''എത്രയും ദയയുള്ള മാതാവേ...''

''എത്രയും ദയയുള്ള മാതാവേ...''

പ്രൊഫ. കെ.സി. ജോസഫ്

''എത്രയും ദയയുള്ള മാതാവേ...'', എന്റെ ഭാര്യ പതിവുപോലെ അല്പം ഉച്ചത്തില്‍ ചൊല്ലിത്തുടങ്ങി. അന്നത്തെ കുടുംബപ്രാര്‍ത്ഥന അവസാനിക്കാറായിരിക്കുന്നു.

പെട്ടെന്ന്, ഞാനറിയാതെ എന്റെ മനസ്സ് അവിടംവിട്ട് കാലത്തിനു പിന്നിലേക്ക് പറക്കാന്‍ തുടങ്ങി, ഒരു പത്തറുപതു കൊല്ലം!

ഞങ്ങളുടെ ബാല്യം. അന്നും കുടുംബപ്രാര്‍ത്ഥന അവസാനിക്കുന്നത് ഈ പ്രാര്‍ത്ഥനയോടെ തന്നെയാണ്. ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രത്യേകിച്ച് ഇളയമക്കളായ എനിക്കും എന്റെ 'ഇരട്ട'പ്പെങ്ങള്‍ക്കും ഈ പ്രാര്‍ത്ഥന വളരെ പഥ്യമാണ്. കാരണം, ഒരു മണിക്കൂറിലേറെയായി അപ്പന്റെ ഇടയ്ക്കിടെ ഉയരുന്ന ഭീഷണിയേയും ചില്ലറ വടിപ്രയോഗത്തേയും എല്ലാം അതിജീവിച്ച് ഉറങ്ങിയും ആടിയും എല്ലാം കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക് അതൊരടയാളമായിരുന്നു. ഉടന്‍ ജാഗ്രതയായി. പിടഞ്ഞെണീറ്റ് മുട്ടില്‍നിന്നു പ്രാര്‍ത്ഥിക്കും, 'എത്രയും ദയയുള്ള മാതാവേ...''

ഞങ്ങളെ ചുറ്റിപ്പറ്റി അസ്വസ്ഥയായി നടന്നിരുന്ന പൂച്ചയും ഉഷാറായി, 'ങ്യാവൂ...'' അതായത് അത്താഴമുണ്ണാന്‍ ഇനി താമസമില്ല.

രസികനായ നേരേ മൂത്ത ജ്യേഷ്ഠന്‍ ചിലപ്പോള്‍ അപ്പന്‍ കാണാതെ ഞങ്ങളുടെ നേരെ തിരിഞ്ഞ് കൈ രണ്ടും ഒരു തെങ്ങിന്‍തടിയുടെ അകലത്തില്‍ പിടിച്ചു പതുക്കെ കുലുക്കിക്കൊണ്ടു പറയും, ''ഈ വണ്ണമുള്ള ശരണത്താല്‍...''

ഞങ്ങള്‍ ചിരിച്ചാല്‍ അപ്പന്റെ അടി ഉറപ്പ്.

ഏതായാലും ഒരു കാര്യം പറയാതെ വയ്യ, അക്കാലത്ത് മനസ്സില്‍ തട്ടി പ്രാര്‍ത്ഥിച്ചിരുന്ന ഏകപ്രാര്‍ത്ഥന അതാണ്.

നാളെ കണക്കുപരീക്ഷയാണ്. തോല്ക്കാന്‍ സാദ്ധ്യതയുണ്ട്. സംഗതി ഗുരുതരമാണ്. ''എത്രയും ദയയുള്ള മാതാവേ...''

സന്ധ്യക്ക് കോഴിയെല്ലാം മുറ്റത്തിനു പുറത്തുള്ള കാപ്പി മരങ്ങളില്‍ ചേക്കേറും. അവയെ കൂട്ടി പിടിച്ചിടാനുള്ള ദുര്യോഗം എന്നും ഇരട്ടകളായ ഞങ്ങള്‍ക്കുള്ളതാണ് (കുറുക്കനുണ്ട്). അന്ന് ഞങ്ങളുടെ നാട്ടില്‍ കറണ്ടില്ല. ഇടയ്ക്കിടെ മാത്രം തെളിയാറുള്ള ആ പഴയ ടോര്‍ച്ചും കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ ഉള്ളില്‍ ഒരാന്തല്‍! ''എത്രയും ദയയുള്ള മാതാവേ...''

