ആത്മീയതയിലെ ഊർജ്ജം

ആത്മീയതയിലെ ഊർജ്ജം
Published on

ഷൈനി ടോമി

മാതൃപാഠങ്ങള്‍

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍
എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

നമ്മുടെ ശരീരത്തിന്‍റെ ഏറ്റവും പ്രകടമായ പരിമിതി. അതിന് ഒരു സമയം ഒരു സ്ഥലത്തു മാത്രമേ ഇരിക്കാന്‍ കഴിയൂ എന്നതല്ലേ? എന്നാലും ഏറ്റവും വലിയ പരിമിതി, നൂറ്റാണ്ടിനപ്പുറം അതുണ്ടാവില്ല എന്നതുതന്നെ. ഇപ്പോള്‍ സുന്ദരമായി സൂക്ഷിക്കുന്ന ഈ ശരീരം നൂറുവര്‍ഷം കഴിയുമ്പോള്‍ എവിടെ ആയിരിക്കും. എങ്കിലും നമ്മള്‍ ശരീരത്തെ പരിപോഷിപ്പിക്കുവാനും, സുന്ദരമാക്കുവാനും ആരോഗ്യം നി ലനിര്‍ത്തുവാനും എത്ര അധികം ശ്രദ്ധിക്കുന്നു. നമുക്കു ശരീരം മാത്രമല്ല, ഒരാത്മാവും കൂടിയുണ്ട്. പരിധിയില്ലാതെ, അനന്തതയിലേക്ക് വളരുവാന്‍ കഴിയുന്നതാണ് ആത്മാവ്. സമ്പൂര്‍ണ്ണ നന്മയായ ദൈവത്തിങ്കലേയ്ക്കുള്ള പരിമിതിയില്ലാത്ത വളര്‍ച്ചയ്ക്കു നമ്മെ ഓരോരുത്തരെയും പ്രാപ്തരാക്കുന്ന ആത്മാവിനെ നാം പരിഗണിക്കുന്നുണ്ടോ?

2019-ല്‍ ആത്മീയത ഒരു സംഭാഷണ വിഷയമായിരിക്കുന്നു. മുമ്പ് 'പണം' ടെക്നോളജി, ലൈംഗികത ഒക്കെ മാത്രമായിരുന്നു കച്ചവടമൂല്യമുള്ള വിഷയങ്ങള്‍. ഇന്നു കത്തോലിക്കാ സഭയുടെ ആത്മീയത ഇഴകീറി പരിശോധിക്കപ്പെടുന്നു; ഓര്‍ത്തഡോക്സ് സഭ, തീവ്ര മുസ്ലീം വിഭാഗങ്ങള്‍, ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒക്കെ എത്രമാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത്തരം ആത്മീയ ചര്‍ച്ചകള്‍ വികലമാക്കാന്‍ പോകുന്നത് അടുത്ത തലമുറയുടെ ആത്മീയതയെ ആണ്.

ഇന്നു നമ്മള്‍ കുട്ടികളെ പരിചയിപ്പിക്കുന്ന ആത്മീയത മതവുമായി ബന്ധപ്പെട്ടതാണ്. ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം കുടുങ്ങിക്കിടക്കുന്ന ആത്മീയതയ്ക്ക് പരിധിക്കപ്പുറം വളരാനാകില്ല. കാരണം ആത്മീയത ദൈവോന്മുഖമായ അന്വേഷണമാണ്.

ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കു ഭക്ഷണം കഴിക്കണമെന്നും, ശുചിത്വം പാലിക്കണമെന്നും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതുപോലെ ആത്മാവിന്‍റെ വളര്‍ച്ചയെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ മക്കള്‍ക്കു പഠിപ്പിച്ചുകൊടുക്കണ്ടേ? സമീകൃതാഹാരം കഴിച്ചില്ലെങ്കില്‍ ശരീരത്തിനുരോഗം വരുന്നതുപോലെ, തെറ്റായ ആചാരാനുഷ്ഠാന നിര്‍ബന്ധങ്ങള്‍ ആത്മാവിനെയും ബലഹീനമാക്കും. വെറുപ്പ്, ആത്മീയതയല്ല. അത് പ്രസരിപ്പിക്കുന്നത് ക്യാന്‍സറിന്‍റേതുമാതിരിയുള്ള ഊര്‍ജ്ജമാണ്. വെറുപ്പിന്‍റെ ഊര്‍ജ്ജം. ആത്മാവിനെ അത് വികൃതമാക്കി നശിപ്പിക്കും. വെറുപ്പിന്‍റേയും ദ്രോഹത്തിന്‍റേയും പ്രവൃത്തികളും, ചിന്തകളും ആത്മീയതയല്ല എന്നും, അതാണ് സാത്താന്‍ സേവ എന്നും നമ്മള്‍ അറിയണം. നമ്മുടെ മക്കളും അറിയണം.

