ദാമ്പത്യസങ്കല്പം: ദാമ്പത്യത്തിന്റെ ഉത്‌പ്രേരകം

ദാമ്പത്യസങ്കല്പം: ദാമ്പത്യത്തിന്റെ ഉത്‌പ്രേരകം

വിജയകരമായ ദാമ്പത്യത്തിന് ദമ്പതികള്‍ തമ്മിലുള്ള പൊരുത്തത്തോളം (compatibiltiy) തന്നെ പ്രധാനപ്പെട്ടതാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദാമ്പത്യസങ്കല്പവും (Marital concept). ഇവിടെ സങ്കല്പം എന്നാല്‍ പ്രതീക്ഷകളല്ല (expectations). സമാധാനമുണ്ടാകണം, സന്തോഷമുണ്ടാകണം എന്നുള്ള പ്രതീക്ഷകളെയാണ് പലരും സങ്കല്പമായി തെറ്റിദ്ധരിക്കുന്നത്. ആരാണ് ഭര്‍ത്താവ് എപ്രകാരമാണ് ഭാര്യ എന്ന് ഒരുവന്‍/വള്‍ മനസ്സില്‍ രൂപപ്പെടുത്തിയ നിര്‍വചനത്തെയാണ് സത്യത്തില്‍ സങ്കല്പം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ദാമ്പത്യം ഒരു യാത്രയാണെങ്കില്‍ ശരിയായ ദാമ്പത്യസങ്കല്പം ആ യാത്രയുടെ ലക്ഷ്യത്തില്‍ എത്താനുള്ള ഉല്‍പ്രേരകമാണ്. വിവാഹിതരാകുന്ന പുരുഷനും സ്ത്രീക്കും ഒരേ സങ്കല്പങ്ങള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചുമുണ്ടാകുക വിരളമാണ്. എന്നാല്‍ ഈ വ്യത്യസ്ത സങ്കല്പങ്ങളെ പൂരകമാക്കുമ്പോഴാണ് ദാമ്പത്യം വിജയിക്കുന്നത്.

മാതാപിതാക്കളുടെ ദാമ്പത്യം മക്കളുടെ ദാമ്പത്യസങ്കല്പ രൂപീകരണത്തിനടിസ്ഥാനം: ഒരുവന്‍ എപ്പോഴാണ് ദാമ്പത്യസങ്കല്പം രൂപപ്പെടുത്തുന്നത്? അത് കൗമാരത്തിലോ യുവത്വത്തിലോ അല്ല മറിച്ചു ബാല്യത്തിലാണ് എന്നതാണ് സത്യം. ഇക്കാര്യത്തില്‍ ബാല്യത്തിലെ തുറന്ന പുസ്തകം ഒരു പരിധിവരെ സ്വന്തം മാതാപിതാക്കള്‍ തന്നെയാണ്. ഉദാഹരണത്തിന്, ഭര്‍ത്താവിനെക്കുറിച്ചുള്ള സങ്കല്പമാണ് അവന്‍ ഗൗരവപ്രകൃതക്കാരനായിരിക്കണം എന്നുള്ളത്. ഈ സങ്കല്പം രൂപപ്പെടുത്തിയത് സ്വന്തം പിതാവിനെ കണ്ടിട്ടാകാം.

ഓരോരുത്തരുടെയും മനസ്സില്‍ രൂപപ്പെടുത്തിയ ഭാര്യാഭര്‍തൃ സങ്കല്പങ്ങളില്‍ നിന്നുമാണ് ആ വ്യക്തി പെരുമാറുന്നത്. മനസ്സില്‍ ആഴത്തില്‍ വേരൂന്നിയ സങ്കല്പങ്ങള്‍ പെട്ടെന്നൊരു ദിവസം മാറ്റിയെടുക്കുക എളുപ്പമല്ല.

പ്രണയം സൂക്ഷിക്കുകയും സ്‌നേഹപ്രകടനങ്ങള്‍ മക്കളുടെ മുന്‍പില്‍ വച്ച് നടത്തുകയും (public display of affection) ജോലികള്‍ പങ്കിടുകയും കളിതമാശകള്‍ക്ക് സമയം കണ്ടെത്തുകയും (couples time) ചെയ്യുന്ന ദമ്പതികള്‍ അവരുടെ മക്കള്‍ക്ക് നല്‍കുന്നത് ആരോഗ്യപരവും മേന്മയുള്ളതുമായ ദാമ്പത്യസങ്കല്പമാണ്. അതേസമയം പരുക്കന്‍ ഭാവങ്ങളും വേണ്ടത്ര ആശയവിനിമയം പരസ്പരപ്രോത്സാഹനം സ്‌നേഹപ്രകടനങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ തങ്ങളുടെ മക്കള്‍ക്ക് സമ്മാനിക്കുന്നത് ഉഷ്മളതയോ സ്‌നേഹപ്രകടനങ്ങളോ ഇല്ലാത്ത ദാമ്പത്യസങ്കല്പമായിരിക്കും.

