ഔഷധ​ഗുണങ്ങൾ നിറഞ്ഞ മാതളനാരകം

ഔഷധ​ഗുണങ്ങൾ നിറഞ്ഞ മാതളനാരകം

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

ഔഷധഗുണമേന്മയില്‍ സമ്പന്നമാണു മാതളനാരകം. ബൈബിളിലെ പല ഭാഗങ്ങളിലും മാതളനാരകവും അതിന്‍റെ ഫലങ്ങളും കടന്നുവരുന്നുണ്ട്.

"ഗോതമ്പും ബാര്‍ലിയും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം" (ആവ. 8:8).

ദൈവമായ യഹോവ കൊണ്ടുപോകുന്ന നല്ല ദേശത്തെക്കുറിച്ചു പറയുമ്പോള്‍ അതു ഫലഭൂയിഷ്ഠമായ സമൃദ്ധിയുടെ ദേശമാണ് എന്ന് ഇവിടെ വിശദീകരിക്കുന്നു. മാതളനാരകമുള്ള ദേശം സമൃദ്ധിയുടെ പ്രതീകമായി കരുതുന്നു.

മാതളവിത്തുകളില്‍ നിന്നു പാനീയം ഉണ്ടാക്കാം. അതിന്‍റെ പൂ ക്കള്‍ വിശിഷ്ടമായ മരുന്നാണ്. മാതളപ്പഴത്തിന്‍റെ തോട് ആയുര്‍വേദ ഔഷധങ്ങളില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്നു. മനോഹരമായ ഒരു ചെടികൂടിയാണു മാതളനാരകം.

"സുഗന്ധവര്‍ഗം ചേര്‍ത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു" (ഉത്തമ. 8:2). മാതളപ്പഴത്തിന്‍റെ ചാറ് ഒരു നല്ല പാനീയമായി എല്ലാ രാജ്യങ്ങളിലും തന്നെ ഉപയോഗിക്കുന്നു.

മാതളത്തിന്‍റെ പൂവ്, ഇല, തൊലി, കായ്, കായയുടെ തൊലി തുടങ്ങി എല്ലാ ഭാഗങ്ങളുംതന്നെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. "പൂണിക്കാ ഗ്രാനേറ്റ" എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മാതളനാരകത്തിന് അനവധി ഔഷധഗുണങ്ങളുമുണ്ട്.

നാടന്‍ വിരകളുടെയും പിത്തവിരകളുടെയും ഉപദ്രവത്തിനു മാതളപ്പഴം ഗുണകരമാണ്. 77 ശതമാനത്തോളം ഇതില്‍ ജലാംശം അടങ്ങിയിരിക്കുന്നു.

ഇംഗ്ലീഷില്‍ പോമിഗ്രാനെറ്റ് എന്ന് ഇവയെ വിളിക്കുന്നു. തരികളുള്ള ആപ്പിള്‍ എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം.

മാതളപ്പഴം ചേര്‍ത്തുണ്ടാക്കുന്ന മാതളരസായനം ആസ്ത്മ, ചുമ, വലിവ്, ക്ഷയം എന്നിവയ്ക്കു ഗുണപ്രദമാണ്. മാതളപ്പഴച്ചാറ് ദിവസവും കഴിക്കുന്നതു നമുക്കു വരുന്ന മിക്ക ഉദരരോഗങ്ങളില്‍നിന്നും ശമനം നേടാന്‍ ഉപകരിക്കും. മാതളത്തോടും നല്ലൊരു ഔഷധമായിത്തന്നെ ഉപയോഗിച്ചുവരുന്നു.

ശരീരത്തിനു കുളിര്‍മയും അത്യുഷ്ണം ശമിപ്പിക്കാനുള്ള മാതളപ്പഴത്തിന്‍റെ കഴിവും അപാരമാണ്. മാതളപ്പഴത്തിന്‍റെ ചാറില്‍ വിറ്റാമിന്‍ 'സി'യും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. ദഹനത്തിനും വിശപ്പില്ലായ്മയ്ക്കും നല്ലതാണ് ഇവ. മാതളപ്പഴച്ചാറില്‍ കാത്സ്യം, മഗ്നിഷ്യം, ഫാറ്റ്, ഫോസ് ഫറസ്, പൊട്ടാസിയം, മൊയിസ്ച്ചര്‍, കാര്‍ബോ ഹൈഡ്രേറ്റ്, ഓക്സാലിക് ആസിഡ് എന്നിവ വിവിധ അളവില്‍ അടിങ്ങിയിരിക്കുന്നു. അടുത്ത കാലത്തായി മാതളപ്പഴത്തിനു നല്ല ഡിമാന്‍റുണ്ടായിട്ടുണ്ട്. മാതളപ്പഴം തന്നെ പല തരത്തില്‍ ഉള്ളവയുണ്ട് – മധുരമുള്ളത്, മധുരവും പുളിയുമുള്ളത്, പുളിയുള്ളത് എന്നിങ്ങനെ വ്യത്യാസമനുസരിച്ച് അവയുടേതായ ഗുണവിശേഷങ്ങളുമുണ്ട്.

മധുര മാതളപ്പഴം ശരീരത്തിനു രക്തനിര്‍മാണത്തിനു സഹായകരമാണ്. കൂടാതെ സൗന്ദര്യത്തിനു നല്ലതാണ്. മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി, ചിരങ്ങ് എന്നിവ മാറാനും ഉത്തമമാണ്. ശരീരത്തിന് ഓജസ്സും ശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നതില്‍ ഈ ഫലവര്‍ഗത്തിനുള്ള കഴിവ് മറ്റു ഫലങ്ങളെ അപേക്ഷിച്ചു കൂടുതലാണ്.

മാതളപ്പഴത്തിന്‍റെയും മാതളനാരകത്തിന്‍റെയും എല്ലാ ഭാഗങ്ങളും ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.

മനോഹാരിതയും സ്വാദും ഒന്നിച്ചു ചേര്‍ന്ന ഒരു ഫലമായി മാതളപ്പഴത്തെ കണക്കാക്കുന്നു.

മാതളപ്പഴത്തിന്‍റെയും പൂവിന്‍റെയും ചേതോഹരരൂപം പഴയ നിയമകാലത്തു യെരുശലേം ദേവാലയം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊത്തുപണി ചെയ്തിട്ടുണ്ട്.

ദേവാലയത്തിലെ വിശുദ്ധവസ്ത്രം അലങ്കരിക്കുമ്പോള്‍ അതിന്‍റെ അരികുകളില്‍ നൂലുകൊണ്ടു മാതളപ്പഴങ്ങളും പൊന്നുകൊണ്ടു മണികളും ഒരു മാതളപ്പഴം ഒരു പൊന്മണി എന്നിങ്ങനെ അരികുകള്‍ക്കു ചുറ്റും ക്രമീകരിക്കണമെന്നും പുറപ്പാട് പുസ്തകത്തില്‍ (28:33-34) യഹോവ നിര്‍ദ്ദേശിക്കുന്നതായി കാണുന്നു. അലങ്കാരപ്പണികള്‍ക്കു മാതളപ്പഴത്തിന്‍റെ രൂപത്തിനുണ്ടായിരുന്ന സ്ഥാനം ഇതില്‍ നിന്നും വ്യക്തമാണ്.

മാതളനാരകത്തിന്‍റെ നന്മകളെ നമുക്കു തിരിച്ചറിയാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org