ഒരു കുഞ്ഞ് എന്തായിരിക്കുവാനാണോ ദൈവം സൃഷ്ടിച്ചത് അതാകുവാന്‍ അതിനെ സഹായിക്കുക എന്നതാണ് ശരിയായ ആത്മീയ ശിക്ഷണം. കുഞ്ഞു ചെയ്യുന്ന ഓരോ പ്രവൃത്തിയും സ്നേഹത്തോടും, ആത്മാര്‍ത്ഥതയോടും, സത്യസന്ധമായി ചെയ്യുവാന്‍ പ്രോത്സാഹിപ്പിച്ചാല്‍ മാത്രം മതി.

വൈകാരിക വിക്ഷോഭങ്ങളെ വരുതിയില്‍ നിറുത്താന്‍ കഴിയുന്നവരെയല്ലേ നാമൊക്കെ ആത്മീയമനുഷ്യരായി അംഗീകരിക്കാറുള്ളൂ. സ്വയം അംഗീകരിക്കാനും, മറ്റുള്ളവരെ അംഗീകരിക്കാനും കഴിയുന്നവരും കൂടി ആയിരിക്കും അവര്‍.

ശരിയായ ആത്മീയത എന്താണെന്ന് കുട്ടികളെ പഠിപ്പിച്ചുകൊടുക്കാം. ബുദ്ധിവളര്‍ച്ചയ്ക്കു വേണ്ടതൊക്കെ പഠിപ്പിക്കുന്നതോടൊപ്പം തന്നെ. ദൈവാംശം പ്രകൃതി മുഴുവനും ഉണ്ട്. നമ്മുടെ ശരീരത്തിലൂടെ രക്തം ഒഴുകുന്നപോലെ ഈ ചൈതന്യം പ്രകൃതിയിലെ ഓരോ തരിയെയും ബന്ധിപ്പിക്കുന്നു.

ആത്മീയത ദൈവത്തെ – സമ്പൂര്‍ണ്ണ നന്മയെ – അറിയുകയും അതിലേക്കു ലക്ഷ്യംവച്ചു ജീവിക്കുകയുമാണെന്ന് നമ്മള്‍ പറഞ്ഞുകൊടുക്കാത്തതുകൊണ്ട്, കൗമാരത്തിലെ ശരീരത്തിന്‍റെ കൂടുതലായ ഊര്‍ജ്ജം മൂലം അവര്‍ പലയിടത്തും ഓടിനടക്കുന്നതിനിടയില്‍ എതിര്‍ ആത്മീയത (Negativity) ആകര്‍ഷിച്ചേക്കാം. അപ്പോള്‍ മയക്കുമരുന്നിലേക്കോ, അതിലൂടെ പലതരം മ്ലേച്ഛതയിലേക്കോ, തീവ്രവാദത്തിലേക്കോ, കൊലപാതകത്തിലേക്കോ ഒക്കെ പോകാനിടയാകും.

ഓരോ അമ്മമാര്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ തന്നെയാണ്, സ്ത്രീകളേയും ആലംബഹീനരേയും ദ്രോഹിക്കുന്നത്. എല്ലാവരും ജനിക്കുന്നത് ഒരുപോലെയാണെങ്കിലും വളര്‍ത്തപ്പെടുന്നത് ഒരുപോലെയല്ല. കുഞ്ഞുങ്ങളെ ആത്മീയതയില്‍ വളര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്. ഓരോ പ്രവൃത്തിയും വിലപ്പെട്ടതാകുന്നത് അത് ഇഷ്ടപ്പെട്ടു ചെയ്യുമ്പോഴാണ് എന്നവരോടു പറയാം. എല്ലായിടത്തും എല്ലായ്പ്പോഴും ദൈവം ഉള്ളതുകൊണ്ട് സത്യം മറയ്ക്കാനാകില്ലെന്നും, കള്ളം നമ്മുടെ വില ഇടിച്ചുകളയുകയേ ഉള്ളൂ എന്നുകൂടി പറഞ്ഞുകൊടുക്കണം. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക പ്രധാനമാണ്. അത് ആരേയും തോല്പിക്കാനോ ചെറുതാക്കാനോ അല്ല. മറിച്ച് അവനവനിലെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാനാണ്. തനിക്കേറ്റവും നല്ലതേത് എന്ന് കൂട്ടുകൂടി അന്വേഷിക്കുവാന്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കുക കൂടി ചെയ്താല്‍ അവന് വലിയ ആകാശം ഉള്ളില്‍ സൃഷ്ടിക്കുവാന്‍ കഴിയും. സ്വന്തം ഉത്തരവാദിത്വങ്ങള്‍, ഭംഗിയായി ചെയ്ത്, അവനവനേയും ചുറ്റുപാടിനേയും സംതൃപ്തമാക്കി നിലനിര്‍ത്താനുള്ള ശ്രമം ആയിരിക്കട്ടെ ആത്മീയതയുടെ ആരംഭം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org