ദേശത്തുള്ള നെബോ മലയിലെ പിസ്ഗായുടെ മുകളില്‍ നിന്നുകൊണ്ട് കാനാന്‍ ദേശം മുഴുവന്‍ കര്‍ത്താവ് അവനു കാണിച്ചുകൊടുത്തു. അതിനുശേഷം മൊവാബു ദേശത്തുവച്ച് അവന്‍ മരിച്ചു. ബെത് പെയോറിന് എതിരെയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍ ഇന്നുവരെ അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കും അറിവില്ല.
മരിക്കുമ്പോള്‍ മോശയ്ക്ക് 120 വയസ്സായിരുന്നു. ഭാര്യ സിപ്പോറയില്‍ അവന് രണ്ട് ആണ്‍മക്കള്‍ ജനിച്ചു. മൂത്തയാള്‍ ഗര്‍ഷോം. ഞാനൊരു പ്രവാസി യാകുന്നു എന്നു പറഞ്ഞാണ് മോശ അവന് പേരിട്ടത്. രണ്ടാമന്റെ പേര് ഏലിയേസര്‍ എന്നായിരുന്നു. കാരണം, എന്റെ പിതാവിന്റെ ദൈവമാണ് എന്റെ സഹായം, അവിടുന്ന് ഫറോവയുടെ വാളില്‍ നിന്ന് എന്നെ രക്ഷിച്ചു.
മോശയ്ക്ക് രണ്ടാമത് ഒരു ഭാര്യ കൂടി ഉണ്ടായിരുന്നു എന്ന് സംഖ്യയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെ പ്രതി അവന്റെ സഹോദരി മിറിയാമും, അഹറോനും അവനെതിരായി സംസാരിച്ചു (സംഖ്യ 12).
കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല. ഈജിപ്തില്‍ നിന്നും ഇസ്രായേലിനെ മോചിപ്പിച്ച്, കാനാന്‍ ദേശത്തേക്ക് നയിച്ച അതിദീര്‍ഘമായ യാത്രയില്‍ മോശ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവര്‍ത്തികള്‍ അനശ്വരവും അതുല്യവുമാണ്.