ദാമ്പത്യസങ്കല്പവും വിശുദ്ധഗ്രന്ഥവും: ദാമ്പത്യ സങ്കല്പം ശ്രേഷ്ഠമായി അവതരിപ്പിച്ചിരിക്കുന്നത് വി. ഗ്രന്ഥമാണ്. വി. ഗ്രന്ഥത്തിന്റെ കാഴ്ചപ്പാടില്‍ ഭാര്യയും ഭര്‍ത്താവും തുല്യരാണ്. കാരണം രണ്ടുപേരിലും ദൈവത്തിന്റെ ഛായയും സാദൃശ്യവുമുണ്ട് (ഉല്‍പത്തി 1:27). അതുപോലെ അവര്‍ പൂരകങ്ങളാണ് (ഉല്‍പത്തി 2:23). മറ്റൊന്ന് അവര്‍ രണ്ടു പേരും ചേര്‍ന്ന ഇണകളാണ് (ഉല്‍പത്തി 2:18). ഏതൊരു ദാമ്പത്യസങ്കല്പവും വി. ഗ്രന്ഥം അവതരിപ്പിക്കുന്ന ഈ അടിസ്ഥാന തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കണം.

  • ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ദാമ്പത്യ സങ്കല്പത്തെക്കുറിച്ച് ദമ്പതികള്‍ ഒരുമിച്ച് നടത്തേണ്ട ചില പരിശോധനകള്‍ ഇപ്രകാരമാണ്.

അധികാരം, പക്വത, പൗരുഷം, തുല്യത, പ്രണയം, സ്‌നേഹപ്രകടനങ്ങള്‍ (display of affection) എന്നീ ഘടകങ്ങള്‍ എത്രമാത്രം നിങ്ങളുടെ ദാമ്പത്യസങ്കല്പത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു?

ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എന്ന സങ്കല്പം (image) താങ്കളില്‍ എങ്ങനെയാണ് രൂപപ്പെട്ടത്? അതിന് കാരണമായ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം? (e.g., മതം, സമൂഹം, മാതാപിതാക്കള്‍ etc)

ഈ സങ്കല്പം എപ്രകാരമാണ് ദാമ്പത്യത്തെ സ്വാധീനിക്കുന്നത്? (ഉദാഹരണം: പുരുഷന്‍ അടുക്കളജോലികള്‍ ചെയ്യാന്‍ പാടില്ല; സ്ത്രീ എപ്പോഴും വിധേയ ആയിരിക്കണം)

നിങ്ങള്‍ രണ്ടു പേരുടെയും ദാമ്പത്യസങ്കല്പം ഒരുപോലെയാണോ? വ്യത്യാസമുണ്ടെങ്കില്‍ ഏതെല്ലാം?

വ്യത്യസ്ത സങ്കല്പങ്ങളെ എങ്ങനെ ആരോഗ്യകരമാക്കാം?

താന്‍ സൂക്ഷിക്കുന്ന ദാമ്പത്യസങ്കല്പങ്ങള്‍ ഏതെല്ലാമെന്ന് സ്വയം കണ്ടെത്തുക. പെരുമാറ്റത്തിന്റെ കാരണം അന്വേഷിച്ചാല്‍ ഈ കണ്ടെത്തല്‍ സാധിക്കും.

തന്റെ സങ്കല്പങ്ങള്‍ വഴി ഭാര്യാഭര്‍തൃ ബന്ധം വളരുകയാണോ തളരുകയാണോ എന്ന് പരിശോധിക്കുക. ബന്ധം തളരുകയാണെങ്കില്‍ തന്റെ സങ്കല്പങ്ങള്‍ ആരോഗ്യകരമല്ലെന്ന് അനുമാനിക്കാം.

തന്റെ സങ്കല്പങ്ങള്‍ എന്തൊക്കെയാണെന്നും അത് എപ്രകാരം രൂപപ്പെട്ടുവെന്നും പങ്കാളിയോട് തുറന്ന് പറയുക. പങ്കാളിയുടെ പ്രതികരണം തുറന്ന മനസ്സോടെ ചോദിച്ചറിയുക.

പങ്കാളിയുടെ സങ്കല്പങ്ങള്‍ മനസ്സിലാക്കുകയും വേണ്ട സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുക.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പൊതുവായുള്ള സങ്കല്പങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org