ഔഷധഗുണങ്ങള്‍ നിറഞ്ഞ ഞാവല്‍പ്പഴം

ഔഷധഗുണങ്ങള്‍ നിറഞ്ഞ ഞാവല്‍പ്പഴം

വീടും തൊടിയും : ജോഷി മുഞ്ഞനാട്ട്

പഴയ കാലങ്ങളില്‍ ധാരാളമായി കണ്ടിരുന്ന ഒരു പഴമാണ് ഞാവല്‍പ്പഴം ഇന്ത്യയാണ് ഞാവല്‍ മരത്തിന്റെ ജന്മദേശമായി കരുതിപ്പോരുന്നത്. ഇവ അത്ര വാണിജ്യ പ്രാധാന്യമുള്ള ഒരു പഴമല്ലെങ്കിലും പോഷക മേന്മയും ഔഷധഗുണവും ഇവയ്ക്ക് വേണ്ടത്രയുണ്ട്.

അന്നജം, മാംസ്യം, കൊഴുപ്പ്, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പുസത്ത് മറ്റു ധാതു ലവണങ്ങള്‍ ഇവയൊക്കെ വിവിധ അളവില്‍ അടങ്ങിയിട്ടുള്ളതാണ് ഞാവല്‍പ്പഴം. രക്തോത്പാദന ക്ഷമമായ ഫോളിക് ആസിഡ് ഞാവല്‍പ്പഴത്തിലുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഒരു ഔഷധാഹാരമായി ഞാവല്‍പ്പഴത്തെ കാണുന്നു.

ഞാവല്‍ മരത്തിന്റെ പട്ട, ഇല, പഴം, കുരു തുടങ്ങിയവയെല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതും വിവിധ ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമാണ്. കരളിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും വിളര്‍ച്ച മാറ്റാനും നല്ലതായി കാണുന്നു. അതിസാരം, വയറിളക്കം, മൂത്രാശയ കല്ലുകള്‍, ചര്‍മ്മരോഗം തുടങ്ങിയ പലവിധ രോഗങ്ങള്‍ക്കും ഇവ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.

ചവര്‍പ്പും നല്ല നീരുമുള്ള പഴങ്ങള്‍ ദാഹത്തിനും ക്ഷീണത്തിനും നല്ലതാണ്. അച്ചാര്‍, ജാം, വൈന്‍ തുടങ്ങിയവ ഉണ്ടാക്കുന്നതിന് ഇവ ഉപയോഗിക്കാറുണ്ട്.

ഞാവലില്‍ തന്നെ പല ഇനങ്ങളും നിലവിലുണ്ട്. ഒരു പുണ്യ വൃക്ഷമായും ഇതിനെ കാണാറുണ്ട്.

കേരളത്തില്‍ ധാരാളമായി ഉണ്ടായിരുന്നതും ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒന്നു കൂടിയാണ് ഞാവല്‍. അള്‍സറിന് ഇതിന്റെ പഴം - വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. പൊള്ളലിന് ഇതിന്റെ ഇല ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇതിന്റെ പഴം അത്ര നല്ലതല്ല. ഞാവലിന്റെ പഴത്തിന്റെ കുരുവിനും ഔഷധ ഗുണങ്ങള്‍ ഉണ്ട്. ഉണക്കിപ്പൊടിച്ച കുരു നല്ല ഒരു മരുന്നായി ഉപയോഗിക്കാറുണ്ട്. ഒട്ടനവധി ഗുണങ്ങള്‍ നിറഞ്ഞ ഞാവല്‍ മരത്തിന് നമ്മുടെ കൃഷിയിടത്തിലും സ്ഥാനം നല്കാവുന്നതാണ്.

ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ കുഴിയില്‍ തൈ നട്ട് വളര്‍ത്താം മഴക്കാലമാണ് നടുവാന്‍ പറ്റിയത്. വേനല്‍ക്കാലങ്ങളില്‍ നനച്ചു കൊടുക്കുന്നതും നല്ലതാണ്. സമയാസമയങ്ങളില്‍ കളയെടുപ്പ് നടത്തി ഇവയ്ക്ക് ജൈവ വളങ്ങള്‍ നല്കിയാല്‍ വേഗം വളരുകയും നന്നായി ഫലങ്ങള്‍ തന്നു തുടങ്ങുകയും ചെയ്യും. ഞാവല്‍ പഴത്തിന്റെ ഗുണങ്ങളെയും നമുക്ക് മറക്കാതിരിക്കാം.

logo
Sathyadeepam Weekly
www.sathyadeepam.org