മഗ്ദലേന മറിയം

മഗ്ദലേന മറിയം

വിശുദ്ധ ബൈബിളില്‍ നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുള്ള പേരാണ് മഗ്ദലേന മറിയത്തിന്റേത്. യേശുവിന്റെ കൂടെ നടന്ന് കുരിശോളം അവനെ അനുഗമിച്ചവള്‍. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കാണാന്‍ അനുഗ്രഹം ലഭിച്ചവള്‍.

ആരായിരുന്നു മഗ്ദലേന മറിയം? കേരളത്തിന്റെ ഒരു മഹാകവി ഉള്‍പ്പെടെ ചില കവികളും, എഴുത്തുകാരും അവള്‍ക്കു ചാര്‍ത്തിക്കൊടുത്തത് വ്യഭിചാരിണി, പാപിനിയായ സ്ത്രീ എന്നീ വിശേഷണങ്ങളാണ്. ഓരോരുത്തരും അവരവരുടെ ഭാവനയില്‍ അവളെ അഭിസാരികയായി ചിത്രീകരിച്ചു. എന്നാല്‍ ബൈബിളില്‍ ഒരിടത്തും മഗ്ദലേന മറിയത്തെ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ല. വിശുദ്ധ മാര്‍ക്കോസിന്റെ സുവിശേഷം 16-ാം അധ്യായം 9-ാം വാക്യം ഇങ്ങനെ പറയുന്നു: 'ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം, യേശു ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍ നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്.' അവള്‍ പിശാചു ബാധയാല്‍ ദുരിതമനുഭവിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു. ക്രിസ്തു സൗഖ്യപ്പെടുത്തിയതിനുശേഷം അവള്‍ അവനെ അനുഗമിച്ചു. അവന്റെ ശിഷ്യര്‍ക്കൊപ്പം അവളും അവനെ അനുഗമിച്ചു.

ക്രിസ്തുവിന്റെ കാലത്ത് എതിരാളികള്‍ അവനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു. എന്നാല്‍ സ്ത്രീകളുമായി ബന്ധപ്പെട്ട ഒരാരോപണവും അവനെതിരെ ആരും ആരോപിച്ചിട്ടില്ല എന്നത് ചരിത്ര സത്യമാണ്. ചില എഴുത്തുകാരും കവികളും ക്രിസ്തുവിന്റെയും മഗ്ദലേനയുടെയും സൗഹൃദത്തെ തെറ്റായി ചിത്രീകരിച്ചത് വേദനയുളവാക്കുന്നതാണ്. ഭാവന കാടുകയറി കയറി ആവിഷ്‌കാര സ്വാതന്ത്ര്യം കൂടിവരുന്ന കാലത്ത് ഇങ്ങനെ പലതും കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടിവരും.

തന്നെ വലിഞ്ഞു മുറുക്കിയിരുന്ന പൈശാചിക ബന്ധനത്തില്‍ നിന്നും പുറത്തുകടന്ന മഗ്ദലേന പിന്നീടൊരിക്കലും പിശാചിന്റെ വലയില്‍ കുടുങ്ങിയില്ല. കാരണം, അവള്‍ സദാ ക്രിസ്തുവിനോടുകൂടെ ആയിരുന്നു; ഉത്തമ ശിഷ്യയായി. ശിഷ്യന്മാര്‍ പേടിച്ചോടി മറഞ്ഞ കുരിശിന്റെ വഴിയില്‍ അവള്‍ അവനെ കാല്‍വരിയോളം അനുഗമിച്ചു. മൃഗീയമായി അവന്‍ പീഡകളേറ്റു വാങ്ങിയപ്പോള്‍ യോഹന്നാനോടും പരിശുദ്ധ മറിയത്തോടുമൊപ്പം അവളും അകലെയായി അവനെ അനുഗമിച്ചിരുന്നു. അവനെ കുരിശില്‍ വലിച്ചുനീട്ടി തറച്ചപ്പോഴും വാവിട്ടു കരഞ്ഞു കൊണ്ട് അവള്‍ മറിയത്തിനരികില്‍ നില്‍പ്പുണ്ടായിരുന്നു. അവസാനം ആകാശത്തിനും ഭൂമിക്കും മധ്യേ നാട്ടപ്പെട്ട കുരിശില്‍ അവന്‍ ദാഹാര്‍ത്തനായി, നാവും തൊണ്ടയും വറ്റി, അണ്ണാക്ക് ഓടിന്റെ കഷണം പോലെ ഒട്ടി, അവസാന തുള്ളി രക്തം വരെയും ചിന്തി മരിച്ചപ്പോഴും അവള്‍ കുരിശിനു കീഴില്‍ നിന്നിരുന്നു. എന്തൊരു ധൈര്യമാണ് ഈ സ്ത്രീക്ക്?