കുളി മിക്കവാറും പാടത്തെ തോട്ടിലാണ്. കൂട്ടുകാര്‍ കൂടി തോട്ടിലെ വെള്ളത്തില്‍ ചാട്ടവും ''ഉണ്ടയിട്ട്'' നീന്തലും ഒക്കെ. എത്ര ഉത്സാഹിച്ചാലും കയറുമ്പോഴേക്ക് സന്ധ്യ ആകും. വീട്ടിലേക്കുള്ള വഴി പുല്ലു പിടിച്ചതാണ് (പാമ്പുണ്ടാകാം). ''എത്രയും ദയയുള്ള മാതാവേ...''

ഡിഗ്രിക്ക് എറണാകുളത്തും പി.ജിക്കു തൃശൂരും കോളേജുകളില്‍ പഠിക്കുമ്പോള്‍ താമസം ഹോസ്റ്റലുകളില്‍. ജീവിതമൊക്കെ ദൈവത്തെ പറ്റെ മറന്നാണ്. എങ്കിലും മൂത്തജ്യേഷ്ഠന്‍ (അന്ന് സെമിനാരിക്കാരന്‍) തന്ന മാതാവിന്റെ അതിസുന്ദരമായ ഒരു പടം മുറിയുടെ ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരുന്നു. പരീക്ഷയ്ക്കു പോകുമ്പോഴും മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാലും ഒക്കെ ആ കാലില്‍ ഒന്നു തൊട്ടു പ്രാര്‍ത്ഥിക്കും, ''എത്രയും ദയയുള്ള മാതാവേ...'' (ഹോസ്റ്റലിലെ നിര്‍ബന്ധിത കുര്‍ബാനയും സന്ധ്യാപ്രാര്‍ത്ഥനയും അന്നു ചടങ്ങു മാത്രമായിരുന്നു.)

ഈ ഓര്‍മ്മകളിലൂടെ ഒക്കെ മനസ്സു തത്തിക്കളിക്കുമ്പോള്‍ പെട്ടെന്ന് ഒരു ചിന്ത എന്റെ മനസ്സിലേക്കു കടന്നുവന്നു: ആ ''എത്രയും ദയയുള്ള മാതാവ്'' ഇന്ന് എനിക്കാരാണ്? ഒരു കാര്യം ഉറപ്പാണ്, ഇന്നും മറന്നു പോയിട്ടില്ല.

ആയിടയ്ക്ക് ഒരിക്കല്‍ ബൈബിളിലെ ''ഉല്പത്തി''പ്പുസ്തകം ഞാന്‍ വായിക്കുമായിരുന്നു (ഇതിനോടകം കാര്യങ്ങളെല്ലാം മാറി മറിഞ്ഞ് ഞാനൊരു സുവിശേഷ പ്രസംഗകനായി കഴിഞ്ഞിരുന്നു). ഉല്പത്തി 3:15 മനസ്സില്‍ തട്ടി. ദൈവം പറയുന്നു: ''നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും, അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും.''

ഈ വചനങ്ങള്‍ എവിടെയൊക്കെയോ തട്ടിമുട്ടി കടന്നുപോയി. ആരാണാവോ ഈ സ്ത്രീ? ''നീ'' എന്നു പറയുന്നത് പിശാചിനോടാണല്ലോ. കൂടാതെ, ദൈവം ഇതു പറയുമ്പോള്‍ അടുത്തുള്ളത് ആദി മാതാവായ ഹവ്വാ ആണു താനും. അപ്പോള്‍ ''സ്ത്രീ'' അവളായിരിക്കണം.

പക്ഷെ, ''നിന്റെ സന്തതിയും'' എന്നു തുടങ്ങി ''അവന്‍ നിന്റെ തല തകര്‍ക്കും'' എന്നായപ്പോള്‍ സംശയമായി. കാരണം, നമുക്കറിയാം, അവളുടെ മൂത്തമകന്‍ (കായേന്‍) ഇളയമകന്‍ ആബേലിന്റെ തലയാണല്ലോ തകര്‍ത്തത്. അപ്പോള്‍ ''സ്ത്രീയും അവളുടെ സന്തതിയും'' മറ്റാരോ ആണ്.

