മനോവ

മനോവ

ഇസ്രായേലിലെ ന്യായാധിപനായിരുന്ന സാംസന്റെ പിതാവായിരുന്നു മനോവ. മനോവ എന്ന പേരിന് വിശ്രമം എന്നാണര്‍ത്ഥം. ഇസ്രായേലിലെ ദാന്‍ ഗോത്രക്കാരനായ മനോവ സോറായില്‍ ആണ് താമസിച്ചിരുന്നത്. ഭാര്യയുടെ പേര് വിശുദ്ധ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നില്ല, പക്ഷേ പാരമ്പര്യം അവളെ സെലേല്‍ പൊനിത് എന്നു വിളിക്കുന്നു. അവള്‍ വന്ധ്യയായിരുന്നു അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെ ഒരിക്കല്‍ കര്‍ത്താവിന്റെ ദൂതന്‍ അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ''നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ സൂക്ഷിക്കണം. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ പ്രസവിക്കുന്ന കുഞ്ഞ് ജനനം മുതല്‍ ദൈവത്തിന് നാസീര്‍ വ്രതക്കാരനായിരിക്കും. അവന്റെ തലയില്‍ ക്ഷൗരക്കത്തി സ്പര്‍ശിക്കരുത്. അവന്‍ ഫിലിസ്ത്യരുടെ കയ്യില്‍ നിന്ന് ഇസ്രായേലിനെ മോചിപ്പിക്കാന്‍ ആരംഭിക്കും.''

ദൈവദൂതന്‍ പോയശേഷം അവള്‍ ഈ സംഭവം ഭര്‍ത്താവായ മനോവയോട് പറഞ്ഞു: ഒരു ദൈവപുരുഷന്‍ എന്റെ അടുത്തു വന്നു. അവന്റെ മുഖം ദൈവദൂതന്റേതുപോലെ, എവിടെ നിന്നും വരുന്നുവെന്ന് അവനോട് ഞാന്‍ ചോദിച്ചില്ല; അവന്‍ പേര് പറഞ്ഞതുമില്ല. അവന്‍ എന്നോട് പറഞ്ഞു: ''നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ബാലന്‍ ആജീവനാന്തം ദൈവത്തിന് നാസീര്‍ വ്രതക്കാരനായിരിക്കും.''

അവള്‍ പറഞ്ഞത് മനോവ വിശ്വസിച്ചു. അവന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ അങ്ങ് അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കല്‍ വന്ന് ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ ഇടയാക്കണമേ!

അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. വയലില്‍ ആയിരിക്കുമ്പോള്‍ ദൈവദൂതന്‍ വീണ്ടും അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ മനോവ അവളുടെ കൂടെ ഉണ്ടായിരുന്നില്ല. അവള്‍ ഓടിച്ചെന്ന് ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവന്നു. അവന്‍ അവളുടെ കൂടെവയലിലേക്ക് വന്നു. ദൂതനോട് ചോദിച്ചു: ''ഇവളോട് സംസാരിച്ചവന്‍ നീ തന്നെയോ?''

ദൂതന്‍ മറുപടി പറഞ്ഞു: ''ഞാന്‍ തന്നെ.''

അപ്പോള്‍ മനോവ ചോദിച്ചു: ''നിന്റെ വാക്കുകള്‍ നിറവേറുമ്പോള്‍ ബാലന്റെ ജീവിതചര്യ എങ്ങനെയായിരിക്കണം? അവന്‍ എന്താണ് ചെയ്യേണ്ടത്?''

കര്‍ത്താവിന്റെ ദൂതന്‍ മനോവയോട് പറഞ്ഞു: ''ഞാന്‍ സ്ത്രീയോട് പറഞ്ഞതെല്ലാം അവള്‍ പാലിക്കട്ടെ. മുന്തിരിയില്‍ നിന്നുള്ളതൊന്നും അവള്‍ ഭക്ഷിക്കരുത്. വീഞ്ഞോ ലഹരി പദാര്‍ത്ഥമോ കുടിക്കരുത്. അശുദ്ധമായതൊന്നും തിന്നുകയുമരുത്. ഞാന്‍ അവളോട് കല്പിച്ചതൊക്കെ അവള്‍ പാലിക്കണം.''