ക്രിസ്തുവിനോടുള്ള അവളുടെ സ്‌നേഹത്തിന് പ്രതിഫലമായി അവന്‍ അവള്‍ക്ക് ആദ്യ ദര്‍ശനം നല്‍കി. അതേ ഉത്ഥിതനായ ക്രിസ്തു ആദ്യം പ്രത്യക്ഷപ്പെട്ടത് മഗ്ദലേന മറിയത്തിനാണ്. ക്രിസ്തുവിനെ തിരിച്ചറിഞ്ഞ അവള്‍ അവനെ വിളിച്ചത് 'റബ്ബോനി', ഗുരു എന്നാണ്. ക്രിസ്തു അവള്‍ക്ക് എന്നും ഗുരു തന്നെയായിരുന്നു. ഉയിര്‍പ്പില്‍ നാം ഓര്‍ക്കേണ്ട വിശുദ്ധയാണ് മഗ്ദലേന മറിയം.

മഗ്ദലേന മറിയം സ്ത്രീകള്‍ക്ക് മാത്രമല്ല, മാനവകുലത്തിനു തന്നെ മാതൃകയാണ്. ക്രിസ്തുവില്‍ നിന്നും സൗഖ്യം ഏറ്റുവാങ്ങിയ അവള്‍ പിന്നീട് ആ സൗഖ്യാനുഭവത്തില്‍ നിന്നും പിന്‍തിരിഞ്ഞു പോയില്ല. അവള്‍ എന്നും ക്രിസ്തുവിന്റെ കൂടെ, ആ പ്രഭാവലയത്തില്‍ തന്നെയായിരുന്നു. ഒരു യഥാര്‍ത്ഥ ശിഷ്യ എങ്ങനെയായിരിക്കണമെന്ന് മഗ്ദലേനയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്. മരണത്തോളം കൂടെ നടന്നവള്‍, അവള്‍ക്കു വേണമെങ്കില്‍ പേടിച്ച് ഓടി പോകാമായിരുന്നു: പക്ഷേ സ്‌നേഹം അവളെ അതിനനുവദിച്ചില്ല. എല്ലാ പ്രതിബന്ധങ്ങളെയും ചെറുത്ത് അവള്‍ കൂടെ നിന്നു... ചങ്കായവനെ ചങ്കോട് ചേര്‍ത്ത് കുരിശോളം കൂടെ നിന്നു. അവസാനം അവന്റെ ശരീരം കുരിശില്‍ നിന്നിറക്കി അരിമത്തിയാക്കാരന്‍ ജോസഫിന്റെ കല്ലറയില്‍ സംസ്‌കരിച്ചപ്പോഴും അവള്‍ കൂടെയുണ്ടായിരുന്നു.

മൂന്നാം നാള്‍ നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ ആകാംക്ഷയോടെ അവള്‍ കല്ലറയിലേക്ക് ഓടി. അവിടെ തോട്ടത്തില്‍ അവള്‍ അവനെ കണ്ടു. ഉയിര്‍പ്പിന്റെ വെള്ളിവെളിച്ചത്തില്‍ ക്രിസ്തു!

മഗ്ദലേന മറിയം, നീ എത്രയോ ധന്യയാണ്. ഉത്ഥിതന്റെ ദര്‍ശനം ആദ്യം ലഭിച്ച നീ ഈസ്റ്റര്‍ വിശുദ്ധയാണ്...

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org