മിറിയാം

മിറിയാം

അപ്പോള്‍ പ്രവാചികയും മോശയുടെയും അഹറോന്റെയും സഹോദരിയുമായ മിറിയാം തപ്പു കയ്യിലെടുത്തു. സ്ത്രീകളെല്ലാം തപ്പുകളെടുത്തു നൃത്തം ചെയ്തുകൊണ്ട് അവളെ അനുഗമിച്ചു. മിറിയാം അവര്‍ക്കു പാടിക്കൊടുത്തു.

'കര്‍ത്താവിനെ പാടി സ്തുതിക്കുവിന്‍. എന്തെന്നാല്‍ അവിടന്ന് മഹത്വപൂര്‍ണ്ണമായ വിജയം നേടിയിരിക്കുന്നു. കുതിരയേയും കു തിരക്കാരനെയും അവിടന്ന് കടലിലെറിഞ്ഞു.'

നമ്മള്‍ മിറിയാമിനെ ആദ്യം കാണുന്നത് പുറപ്പാട് പുസ്തകം രണ്ടാം അധ്യായത്തിലാണ്. ഇസ്രായേല്‍ സ്ത്രീകള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നുകളയണമെന്ന് ഈജിപ്ത് രാജാവ് സൂതി കര്‍മ്മിണികളോട് ആജ്ഞാപിച്ചിരുന്നു. എന്നാല്‍ ഈ സ്ത്രീകള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവ് പറഞ്ഞപ്രകാരം ചെയ്തില്ല. അവര്‍ ആണ്‍കുഞ്ഞുങ്ങളെ ജീവിക്കാന്‍ അനുവദിച്ചു. അക്കാലത്താണ് ലേവി ഗോത്രത്തില്‍പ്പെട്ട അമ്രാമിനും യൊക്കെബെദിനും ഒരാണ്‍കുഞ്ഞ് ജനിക്കുന്നത്. മൂന്നുമാസം അവര്‍ അവനെ രഹസ്യമായി വളര്‍ത്തി. പിന്നീട് രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്‌കരമായിത്തുടങ്ങിയപ്പോള്‍ അവര്‍ ഞാങ്ങണകൊണ്ട് നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി നൈല്‍ നദീ തീരത്ത് ഞാങ്ങണ ചെടികളുടെ ഇടയില്‍ കൊണ്ടുവച്ചു. വിശുദ്ധ ഗ്രന്ഥം പറയുന്നു 'അവന് എന്തു സംഭവിക്കുമെന്നറിയാന്‍ ഉറ്റു നോക്കിക്കൊണ്ട് അവന്റെ സഹോദരി കുറച്ചകലെ കാത്തുനിന്നിരുന്നു.' പിന്നീട് എന്തു സംഭവിച്ചുവെന്ന് നമുക്കറിയാമല്ലോ. ഈ സഹോദരിയാണ് ഇപ്പോള്‍ നാം കണ്ട പ്രവാചികയായ മിറിയാം.