ഞാനോര്‍ത്തു, സാധാരണയായി ബൈബിളില്‍ ആരെയെങ്കിലും അവതരിപ്പിക്കുന്നത് (introduce) ഇന്ന പിതാവിന്റെ മകന്‍ (മകള്‍) എന്നാണ്. എന്നാല്‍ ഇവിടെ ''സ്ത്രീ''യുടെ സന്തതി ആയി അവതരിപ്പിച്ചിരിക്കുന്നതില്‍ ഒരു പുതുമ. അത് ഏതോ തരത്തില്‍ അര്‍ത്ഥവത്തായിരിക്കണം.

പെട്ടെന്നോര്‍മ്മ വന്നു, അങ്ങനെ ഒരു മനുഷ്യപിതാവിന്റെ പിതൃത്വം യഥാര്‍ത്ഥത്തില്‍ പറയാനില്ലാതെ ജനിച്ചതായി ലോകത്തില്‍ ഒറ്റയാളേ ഉള്ളൂ: ദൈവപുത്രനായ യേശുക്രിസ്തു. (ലൂക്കാ 1:15 - ''പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും... ആകയാല്‍ ജനിക്കാന്‍ പോകുന്ന ശിശു ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.'') അതെ പിശാചിന്റെ തല തകര്‍ത്തവനും അവന്‍ തന്നെ.

അപ്പോള്‍ എല്ലാം വ്യക്തമായി. സാത്താന്റെ ചതിയില്‍പ്പെട്ട് ദൈവകല്പന ആദ്യമായി ധിക്കരിച്ച് മനുഷ്യകുലത്തെ മുഴുവന്‍ ദൈവശാപത്തില്‍പ്പെടുത്തിയ ''ദൈവമക്കള്‍'' എന്ന മഹോന്നത സ്ഥാനം അങ്ങനെ നഷ്ടപ്പെടാന്‍ ഇടയാക്കിയ ആ ആദ്യ അമ്മ ഹവ്വായുടെ സ്ഥാനത്ത് ആ ശാപം ഏറ്റെടുത്ത് പരിഹാരം ചെയ്യാന്‍ മനുഷ്യനായി അവതരിച്ച ''അവളുടെ സന്തതി''ക്ക് ജന്മം നല്കാന്‍ മാത്രം ''ദൈവകൃപ നിറഞ്ഞവളും കര്‍ത്താവ് തന്നോടു കൂടെ ഉള്ളവളും.'' ''സ്ത്രീകളില്‍ അനുഗ്രഹീത''യുമായ അവള്‍ മറ്റാരുമല്ല, യേശുവിന്റെ ('അവളുടെ സന്തതി') അമ്മയായ മറിയം തന്നെ.

ആ പുത്രനെ ഉദരത്തില്‍ സ്വീകരിച്ചതു മുതല്‍ അവനോടൊപ്പം ആ പരിഹാര പ്രയാണത്തില്‍ പങ്കെടുത്തവള്‍, പൂര്‍ണ്ണ ഗര്‍ഭിണി ആയിരിക്കെ ഭര്‍ത്താവിനോടൊപ്പം ബേത്‌ലഹേമിലേക്ക് (ഏകദേശം 160 കി.മീ.) നടന്നവള്‍, പ്രിയ മകനെ ആട്ടിന്‍തൊഴുത്തില്‍ പ്രസവിക്കേണ്ടി വന്നവള്‍, ദിവസങ്ങള്‍ക്കുള്ളില്‍ അവന്റെ ജീവന്‍ രക്ഷിക്കാന്‍ ഈജിപ്തിലേക്ക് (ഏകദേശം 700 കി.മീ.) നടന്ന് അവിടെ പാര്‍ത്തവള്‍....

നസറത്തില്‍ മകനെ വളര്‍ത്തി, പ്രവാചക വചനം പോലെ, സമയത്തിന്റെ പൂര്‍ണ്ണതയില്‍, നന്മ മാത്രം ചെയ്തുകൊണ്ട്, വഴിതെറ്റിയവരെ ദൈവരാജ്യത്തിലേക്കും ആശ നഷ്ടപ്പെട്ടവരെ പ്രത്യാശയിലേക്കും, കൃപാ വചസ്സുകളാല്‍ അവരുടെ ഹൃദയങ്ങളില്‍ വെളിച്ചം നിറച്ചുകൊണ്ടും കഷ്ടത അനുഭവിച്ചിരുന്നവരെ സഹായിച്ചുകൊണ്ടും തന്നെ സമീപിച്ച സകലരോഗികളേയും സുഖപ്പെടുത്തിക്കൊണ്ടും നടന്നുപോയ ആ രക്ഷകന്റെ മാര്‍ഗ്ഗേ അനുയാത്ര ചെയ്തവള്‍.