മനോവ കര്‍ത്താവിന്റെ ദൂതനോട് പറഞ്ഞു: ''ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകം ചെയ്യുന്നതുവരെ നില്‍ക്കണമേ!''

കര്‍ത്താവിന്റെ ദൂതന്‍ പറഞ്ഞു: ''നീ പിടിച്ചു നിര്‍ത്തിയാലും നിന്റെ ഭക്ഷണം ഞാന്‍ കഴിക്കുകയില്ല. എന്നാല്‍, നീ പാകം ചെയ്യുന്നെങ്കില്‍ അത് കര്‍ത്താവിന് ദഹനബലിയായി അര്‍പ്പിക്കുക.''

കര്‍ത്താവിന്റെ ദൂതനാണ് അവനെന്നു മനോവ അറിഞ്ഞിരുന്നില്ല. അവന്‍ കര്‍ത്താവിന്റെ ദൂതനോട് നിന്റെ പേരെന്ത്, നീ പറഞ്ഞതു സംഭവിക്കുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കണമല്ലോ എന്നു പറഞ്ഞു.

ദൂതന്‍ അവനോട് ചോദിച്ചു: ''എന്റെ പേര് അത്ഭുതകരമായിരിക്കെ നീ അതു ചോദിക്കുന്നതെന്തിന്?''

അപ്പോള്‍, മനോവ ആട്ടിന്‍കുട്ടിയെ കൊണ്ടുവന്ന് ധാന്യബലിയോടുകൂടെ അത്ഭുതം പ്രവര്‍ത്തിക്കുന്നവനായ കര്‍ത്താവിന് പാറപ്പുറത്തു വച്ച് അര്‍പ്പിച്ചു. ബലിപീഠത്തില്‍ നിന്ന് അഗ്‌നി ജ്വാല ആകാശത്തിലേക്ക് ഉയര്‍ന്നു. മനോവയും ഭാര്യയും നോക്കിനില്‍ക്കെ കര്‍ത്താവിന്റെ ദൂതന്‍ ബലിപീഠത്തിലെ അഗ്‌നി ജ്വാലയിലൂടെ ഉയര്‍ന്നുപോയി. അവന്‍ മനോവയ്ക്കും ഭാര്യയ്ക്കും പിന്നീട് പ്രത്യക്ഷപ്പെട്ടില്ല. അവര്‍ നിലത്തു കമിഴ്ന്നു വീണു. അത് കര്‍ത്താവിന്റെ ദൂതനായിരുന്നു എന്ന് മനോവയ്ക്ക് വ്യക്തമായി.

മനോവ ഭാര്യയോട് പറഞ്ഞു: ''ദൈവത്തെ കണ്ടതുകൊണ്ട് നാം തീര്‍ച്ചയായും മരിക്കും.''

അവള്‍ പറഞ്ഞു: ''നമ്മെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കില്‍, കര്‍ത്താവ് നമ്മുടെ കയ്യില്‍ നിന്നു ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയോ ഇക്കാര്യങ്ങള്‍ കാണിച്ചുതരുകയോ അറിയിക്കുകയോ ചെയ്യുമായിരുന്നില്ല.''

സമയത്തിന്റെ തികവില്‍ അവള്‍ തന്റെ പുത്രനെ പ്രസവിച്ചു. സാംസണ്‍ എന്ന് അവര്‍ അവനു പേരിട്ടു. കര്‍ത്താവിന്റെ ദൂതന്‍ പറഞ്ഞത് വിശ്വസിച്ച മനോവയും ഭാര്യയും അനുഗ്രഹീതരായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org