കാനാന്‍ ദേശത്തേക്കുള്ള ഇസ്രായേലിന്റെ യാത്രയില്‍ സഹോദരന്മാരായ മോശയെയും അഹറോനെയും എല്ലാ കാര്യത്തിലും സഹായിച്ചുകൊണ്ട് മിറിയാം ഒപ്പമുണ്ടായിരുന്നു. ഇസ്രായേലിലെ പ്രവാചികയായിരുന്നു മിറിയാം. ഇസ്രായേല്‍ജനം മോശയുടെ നേതൃത്വത്തില്‍ ചെങ്കടല്‍ കടന്നതിനുശേഷം മോശ കര്‍ത്താവിന് കൃതജ്ഞതാ കീര്‍ത്തനം ആലപിച്ചപ്പോള്‍ സഹോദരിയായ മിറിയാമും കൂടെ ഉണ്ടായിരുന്നു. അവള്‍ കീര്‍ത്തനം ഏറ്റുപാടുകയും നൃത്ത വാദ്യഘോഷങ്ങളാല്‍ കര്‍ത്താവിനെ സ്തുതിക്കുവാന്‍ ഇസ്രായേല്‍ പുത്രിമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇസ്രായേല്‍ യാത്ര തുടര്‍ന്നു കൊണ്ടിരിക്കെ ഒരിക്കല്‍ മിറിയാം കര്‍ത്താവിനാല്‍ ശിക്ഷിക്കപ്പെട്ടു. മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെ പ്രതി മിറിയാമും അഹറോനും അവനെതിരായി സംസാരിച്ചു. കര്‍ത്താവ് മോശ വഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേയെന്ന് അവര്‍ ചോദിച്ചു. കര്‍ത്താവ് അത് കേട്ടു. ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വെച്ച് സൗമ്യനായിരുന്ന മോശയെക്കുറിച്ച് അവര്‍ പറഞ്ഞത് കര്‍ത്താവിനെ കോപാകുലനാക്കി. അവിടുന്ന് മേഘസ്തംഭത്തില്‍ ഇറങ്ങിവന്ന് സമാഗമ കൂടാരവാതില്‍ക്കല്‍ നിന്നിട്ട് അഹറോനെയും മിറിയാമിനെയും വിളിച്ച് അവരോട് സംസാരിച്ചു. കര്‍ത്താവിന്റെ കോപം അവര്‍ക്കെതിരെ ജ്വലിച്ചു. അവിടന്ന് അവരെ വിട്ടുപോയി. കൂടാരത്തിന്റെ മുകളില്‍ നിന്ന് മേഘം നീങ്ങിയപ്പോള്‍ മിറിയാം കുഷ്ഠം പിടിച്ച് മഞ്ഞുപോലെ വെളുത്തു. അഹറോന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ കുഷ്ഠരോഗിണിയായിത്തീര്‍ന്നതു കണ്ടു, അഹറോന്‍ മോശയോടു പറഞ്ഞു: പ്രഭോ ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണ് പ്രവര്‍ത്തിച്ചത്; ആ പാപം ഞങ്ങളുടെ മേല്‍ ചുമത്തരുതേ! മോശ കര്‍ത്താവിനോട് നില വിളിച്ചു: ഞാന്‍ കേണപേക്ഷിക്കുന്നു, ദൈവമേ, അവളെ സുഖപ്പെടുത്തണമേ. കര്‍ത്താവ് മോശയോട് പറഞ്ഞു: തന്റെ അപ്പന്‍ മുഖത്തു തുപ്പിയാല്‍ പോലും അവള്‍ ഏഴുദിവസം ലജ്ജിച്ചിരിക്കുകയില്ലേ? ഏഴു ദിവസം അവളെ പാളയത്തിനു പുറത്ത് പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം. അങ്ങനെ മിറിയാമിനെ ഏഴു ദിവസത്തേക്ക് പാളയത്തില്‍ നിന്നു പുറത്താക്കി. ഏഴു ദിവസത്തിന് ശേഷം അവള്‍ സുഖപ്പെട്ടു. അവളെ അകത്തു പ്രവേശിപ്പിക്കുന്നതുവരെ ജനം യാത്ര പുറപ്പെട്ടില്ല.

ചെറുപ്പം മുതല്‍ ധൈര്യത്തിന്റെയും കരുതലിന്റെയും പ്രതീകമായിരുന്നു മിറിയാം. നല്ല നേതൃത്വപാടവം ഉള്ളവളായിരുന്നു. ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും കാനാന്‍ ദേശത്തേക്കുള്ള ഇസ്രായേലിന്റെ നീണ്ട യാത്രയിലുടനീളം മിറിയമെന്ന പ്രവാചികയുടെ സാന്നിധ്യം ശ്രദ്ധേയവും സ്മരണാര്‍ഹവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org