എന്നാല്‍, മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നതുപോലെ, ശത്രുക്കള്‍ അവനെ ബന്ധിച്ചു, മിത്രങ്ങള്‍ ഓടി രക്ഷപ്പെട്ടു, ഒറ്റിക്കൊടുക്കപ്പെട്ടു... അപമാനിതനായി, ചമ്മട്ടി അടിയേറ്റ് ശരീരം മുഴുവന്‍ കീറിപ്പറിഞ്ഞ്... തലയില്‍ അടിച്ചിറക്കിയ മുള്‍മുടിയിലെ കൂര്‍ത്തു-മൂര്‍ത്തമുള്ളുകള്‍ വിരൂപമാക്കി, സ്വനാട്ടുകാരായ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന അനേകരുടെയും സ്വന്തം അമ്മയുടേയും കണ്‍മുമ്പില്‍ നഗ്നനാക്കപ്പെട്ട്, കാരിരുമ്പാണികളാല്‍ കൈ-കാലുകള്‍ കുരിശില്‍ തറയ്ക്കപ്പെട്ട്, തിളക്കുന്ന ചൂടില്‍ ദിവസം മുഴുവന്‍ വെന്തുരുകി, ഒരിറ്റു വായുവിനായി കഷ്ടപ്പെട്ട്, സകലരാലും നിന്ദിക്കപ്പെട്ട് കുരിശില്‍ കിടക്കുന്ന തന്റെ പ്രിയപുത്രന്റെ കുരിശിന്‍ചുവട്ടില്‍ ഹൃദയംപൊട്ടി നിന്നിരുന്ന ആ അമ്മയുടെ കണ്‍മുന്നില്‍ തന്നെ പട്ടാളക്കാരന്റെ കുന്തത്താല്‍ ഹൃദയം തുളക്കപ്പെട്ട് അവസാനത്തുള്ളി രക്തവും ചിന്തി മനുഷ്യകുലത്തിന് പാപപരിഹാരത്തിന്റെ മോചനവും തുറക്കപ്പെട്ട ദൈവരാജ്യവും നല്കി മരിക്കുമ്പോള്‍ എല്ലാറ്റിനും നേര്‍സാക്ഷി ആയി ആ കുരിശിന്‍ചുവട്ടില്‍ ''ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചു കയറി'' (ലൂക്കാ 2:35) നിന്നിരുന്ന ആ അമ്മയുടെ മനസ്സ് നമുക്കൊന്നു കാണാന്‍ കഴിയുമോ?

അവള്‍ അപ്പോള്‍ ചിന്തിച്ചു കാണുമോ, ആരാണ് തന്റെ പരിശുദ്ധനായ അരുമ മകന്റെ ഈ അപാര സഹനത്തിനും ആത്മബലിക്കും കാരണക്കാരന്‍? സംശയമില്ല, ആദിമാതാവിലൂടെ മനുഷ്യവര്‍ഗ്ഗം മുഴുവനേയും വഞ്ചിച്ച് ''ദൈവമക്കള്‍'' എന്ന പവിത്രമായ സ്ഥാനം നഷ്ടപ്പെടുത്തി നിത്യനരകത്തിലേക്ക് തള്ളിയവന്‍. അവള്‍ ക്ഷമിക്കുമോ? ഹൃദയത്തില്‍ തിളച്ചുപൊന്തുന്ന ആ ''ശത്രുത''യുടെ ദഹിപ്പിക്കുന്ന ചൂടില്‍ അവള്‍ പറഞ്ഞിട്ടുണ്ടാവില്ലേ, നിന്റെ പ്രിയപുത്രന്‍ നടപ്പാക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്ന മനുഷ്യരക്ഷയുടെ ഓരോ ചുവടും അവനോടൊപ്പം ഞാനും നടക്കും. ആ ശത്രുവിന്റെ തല തകര്‍ക്കുമ്പോള്‍ ഞാനുമുണ്ടാകും കൂടെ.

ഞാന്‍ ആലോചിച്ചു, വിങ്ങുന്ന ഹൃദയത്തോടെ എന്റെ പ്രശ്‌നങ്ങളുമായി ''എത്രയും ദയയുള്ള മാതാവേ...'' എന്നു ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ആ ''ശത്രുത'' ഒരമ്മയുടെ ഹൃദയത്തില്‍ പൊടിക്കുന്ന ആര്‍ദ്രമായ കനിവായി എന്നിലേക്കൊഴുകാതിരിക്കുമോ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org